Monday, October 30, 2017 Last Updated 25 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 02.03 PM

ഗര്‍ഭനിരോധന ഗുളികയുടെ ഉപയോഗം

ഗൈനക്കോളജി
uploads/news/2017/10/160527/askdrgalacolgy301017.jpg

ഐവിഎഫ് ഗര്‍ഭധാരണം


എനിക്ക് 25 വയസ്. ഭര്‍ത്താവിന് 27. വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമായി. ഇതുവരെ കുട്ടികളില്ല. പല ചികിത്സകളും നടത്തി നോക്കി. ഗര്‍ഭധാരണം സാധ്യമായില്ല. ഐവിഎഫ് ചികിത്സാരീതിയിലൂടെ ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ കഴിയുമോ? എന്താണ് ഐവിഎഫ്. കേരളത്തില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഉണ്ടോ. ഗൈനക്കോളജിസ്റ്റിനെത്തന്നെ കണ്ടാല്‍ മതിയോ?
---- റിയ സൈമണ്‍, മുംബൈ

ഭാര്യയുടെ അണ്ഡവും ഭര്‍ത്താവിന്റെ ബീജവും ഗര്‍ഭപാത്രത്തിനുപുറത്തുവച്ച് യോജിപ്പിച്ച് ഭ്രൂണമായശേഷം ഗര്‍ഭപാത്രത്തില്‍ വയ്ക്കുന്ന ചികിത്സാരീതിയാണിത്.

അണ്ഡോല്പാദനം നടക്കുകയും അണ്ഡത്തിന് ഗര്‍ഭപാത്രത്തില്‍ എത്തിച്ചേരാന്‍ കഴിയാതിരിക്കുകയോ അല്ലെങ്കില്‍ ബീജത്തിന് ഗര്‍ഭാശയത്തില്‍ എത്തിച്ചേരാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണ് ഈ രീതി അനുയോജ്യം.

ബീജത്തിന്റെ പ്രശ്‌നങ്ങള്‍, വര്‍ഷങ്ങളായി ചികിത്സകള്‍ ചെയ്തിട്ടും ഗര്‍ഭധാരണം നടക്കാത്തവര്‍ തുടങ്ങിയവര്‍ക്കും ഈ ചികിത്സാരീതിയെ ആശ്രയിക്കാവുന്നതാണ്. അണ്ഡോല്പാദനം ശരിയായി നടക്കാത്ത സ്്ത്രീകളില്‍ അത് ക്രമമായി നടക്കാനുള്ള മരുന്നുകള്‍ നല്‍കിയ ശേഷം മാത്രമേ അണ്ഡം ശേഖരിക്കുകയുള്ളൂ.

ഇതെല്ലാം അടിസ്ഥാനമാക്കിയാണ് ഐവിഎഫ് ചികിത്സയുടെ ചെലവ് കണക്കാക്കുക. കേരളത്തിലെ എല്ലാ പ്രമുഖ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളിലും ഐവിഎഫ്‌നുള്ള സൗകര്യം ഉണ്ട്. ഒരു ഗൈനക്കോളജിസ്റ്റിനെകണ്ട് ഐവിഎഫ് ആണോ നിങ്ങള്‍ക്കുള്ള അവസാന മാര്‍ഗമെന്ന് മനസിലാക്കുക.

അവരുടെ നിര്‍ദേശപ്രകാരം തുടര്‍ചികിത്സകള്‍ ആരംഭിക്കുക. എല്ലാ ഗൈനക്കോളജിസ്റ്റുമാരുടെ അടുത്തും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല. താരതമ്യേന ചെലവേറിയ ചികിത്സാരീതിയാണിത്.

ഗര്‍ഭനിരോധന ഗുളികയുടെ ഉപയോഗം


മുപ്പത്തിയൊന്ന് വയസുള്ള വീട്ടമ്മയാണ്. രണ്ട് കുട്ടികള്‍ ഉണ്ട്. ഇനി കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലാണ്. എന്നാല്‍ ഇതുവരെ പ്രസവം നിര്‍ത്തിയിട്ടില്ല. സുരക്ഷിതമല്ലാത്ത ഏതെങ്കിലും സാഹചര്യത്തില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നാല്‍ ഗര്‍ഭധാരണം പ്രതിരോധിക്കാനുള്ള ഗുളികകള്‍ ഉണ്ടോ. ലൈംഗികബന്ധത്തിനുശേഷം എത്ര മണിക്കൂറിനകം ഇത് കഴിക്കണം. ഇത് ഉപയോഗിക്കുന്നതിനുമുമ്പ് ഡോക്ടറെ കാണണമോ. ഇത്തരം മരുന്നുകള്‍ ഏതെങ്കിലും രീതിയില്‍ ശരീരത്തെ ബാധിക്കുമോ?
------ ജി.എന്‍ , ചെങ്ങന്നൂര്‍

സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ശാരീരികബന്ധത്തി ല്‍ ഏര്‍പ്പെടേണ്ടി വന്നാല്‍ ഗര്‍ഭധാരണം പ്രതിരോധിക്കാനുള്ള ഗുളികകള്‍ ഉണ്ട്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് 72 മണിക്കൂറിനകം ഈ ടാബ്‌ലറ്റുകള്‍ കഴിക്കണം.

എമര്‍ജന്‍സി കോണ്‍ട്രാസക്ടര്‍ എന്നാണിതിനു പറയുന്നത്. 72 മണിക്കൂറിനകം ഇത് കഴിച്ചാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത ഒരുപരിധിവരെ ഒഴിവാക്കി നിര്‍ത്താം.

12 മണിക്കൂര്‍ ഇടവിട്ട് രണ്ട് ഗുളികകളാണ് കഴിക്കേണ്ടത്. ഒരെണ്ണം കഴിച്ചാല്‍ ഗര്‍ഭധാരണം പ്രതിരോധിക്കാവുന്ന തരം ഗുളികകളും ഇന്നുണ്ട്. ഇവയെല്ലാം പൂര്‍ണഫലം ചെയ്യുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇവ ശരീരത്തെ ബാധിക്കുമോയെന്ന് വ്യക്തമായി പറയാനാവില്ല.

കാരണം എമര്‍ജന്‍സി കോണ്‍ട്രാസക്ടര്‍ ഗുളികകള്‍ ആരോഗ്യത്തെ ബാധിക്കുമോ എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇത്തരം ഗുളികകള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

യോനീമാര്‍ഗമുള്ള ശസ്ത്രക്രിയ


44 വയസ്. എനിക്ക് അമിതമായ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ഡോക്ടറെ കാണിച്ചത്. പരിശോധയുടെ അടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരുമെന്ന് ഡോക്ടര്‍ പറഞ്ഞു. യോനീനാളം വഴി ഗര്‍ഭപാത്രം നീക്കം ചെയ്യാമെന്നും ഇത് വളരെ സുരക്ഷിതമായ രീതിയാണെന്നുമാണ് പറഞ്ഞത്. വയറുതുറന്നുള്ള ശസ്ത്രക്രിയയേക്കാള്‍ സുരക്ഷിതമായ രീതിയാണോ ഇത്. ഇത്തരം ശസ്ത്രക്രിയയില്‍ വിശ്രമം വയറുതുറന്നുള്ള ശസ്ത്രക്രിയയേക്കാള്‍ കുറവു മതിയോ? ഈ ശസ്ത്രക്രിയക്കു എന്തെങ്കിലും അപകടസാധ്യത ഉണ്ടോ?
------ സ്മിത, നെയ്യാറ്റിന്‍കര

യോനീനാളം വഴി ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് വളരെക്കാലം മുമ്പുതന്നെയുള്ള ഒരു ചികിത്സാരീതിയാണ്. ഗൈനക്കോളജിസ്റ്റിന്റെ പരിചയ സമ്പന്നത വളരെ പ്രധാനമാണ് ഈ ശസ്ത്രക്രിയയില്‍. മുഴയുള്ള ഗര്‍ഭപാത്രം, വലിപ്പ കൂടുതലുള്ള ഗര്‍ഭപാത്രം, സിസേറിയന്‍ കഴിഞ്ഞ ഗര്‍ഭപാത്രം, ഇവ യോനീനാളം വഴി നീക്കം ചെയ്യാന്‍ പരിചയസമ്പത്തുള്ള ഒരു ഡോക്ടര്‍ക്കു മാത്രമേ കഴിയൂ. സാധാരണ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഗര്‍ഭപാത്രം യോനീനാളം വഴി എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതാണ്.

വയറുതുറന്നുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് മുറിവോ, തുന്നലുകളോ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ കഴിഞ്ഞശേഷം വേദന കുറവായിരിക്കും. യോനീനാളം വഴി ഗര്‍ഭപാത്രം നീക്കം ചെയ്യുന്നവര്‍ക്കും വിശ്രമം ആവശ്യമാണ്. വയറിനകത്ത് മുറിവും കുത്തിക്കെട്ടുകളും ഉണങ്ങുന്നതിനുവേണ്ടിയാണിത്.

എന്നാല്‍ വയറുതുറന്നുള്ള ശസ്ത്രക്രിയയോളം വിശ്രമം വേണ്ടിവരില്ല. യോനീമാര്‍ഗമുള്ള ശസ്ത്രക്രിയ ചെയ്തവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹെര്‍ണിയ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും.

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം


ഞാന്‍ നാല് മാസം ഗര്‍ഭിണിയാണ്. വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി. വിവാഹത്തിന് രണ്ടുമാസം മുമ്പ് എനിക്ക് ജര്‍മന്‍ മീസല്‍സ് എന്ന രോഗം വന്നിരുന്നു. ഇതുമൂലം ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും തകാരാര്‍ സംഭവിക്കുമോ? കുഞ്ഞിന് എന്തെങ്കിലും അംഗവൈകല്യം വരാന്‍ സാധ്യതയുണ്ടോ. ഇതെല്ലാം ഓര്‍ത്ത് ഞാന്‍ ടെന്‍ഷനിലാണ്. എത്രയും വേഗം ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു.
-------അമ്പിളി മനോജ്, പാലക്കാട്

ഗര്‍ഭാരംഭത്തില്‍ അമ്മയ്ക്ക് ജര്‍മ്മന്‍ മീസല്‍സ് ഉണ്ടെങ്കില്‍ മാത്രമേ അത് കുഞ്ഞിനെ ബാധിക്കുകയുള്ളു. നിങ്ങള്‍ക്ക് വിവാഹത്തിന് മുമ്പാണ് ഇത് വന്നിരിക്കുന്നത്. ആന്റിബോഡി പരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം. നിങ്ങള്‍ക്ക് ഇപ്പോള്‍ അണുബാധ ഉണ്ടോ എന്ന് ഐ.ജി.എം എന്ന ആന്റിബോഡി പരിശോധനയിലൂടെ അറിയാന്‍ കഴിയും.

നിങ്ങളുടെ കാര്യത്തില്‍ വിവാഹത്തിനു മുമ്പാണ് ജര്‍മ്മന്‍ മീസല്‍സ് വന്നത്. അതുകൊണ്ട് ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ജര്‍മ്മന്‍ മീസല്‍സിന് പ്രതിരോധിക്കാനുള്ള വാക്‌സിന്‍ എടുത്താല്‍ മൂന്ന് മാസത്തിനുശേഷമേ ഗര്‍ഭിണിയാകാവു.

ആ സമയപരിധി നിങ്ങള്‍ക്ക് കിട്ടിയോ എന്ന് അറിയില്ല. ആന്റിബോഡി പരിശോധന, അള്‍ട്രാസൗണ്ട് പരിശോധന എന്നിവയിലൂടെ ഇത് പൂര്‍ണമായും മനസിലാക്കാന്‍ കഴിയും. മൂന്നു മാസത്തിനു മുമ്പുള്ള ഗര്‍ഭധാരണം കുഞ്ഞിനെ പലരീതിയിലും, ബാധിക്കാം. ഈ സമയത്ത് കാര്യങ്ങള്‍ അമ്മയെ പറഞ്ഞ് മനസിലാക്കി, അബോര്‍ഷന്‍ നടത്താറുണ്ട്. അല്ലാതെ സ്വയം അബോര്‍ഷനാകാനുള്ള സാധ്യതയില്ല.

ഡോ. ഷെറിന്‍ വര്‍ഗീസ്്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ഭാരത് ഹോസ്പിറ്റല്‍ , കോട്ടയം

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW