Tuesday, April 23, 2019 Last Updated 34 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 04 Nov 2017 02.48 PM

തനിയാവര്‍ത്തനം

ആ കൈകള്‍ എന്നിലേക്ക് നീളുകയാണ്. ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല, പുറത്തേക്കോടി റോഡില്‍ചെന്ന് കാണുന്ന വണ്ടിക്കൊക്കെ കൈകാണിച്ചു. ഒടുവില്‍ ഒരു ഓട്ടോക്കാരന്‍ നിര്‍ത്തി വീട്ടിലേക്ക് വന്നെങ്കിലും പപ്പയുടെ അവസ്ഥ കണ്ടപ്പോള്‍ അയാള്‍ സഹായിക്കാതെ തിരിച്ചുപോയി.
uploads/news/2017/11/162205/Weekleychanthajoram.jpg

എനിക്ക് നാലുവയസ്സുള്ളപ്പോളാണ് പപ്പ എന്നെയും തോളത്തെടുത്തുകൊണ്ട് ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിന്റെ പ്രസംഗം കേള്‍ക്കാന്‍ കൊല്ലത്ത് പോയത്. വാക്കുകളില്‍ കനല്‍ നിറച്ച സുര്‍ജിതിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്തതാവട്ടെ എം.എ.ബേബി സഖാവും.

അന്നവിടെക്കൂടിയ പതിനായിരക്കണക്കിന് ജനങ്ങള്‍ ആവേശത്തോടെ കയ്യടിക്കുന്നത് പപ്പയുടെ തോളത്തിരുന്നുഞാന്‍ കണ്ടത് നേരിയ ഒരു ഓര്‍മ്മയെയുള്ളൂ. അതുകഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ പപ്പ എനിക്ക് ഐസ്‌ക്രീം വാങ്ങിത്തന്നിട്ട് പറഞ്ഞത് ഇന്നും കൃത്യമായി ഓര്‍ക്കുന്നു.

നീ ഇതുപോലെ രണ്ടുഭാഷകളും കൈകാര്യംചെയ്യാന്‍ കഴിയുന്ന നല്ല പ്രാസംഗിക ആയിക്കാണണം. മകളെ ഡോക്ടറോ, എന്‍ജിനീയേറാ, കലക്ടറോ ആയിക്കാണാന്‍ ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന രക്ഷകര്‍ത്താക്കള്‍ക്കിടയില്‍, ഏകമകള്‍ പൊതുപ്രവര്‍ത്തക ആയിക്കാണാന്‍ ആഗ്രഹിച്ച പപ്പയുടെ മനസ്സ് ഇന്നും എനിക്ക് അത്ഭുതമാണ്.

പതിനാറുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് പപ്പയ്ക്കും മമ്മിക്കും ഞാന്‍ ജനിക്കുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ ഏക മകളോടുള്ള അതിവാത്സല്യത്തിനൊപ്പം പത്രം വായിക്കാനും, പ്രസംഗങ്ങള്‍ തയ്യാറാക്കി വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് മുന്നില്‍ എന്നെ പ്രസംഗിപ്പിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കാനും പപ്പാ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ എന്റെ സഭാകമ്പം കുട്ടിക്കാലത്തുതന്നെ മാറിയിരുന്നു.

എം.എ ക്കു പഠിക്കുന്ന സമയം. ഒരുദിവസം പപ്പയുടെ കാലില്‍ കറുത്തപൊട്ടുപോലെ എന്തോ പ്രത്യക്ഷപ്പെട്ടു. ആശുപത്രിയില്‍ കാണിച്ചപ്പോള്‍ കാലിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണമാണെന്നും, പഴുപ്പ് ഉണ്ടായിക്കൊണ്ടിരിക്കുമെന്നും, ഉടന്‍തന്നെ പ്രമേഹരോഗിയായ പപ്പയുടെ കാല്‍ മുട്ടിനുതാഴെ മുറിക്കണമെന്നും അഭിപ്രായപ്പെട്ടു.

വളരെ ഊര്‍ജ്വസ്വലനായി നടന്നിരുന്ന പപ്പയുടെ കാലുകള്‍ മുറിക്കുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി, ചെറിയൊരു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി പുറത്തുകൂടി ഒരു ട്യൂബ് ഇട്ടു കാലിലെ പഴുപ്പൊക്കെ വലിച്ചെടുത്ത് കളയുകയും, കാല്‍ മുറിക്കുന്നത് ഒഴിവാക്കാനും കഴിഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം നേരെവീണത്.

പിന്നീട് പപ്പ ആരോഗ്യം വീണ്ടെടുത്തെങ്കിലും ചില വയ്യായ്കകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

ഒരുദിവസം രാത്രിയില്‍ ഞാന്‍ മുകളിലെ നിലയില്‍ എന്തോ വായിച്ചുകൊണ്ടിരുന്നപ്പോള്‍ താഴെ പപ്പയുടെ മുറിയില്‍ നിന്ന് മമ്മിയുടെ വിളി കേട്ടു. ഞാന്‍ താഴേക്ക് ഓടിച്ചെന്നപ്പോള്‍ പപ്പ വെട്ടിവിയര്‍ക്കുകയാണ്. ആ കണ്ണുകള്‍ അപ്പോഴും എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു.

ആ കൈകള്‍ എന്നിലേക്ക് നീളുകയാണ്. ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല, പുറത്തേക്കോടി റോഡില്‍ചെന്ന് കാണുന്ന വണ്ടിക്കൊക്കെ കൈകാണിച്ചു. ഒടുവില്‍ ഒരു ഓട്ടോക്കാരന്‍ നിര്‍ത്തി വീട്ടിലേക്ക് വന്നെങ്കിലും പപ്പയുടെ അവസ്ഥ കണ്ടപ്പോള്‍ അയാള്‍ സഹായിക്കാതെ തിരിച്ചുപോയി.

ഞാന്‍ പിന്നെയും റോഡിലേക്ക് ഓടി. സമയം ഏതാണ്ട് ഒരുമണിയോട് അടുത്തിരുന്നതിനാല്‍ റോഡില്‍ എന്നെ ഒറ്റയ്ക്കുനിര്‍ത്താന്‍ പേടിയായിട്ട് മമ്മിയും എനിക്കൊപ്പം റോഡിലേക്ക് വന്നെങ്കിലും ഞാന്‍ പപ്പയെ നോക്കാനായി മമ്മിയെ തിരിച്ചയച്ചു.

ഒടുവില്‍ ഒരു വണ്ടികിട്ടി പപ്പയെ അതില്‍ക്കയറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. എന്റെ മടിയില്‍ തലവെച്ച് കിടന്ന പപ്പയെ ഞാന്‍ വിളിച്ചപ്പോള്‍ ഒന്ന് മൂളുകമാത്രം ചെയ്തു.

ആശുപതിയില്‍ എത്തിയ ഉടന്‍ തന്നെ ഐ.സി.യു വില്‍ പ്രവേശിപ്പിച്ചു. അല്‍പ്പസമയം കഴിഞ്ഞ് ഡോക്ടര്‍ വന്ന് ആരെങ്കിലും ആണുങ്ങള്‍ കൂടെയുണ്ടോ എന്ന് ചോദിച്ചു. ഞാനും അമ്മയും മാത്രമേ ഉള്ളൂ എന്നും കാര്യംപറയൂ എന്നും ആവശ്യപ്പെട്ടപ്പോള്‍ പപ്പ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നു എന്ന് അവര്‍ പറഞ്ഞു.

മമ്മി പൊട്ടിക്കരയാന്‍ തുടങ്ങി. ഞാന്‍ എന്ത് ചെയ്യും? ആ സമയത്ത് ആരെ വിളിക്കാന്‍, ഫോണ്‍ പോലും എടുത്തിട്ടില്ല. ആകെ കാണാതെ അറിയാവുന്നത് എസ്.എഫ്.ഐ യുടെ സംസ്ഥാനകമ്മറ്റി ഓഫീസിലെ നമ്പരാണ്. അവിടെനിന്ന ഒരാളുടെ ഫോണ്‍ ചോദിച്ചുവാങ്ങി ആ നമ്പറിലേക്ക് വിളിച്ചു.

ഫോണ്‍ എടുത്തത് അന്നത്തെ എസ്.എഫ്.ഐ പ്രസിഡന്റ് ആയിരുന്ന പി.കെ.ബിജു ആണ്. ഞാനാണെങ്കില്‍ ഒന്നും പറയാനാകാതെ കരയുകയാണ്. ഒടുവില്‍ കാര്യം പറഞ്ഞൊപ്പിച്ചു.

ഫോണ്‍ വെച്ച് വെറും മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞില്ല,യുണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ സഖാക്കള്‍ ഉള്‍പ്പടെ ആള്‍ക്കാരെക്കൊണ്ട് ആശുപത്രി നിറഞ്ഞു. പിന്നെ ഞാന്‍ ഒന്നും അറിയേണ്ടിവന്നില്ല. എല്ലാം സഖാക്കള്‍ തന്നെ വേണ്ടതുപോലെ ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബാലഗോപാല്‍ എം.പി യുടെ നിര്‍ദേശപ്രകാരം കൊല്ലം പള്ളിമുക്ക് വെച്ച് നടന്ന പൊതുസമ്മേളനത്തില്‍ സഖാവ്. വൃന്ദ കാരാട്ടിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യാനായി വേദിയില്‍ നിന്നപ്പോള്‍ പണ്ട് പപ്പ എന്നോടുപറഞ്ഞ ആഗ്രഹത്തെപ്പറ്റിയാണ് ഞാനോര്‍ത്തത്.

വൃന്ദ കാരാട്ടിന്റെ പ്രസംഗം കഴിവതും ഭംഗിയായി, അതിന്റെ അന്തസത്ത ചോരാതെ തര്‍ജ്ജമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ആ ജനാവലിയുടെ ഏറ്റവും പിറകിലായി ഒരു കുഞ്ഞിനെ ചുമലിലേറ്റിയ ഒരാളെ ഞാന്‍ കണ്ടു.

നിറഞ്ഞ കണ്ണുകളോടെ എന്റെ പ്രിയ പപ്പയുടെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളോടെ നില്‍ക്കുമ്പോള്‍ ആ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിലും ആ കുഞ്ഞിനേയും, അവളെ ചുമലില്‍ ഏന്തിയ ആ അച്ഛനെയും മാത്രമേ കണ്ടുള്ളൂ എന്നതാണ് സത്യം.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW