Tuesday, July 16, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 03.07 PM

ഞാന്‍ താരപുത്രനല്ല; കഥാപാത്രങ്ങളിലേയ്ക്ക് പരകായപ്രവേശം നടത്തിയ നടന്റെ മകന്‍

ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത വ്യക്തിയായിരുന്നു അച്ഛന്‍ ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി പറയുന്നു...
uploads/news/2017/10/160537/Weeklymuraligopi.jpg

താരപുത്രന്മാര്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുന്നത് സര്‍വ്വസാധാരണമാണ്. അങ്ങനെ വന്നവരില്‍ ചിലര്‍ വിജയിക്കുകയും മറ്റുചിലര്‍ ഒന്നോ രണ്ടോ സിനിമകളില്‍ മുഖം കാണിച്ച് അപ്രത്യക്ഷരാവുകയും ചെയ്തിട്ടുണ്ട്.

അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരസന്തതികളില്‍നിന്ന് വ്യത്യസ്തനാണ് ഭരത് ഗോപിയുടെ പുത്രന്‍ മുരളി ഗോപി.

നടന്‍ എന്നതിനപ്പുറം തിരക്കഥാകൃത്ത്, പിന്നണിഗായകന്‍ എന്നീ മേഖലകളിലും സജീവസാന്നിധ്യമാണ് ഈ പ്രതിഭാധനന്‍. സിനിമയുടെ വിവിധ മേഖലകളില്‍ തന്‍േറതായ കൈയൊപ്പ് ചാര്‍ത്തിയ മുരളി തന്റെ സിനിമാവിശേഷങ്ങളും കാഴ്ചപ്പാടുകളും തുറന്നുപറയുന്നു.

അച്ഛനുവേണ്ടി എഴുതിത്തുടങ്ങി


താരപരിവേഷം കൊതിക്കാത്ത വ്യക്തിയായിരുന്നു എന്റെ അച്ഛന്‍. സ്‌ക്രീനില്‍ നന്നായി അഭിനയിക്കുമെങ്കിലും ജീവിതത്തില്‍ നടിക്കാനറിയാത്ത ഒരാളായിരുന്നു അദ്ദേഹം. എന്നെ ഒരിക്കലും സിനിമയുടെ ലൈംലൈറ്റില്‍ നിര്‍ത്തി വളര്‍ത്തിയിട്ടില്ല.

നടന്‍ എന്നത് മറ്റൊരു ജോലിയാണെന്നും ആ ജോലിയില്‍ മാക്‌സിമം ശ്രദ്ധിക്കണമെന്നും സിനിമയെന്നത് ഒരു ഡിവൈന്‍ ആര്‍ട്ടാണെന്നും ജീവിതം കൊണ്ടു പഠിപ്പിച്ചുതരാനാണ് അച്ഛന്‍ ശ്രദ്ധിച്ചത്.

ഞാന്‍ ഒന്‍പതാം ക്‌ളാസില്‍ പഠിക്കുന്ന സമയത്താണ് അച്ഛന് സ്‌ട്രോക്ക് വന്ന് ഒരുവശം മുഴുവന്‍ തളര്‍ന്നുപോയത്. ആ അവസ്ഥ ഞങ്ങളെ ഒരുപാട് വിഷമിപ്പിച്ചു. അച്ഛന്‍ ഒരിക്കലും ഞങ്ങളെ ഉപദേശിച്ചിട്ടില്ല.

കാരണം, ഒരാളുടെ ജീവിതസാഹചര്യമല്ല മറ്റൊരാളുടേത്. ഇന്നത്തെ മാതാപിതാക്കള്‍ ചെയ്യുന്ന വലിയൊരബദ്ധമാണ് മക്കളെ തങ്ങളുടെ ശൈലിയില്‍ കൊണ്ടുവരാന്‍ വേണ്ടി 'അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ്' എന്നൊക്കെ പറഞ്ഞുകൊടുക്കുന്നത്.

എപ്പോഴും ഷൂട്ടിംഗ് തിരക്കുകളിലായിരുന്ന അച്ഛന്‍ വീട്ടിലേക്കു വന്നിരുന്നത് മിക്കപ്പോഴും മൂന്നും നാലും മാസങ്ങള്‍ കൂടുമ്പോഴാണ്. അപ്പോഴാണ് കണ്‍നിറയെ അച്ഛനെ കാണുന്നത്.

ഭരത് ഗോപി എന്ന പ്രശസ്തിയുടെ വെളിച്ചവും ഒരു വീഴ്ചയ്ക്കു ശേഷമുള്ള ഇരുട്ടും ആ ജീവിതത്തില്‍ ഞാന്‍ അടുത്തുകണ്ടതാണ്. അച്ഛനു വയ്യാതായതോടെ സിനിമകളുടെ തിരക്കുകളൊഴിഞ്ഞു.

പിന്നീട് അമ്മയ്ക്കും ഞങ്ങള്‍ രണ്ടു മക്കള്‍ക്കുമൊപ്പം എപ്പോഴും ഉണ്ടായിരുന്നു. ആക്ഷനും കട്ടുമില്ലാതെ വീട്ടിലെ ഒരു റൂമില്‍ കിടക്കുന്ന അച്ഛനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് എനിക്കു തോന്നി.

സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി അന്നെനിക്കില്ലായിരുന്നു. എങ്കിലും എന്റെ വകയായി എന്തെങ്കിലുമൊന്ന് അച്ഛനുവേണ്ടി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

അച്ഛന് വായനാശീലമുള്ളതുകൊണ്ട് ആ നല്ലസ്വഭാവത്തിന്റെ ചെറിയൊരു പങ്ക് എനിക്കും പകര്‍ന്നുകിട്ടി. ആ സമയത്ത് എന്റെ മനസില്‍ ഒരു കഥ വന്നു. അത് പേപ്പറിലേക്കു പകര്‍ത്തി അദ്ദേഹത്തെ വായിച്ച് കേള്‍പ്പിച്ചു.

അച്ഛന് ആ കഥ ഒരുപാട് ഇഷ്ടപ്പെട്ടു. വീണ്ടും എഴുതാനുള്ള പ്രോത്സാഹനം നല്‍കുകയും ചെയ്തു. അച്ഛനെ സന്തോഷിപ്പിക്കാന്‍ തുടങ്ങിയ ആ എഴുത്ത് ഇന്നെന്നെ ഒരു തിരക്കഥാകൃത്താക്കി മാറ്റിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പത്രപ്രവര്‍ത്തകന്റെ റോളില്‍


മാധ്യമപ്രവര്‍ത്തനം ജീവിതത്തിന്റെ ഒരു ഭാഗമാകുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. സമപ്രായക്കാരായ ബന്ധുക്കള്‍ ഡിഗ്രിക്ക് കൊമേഴ്‌സ് എടുത്തപ്പോള്‍ ചരിത്രം ഇഷ്ടപ്പെട്ടിരുന്ന ഞാനും അവരോടൊപ്പം ചേര്‍ന്ന് കൊമേഴ്‌സെടുത്തു.

ബിരുദം കഴിഞ്ഞശേഷം വളരെ യാദൃച്ഛികമായാണ് ജേര്‍ണലിസത്തിന്റെ എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്. അതു പാസായി ജേര്‍ണലിസം പഠിച്ചു. കോഴ്‌സ് കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ സബ് എഡിറ്ററായി ജോലിയും ലഭിച്ചു.

നാലു വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരിടത്തേക്കു പോയി. അതുകഴിഞ്ഞ് യു.എ.ഇയില്‍ സ്‌പോര്‍ട്‌സ് മാഗസിന്റെ ചീഫ് സബ് എഡിറ്ററായിരുന്നു. സ്‌പോര്‍ട്‌സിനോട് ചെറുപ്പം മുതല്‍ താല്‍പര്യമുണ്ടായിരുന്ന കൂട്ടത്തിലാണ്.

സച്ചിന്‍ തെന്‍ഡുല്‍ക്കറെപ്പോലെയുള്ള പ്രമുഖരെ നേരിട്ട് ഇന്റര്‍വ്യൂ ചെയ്യാന്‍ സാധിച്ചു. അതൊക്കെ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു. അന്നത്തെ പത്രപ്രവര്‍ത്തനം ഇന്നത്തേതില്‍നിന്ന് വിഭിന്നമാണ്. പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ന്യൂസ് ചാനലുകളുടെയും മറ്റും എണ്ണം ഇന്ന് വര്‍ധിച്ചുവരികയാണ്.

Ads by Google
Loading...
TRENDING NOW