Tuesday, June 18, 2019 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 03 Nov 2017 06.44 PM

എന്താലോചന?

ഗൂഢാലോചനയെ ഗുഡ് ആലോചനയെന്നാണു പരസ്യത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതേതായാലും പൊളിച്ചു. എന്തിനെക്കുറിച്ചാണ് ആ ആലോചന എന്നുകൂടി പറഞ്ഞാല്‍ മതി. എങ്ങനെ തട്ടിക്കൂട്ടു സിനിമകളുണ്ടാക്കാം എന്നതാണോ, അതോ എങ്ങനെ സിനിമകള്‍ എടുക്കരുതെന്നു മാതൃക സൃഷ്ടിക്കാനാണോ എന്നുമാത്രം വ്യക്തമാക്കിയാല്‍ മതി.
Goodalochana, second show

ഗൂഢാലോചനയെ ഗുഡ് ആലോചനയെന്നാണു പരസ്യത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതേതായാലും പൊളിച്ചു. എന്തിനെക്കുറിച്ചാണ് ആ ആലോചന എന്നുകൂടി പറഞ്ഞാല്‍ മതി. എങ്ങനെ തട്ടിക്കൂട്ടു സിനിമകളുണ്ടാക്കാം എന്നതാണോ, അതോ എങ്ങനെ സിനിമകള്‍ എടുക്കരുതെന്നു മാതൃക സൃഷ്ടിക്കാനാണോ എന്നുമാത്രം വ്യക്തമാക്കിയാല്‍ മതി.

മായാബസാര്‍, ജമ്‌നാപ്യാരി തുടങ്ങിയ സിനിമകളിലൂടെ നേരത്തേ തന്നെ ബോറടിപ്പിച്ച പാരമ്പര്യവും പരിചയവുമുള്ള തോമസ് സെബാസ്റ്റിയന്റെ മൂന്നാം സിനിമയാണ് ഗൂഢാലോചന. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ പഴമൊഴി. മൂന്നിലും പിഴച്ചാല്‍ പിന്നെയെന്തുചെയ്യണമെന്നു പഴമൊഴിയില്‍ പുതുതായിട്ടൊന്നും പറഞ്ഞിട്ടില്ലാത്തതുകൊണ്ട്, സെക്കന്‍ഡ് ഷോ ഫ്രീയായിട്ടു പറയുന്നു, തോമസ് സെബാസ്റ്റിയന്‍, ഈ പണി നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ളതല്ല.

വിനീത് ശ്രീനിവാസന്റെ അനിയന്‍, ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതിയ സിനിമ കൂടിയാണ് ഗൂഢാലോചന. അല്ലെങ്കിലും അങ്ങനെയാണ് എല്ലാ കുടുംബത്തിലും കാണും ഇതുപോലെ ഒരാള്‍! തൊണ്ണൂറുകളുടെ അവസാനത്തിലിറങ്ങിയ ജഗദീഷ്, മുകേഷ് തുടങ്ങിയവര്‍ മുഖ്യവേഷങ്ങളലഭിനയിച്ച, തിയറ്ററുകളെ ദുരിതപൂര്‍ണമാക്കിയ ചില ബി ഗ്രേഡ് മലയാളസിനിമകളുടെ പുനരാവിഷ്‌കരണമാണ് ധ്യാന്റെ തിരക്കഥ. അതിനു ചില ന്യൂജനറേഷന്‍ തൂവലുകളൊക്കെ വച്ചുകൊടുത്തിട്ടുണ്ട്. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍, അവര്‍ കൂട്ടുകൂടി ബിസിനിസ് ചെയ്യുന്നു, അതു പൊളിയുന്നു, അതിനിടയില്‍ അവര്‍ നേരിടുന്ന പൊല്ലാപ്പുകള്‍ ഇതൊക്കെയാണ് തോമസ് സെബാസ്റ്റിയനും ധ്യാന്‍ ശ്രീനിവാസനും ചേര്‍ന്നു പറയുന്നത്.


Goodalochana, second show

കോഴിക്കോടാണു ഗൂഢാലോചന നടക്കുന്നത്. ടൈറ്റില്‍ പാട്ടും വിനീത് ശ്രീനിവാസന്റെ അവതരണമൊക്കെ കേള്‍ക്കുമ്പോള്‍ തോന്നും കോഴിക്കോടന്‍ കഥയാണെന്ന്. എവിടുന്ന്. പഴയ ബോംബ് കഥ തന്നെ. ഹരീഷ് കണാരന്റെ സിംഗിള്‍ മാന്‍ കോമഡി ഷോയാണ് ആകെയുള്ളാശ്വാസം. ഒരു യുട്യൂബ് വീഡിയോ കാണുന്ന ലാഘവത്തോടെ, ഒരു റിയാലിറ്റി ഷോ കാണുന്ന അലസതയോടെ അതു കണ്ടു ചിരിക്കാം, ചിരിക്കാതിരിക്കാം.
നാലു ചെറുപ്പക്കാര്‍; വരുണ്‍(ധ്യാന്‍ ശ്രീനിവാസന്‍), ജംഷീര്‍(ഹരീഷ് കണാരന്‍), അജാസ്(ശ്രീനാഥ് ഭാസി) പ്രകാശന്‍(അജു വര്‍ഗീസ്) എന്നിവര്‍ പഴയ മുകേഷ്, അശോകന്‍, ജഗദീഷ്, സിദ്ധിഖ് കൂട്ടുകെട്ടുപോലെ തൊഴില്‍രഹിതരാണ്. അവര്‍ തൊഴിലെടുക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണു തൊഴില്‍രഹിതരായി തുടരുന്നത്. എന്നാല്‍ പെട്ടെന്നു പണക്കാരനാവാന്‍ അവര്‍ ശ്രമിക്കുന്നതോടെ ഗൂഢാലോചന ഒരു വി.കെ. പ്രകാശ് സിനിമ ഇഡിയറ്റ്‌സ് 'നിലവാരത്തിലേക്കുയരുന്നു.' നോട്ട് ഇരട്ടിപ്പിക്കല്‍, ടാക്‌സി സര്‍വീസ്, എം.എഫ്. ഹുസൈന്റെ പെയിന്റിങ്, ഒടുവില്‍ ചിത്രപദര്‍ശനം വരെയെത്തി ഈ സര്‍ക്കസ് 147 മിനിട്ട് പൂര്‍ത്തിയാക്കും. അത്രയും നേരം ക്ഷമയോടെ കാത്തിരിക്കുന്നവര്‍ക്ക് രണ്ടരമണിക്കൂര്‍ എ.സി. ഫ്രീ.. അലന്‍സിയര്‍, വിഷ്ണു ഗോവിന്ദ്, ഭഗത് മാനുവല്‍, മമ്ത മോഹന്‍ദാസ്, നിരജ്ഞന എന്നിവരാണു മറ്റുപ്രധാനവേഷങ്ങളില്‍.

Goodalochana, second show

നായകന്‍, വില്ലന്‍ അങ്ങനെയുള്ള വേര്‍തിരിവിനൊന്നും സമയവും സൗകര്യവും സിനിമയ്ക്കില്ല. ധ്യാനും അജു വര്‍ഗീസും, ശ്രീനാഥ് ഭാസിയും തന്നെയാണ് മുഖ്യകഥാപാത്രങ്ങളായെത്തുന്നത്. ഇവര്‍ തമ്മില്‍ പണത്തിനായുള്ള തരികിടളും അതിനെച്ചൊല്ലിയുള്ള കലഹങ്ങളും പരസ്പരമുള്ള പാരവയ്പുകളുമാണ് ഏറെയും പറയുന്നത്. രജ്ഞിത്തിന്റെ ലോഹത്തിലുടെ എത്തിയ നിരഞ്ജനയാണു പ്രധാനസ്ത്രീകഥാപാത്രം. രണ്ടാംപകുതിയില്‍ മമ്ത മോഹന്‍ദാസ് നിര്‍ണായകമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആ നിര്‍ണായകവും വലിയൊരു തമാശയാണ്. രണ്ടാംപകുതിയില്‍ വിഷ്ണുഗോവിന്ദും നാല്‍വര്‍ സംഘത്തിനൊപ്പം ചേരുന്നുണ്ട്. ബോറടിയുടെ ആഘാതം കൂടി എന്നല്ലാതെ മറ്റുപ്രയോജനങ്ങളൊന്നുമില്ല. പുതുതലമുറ സിനിമകളിലെല്ലാമെന്നപോലെ ഭക്ഷണത്തിന്റേയും മദ്യത്തിന്റേയും ആവര്‍ത്തിച്ചുളള ദൃശ്യങ്ങള്‍ സിനിമ ഉപയോഗിക്കുന്നുണ്ട്. കോഴിക്കോടിന്റെ രുചിയെക്കുറിച്ചൊക്കെ തുടക്കത്തില്‍ വിനീത് ശ്രീനിവാസന്റെ ശബ്ദം പറയുന്നുണ്ട്. അതിനാലാവണം ഈ ഫുഡ് ഫെസ്റ്റിവല്‍.
ഗോപീസുന്ദറും, ഷാന്‍ റഹ്മാനുമാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതവും ഗോപീസുന്ദറാണ്. രണ്ടും ശരാശരി നിലവാരം പുലര്‍ത്തി. അഖില്‍ ജോര്‍ജിന്റെ ക്യാമറയും സാധാരണം

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 03 Nov 2017 06.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW