Monday, July 08, 2019 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 02 Nov 2017 02.52 PM

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട

''എനിക്ക് ബിരുദം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും ഞങ്ങളുടെ സൗഹൃദവുമായി ഒരു ബന്ധമുണ്ട്. ''
uploads/news/2017/11/161548/Weeklyfrendship021117.jpg

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്നു പറയില്ലേ?അങ്ങനൊരു കണ്ണാടി ഞാന്‍ തേടിക്കൊണ്ടേയിരുന്നു.എന്റെ പ്രതിബിംബം കണ്ട് സുന്ദരിയെന്ന് മന്ത്രിക്കുന്നതിനപ്പുറം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും എന്നെ തിരുത്തുകയും ചെയ്യുന്ന ആളെയാണ് സുഹൃത്തെന്ന സ്ഥാനത്തിരുത്താന്‍ ഞാന്‍ കണ്ടെത്തിയത്.

പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് അശ്വതിയെ ആദ്യമായി കാണുന്നത്.നാട്ടിന്‍പുറത്തിന്റെ എല്ലാ നന്മകളുമുള്ള അവള്‍ വളരെ വേഗത്തില്‍ എന്നോടടുത്തു .ചാലക്കുടി നിര്‍മല കോളേജില്‍ ഡിഗ്രി പഠനത്തിനും ഒരുമിച്ച് ചേര്‍ന്നതോടെ സൗഹൃദം ദൃഢമായി.

പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സ്വന്തം സുരക്ഷയെക്കരുതി ഓടിയൊളിക്കുന്നവര്‍ക്കിടയില്‍ എന്തിനും ഏതിനും ഒന്നും ചിന്തിക്കാതെ എന്റെയൊപ്പം അവള്‍ നിന്നു.

2008ല്‍ കോളേജില്‍ നിന്ന് ടൂര്‍ പോകാന്‍ പ്ലാന്‍ ചെയ്തു.എനിക്കായിരുന്നു കാശ് കളക്ട് ചെയ്യാനുള്ള ചുമതല.ഒരാള്‍ക്ക് ആയിരം രൂപ എന്ന രീതിയ്ക്ക് എണ്ണിനോക്കിയപ്പോള്‍ കണക്കില്‍ ചെറിയ അപാകത. ആയിരം രൂപ കുറവുണ്ടെന്നുകണ്ട് എനിക്കാകെ ടെന്‍ഷനായി.

അന്നതൊരു വലിയ തുകയാണ്.വീട്ടില്‍ പറഞ്ഞാല്‍ വഴക്കുറപ്പാണെന്ന് ആലോചിച്ച് ഞാന്‍ കരച്ചിലിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ അശ്വതി ചോദിച്ചു:''എന്തൂട്ടാടീ പറ്റിയേ?''

നിയന്ത്രണംവിട്ട് കരഞ്ഞുകൊണ്ട് ഞാനവളോട് ആയിരം രൂപ കുറവുണ്ടെന്ന് പറഞ്ഞു. ''ഇതാ ഇപ്പ ഇത്ര കാര്യം''. അവളെന്നെ കളിയാക്കി. ''നൂറോ ഇരുന്നൂറോ അല്ല,ആയിരം രൂപ അത്ര നിസ്സാരാണോ?'' കരഞ്ഞുകൊണ്ട് ഞാന്‍ തുടര്‍ന്നു. ''അതോര്‍ത്ത് നീ കരയേണ്ട.ആകാശ് ഞാന്‍ വീട്ടില്‍ നിന്ന് വാങ്ങിത്തരാം.'' അശ്വതി എന്റെ കണ്ണീരൊപ്പി.അവളുടെ ആശ്വാസവാക്കില്‍ എന്റെ നെഞ്ചിലെ തീയണഞ്ഞു.

സ്വസ്ഥമായ മനസ്സോടെ കണക്കുവീണ്ടും നോക്കിയപ്പോള്‍,കാശ് തരാതിരുന്ന കുട്ടിയുടെ പേരിനുനേരെ തുക അടയാളപ്പെടുത്തിയതുകൊണ്ടു വന്ന പിഴവാണെന്ന് മനസ്സിലായി.എങ്കിലും വിഷമിച്ച ആ നിമിഷങ്ങളില്‍ അവളെപ്പോലൊരു സുഹൃത്തുള്ളതിന്റെ വില ഞാനറിഞ്ഞു.

എനിക്ക് ബിരുദം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും ഞങ്ങളുടെ സൗഹൃദവുമായി ഒരു ബന്ധമുണ്ട്.സിനിമയുടെ തിരക്കുകള്‍ കാരണം ഒരു ടേമിലെ അഞ്ച് പരീക്ഷകള്‍ എനിക്കെഴുതാന്‍ സാധിച്ചില്ല.അസുഖം കാരണം ഒരു പരീക്ഷ അശ്വതിയ്ക്കും മിസ് ആയി.

uploads/news/2017/11/161548/Weeklyfrendship021117a.jpg
അശ്വതിയും കുടുംബവും ജ്യോതികൃഷ്ണയുടെ വിവാഹനിശ്ചയവേളയില്‍

പരീക്ഷ എഴുതാത്തവര്‍ ചോദ്യപേപ്പര്‍ ആന്‍സര്‍ ചെയ്ത് ടീച്ചര്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് ഒപ്പ് വാങ്ങണമെന്നാണ് കോളേജിലെ നിയമം. 'ലോ' എന്ന വിഷയത്തിന്റെ ടീച്ചര്‍ സൈന്‍ ചോദിച്ചു ചെല്ലുമ്പോഴൊക്കെ പിന്നെ വരൂ എന്നുപറഞ്ഞ് ഞങ്ങളെ മടക്കി അയച്ചുകൊണ്ടിരുന്നു.

അന്നൊരു ദിവസം,രണ്ടാമത്തെ പിരിയഡ് ആയപ്പോളാണ് ഞാന്‍ ക്‌ളാസില്‍ ചെന്നത്.പുറത്തുനിന്ന് അശ്വതി കരയുന്ന കാഴ്ചകണ്ട് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.മറ്റൊരു സുഹൃത്ത് പറഞ്ഞാണ് ടീച്ചറുടെ ഒപ്പ് വാങ്ങാത്തതിന്റെ പേരില്‍ അവളെ ക്‌ളാസില്‍ നിന്ന് പുറത്താക്കിയ വിവരം ഞാന്‍ അറിഞ്ഞത്.

ഞങ്ങളുടെ ഭാഗത്തല്ലല്ലോ തെറ്റ് എന്ന ധൈര്യത്തില്‍ ഞാന്‍ എച്ച്.ഓ.ഡിയെ ചെന്നുകണ്ടു.പിന്നീട്,ക്ലാസ്സ് ടീച്ചറായ രൂപാ മിസ്സിനോട് ഞങ്ങളുടെ ഭാഗത്തെ ന്യായം ബോധിപ്പിച്ചു.

മിസ്സെന്നെ സ്വന്തം മോളെപ്പോലെയാണ് കണ്ടിരുന്നത്.53 വിദ്യാര്‍ത്ഥികളില്‍ എല്ലാ വിഷയങ്ങള്‍ക്കും പാസായ ഒന്‍പതുപേരില്‍ അഞ്ചാം സ്ഥാനക്കാരി ആയിരുന്നതുകൊണ്ട് പഠിക്കാന്‍ മോശമാണെന്ന പരാതി ആര്‍ക്കും ഉണ്ടായിരുന്നില്ല.

ഞങ്ങള്‍ പറഞ്ഞതിന്റെ നിജസ്ഥിതി രൂപാ മിസ് ടീച്ചറോട് ചോദിച്ചപ്പോള്‍ ഈഗോ കാരണം എന്റെ അടുത്ത് ആരും വന്നില്ലെന്ന് പറഞ്ഞ് ടീച്ചര്‍ കയര്‍ത്തു.അശ്വതിയ്ക്കുനേരെ ശബ്ദം ഉയരുന്നത് നോക്കി വെറുതെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല.നുണ പറയുന്നോ എന്ന് ടീച്ചറോട് എടുത്തടിച്ചപോലെ ഞാന്‍ ചോദിച്ചു.

അധ്യാപകരോട് പാലിക്കേണ്ട മര്യാദകള്‍ പറഞ്ഞ് രൂപാ മിസ്സ് ഞങ്ങള്‍ക്കിടയില്‍ മധ്യസ്ഥയായി.അപ്പോഴും അശ്വതിയുടെ കണ്ണീര്‍ എന്റെ ഉള്ളം പൊള്ളിച്ചുകൊണ്ടേയിരുന്നു.ഇനി ഈ കോളേജില്‍ ഞാന്‍ പഠിക്കില്ല എന്ന ശപഥത്തോടെ ആ പടി ഇറങ്ങിയപ്പോള്‍ പിന്‍വിളികള്‍ പലതും ഉണ്ടായെങ്കിലും എന്റെ തീരുമാനം ഉറച്ചതായിരുന്നു.

എന്റെ വിവാഹനിശ്ചയത്തിന് അശ്വതി ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം എത്തിയപ്പോള്‍ അന്നത്തെ കണ്ണീര്‍ക്കഥ പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചു.പഠനം മുടങ്ങിയ ശേഷം,അതേ കോളേജില്‍ അതിഥിയായുള്ള ക്ഷണം സ്വീകരിച്ച് ചെന്നപ്പോഴൊക്കെയും മനസ്സില്‍ പൊന്തിവന്നത് അശ്വതിയുമായുള്ള സൗഹൃദത്തിന്റെ നിറമുള്ള ഓര്‍മകളാണ്.

മീട്ടു റഹ്മത്ത് കലാം

Ads by Google
Thursday 02 Nov 2017 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW