Thursday, December 13, 2018 Last Updated 34 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 08.09 PM

ചേര്‍ത്തലയില്‍ നേഴ്‌സുമാരുടെ ആശുപത്രി വരുന്നു; യു.എന്‍.എയുടെ 200 കിടക്കകളുള്ള ആശുപത്രി ഒരു വര്‍ഷത്തിനകം

United Nurses Association

ആലപ്പുഴ: സംസ്ഥാനത്തെ നേഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ആശുപത്രി തുടങ്ങുന്നു. ചേര്‍ത്തലയിലാണ് നേഴ്‌സുമാരുടെ ആശുപത്രി വരുന്നത്. ചേര്‍ത്തലയില്‍ ഇതിനായി അഞ്ച് സെന്റ് സ്ഥലം കണ്ടെത്തും. ആശുപത്രി തുടങ്ങാനുള്ള പദ്ധതിക്ക് യു.എന്‍.എയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. സംസ്ഥാനത്തും രാജ്യത്തിന് പുറത്തുമായി യു.എന്‍.എയില്‍ 4.425 ലക്ഷം അംഗങ്ങളുണ്ട്. ഓരോരുത്തരില്‍ നിന്നും പതിനായിരം രൂപ വീതം പിരിവെടുത്ത് ആശുപത്രി പദ്ധതിക്കുള്ള 500 കോടി രൂപ കണ്ടെത്തും.

150 കോടി രൂപ സ്ഥലം വാങ്ങുന്നതിനും കെട്ടിട നിര്‍മ്മാണത്തിനുമായി വിനിയോഗിക്കും. നൂറ് കോടി രൂപ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനും നൂറ് കോടി രൂപ ആദ്യത്തെ അഞ്ച് വര്‍ഷത്തെ ശമ്പളം നല്‍കുന്നതിനും വിനിയോഗിക്കും. ബാക്കി 150 കോടി കോര്‍പ്പറേറ്റ് ഫണ്ട് ആയും പ്രവര്‍ത്തന ചെലവിനായും മാറ്റി വയ്ക്കും. ഒരു ആശുപത്രി അടച്ചു പൂട്ടിയതിനാല്‍ നിരവധി നേഴ്‌സുമാര്‍ക്ക് ജോലി നഷ്ടപ്പെട്ട സ്ഥലമാണ് ചേര്‍ത്തല. അതിനാലാണ് അവിടെ തന്നെ ആശുപത്രി തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു.

നേഴ്‌സുമാര്‍ തുടങ്ങുന്ന ആശുപത്രി വഴി ജനറിക് മരുന്നുകള്‍ മാത്രമേ വിതരണം ചെയ്യൂ. നോര്‍മല്‍ പ്രസവം മാത്രമേ ആശുപത്രി പ്രോത്സാഹിപ്പിക്കൂ. അടിയന്തര ഘട്ടത്തില്‍ മാത്രമേ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കൂ. നേഴ്‌സുമാര്‍ക്ക് സ്ഥിരം നിയമനം നല്‍കും. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കില്ല നിയമനം. ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ മേഖലയ്ക്ക് തുല്യമായ വേതനം നല്‍കും. സാധാരണക്കാരനും താങ്ങാനാകുന്ന ചികിത്സ ലഭ്യമാക്കാനാണ് ആശുപത്രി ലക്ഷ്യമിടുന്നതെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു.

ആശുപത്രിയുടെ പ്രവര്‍ത്തനം പഠിക്കുന്നതിന് ബംഗളുരുവിലെ സത്യസായി ബാബ ട്രസ്റ്റ് ആശുപത്രിയിലേക്ക് യു.എന്‍.എ സംഘത്തെ അയക്കാന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് വിരമിക്കുന്ന ചില ഡോക്ടര്‍മാരും ആശുപത്രിയുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് യു.എന്‍.എ ഭാരവാഹികള്‍ അറിയിച്ചു. 200 കിടക്കകളുള്ള ആശുപത്രിയാണ് നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് യു.എന്‍.എ ലക്ഷ്യമിടുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW