Friday, June 14, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 04 Nov 2017 08.59 PM

സ്മാര്‍ട്ട് ഡ്രൈവ്

ഗ്രാഫിക്‌സിന്റെ കൂട്ടില്ലാതെ ചിത്രീകരണത്തിന്റെ മികവുകൊണ്ടാണ് റോഡ് മൂവി എന്നതു ശ്രദ്ധേയം. പക്ഷേ ക്ളൈമാക്‌സില്‍ അടക്കം അനാവശ്യമായ ധൃതിയുംപ്രഫഷണലിസത്തിന്റെ അഭാവവും വെല്ലുവിളിയാകുന്നുണ്ട്. തിരക്കഥ ഒന്നു മുറുക്കിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന പിഴവാണത്. പൂര്‍ണതയുള്ള ഒരു സിനിമ എന്ന നിലയില്‍ കാഴ്ചക്കാരിലേക്ക് ഓടിക്കയറുന്നതു തടയുന്നതും ആ വീഴ്ചകളാണ്.
malayalam movie overtake review

ഒരു പഴയ മെഴ്‌സിഡസ് ബെന്‍സില്‍ ഒരു പുരുഷനും സ്ത്രീയും ഒരു ദീര്‍ഘയാത്രയില്‍. പിന്നാലെ ഒരു വലിയ ഗ്യാസ് കണ്ടെയ്‌നര്‍ ട്രക്ക്. അതിനുള്ളില്‍ സൈക്കിക് ആയ ഒരു കൊലയാളി. ഒരു റോഡ് ത്രില്ലര്‍ സാധ്യമാണോ മലയാളത്തില്‍?

സാധ്യമാണ് എന്നാണ് ജോണ്‍ എന്ന നവാഗത സംവിധായകന്‍ 'ഓവര്‍ടേക്കി' ലൂടെ തെളിയിച്ചിരിക്കുന്നത്. അനുകൂലമല്ലാത്ത താരനിരയും വിജനമായ വഴിയും മാത്രം കൈയിലും കാന്‍വാസിലുംവച്ച് അജയന്‍ വിന്‍സെന്റ് എന്ന പ്രതിഭാധനനായ ഛായാഗ്രഹകന്റെ പിന്തുണയോടെ ജോണ്‍ ഒരുക്കിയിരിക്കുന്നത് ഒരു മെച്ചപ്പെട്ട റോഡ് ത്രില്ലറാണ്. പൂര്‍ണതയിലെത്താതെ വേച്ചുവീഴുന്നുണ്ടെങ്കിലും യുക്തിയുടെ കുബുദ്ധികള്‍ ചോദ്യംചെയ്യുമെങ്കിലും ത്രില്ലടിപ്പിക്കാന്‍ കഴിയുന്നുണ്ട് ഓവര്‍ടേക്കിന്. ഒരു റോഡ് മൂവിക്ക് വേണ്ടത് അതാണല്ലോ, ത്രില്ലും ട്വിസ്റ്റും. രണ്ടും വേണ്ടുവോളമുണ്ട്, അവതരണമികവിന്റെ പിന്തുണയോടെ. എന്നാല്‍ ശുഷ്‌കമായിപ്പോയ, തീവ്രമായ ഭാവങ്ങള്‍ പകരേണ്ടിയിടത്ത് നിര്‍ജീവമായിപ്പോയ മുഖ്യഅഭിനേതാക്കാള്‍ ആ തീവ്രതയെ മുക്കിക്കളഞ്ഞു.

മലയാളത്തില്‍ റോഡ് മൂവികള്‍ അപൂര്‍വമായേ ഇറങ്ങാറുള്ളു. ഉള്ളതിലധികം സെമി റോഡ് മൂവികളാണുതാനും. ജനം തിങ്ങിനിറഞ്ഞ കേരളക്കരയില്‍ കണ്‍വെന്‍ഷനല്‍ റോഡ് മൂവിയുടെ 'മറവില്‍ തിരിവി'ലുണ്ടാകുന്ന ദുരൂഹുതകള്‍ക്കു സാധ്യതയില്ലാത്തതാവാം ഒരു കാരണം. ഈ സിനിമ നടക്കുന്നത് കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുളള ദീര്‍ഘയാത്രയിലെ ഷോര്‍ട്ട് കട്ടുകളിലെവിടെയോ എന്നാണ് ചിത്രം പറയുന്നത്.

സിനിമയുടെ ട്രെയ്‌ലറുകള്‍ കണ്ടപ്പോള്‍ ഏതോ ഹോളിവുഡ് ചിത്രത്തിന്റെ വികലാനുകരണം എന്നേ വിചാരിച്ചിരുന്നുള്ളു. ആ വിമര്‍ശനങ്ങളെ മുന്നില്‍ക്കണ്ടാവണം ഏതാനും ഹോളിവുഡ് റോഡ് മൂവികളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് ടൈറ്റില്‍ ക്രെഡിറ്റ് തെളിയുന്നതിനുമുമ്പ് സംവിധായകന്റെ മുന്‍കൂര്‍ ജാമ്യം സ്‌ക്രീനിലെത്തുന്നുണ്ട്്. വളരെ വളരെ സ്ലോ ആയ തുടക്കം, എന്നാല്‍ തിരക്കിട്ടൊരു അവസാനം. കൃത്യം രണ്ടുമണിക്കൂര്‍ മാത്രമുള്ള സിനിമയുടെ ഗതിവേഗമിതാണ്. രണ്ടുമണിക്കൂര്‍ എന്ന സമയനിഷ്ഠയുടെ കാര്യത്തില്‍ എന്തോവാശിയുള്ളതുപോലെ തോന്നുന്നു. പിന്നാലെവരുന്ന സംഭവങ്ങളെ ബന്ധിപ്പിക്കാനെന്നവണ്ണമുളളതാണ് ആദ്യഅരമണിക്കൂര്‍. വളരെ സ്ലോ ആണെന്നു മാത്രമല്ല, വിരസതയും ശൂന്യതയും അനുഭവപ്പെടുന്നുണ്ട്. നന്ദന്‍ എന്ന കോര്‍പറേറ്റ് മേധാവി(വിജയ് ബാബു) ഭാര്യ രാധിക (പാര്‍വതി നായര്‍) എന്നിവര്‍ ജോലി മതിയാക്കി ബംഗളുരുവില്‍ നിന്നു നാട്ടിലേക്കു തിരിക്കുന്നു. പോകുന്ന വഴിക്ക് ബോര്‍ഡിങ്ങില്‍ നിന്ന് മകളെയും കൂട്ടണം. അവര്‍ തെരഞ്ഞെടുക്കുന്നത് ഒരു വിജനമായ ഷോര്‍ട്ട് കട്ടാണ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ പൂട്ടുംമുമ്പ് അവര്‍ക്ക് ബോര്‍ഡിങ്ങില്‍ ഒറ്റയ്ക്കാകാതെ മകളെയും ഒപ്പം കൂട്ടണം. എന്നാല്‍ വഴിയ്ക്കിടെ ഒരു ഭീമന്‍ ട്രക്ക് പിന്നാലെ കൂടുന്നു. അതിനുള്ളില്‍ ആരാണ്, എന്തിനാണ് ഇവരുടെ പിന്നാലെ കൂടുന്നത്, ഇതിനുള്ള മറുപടിയാണ് ഈ റണ്‍ ആന്‍ഡ് ചെയ്‌സ് ഷോ.

malayalam movie overtake review

ഒരു ഭീമന്‍ ട്രക്ക്, ക്യാമറാമാന്‍ അജയന്‍ വിന്‍സെന്റ് എന്നിവരാണ് ഓവര്‍ടേക്കിലെ താരങ്ങള്‍. പാളിപ്പോകാന്‍ സാധ്യതയുള്ള ഒരു സിനിമയെ പലരംഗങ്ങളിലും മികവോടെയും കൗതുകത്തോടെയും അല്‍പം ഉള്‍ക്കിടിലത്തോടെയും സീറ്റില്‍നിന്ന് ഒന്ന് ഇളികിയിരുന്ന് ആവേശത്തോടെ കാണാന്‍ പ്രേരിപ്പിക്കുന്നതും ഇവരെ സമര്‍ഥമായി ഉപയോഗിച്ച നവാഗതനായ ജോണിന്റെ സാമര്‍ഥ്യമാണ്. തീര്‍ച്ചയായും ലൂപ്‌ഹോളുകള്‍ നിരവധിയുണ്ട്. വഴിയില്‍ എന്തുകൊണ്ട് ഇവര്‍ കാറില്‍നിന്ന് ഇറങ്ങി രക്ഷപ്പെട്ട് സഹായം തേടാന്‍ ശ്രമിക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങള്‍ ഉയരാം. എന്നാല്‍ ഈ തിരക്കഥയിലെ ഈ ഓട്ടകളെ മറികടക്കാനുള്ള ഒരു ഗ്രിപ്പ് അവതരണത്തിനുണ്ട്. അനില്‍ കുഞ്ഞപ്പനാണ് തിരക്കഥ. വിശ്വസനീയമായ പശ്ചാത്തലവും കാരണങ്ങളും ട്വിസ്റ്റുകളുമുണ്ട് തിരക്കഥയില്‍. പക്ഷേ മുറുക്കം വേണ്ടയിടങ്ങളില്‍ അതു കൃത്യമായി പാലിക്കുന്നുണ്ടോ എന്നു സംശയമുണ്ട്.
കൃഷ്ണ, ദീപക്, നിയാസ് മുസല്യാര്‍ എന്നിവരാണ് അറിയപ്പെടുന്ന മറ്റുതാരങ്ങള്‍. അങ്ങനെയല്ല, അവരേയുള്ള അഭിനേതാക്കളായി. മറ്റുള്ളത് ഏതാനും വഴിപോക്കര്‍ മാത്രമാണ്. അതുകൊണ്ടു പ്രധാനമായും സിനിമ കേന്ദ്രീകരിക്കുന്നത് അഞ്ചു കഥാപാത്രങ്ങളിലാണ്. കടും ചുവപ്പ് നിറത്തിലുള്ള ഒരു മെഴ്‌സിഡസ് ബെന്‍സ്, അതിനുള്ളിലുള്ള നന്ദന്‍മേനോന്‍, രാധിക ദമ്പതികള്‍, അവരുടെ പിന്നാലെയുള്ള ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ട്രക്ക്, അതിനുള്ളിലെ അഞ്ജാതനായ ഉന്മാദി. ഇതില്‍ ബെന്‍സും ട്രക്കും തകര്‍ത്തിട്ടുണ്ട്. ഹോളിവുഡ് സിനിമയുടെ ആംബിയന്‍സ് കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ അതിനുള്ളിലെ മനുഷ്യര്‍ നിരാപ്പെടുത്തി. പ്രത്യേകിച്ച് മുഖ്യവേഷത്തിലെത്തുന്ന പാര്‍വതി നായര്‍. ഏകാന്തമായ വഴിയില്‍ ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ഭയാനകമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുന്ന ഒരു സ്ത്രീയെ അവതരിപ്പിക്കുന്ന പാര്‍വതിയുടെ മുഖം വികാരശൂന്യമാണ്. മേക്കപ്പിളകാത്ത അലസതയാണ്. അവര്‍ക്ക് ഇതൊരു ടെന്‍സ്ഡ് സിറ്റ്വേഷനാണെന്നു കാഴ്ചക്കാരെ ബോധിപ്പിക്കാനാകുന്നില്ല. ''നന്ദേട്ടാ, അവര്‍ പിന്നാലെ വരുന്നുണ്ട്'' എന്ന റിപ്പീറ്റഡ് ഡയലോഗ് റേഡിയോ നാടകങ്ങളിലെ ത്രില്ലറിനെയോ ഓര്‍മിപ്പിക്കുന്നുള്ളു. വിജയ് ബാബു ഒരു കോര്‍പറേറ്റ് ഹെഡ് എന്ന നിലയില്‍ തുടക്കത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതേറെക്കുറെ അനായസമായി അയാള്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ സിനിമ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വിജയ് ബാബുവിന്റെയും പരിമിതികളും പ്രകടം. പ്രത്യേകിച്ച് ക്ളൈമാക്‌സിലൊക്കെ സിനിമയുടെ മൂഡിനെത്തന്നെ ബാധിക്കുന്നുണ്ട്.

എന്നാല്‍ ബ്ലെസിയുടെ ഭ്രമരത്തിലൂടെ ഒരു സെമി റോഡ് ത്രില്ലര്‍ കാമറയിലൂടെ കാഴ്ചവച്ച അജയന്‍ വിന്‍സെന്റ് ശരിക്കും ത്രസിപ്പിക്കുന്നുണ്ട്. കുറ്റിച്ചെടികള്‍ മാത്രം നിറഞ്ഞ വിജനമായ റോഡില്‍ രണ്ടുവാഹനങ്ങള്‍ മാത്രം വച്ചുള്ള ആവര്‍ത്തിച്ചുള്ള ദൃശ്യങ്ങളില്‍ മടുപ്പിക്കാതെ പിടിച്ചിരുത്താനുള്ള കാഴ്ച അജയന്‍ വിന്‍സെന്റിന്റെ കാമറ ഒരുക്കുന്നുണ്ട്. എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും ശ്രദ്ധേയം. എന്നാല്‍ ആകെയുള്ള പാട്ട് തീര്‍ത്തും അനവസരത്തിലായി.

എല്ലാ അര്‍ഥത്തിലും ജോണ്‍ എന്ന നവാഗതന്റെ സിനിമയാണ് ഓവര്‍ടേക്ക്. മലയാളത്തില്‍ പരീക്ഷിച്ചാല്‍ ''ഹോളിവുഡിനൊപ്പം പോര'' എന്ന നിലവാരസൂചികനോക്കി വിലയിരുത്തപ്പെടാന്‍ സാധ്യതയുള്ള പ്രമേയം. എന്നാല്‍ മികവുള്ള ത്രില്ലര്‍ രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ജോണിനായിട്ടുണ്ട്. ഗ്രാഫിക്‌സിന്റെ കൂട്ടില്ലാതെ ചിത്രീകരണത്തിന്റെ മികവുകൊണ്ടാണ് റോഡ് മൂവി എന്നതു ശ്രദ്ധേയം. പക്ഷേ ക്ളൈമാക്‌സില്‍ അടക്കം അനാവശ്യമായ ധൃതിയുംപ്രഫഷണലിസത്തിന്റെ അഭാവവും വെല്ലുവിളിയാകുന്നുണ്ട്. തിരക്കഥ ഒന്നു മുറുക്കിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന പിഴവാണത്. പൂര്‍ണതയുള്ള ഒരു സിനിമ എന്ന നിലയില്‍ കാഴ്ചക്കാരിലേക്ക് ഓടിക്കയറുന്നതു തടയുന്നതും ആ വീഴ്ചകളാണ്.

എങ്കിലും ഒരു പുതുമുഖ സംവിധാകയന്റെ വേറിട്ട സിനിമ എന്ന നിലയില്‍, പൂര്‍ണമായല്ലെങ്കിലും ഒരു ത്രില്ലിങ് തിയറ്റര്‍ അനുഭവം എന്ന നിലയില്‍ ഓവര്‍ടേക്ക് സമീപകാല റിലീസുകളെ ഓവര്‍ടേക്ക് ചെയ്ത് മുന്നേറട്ടെ എന്നാഗ്രഹിക്കുന്നു.

അവസാനവാക്ക്: കണ്ണീര്‍ ത്രില്ലറുകളുടെ (ഐ മീന്‍ തിയറ്റില്‍ ആളുകയറുന്നില്ലേ എന്നു നിലവിളിക്കുന്ന ഇമോഷണല്‍ ത്രില്ലറുകള്‍') നരവീണ ജാഡകള്‍ക്കിടയില്‍ ഇതുപോലെയുള്ള ജനുവിന്‍ ത്രില്ലറുകള്‍ ഒരു റിലാക്‌സേഷനാണേ.

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 04 Nov 2017 08.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW