Monday, May 21, 2018 Last Updated 30 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 03.17 PM

ആദ്യ ഗൈനക്ക് സന്ദര്‍ശനം അമ്മ അറിയാന്‍

സംശയങ്ങളുടെയും ആശങ്കകളുടെയും വേലിയേറ്റം തന്നെയായിരിക്കും കൗമാരത്തില്‍. ഇക്കണ്ട സംശയങ്ങളൊക്കെ ആരോട് ചോദിക്കണം, ആരോട് പറയണം എന്നതിലാവും വലിയ കണ്‍ഫ്യൂഷന്‍
uploads/news/2017/10/160539/geyncoligistconst1.jpg

കൗമാരത്തിലുണ്ടാകുന്നത്രയും സംശയങ്ങളും ആശങ്കകളുമൊന്നും പിന്നെയൊരു പ്രായത്തിലുമുണ്ടാകില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. ശാരീരികമായും മാനസികമായും അത്രയേറെ മാറ്റങ്ങളുണ്ടാകുന്ന കാലഘട്ടമാണ് കൗമാരം.

കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ തുടങ്ങി പലപ്പോഴും സംശയങ്ങളുടെയും ആശങ്കകളുടെയും വേലിയേറ്റം തന്നെയായിരിക്കും കൗമാരത്തില്‍. ഇക്കണ്ട സംശയങ്ങളൊക്കെ ആരോട് ചോദിക്കണം, ആരോട് പറയണം എന്നതിലാവും വലിയ കണ്‍ഫ്യൂഷന്‍.

കുറച്ചൊക്കെ കൂട്ടുകാരുമായും അടുത്ത ബന്ധുക്കളുമായും പങ്കുവെക്കും. ചിലതൊക്കെ അമ്മയോടും പറയും. എന്നാലും ആശങ്കകളും ഉത്കണ്ഠകളും അപ്പോഴും ബാക്കിയാവും.

ചില സംശയങ്ങള്‍ക്കു നേരെ ഇതൊന്നും ചോദിക്കാന്‍ പാടില്ലെന്ന മട്ടില്‍ കണ്ണുരുട്ടുന്നവരുമുണ്ടാകും. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ഉത്തരം കിട്ടാത്ത സംശയങ്ങളും ഉത്കണ്ഠകളും അങ്ങനെ പെറ്റുപെരുകിക്കൊണ്ടേയിരിക്കും.

അമ്മയ്ക്കും തിരക്കാവുമ്പോള്‍


കൗമാരത്തില്‍ സ്വന്തം ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വാഭാവികം ആണെന്ന് മകള്‍ക്കു പറഞ്ഞു കൊടുക്കേണ്ടത് ഓരോ അമ്മയുടെയും ഉത്തരവാദിത്വം ആണ്. മുന്‍പൊക്കെ കൂട്ടുകുടുംബങ്ങളില്‍ അമ്മമ്മയും, വല്യമ്മയും, ചേച്ചിമാരും ഒക്കെയായി നിറയെ പെണ്ണുങ്ങളുണ്ടായിരുന്നു.

കഥ പറയാനും കാര്യം പറയാനും ഇഷ്ടം പോലെ ആള്‍ക്കാരും സമയവുമുള്ളപ്പോള്‍ കുട്ടികള്‍ക്ക് ടെന്‍ഷനും കുറവായിരുന്നു. എന്നാല്‍ കാലം മാറിയതോടെ കൂട്ടുകുടുംബങ്ങള്‍ക്കുപകരം അണുകുടുംബങ്ങളായി.

ജോലിത്തിരക്കിനിടയില്‍ മകള്‍ക്കു വേണ്ടത്ര ശ്രദ്ധ നല്‍കുവാന്‍ പല അമ്മമാര്‍ക്കും കഴിയുന്നില്ലെന്നതാണ് വാസ്തവം. കൗമാരക്കാലത്തെ സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരം ലഭിക്കാത്തതിനാല്‍ പല പെണ്‍കുട്ടികളും മാനസിക പിരിമുറുക്കത്തിലുമാകും.

ചിലര്‍ സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉള്ള ഉത്തരം തേടാനായി ഗൂഗിളിനെ ആശ്രയിക്കും. പലപ്പോഴും തെറ്റായ അറിവായിരിക്കും ലഭിക്കുക. ഇത് പില്‍ക്കാലത്തു വലിയ പ്രശ്‌നങ്ങളില്‍ അവരെ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിലാണ് ഒരു ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകതയേറുന്നത്.

കൗമാരം മുതല്‍ കണ്ടുതുടങ്ങണം


പെണ്‍കുട്ടികളുടെ ശാരീരിക വളര്‍ച്ച ആരംഭിക്കുന്ന കാലമാണ് കൗമാരം. അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് ശരിയായ വൈദ്യ പരിചരണം നല്‍കേണ്ടതുണ്ട്. പതിമൂന്നിനും പതിനഞ്ചിനും പ്രായത്തിനിടയില്‍ പെണ്‍കുട്ടികള്‍ക്ക് ആദ്യ ഗൈനക്കോളജിസ്റ്റ് സന്ദര്‍ശനം നിര്‍ബന്ധമായും നല്‍കിയിരിക്കണം.

ആര്‍ത്തവത്തെക്കുറിച്ചും ശാരിരിക വളര്‍ച്ചയെക്കുറിച്ചും മറ്റുമുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിന് ഇത് സഹായകരമാകും. മുന്‍കാലങ്ങളിലെ സ്ത്രീകളൊക്കെ ആര്‍ത്തവം തുടങ്ങിയതുമുതല്‍ ഗൈനക്കോളജിസ്റ്റിനെ കണ്ടില്ലല്ലോ എന്ന് പറഞ്ഞ് മകളുടെ കാര്യത്തില്‍ ഉദാസീനത കാണിക്കരുത്.

ജീവിതസാഹചര്യങ്ങളും ഭക്ഷണശീലങ്ങളും മാറിയതിനാല്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ കൂടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ കൗമാരത്തിലെ ആര്‍ത്തവതകരാറുകളും മാനസികപ്രശ്‌നങ്ങളും കണ്ടില്ലെന്നു നടിക്കരുത്.

ലജ്ജിക്കേണ്ട ഡോക്ടറെ കാണാന്‍


ഇരുപത് വയസായ പെണ്‍കുട്ടികള്‍ക്കുപോലും ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകാന്‍ താല്‍പര്യമുണ്ടാവില്ല. വിവാഹത്തിനു മുന്‍പ് ഗൈനക്കോളജിസ്റ്റിനെ കാണുന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്.

ഗൈനക്കോളജിസ്റ്റിനെ കാണാനെത്തുന്നവരില്‍ ഭൂരിഭാഗവും ഗര്‍ഭിണികളാണ് എന്നതിനാല്‍, ആളുകള്‍ സംശയത്തോടെ നോക്കുമെന്നു പറഞ്ഞ് കല്യാണത്തിനു മുന്‍പ് പോകാന്‍ പലരും മടികാണിക്കുന്നത്. എന്നാല്‍ അതില്‍ കാര്യമില്ലെന്ന് മകളെ പറഞ്ഞ് മനസിലാക്കേണ്ടത് രക്ഷിതാക്കളാണ്.

മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ മാത്രം ഡോക്ടറുടെ അടുത്ത് പോകുന്നതാണ് നമ്മുടെ ശീലം. അതുകൊണ്ടുതന്നെ അസുഖമോ, മറ്റ് ശാരീരിക ഒരു ബുദ്ധിമുട്ടുകളോ ഇല്ലാത്തപ്പോള്‍ എന്തിനാണ് ഡോക്ടറെ കാണുന്നത് എന്ന് അവള്‍ ചോദിക്കുക സ്വാഭാവികമാണ്.

സന്ദര്‍ശനത്തിന്റെ ഗൗരവം കുട്ടിയെ പറഞ്ഞ് മനസിലാക്കുകയും ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകും മുന്‍പ് ആശങ്കപ്പെടുത്താതെ, ലളിതമായി കുട്ടിയോട് കാര്യങ്ങള്‍ വിശദീകരിക്കുകയും വേണം.

Ads by Google
Loading...
TRENDING NOW