Friday, September 07, 2018 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 02 Nov 2017 03.51 PM

ഇങ്ങനെ ജീവിക്കൂ... ബ്രഹ്മലോകം സുനിശ്ചിതം

''നാം പലപ്പോഴും അസത്യം പറയുന്നത് നമ്മുടെ സ്വാര്‍ത്ഥതകൊണ്ടും, അതില്‍നിന്നുണ്ടാകുന്ന തൃപ്തിക്കും വേണ്ടി ആയിരിക്കാം. അതു പാടില്ല. ആദ്യമായി മനസ്സിനെ ശുദ്ധമാക്കുകയാണ് വേണ്ടത്.''
uploads/news/2017/11/161561/joythi021117a.jpg

നമ്മള്‍ നല്ല രീതിയില്‍ മറ്റുള്ളവരോട് പെരുമാറിയാല്‍ അവരില്‍നിന്ന് തിരിച്ച് നല്ല പെരുമാറ്റം കിട്ടുകതന്നെ ചെയ്യും. മനസ്സില്‍ എല്ലായ്‌പ്പോഴും ധര്‍മ്മബോധം വേണം. താന്‍ ചെയ്യുന്ന പ്രവൃത്തി എപ്പോഴും ശരിയായ രീതിയിലായിരിക്കണം.

നമ്മുടെ സംസാരം, പ്രവൃത്തി, പെരുമാറ്റം ഇവ മറ്റുള്ളവരെ ഉപദ്രവിക്കുന്ന രീതിയിലാവരുത്. നമുക്ക് ഇഷ്ടമുള്ള വിഷയമാണെങ്കില്‍ക്കൂടി അത് മറ്റുള്ളവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ മാത്രം സംസാരിച്ചാല്‍ മതി. സംസാരം വലിച്ചുനീട്ടി കേള്‍വിക്കാരനെ ബോറടിപ്പിക്കാതെ അത്യാവശ്യ കാര്യം മാത്രം സംസാരിച്ച് അവസാനിപ്പിക്കുക.

അന്യര്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യം സംസാരിക്കുന്നത് മഹാപാപമാണ്. നമ്മുടെ അഭിപ്രായം ആരിലും അടിച്ചേല്‍പ്പിക്കരുത്. മറ്റൊരാളുടെ വ്യക്തിത്വത്തെ വിമര്‍ശിക്കുകയുമരുത്.

നാം പലപ്പോഴും അസത്യം പറയുന്നത് നമ്മുടെ സ്വാര്‍ത്ഥതകൊണ്ടും, അതില്‍നിന്നുണ്ടാകുന്ന തൃപ്തിക്കും വേണ്ടി ആയിരിക്കാം. അതു പാടില്ല. ആദ്യമായി മനസ്സിനെ ശുദ്ധമാക്കുകയാണ് വേണ്ടത്.

ശുദ്ധവും സത്യവുമായ മനസ്സില്‍നിന്ന് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള സംസാരം പുറത്തുവരുന്നു. മനസ്സില്‍ കപടതയും, ദുഷ്ടബുദ്ധിയും ഉണ്ടെങ്കില്‍ അത് നമ്മള്‍ പറയുന്ന വാക്കിലും തെളിഞ്ഞുകാണുന്നു. നല്ല മനസ്സ് ഉള്ളവര്‍ക്കേ നല്ല സംഭാഷണം നടത്തി നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.

സ്വയം പ്രശംസിക്കുകയും, മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് നല്ലശീലമല്ല. ഇത് മറ്റുള്ളവര്‍ക്ക് നമ്മളോട് വെറുപ്പ് തോന്നുന്നതിന് സാഹചര്യമൊരുക്കും. ആയതിനാല്‍ നമ്മുടെ മനസ്സും വാക്കും ശുദ്ധമാക്കിയാല്‍ ജീവിതം തന്നെ ശുദ്ധമായിത്തീരും.

മഹാഭാരതകഥയില്‍ പതിനെട്ട് ദിവസം നീണ്ടുനിന്ന ഭാരതയുദ്ധം കഴിഞ്ഞു. സ്വന്തം മക്കളെ അശ്വത്ഥാമാവ് ക്രൂരമായി വധിച്ചുകളഞ്ഞ വിവരം പഞ്ചപാണ്ഡവന്മാരും പാഞ്ചാലിയും അറിഞ്ഞു. പാഞ്ചാലി മനോവേദനയാല്‍ ഹൃദയം തകര്‍ന്ന് വിലപിച്ചു.

രോഷാകുലനായ അര്‍ജുനനന്‍ അശ്വത്ഥാമാവിനെ പിടിച്ചുകെട്ടി പാഞ്ചാലിയുടെ മുന്നിലേക്കിട്ടു. ധര്‍മ്മബോധമുള്ളവളായ പാഞ്ചാലി എല്ലാ ദുഃഖത്തേയും ഉള്ളിലൊതുക്കി, മനസ്സിനെ നിയന്ത്രിച്ചു. അശ്വത്ഥാമാവിനെ ഒന്നും ചെയ്യാതെ വെറുതെ വിടുവാന്‍ അപേക്ഷിക്കുകയാണുണ്ടായത്.

പാഞ്ചാലിയുടെ ധര്‍മ്മനിഷ്ഠയും ദയയും വ്യാസന്‍ മനോഹരമായി എഴുതിയത് ലോകത്തിനുള്ള ഒരു സന്ദേശം കൂടിയാണ്. തന്റെ വിധി അനുഭവിച്ചു തന്നെ തീരണമെന്ന് പാഞ്ചാലി ചിന്തിച്ചതാകാം.

വിധിയെ തടുക്കാന്‍ ആര്‍ക്കും ആവില്ല. പാഞ്ചാലിയെപ്പോലെ സന്ദര്‍ഭോചിതമായ തീരുമാനങ്ങള്‍ നമുക്കും കൈക്കൊള്ളേണ്ടതുണ്ട്. പാഞ്ചാലിയുടെ ശുദ്ധമായ മനസ്സില്‍ ദയയും, സത്യവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതുപോലെ മനസ്സും എപ്പോഴും ശുദ്ധമായിരിക്കണം.

നമ്മുടെ ഇന്ദ്രിയങ്ങള്‍ എപ്പോഴും ധര്‍മ്മബോധത്തോടെയിരുന്നാല്‍ നല്ല മനസ്സ് നമുക്ക് താനേ വന്നുചേരും. ഇങ്ങനെ ജീവിക്കുന്ന വ്യക്തിക്ക് ബ്രഹ്മലോകം ലഭിക്കും. അതായത് പുനര്‍ജന്മം ഇല്ലെന്ന് അര്‍ത്ഥം.

ഉഷാവര്‍മ്മ, പാലക്കാട്
മൊ: 9495973118

Ads by Google
Ads by Google
Loading...
TRENDING NOW