Saturday, September 08, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Nov 2017 11.21 AM

കെ.പി.സി.സി പ്രസിഡന്റ്: സംസ്ഥാന നേതാക്കളുടെ അഭിപ്രായം മാനിക്കില്ല; ഹൈക്കമാന്‍ഡിന് പ്രിയമുള്ള ക്രിസ്തീയ സമുദായംഗത്തിന് സാദ്ധ്യത

KPCC president

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് നിയമനത്തില്‍ സംസ്ഥാനനേതാക്കളുടെ അഭിപ്രായം ഹൈക്കമാന്‍ഡ് പരിഗണിക്കില്ല. ഇവിടെ നിന്നും പട്ടികകള്‍ നല്‍കുമെങ്കിലും ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനായ ഒരു വ്യക്തിയായിരിക്കും കെ.പി.സി.സി പ്രസിഡന്റായി വരിക. മാത്രമല്ല, അടുത്തവര്‍ഷം ആദ്യത്തോടെ മാത്രമേ കെ.പി.സി.സി പ്രസിഡന്റിന്റെ നിയമനം നടക്കുകയുള്ളു. അതോടൊപ്പം കെ.പി.സി.സിയുടെ വലിപ്പവും കുറയ്ക്കും. കഴിയുന്നത്ര കുറച്ച് പരമാവധി 14 ജനറല്‍ സെക്രട്ടറിമാരില്‍ ഒതുക്കാനാണ് ഇപ്പോഴത്തെ ആലോചന.

സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകളുടെ അപ്രമാദിത്വത്തെ ഇല്ലാതാക്കാനാണ് ഹൈക്കമാന്‍ഡിന്റെ ശ്രമം. കെ.പി.സി.സി പട്ടിക ഉപയോഗിച്ച് ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ ഒര ശ്രമം നടത്തിയെങ്കിലും ഹൈക്കമാന്‍ഡ് അതില്‍ പൂര്‍ണ്ണമായും വിജയിച്ചില്ല. ഗ്രൂപ്പുകള്‍ പിടിച്ചിടത്തുതന്നെ ഒടുവില്‍ കാര്യങ്ങള്‍ വന്നെത്തുകയായിരുന്നു. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് നിയമനകാര്യത്തില്‍ അത് നടക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായതിനുശേഷം മാത്രമേ കെ.പി.സി.സി പ്രസിഡന്റിന്റെ നിയമനം നടക്കുകയുള്ളു.

പാര്‍ട്ടിയുടെ പൂര്‍ണ്ണപിടി രാഹുല്‍ഗാന്ധിയുടെ കൈകളില്‍ ആയതിനുശേഷം മാത്രമേ കെ.പി.സി.സി പ്രസിഡന്റ് നിയമനം ഉണ്ടാകുകയുള്ളു. പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണ്ണമായി തന്റെ കൈകളിലാകണമെങ്കില്‍ എല്ലാ സംസ്ഥാനങ്ങളിലും തന്റെ നിലപാടുകളുമായി യോജിച്ചുപോകുന്നവര്‍ ഉണ്ടാകണമെന്നാണ് രാഹുലിന്റെ നിലപാട്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ നേതാക്കളുടെ നിര്‍ദ്ദേശത്തോട് അദ്ദേഹം അനുകൂലമായി പ്രതികരിക്കുന്നില്ല. മാത്രമല്ല, സോളാര്‍ കേസ് കൂടി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്ന പേരുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ രാഹുല്‍ഗാന്ധിയുടെ നോമിനിയായിരിക്കും കെ.പി.സി.സി പ്രസിഡന്റായി വരിക. അതുപോലെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നൊരു അംഗത്തെ കൊണ്ടുവരണമെന്നാണ് അവരുടെ നിലപാട്. ഇപ്പോള്‍ പ്രതിപക്ഷനേതൃസ്ഥാനം ഭൂരിപക്ഷസമുദായത്തിനാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷത്തില്‍ നിന്നുള്ള ഒരാള്‍ കെ.പി.സി.സി പ്രസിഡന്റാകണമെന്നാണ് നിലപാട്. അതോടൊപ്പം യു.ഡി.എഫ് കണ്‍വീനറെയും മാറ്റുന്നകാര്യം പരിഗണനയ്ക്ക് വരും. കെ.പി.സി.സി പ്രസിഡന്റായി ക്രിസ്തീയസമുദായാംഗം വന്നാല്‍ യു.ഡി.എഫ് കണ്‍വീനറായി മുസ്ലീംസമുദായംഗത്തെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.

പ്രതിപക്ഷനേതൃസ്ഥാനം ഐ ഗ്രൂപ്പിനായതുകൊണ്ട് എ ഗ്രൂപ്പിനാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടത്. എന്നാല്‍ രാഹുല്‍ഗാന്ധി നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ളവരുടെ പേര് മുന്നോട്ടുവയ്ക്കാന്‍ അവര്‍ക്ക് ആളില്ല. ആ സാഹചര്യത്തില്‍ ഐ ഗ്രൂപ്പില്‍പ്പെടാത്തതും എന്നാല്‍ സോണിയയും രാഹുലുമായി അടുത്തബന്ധം പുലര്‍ത്തുന്നതുമായ ഒരു വ്യക്തിയായിരിക്കും അതും ക്രിസ്തീയസമുദായത്തില്‍ നിന്നുള്ള ഒരാളായിരിക്കും കെ.പി.സി.സി പ്രസിഡന്റായി വരികയെന്നാണ് സൂചന.

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മാത്രമേ രാഹുല്‍ ഇനി കോണ്‍ഗ്രസ് അദ്ധ്യക്ഷപദവി ഏറ്റെടുക്കുകയുള്ളു. അതിനുശേഷം മാത്രമായിരിക്കും കെ.പി.സി.സി പ്രസിഡന്റിനെ നിയമിക്കുക. അതിനനുബന്ധിച്ച് നിര്‍വാഹകസമിതിയും ഭാരവാഹികളും വരും. നിലവില്‍ നൂറില്‍പരം ഭാരവാഹികളാണ് കെ.പി.സി.സിക്കുള്ളത്. അത് പരമാവധി 14 ആയികുറയ്ക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

എം.ആര്‍ കൃഷ്ണന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW