വില്ലന്‍ എന്ന പേരിടുമ്പോള്‍ നായകനെ വില്ലനാക്കാനും വില്ലനെ നായകനാക്കാനും സിനിമ പാടുപെടേണ്ടിവരും. നായകനും പ്രതിനായകനുമിടയിലെ ന്യായാന്യായങ്ങളിലാവണം സിനിമ പറയാനുളളത് പറയേണ്ടത്. ബി. ഉണ്ണികൃഷ്ണന്റെ ബിഗ് ബജറ്റ് സിനിമ വില്ലന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയുമതാണ്, ആരാണ് വില്ലന്‍ എന്നു നിര്‍വചിക്കുക. ആ പ്രതിസന്ധി തരണംകടക്കാന് ബി.ഉണ്ണികൃഷ്ണനും സംഘത്തിനും ആവുന്നില്ല എന്നാണ് സത്യം.
വൈകാരിക- ക്രൈംത്രില്ലറാണ് വില്ലന്‍. ഒരുയര്‍ന്ന പോലീസ് ഓഫീസറുടെ വ്യക്തിജീവിതവും അന്വേഷണ ജീവിതവും ഇടകലരുമ്പോഴുള്ള സങ്കീര്‍ണമായ പ്രമേയം. എന്നാല്‍ പിരിമുറുക്കമില്ലാത്ത, കൗതുകകങ്ങളെല്ലാം പാതിവഴിയേ പറഞ്ഞുതീര്ക്കുന്നതുകൊണ്ട് ത്രില്ലില്ലാത്ത വെറും വാക്യുദ്ധം മാത്രമാകുന്നുണ്ട് വില്ലന്‍. നായകനും വില്ലനും തമ്മിലുളള ഐഡിയോളജിക്കല്‍ ഏറ്റുമുട്ടലുകള്‍ക്കും വാചകകസര്ത്തുകള്ക്കും അപ്പുറം എന്‍ഗേജിങ് ആയ ഒരു ത്രില്ലറോ കൊടുക്കുന്ന പണത്തിനു മൂല്യം നല്കാനാവുന്ന ഒരു എന്റര്‍ടെയ്നറോ ആകാന്‍ വില്ലനു കഴിയുന്നില്ല. മോഹന്‍ലാലിന്റെ സൂക്ഷ്മമായ അഭിനയം മാത്രമാണ് സിനിമയില്‍ എടുത്തുപറയാനുളളത്. തമിഴ്നടന്‍ വിശാല്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ നായക-വില്ലന്‍ ദ്വന്ദ്വ നിര്വചനത്തില്പെട്ട് വിശാല്‍ ഒന്നുമല്ലാതാകുന്നുണ്ട്.
ഉണ്ണികൃഷ്ണന് മോഹന്‍ലാലിനെ നായകനാക്കിയൊരുക്കിയ മിസ്റ്ററി ത്രില്ലര്‍ ഗ്രാന്‍ഡ് മാസ്റ്ററിനെ ഓര്‍മിപ്പിക്കുന്നുണ്ട് വില്ലന്‍. ഒരു മയക്കുമരുന്നുറാക്കറ്റിനെതിരേയുളള അന്വേഷണത്തിനിടെ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട് ഔദ്യോഗിക ജീവിതം തന്നെ അവസാനിപ്പിക്കുന്ന എ.ഡി.ജി.പി. മാത്യൂ മാഞ്ഞൂരാനാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായകന്. തീര്‍ച്ചയായും മോഹന്‍ലാല്‍ വില്ലനല്ല. വയലന്‍സില്‍ വിശ്വസിക്കാത്ത, മുന്നാംമുറയില് താല്പര്യമില്ലാത്ത, നീതിനടപ്പാക്കലിനെ വ്യക്തിനിഷ്ഠമായി കാണാന്‍ ആഗ്രഹിക്കാത്ത നീതിമാനായ പോലീസ് ഓഫീസറാണ് അദ്ദേഹം. തീര്‍ച്ചയായും അങ്ങനെ ഒരാള്‍ സിനിമയില്‍ നായകനായല്ലേ പറ്റു. എന്നാല്‍ ഗ്രാന്‍ഡ് മാസ്റ്ററിലെപ്പോലെ ഒരു സീരിയല്‍ കില്ലര്‍ മാത്യൂ മാഞ്ഞൂരാന്റെ വിരമിക്കല്‍ ജീവിതത്തിന്റെ ട്രാക്ക് അട്ടിമറിക്കുന്നു.
'ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നതുപോലെ അസ്വഭാവികമായതൊന്നും ഈ ഭൂമിയില്‍ ഇല്ല' എന്നാണ് മാത്യൂ മാഞ്ഞൂരാന് പറയുന്നത്. ഇതടക്കം അനേകം വാചകങ്ങള്‍ അസ്വഭാവികമായ സംഭാഷണങ്ങള്‍ മാത്രം നിറച്ച സിനിമയില്‍ ഉണ്ണികൃഷ്ണന് ഉപയോഗിക്കുന്നുണ്ട്. അതെന്തായാലും എന്തുനീതിയുടെ പേരിലായാലും കൊലയ്ക്കുപിന്നില്‍ നീതികരണമില്ല എന്ന മാത്യൂമാഞ്ഞൂരാന്റെ തിയറി അയാളെ അസാധാരണമായ കൊലപാതകങ്ങളുടെ പിന്നിലെ കുറ്റവാളിയെ തേടാന്‍ പ്രേരിപ്പിക്കുന്നു.
ഒരുപോലീസ് ഉദ്യോഗസ്ഥന്, ഒരു ആശുപത്രി മുതലാളി, ഒരു ഡ്രഗ്സ് കണ്ട്രോളര് എന്നിവരെ ഒരു പഴയകെട്ടിടത്തിനുള്ളില്വച്ച് ഒരുസ്ത്രീയും പുരുഷനും ചേര്‍ന്നു മരുന്നുകുത്തിവച്ചുകൊല്ലുന്ന ദൃശ്യങ്ങളോടെയാണു സിനിമ തുടങ്ങുന്നത്. വി.ആര്.എസ്. എടുത്തുപിരിയാന് നിശ്ചയിച്ച ദിവസം സംഭവിച്ച ഈ കൊലപാതകപരമ്പരയില്‍ സാഹചര്യങ്ങളുടെ നിര്‍ബന്ധം മൂലം മാത്യൂ മാഞ്ഞൂരാന് കേസന്വേഷണം ഏറ്റെടുക്കുന്നു. എന്നാല്‍ സിനിമ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ ഘട്ടത്തിലേക്കു കടക്കുന്നില്ല. ആരാണ് പ്രതിയെന്ന് ഇടവേളയ്ക്കു മുമ്പുതന്നെ മനസിലാക്കിത്തരുന്നതോടെ ബാക്കിയുള്ള ത്രില്ലും ഇല്ലാതാകും.
മോഹന്‍ലാലിന്റെ വളരെ സൂക്ഷ്മമായ പ്രകടനമാണ് മാത്യൂ മാഞ്ഞൂരാനെ അനുഭവവേദ്യമാക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും സംഭാഷണരീതികളിലുംപതിവുലാല് അല്ല. വൈകാരികപ്രതിസന്ധിയില്പ്പെട്ട ഉന്നതപോലീസ് ഉദ്യോഗസ്ഥനെ ലാല്‍ അസാധാരണമായ കൈയടക്കത്തോടെ അവതരിപ്പിച്ചുണ്ട്. എതിരാളിയായ ശക്തിവേല്‍ പളനിസ്വാമി എന്ന തമിഴ്വംശജനായ ഡോക്ടറുടെ വേഷമാണ് വിശാലിന്റേത്. തമിഴ്പശ്ചാത്തലത്തിലുള്ള ഈ കഥാപാത്രത്തെ വിശാല്‍ അദ്ദേഹത്തിന്റെ സ്വഭാവിക ശൈലിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മഞ്ജുവാര്യര്‍, രാശി ഖന്ന, ഹാന്‍സിക എന്നിവരാണ് നായികമാര്‍. മറുനാടന്‍ യുവതികളായി തന്നെയാണ് രാശിയും ഹാന്‍സികയും എത്തുന്നത്. അതുകൊണ്ടുതന്നെ അവരുടെ പ്രകടനങ്ങളിലെ അസ്വഭാവികത കണ്ടില്ലെന്നു നടിക്കാം. മാത്യൂ മാഞ്ഞൂരാന്റെ ഭാര്യ നീലിമയായി എത്തുന്ന മഞ്ജുവാര്യര്‍ക്കും പരിമിതമായ റോളേ വില്ലന്‍ വാഗ്ദാനം ചെയ്യുന്നുള്ളു. സിദ്ധീഖ്, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, അജു വര്‍ഗീസ് എന്നിവരാണുമറ്റുവേഷങ്ങളില്.
സിനിമ റിലീസിനുമുമ്പ് അവകാശപ്പെട്ട സാങ്കേതികമേന്മയൊന്നും സ്ക്രീനില്‍ ദൃശ്യമായില്ല. മനോജ് പരമഹംസയും ഏകാംബരനും ചേര്‍ന്നാണ് കാമറ, തീര്‍ത്തും സാധാരണം. മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ പകര്‍ത്തുന്നതിലെ മികവൊഴിച്ചാല്‍ ദൃശ്യങ്ങളുടെ വാഴ്ചത്തലില് കഥയില്ലായ്മയാണ്.
മോഹലാലുമൊത്ത് ഇതു നാലാമത്തെ സിനിമയാണ് ബി. ഉണ്ണികൃഷ്ണന്റേത്. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മി.ഫ്രോഡ് എന്നിവയാണു മുന്‍ഗാമികള്‍. ഏറ്റവും ദുര്‍ബലമാണ് വില്ലന്‍. ബി. ഉണ്ണികൃഷ്ണന്റെ തന്നെ ഐ.ജിയും, ത്രില്ലറും ഏതാണ്ട് ഇതേഗണത്തില്വരുന്നതാണ്.
സിനിമയിലെ അച്ചടിഭാഷയിലെ സംഭാഷണവും ഏറെ കല്ലുകടിക്കുന്നതാണ്. ഫിലോസഫിക്കല്‍ കനം തൂങ്ങിയ, വലിച്ചുനീട്ടിയ, കഥാസന്ദര്‍ഭങ്ങളെ മുഴുവന്‍ പറഞ്ഞുതീര്‍ക്കുന്ന ഡയലോഗുകളാല്‍ മുഖരിതമായ ആഖ്യാനരീതി ഏറെ മുഷിപ്പുണ്ടാക്കുന്നതാണ്. ഒരു ത്രില്ലര്‍ എന്ന നിലയില്‍ കണ്ണിനും കാതിനും ഒരേസമയം ആയാസം സൃഷ്ടിക്കുന്നതാണ് ആഖ്യാനം. സുശീന്‍ ശ്യാമാണ് പശ്ചാത്തലസംഗീതം. ഒപ്പത്തിനുസംഗീതം നല്കിയ ഫോര്‍മ്യൂസിക്സ് പാട്ടുകളും. രണ്ടും ശരാശരി നിലവാരം കാത്തു.
evshibu1@gmail.com