Friday, June 28, 2019 Last Updated 34 Min 14 Sec ago English Edition
Todays E paper
Ads by Google
അഡ്വ. എം.എസ് . അനില്‍ കുമാര്‍
അഡ്വ. എം.എസ് . അനില്‍ കുമാര്‍
Wednesday 01 Nov 2017 01.14 PM

പ്രണയ വിവാഹിതരായ ജിതിനും കാര്‍മ്മലും പിരിയാന്‍ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ കണ്ണീരാണോ ഇതിനു പിന്നില്‍

uploads/news/2017/11/161183/Weeklyfamilycourt011117.jpg

വിവാഹബന്ധം വേര്‍പിരിയണമെന്ന ആവശ്യവുമായി കാര്‍മ്മല്‍ എന്ന യുവതി എന്നെക്കാണാന്‍ വന്നു. ചെറുപ്രായത്തില്‍ ബന്ധം പിരിയുന്നതിന്റെ കാര്യം ഞാന്‍ അന്വേഷിച്ചു. നിറമിഴികളോടെ അവള്‍ പറഞ്ഞു തുടങ്ങി:

''ഞാനും ജിതിനേട്ടനും പരസ്പരം സ്‌നേഹിച്ച് വിവാഹം കഴിച്ചവരാണ്. കോളേജില്‍ പഠിക്കുമ്പോഴാണ് ജിതിനേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത്. അദ്ദേഹം ആ സമയം കോളേജിനടുത്തുളള വണ്ടിയുടെ ഷോറൂമില്‍ ജോലി ചെയ്യുകയായിരുന്നു. കോളേജില്‍ പോകുന്ന വഴി ദിവസവും ജിതിനേട്ടനെ കാണും.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എന്റെയൊരു സുഹൃത്ത് മുഖേന ഞങ്ങള്‍ പരിചയപ്പെട്ടു. അധികം വൈകാതെ തന്നെ ആ സൗഹൃദം പ്രണയമായി മാറി. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് വീട്ടില്‍ വിവാഹാലോചന തുടങ്ങി. പല കാരണങ്ങള്‍ പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറി.

അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ് കട്ട് ചെയ്ത് ഞങ്ങള്‍ സിനിമയ്ക്ക് പോയി. അതോടെ എന്റെ ജീവിതം മാറിമറിഞ്ഞു. തിരികെ ഞങ്ങള്‍ ബൈക്കില്‍ വന്നത് അച്ഛന്‍ കണ്ടു. തന്റെ മകള്‍ മറ്റൊരു പുരുഷന്റെ പിറകില്‍ ഇരുന്ന് പോകുന്നത് അച്ഛന് താങ്ങാനായില്ല.

ഇതൊന്നും അറിയാതെ കോളേജ് വിട്ട് വീട്ടില്‍ ചെല്ലുന്നതുപോലെ ഞാന്‍ കയറിച്ചെന്നു. കൂടുതലൊന്നും എന്നോട് ചോദിക്കാന്‍ നിന്നില്ല, ശരിക്കും തല്ലി. ഒരാഴ്ച കോളേജില്‍ വിടാതെ മുറിക്കുളളില്‍ പൂട്ടിയിട്ടു.

ഓരോ തല്ല് കൊളളുമ്പോഴും എനിക്ക് ജിതിനേട്ടനോടുളള സ്‌നേഹം കൂടിക്കൊണ്ടേയിരുന്നു. പിന്തിരിപ്പിക്കാന്‍ വീട്ടുകാര്‍ ആകുംവിധം ശ്രമിച്ചെങ്കിലും അദ്ദേഹത്തെ മറക്കാന്‍ എനിക്കായില്ല. അവസാനം എന്റെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടു വീട്ടുകാരും ചേര്‍ന്ന് വിവാഹം ഉറപ്പിച്ചു. അതോടെ ഞങ്ങളുടെ കാത്തിരിപ്പിന് വിരാമമായി.

വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടുമാസം ജിതിനേട്ടന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. പിന്നീട് എന്നോടുളള സ്‌നേഹം കുറഞ്ഞുകൊണ്ടിരുന്നു. ജോലിക്കുപോകാതെ സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടുകൂടി മദ്യപിച്ച് നടക്കുക പതിവായി. വീട്ടുകാരുടെ ചിലവില്‍ ജീവിക്കേണ്ടി വന്നതായിരുന്നു ഏറ്റവും വലിയ സങ്കടം.

എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അച്ഛന്റെ മുന്‍പില്‍ കൈ നീട്ടേണ്ട അവസ്ഥ. ഞാന്‍ ജോലിക്ക് പോകാമെന്ന് പറഞ്ഞാല്‍ അതിനും സമ്മതിക്കില്ല. ഇനിയെങ്കിലും ജോലിയ്ക്ക് പൊയ്ക്കൂടെ എന്ന് സ്‌നേഹപൂര്‍വ്വം ഉപദേശിച്ചപ്പേള്‍ ദേഷ്യപ്പെട്ട് അദ്ദേഹമെന്റ് ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു.

അതിനെ തുടര്‍ന്ന് ഒരുപാട് ഉപദ്രവിക്കുകയും ചെയ്തു. പ്രണയിച്ച് നടന്ന കാലത്ത് അദ്ദേഹത്തിന് എന്നെ ജീവനാണെന്നാണ് കരുതിയിരുന്നത്. പക്ഷേ അതെല്ലാം എന്റെ തെറ്റിദ്ധാരണ മാത്രമായിരുന്നു. ജീവനു തുല്യം സ്‌നേഹിച്ചിട്ടും ആ മനുഷ്യന് ഇതുവരെ എന്നെ മനസ്സിലാക്കാനായില്ല.

സ്വന്തം ഭാര്യയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ചെയ്യേണ്ടത് ഒരു ഭര്‍ത്താവിന്റെ കടമയാണ്. പക്ഷേ അദ്ദേഹം എന്റെ കാര്യങ്ങള്‍ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. വീട്ടുകാര്‍ എതിര്‍ത്തിട്ടും എന്റെ നിര്‍ബന്ധത്തിന് നടത്തിയ വിവാഹമായതു കൊണ്ട് ആരോടും ഒന്നും പറയാന്‍ പറ്റാത്തയവസ്ഥ. സുഹൃത്തുക്കളോട് പോലും സംസാരിക്കാന്‍ അനുവദിക്കില്ല.

അതിനും വിലക്ക് ഏര്‍പ്പെടുത്തി. അദ്ദേഹത്തിന് എന്നെ എന്തോ സംശയം ഉളളത് പോലെ.., എല്ലാ വിഷമങ്ങളും ഉളളിലൊതുക്കി, ആരോടും ഒന്നും സംസാരിക്കാന്‍ പോലും സാധിക്കാതെ, ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയതാണ്. ആ സമയത്താണ് ഉളളിലൊരു ജീവന്‍ തുടിക്കുന്നുണ്ടെന്ന് അറിഞ്ഞത്. അതെന്നെ വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചു.

രണ്ടു മാസമായപ്പോഴേക്കും ആ കുഞ്ഞിനെ നഷ്ടമായി. അത് എന്റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞ് ജിതിനേട്ടന്‍ കുറ്റപ്പെടുത്തി. ഇതിനിടെ എന്റെ അച്ഛനും മരിച്ചു. എല്ലാം കൂടി ആയപ്പോള്‍ മാനസികനില തെറ്റുമെന്നായി. അങ്ങനെ ഞാന്‍ അദ്ദേത്തിന്റെ വീട് വിട്ടിറങ്ങി. അതുവരെ ഉളളിലൊതുക്കിയ എല്ലാ വിഷമങ്ങളും അമ്മയോട് തുറന്നു പറഞ്ഞു.

ആറു മാസമായി അമ്മയോടൊപ്പമാണ് കഴിയുന്നത്. ഇതിനിടെ ഒരിക്കല്‍ പോലും അദ്ദേഹം എന്നെ വിളിച്ചിട്ടില്ല. ഇനിയുളള കാലം ഒരു ജോലി സമ്പാദിച്ച് അമ്മയെയും നോക്കി സമാധാനമായി കഴിയണമെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ ബന്ധം വേര്‍പ്പെടുത്തി തരണം. ജിതിനേട്ടനെങ്കിലും നല്ലൊരു ജീവിതം ഉണ്ടാകട്ടെ '' എന്ന് പറഞ്ഞു കൊണ്ട് കാര്‍മ്മല്‍ പൊട്ടിക്കരഞ്ഞു.

മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കാര്‍മ്മല്‍ മോചിതയായി. ആ യുവതി ഇപ്പോള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് അമ്മയോടൊപ്പം സുഖമായി കഴിയുന്നു.

കുട്ടികള്‍ പ്രണയിച്ച് നടക്കുമ്പോള്‍ മുന്നോട്ടുളള ജീവിതത്തെക്കുറിച്ച് ചിന്തിക്കാറില്ല. ഇന്നലെ കണ്ട ഒരാള്‍ക്കു വേണ്ടി അത്രയും കാലം വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ പലരും തയ്യാറാകുന്നു. അവരുടെ മിഴികള്‍ നിറഞ്ഞാല്‍ മതി നമ്മള്‍ നശിക്കാന്‍.

അഞ്ജു രവി

Ads by Google
അഡ്വ. എം.എസ് . അനില്‍ കുമാര്‍
അഡ്വ. എം.എസ് . അനില്‍ കുമാര്‍
Wednesday 01 Nov 2017 01.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW