Thursday, June 13, 2019 Last Updated 24 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Oct 2017 04.12 PM

വൈകല്യമുണ്ടെന്ന് അമ്മയുടെ ഉദരത്തില്‍വച്ച് അറിഞ്ഞിട്ടും ഇല്ലാതാക്കാതെ മാതാപിതാക്കള്‍; കണ്‍മണിയുടെ ചിരിക്കുമുന്നില്‍ ദൈവവും തോറ്റുപോയി

ഇരുകൈകളും ഇല്ലാത്ത, കാലിന് സ്വാധീനക്കുറവുള്ള ചിത്രകാരിയും ഗായികയുമായ കണ്‍മണിയുടെ അത്ഭുതകഥ
uploads/news/2017/10/160899/weeklykanmani311017c.jpg

ശാരീരിക വൈകല്യങ്ങള്‍ ഏറെയുണ്ടായിട്ടും ആത്മവിശ്വാസവും സഹജീവികളുടെ പിന്തുണയും കൊണ്ട് ജീവിതം തിരിച്ചുപിടിച്ചവളാണ് കണ്‍മണി.

കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം മാതൃകയാക്കേണ്ട പെണ്‍കുട്ടി. ദൈവം എന്തെല്ലാം കഴിവുകള്‍ നല്‍കിയാലും ഒന്നും തന്നില്ലെന്ന് പഴിക്കുന്നവര്‍ കണ്‍മണിയെ ഒരുനോക്ക് കാണുക.

അവളുടെ പുഞ്ചിരിക്കു മുന്‍പില്‍ ദൈവംപോലും ഒരുനിമിഷം തോറ്റുപോകും. തന്റെ പരിമിതികള്‍ മറ്റുളളവരുടെ സഹതാപമാക്കി മാറ്റാന്‍ കണ്‍മണി ഒരുക്കമല്ല. അതുകൊണ്ടാണ് പേരുപോലെ തെന്ന അവളെല്ലാവര്‍ക്കും കണ്‍മണിയാകുന്നത്.

കണ്‍മണിയുടെ ജനനം


മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശികളായ ശശികുമാര്‍-രേഖ ദമ്പതികള്‍ക്ക് നീണ്ടനാളത്തെ കാത്തിരിപ്പിനു ശേഷ മാണ് ദൈവം ഒരു കുഞ്ഞിനെ നല്‍കിയത്. അവസാനത്തെ സ്‌കാനിങ്ങിലാണ് കുഞ്ഞിന് വൈകല്യമുളള കാര്യം ഡോക്ടര്‍ തിരിച്ചറിയുന്നത്. അബോര്‍ഷന്‍ ചെയ്യാനും നിര്‍ദ്ദേശം നല്‍കി.

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം തങ്ങള്‍ക്ക് കിട്ടിയ സൗഭാഗ്യത്തെ ഉദരത്തില്‍ വച്ചുതന്നെ ഇല്ലാതാക്കാന്‍ ആ അച്ഛനും അമ്മയും തയ്യാറായില്ല. ദൈവം തന്ന കുഞ്ഞിനെ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.

പ്രസവശേഷം ബോധം വീണ രേഖയുടെ കൈകള്‍ ആദ്യം പരതിയത് തന്റെ കുഞ്ഞിനെയാണ്. വര്‍ഷങ്ങളായി അവള്‍ ആഗ്രഹിച്ച മുഖം ഒന്നു കാണാന്‍ ആ അമ്മയുടെ മനസ്സ് തുടിച്ചു.'എന്റെ കുഞ്ഞ്?'

അരികില്‍ നിന്ന നഴ്‌സിനോട് തിരക്കി. വാവിട്ട് കരയുന്ന കുഞ്ഞുമായി മറ്റൊരു നഴ്‌സ് വന്നു. തന്റെ മകളെ കണ്ട് രേഖ ഞെട്ടി. അത്രനാളും സ്വപ്നം കണ്ട രൂപമായിരുന്നില്ല കാണാന്‍ സാധിച്ചത്.

uploads/news/2017/10/160899/weeklykanmani311017_1.jpg

ഇരുകൈകളില്ലാത്ത, ഒരു കാലിന് നീളം കുറവുളള കുഞ്ഞ്. കാത്തിരുന്ന് കിട്ടിയനിധി ദൈവം ഇങ്ങനെയാണല്ലോ തന്നതെന്ന് ഓര്‍ത്തപ്പോള്‍ രേഖയുടെ മനസ്സ് വിങ്ങിപ്പൊട്ടി. വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ശശികുമാറും ഭാര്യയും ഇത്രയും പ്രതീക്ഷിച്ചില്ല. പരിസരം മറന്ന് ആ അമ്മ പൊട്ടിക്കരഞ്ഞു.

പത്തുമാസം ചുമന്ന് താന്‍ നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞാണല്ലോ എന്നോര്‍ത്തപ്പോള്‍ എവിടെനിന്നോ ഉളളിലൊരു ശക്തിതോന്നി. മാതൃത്വം എന്നത് നിസാരകാര്യമല്ലെന്ന് രേഖ ഈ ലോകത്തിനു മുന്‍പില്‍ തെളിയിച്ചു.

പിന്നീടുളള ഓരോ നിമിഷവും മകള്‍ക്ക് വേണ്ടി മാറ്റിവച്ചു. അച്ഛന്‍ ശശികുമാര്‍ വിദേശത്ത് ആയതുകൊണ്ട് രേഖയുടെ ഉത്തരവാദിത്വം കൂടി. ആ അമ്മയുടെ മനസ്സില്‍ ഒരാശങ്ക ബാക്കി നിന്നു. ''ഇരു കൈകളില്ലാത്ത, കാലിനു സ്വാധീനം കുറവുളള തന്റെ മകളെ സമൂഹം എങ്ങനെ അംഗീകരിക്കും?''

കണ്‍മണിയെ പൊന്‍മണിയാക്കിയത്


കണ്‍മണിയുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ട രേഖ പരീക്ഷണമെന്ന നിലയില്‍ ആദ്യം അവളെ പാട്ട് പഠിപ്പിക്കാന്‍ അയച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കണ്‍മണിയ്ക്ക് സംഗീതത്തോട് അഭിരുചി തോന്നി തുടങ്ങി.

എല്ലാവരും ചേങ്ങിലയില്‍ കൈകൊണ്ട് താളം പിടിച്ചപ്പോള്‍ കണ്‍മണി കാലുകൊണ്ട് താളം പിടിച്ചു. ആത്മവിശ്വാസം ഉണ്ടെങ്കില്‍ കൈകള്‍ മാത്രമല്ല, കാലുകള്‍ പോലും മുഴുവന്‍ ആവശ്യമില്ലെന്ന് അവള്‍ തെളിയിച്ചു.

കുട്ടിയായിരിക്കുമ്പോള്‍ തന്നെ നിലത്ത് കിടക്കുന്ന വസ്തു കാലുകൊണ്ട് എത്തിപ്പിടിക്കാന്‍ അവള്‍ ശ്രമിച്ചു. മകളുടെ ആത്മവിശ്വാസം കണ്ട് രേഖ അവളുടെ വിരലുകളില്‍ കളര്‍പെന്‍സിലുകള്‍ നല്‍കി. അതിലൂടെ ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നു.

കണ്‍മണിയെ സ്‌കൂളില്‍ ചേര്‍ക്കാനായി രേഖ പല സ്‌കൂളുകളിലും കയറിയിറങ്ങിയെങ്കിലും വൈകല്യമുളള കുട്ടിയെ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല.

'സ്‌പെഷ്യല്‍ സ്‌കൂളില്‍' ചേര്‍ക്കുക എന്നതായിരുന്നു എല്ലാവരുടെയും നിര്‍ദ്ദേശം. പക്ഷേ രേഖ അതിന് തയ്യാറായില്ല. തന്റെ മകള്‍ക്ക് കുറവുകള്‍ ഒന്നുമില്ലെന്ന് അവര്‍ വിശ്വസിച്ചു.

എല്ലാ പ്രതീക്ഷകളും അവസാനിച്ചനിമിഷമാണ് കണ്‍മണിയുടെ വൈകല്യങ്ങള്‍ ഒന്നും കാര്യമാക്കാതെ ചെറുപുഷ്പം സ്‌കൂള്‍ അധികൃതര്‍ അഡ്മിഷന്‍ കൊടുത്തു. ലോലമ്മ ടീച്ചര്‍ അവളുടെ കാലില്‍ പെന്‍സില്‍ വച്ചുകൊടുത്തു.

പരസഹായമില്ലാതെ ദിവസവും സ്‌കൂളില്‍ പോകുകയെന്നത് കണ്‍മണിയെ സംബന്ധിച്ച് ബുദ്ധിമുട്ടുളള കാര്യമാണ്.

uploads/news/2017/10/160899/weeklykanmani311017b_1.jpg

ടൂവീലറില്‍ മുന്നിലിരുത്തി, ഷാളു കൊണ്ട് തന്നോട് ചേര്‍ത്ത് കെട്ടിവച്ചാണ് അമ്മ മകളെ സ്‌കൂളില്‍ കൊണ്ടുപോയിരുന്നത്. അധികം വൈകാതെ കണ്‍മണി ഷാളിന്റെ സഹായമില്ലാതെ സ്വതന്ത്ര്യയായി.

ഹൈസ്‌കൂള്‍ പഠനം താമരക്കുളത്തായിരുന്നു. ദിവസവും പതിനാല് കിലോമീറ്റര്‍ താണ്ടിയാണ് കണ്‍മണിയെ സ്‌കൂളില്‍ എത്തിച്ചത്. ആ അമ്മയുടെ കഷ്ടപ്പാട് കണ്ടു സംസ്‌കൃത അധ്യാപിക പ്രായത്തെപ്പോലും വകവയ്ക്കാതെ കണ്‍മണിക്കുവേണ്ടി ഡ്രൈവിങ് പഠിച്ചു, സ്വന്തമായി വണ്ടിയും എടുത്തു.

പിന്നീട് കണ്‍മണിയെ സ്‌കൂളില്‍ കൊണ്ടുവരുന്നതും തിരിച്ച് വീട്ടിലാക്കുന്ന ചുമതലയും ടീച്ചര്‍ ഏറ്റെടുത്തു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കണ്‍മണി പൊന്‍മണിയാണ്.

വൈകല്യങ്ങളെപ്പോലും വകവയ്ക്കാതെ കൂട്ടുകാര്‍ക്കൊപ്പം ഇവളും ഓടിക്കളിക്കും. പഠനത്തിലും ഒട്ടും പുറകിലല്ല. ക്ലാസിലെ മറ്റു കുട്ടികളെപ്പോലെ വേഗത്തില്‍ തന്നെയാണ് അവളും എഴുതുന്നതും പഠിക്കുന്നതും.

ഇതിനിടയില്‍ കണ്‍മണി പാട്ടില്‍ നിന്ന് ശാസ്ത്രീയ സംഗീതത്തിലേക്കും, അഷ്ടപദിയിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചു. പങ്കെടുത്ത മത്സരങ്ങള്‍ക്കെല്ലാം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ നിരവധി അവാര്‍ഡുകളും അവളെ തേടിയെത്തി.

അവാര്‍ഡുകള്‍ തന്റെ വൈകല്യങ്ങള്‍ കൊണ്ട് ലഭിച്ചതാണെന്ന് പലരും പറഞ്ഞുകേട്ടപ്പോള്‍ അത് കണ്‍മണിയെ വിഷമത്തിലാക്കി. എങ്കിലും അതൊന്നും കാര്യമാക്കാതെ തന്റെ കഴിവില്‍ ഉറച്ച് വിശ്വസിച്ച് ആത്മധൈര്യത്തോടെ അവള്‍ മുന്നേറുകയാണ്.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുവദിക്കുന്ന അധിക സമയവും, സഹായിയും ഒന്നുമില്ലാതെ ഒന്‍പത് 'എ പ്ലസ്' കരസ്ഥമാക്കി. പ്ലസ് വണ്ണിന് കൊമേഴ്‌സ് വിഷയവും തിരഞ്ഞെടുത്തു. സി.എ.ക്കാരി ആകണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം.

ദൈവം അനുഗ്രഹിച്ച് നല്‍കിയ കഴിവുകള്‍...


സംഗീതത്തോടൊപ്പം ചിത്രരചനയിലും കണ്‍മണി ഇതിനോടകം തന്റെ കഴിവുകള്‍ തെളിയിച്ചു കഴിഞ്ഞു. ഇരുന്നൂറിലധികം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അവള്‍ കാല്‍ വിരലുകള്‍ കൊണ്ട് വരച്ചു കഴിഞ്ഞു.

ജലഛായം, എണ്ണഛായം. ക്രെയോണ്‍ തുടങ്ങി ചിത്രകലയിലെ ഏത് മാധ്യമവും തന്റെ വൈകല്യമുളള കാലുകള്‍ക്ക് വഴങ്ങുമെന്ന് കണ്‍മണി ഇതിനോടകം തെളിയിച്ചു. പിയാനോ വായിക്കാന്‍ പഠിച്ചിട്ടില്ലെങ്കിലും അവള്‍ സ്വന്തമായി പിയാനോയും വായിക്കും.

ഇത്തവണ കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അഷ്ടപദി, ഗാനാലാപനം എന്നിവയില്‍ ഒന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തില്‍ മൂന്നാം സ്ഥാനവും കണ്‍മണി നേടി.

uploads/news/2017/10/160899/weeklykanmani311017a.jpg

കച്ചേരിക്കിടെ ജാനകിയമ്മയെ കാണാന്‍ സാധിച്ചത് അനുഗ്രഹമായി കണ്‍മണി കാണുന്നെന്ന് പറയുമ്പോള്‍ ആ കണ്ണില്‍ സന്തോഷത്തിന്റെ തിളക്കം കാണാന്‍ സാധിക്കും. ചെറുപ്രായത്തില്‍ തന്നെ കേരളത്തിലും വിദേശത്തുമായി നിരവധി കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

മറ്റാരെയും ആശ്രയിക്കാതെയാണ് ഭക്ഷണം കഴിക്കുന്നതും ഒരുങ്ങുന്നതുമെല്ലാം. എല്ലാവരും കൈള്‍കൊണ്ട് വാട്ട്‌സാപ്പിലും ഫെയിസ്ബുക്കിലുമെല്ലാം ചാറ്റ് ചെയ്യുമ്പോള്‍ അത്രയും സമയം പോലും എടുക്കാതെയാണ് കണ്‍മണി തന്റെ കാല്‍വിരലുകള്‍ കൊണ്ട് ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നതും മെസേജയയ്ക്കുന്നതും. ഒരു കൈകൊണ്ട് അവളെ തളര്‍ത്തിയ ദൈവം മറുകൈ കൊണ്ട് ഉയര്‍ത്തിയെന്നു പറയുന്നതാണ് സത്യം.

''ജീവിതം ഒന്നേയുളളൂ.., ഏത് രൂപത്തില്‍ ദൈവം സൃഷ്ടിച്ചാലും സന്തോഷത്തോടെ ജീവിക്കുക. എല്ലാവര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു കഴിവ് ദൈവം തന്നിട്ടുണ്ടാകും. നമ്മളിലുളള കഴിവിനെ സ്വയം തിരിച്ചറിഞ്ഞ് ജീവിതത്തില്‍ മുന്നേറുകയാണ് വേണ്ടത്.'' എന്നാണ് കണ്‍മണി പറയുന്നത്.

താമരക്കുളം വി.വി.എച്ച്.എസില്‍ പ്ലസ്‌വണ്ണിന് പഠിക്കുന്ന കണ്‍മണിക്ക് സി.എക്കാരി ആകണമെന്നാണ് സ്വപ്നം. അതോടൊപ്പം തന്നെ നല്ലൊരു സംഗീത അധ്യാപികയായി ദൈവം തനിക്ക് അനുഗ്രഹിച്ചു തന്ന സംഗീതം മറ്റുളളവര്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് കണ്‍മണിയുടെ ആഗ്രഹം.

അഞ്ജു രവി

Ads by Google
Tuesday 31 Oct 2017 04.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW