Thursday, December 13, 2018 Last Updated 37 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.58 AM

ഗ്രൂപ്പുകള്‍ക്കു മുന്നില്‍ ഹൈക്കമാന്‍ഡ്‌ മുട്ടുമടക്കി : കെ.പി.സി.സി. ജനറല്‍ ബോഡി ഇന്ന്‌ , 35 വയസില്‍ താഴെയുള്ളവര്‍ അഞ്ചു പേര്‍ മാത്രം

uploads/news/2017/10/160433/k4.jpg

തിരുവനന്തപുരം/ കോട്ടയം: കെ.പി.സി.സി. പട്ടിക തയാറാക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ്‌ ഒടുവില്‍ കേരളത്തിലെ ഗ്രൂപ്പുകള്‍ക്കു മുന്നില്‍ മുട്ടുമടക്കി. യുവാക്കള്‍ക്കും സ്‌ത്രീകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നാരോപിച്ചു പല തവണ ഹൈക്കമാന്‍ഡ്‌ പട്ടിക തിരിച്ചയച്ചിരുന്നു.
സംസ്‌ഥാനത്തുനിന്നു നല്‍കിയ രണ്ടാമത്തെ പട്ടികയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാണു ഹൈക്കമാന്‍ഡ്‌ അംഗീകരിച്ചിരിക്കുന്നത്‌. പട്ടിക അംഗീകരിച്ചതിനെത്തുടര്‍ന്ന്‌ ഇന്നു രാവിലെ 10.30-നു കെ.പി.സി.സി. ജനറല്‍ ബോഡി യോഗം ചേരും. യോഗത്തില്‍ പട്ടികയിലുള്ള 304 അംഗങ്ങളില്‍ ഭൂരിപക്ഷം പേരും പങ്കെടുക്കുമെന്നു കെ.പി.സി.സി. വൃത്തങ്ങള്‍ അറിയിച്ചു.
ജനറല്‍ ബോഡിയില്‍ രണ്ടു പ്രമേയങ്ങള്‍ പാസാക്കും. തങ്ങള്‍ക്ക്‌ അനുയോജ്യനായ കെ.പി.സി.സി. പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന്‌ ആവശ്യപ്പെട്ടു കോണ്‍ഗ്രസ്‌ പ്രസിഡന്റിനെ അധികാരപ്പെടുത്തുന്ന പ്രമേയമാണ്‌ ഒന്ന്‌. മറ്റൊന്നു കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അധ്യക്ഷനായി രാഹുല്‍ ഗാന്ധി വരണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്‌. ജനറല്‍ ബോഡിയില്‍ അതതു ഡി.സി.സി. പ്രസിഡന്റുമാര്‍ക്കു ബന്ധപ്പെട്ട ജില്ലകളിലെ കെ.പി.സി.സി. അംഗങ്ങളുടെ പട്ടിക കൈമാറും. എ.ഐ.സി.സി. അംഗീകരിച്ച പട്ടിക സംസ്‌ഥാന നേതൃത്വത്തിന്‌ അയച്ചുകൊടുത്തിട്ടുണ്ട്‌.തര്‍ക്കങ്ങളും കുളംകലക്കലുമൊക്കെ നടന്നെങ്കിലും ഒടുവില്‍ ഗ്രൂപ്പുകള്‍ നിര്‍ദ്ദേശിച്ചിടത്തുതന്നെയാണ്‌ കാര്യങ്ങളെത്തിനില്‍ക്കുന്നത്‌. എന്നാല്‍, ഇക്കുറി പെട്ടിതാങ്ങികള്‍ക്കു പകരം മികച്ച പ്രവര്‍ത്തകരെയാണ്‌ പരിഗണിച്ചതെന്ന്‌ ഗ്രൂപ്പ്‌ നേതാക്കള്‍ പറയുന്നു. രണ്ടാമതു പുതുക്കിനല്‍കിയ പട്ടികയില്‍ രണ്ടു മാറ്റങ്ങള്‍ മാത്രമാണുണ്ടായിട്ടുള്ളത്‌. പന്തളത്ത്‌ അനിതയ്‌ക്കു പകരം സരോജിനി ബാലനും ചവറയില്‍ ബിന്ദു ജയനു പകരം കെ. സുരേഷ്‌ ബാബുവും ഇടംപിടിച്ചു. 304 പേരടങ്ങിയ പട്ടികയില്‍ 146 പേര്‍ ഐ ഗ്രൂപ്പില്‍നിന്നും 136 പേര്‍ എ ഗ്രൂപ്പില്‍നിന്നുമാണ്‌. എ.കെ. ആന്റണിയുള്‍പ്പെടെ 22 പേര്‍ നിഷ്‌പക്ഷരായാണ്‌ പട്ടികയില്‍ ഇടംകണ്ടെത്തിയത്‌.
ഇടുക്കി ജില്ലയില്‍ വനിതാ പ്രാതിനിധ്യത്തിനുവേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട പേര്‌ ലാലി വിന്‍സെന്റിന്റേതാണ്‌. എറണാകുളം സ്വദേശിയായ ലാലി വിന്‍സെന്റ്‌ ഐ ഗ്രൂപ്പിന്റെ പേരിലാണ്‌ ഇടുക്കിയില്‍നിന്ന്‌ പട്ടികയിലെത്തിയത്‌. അതുപോലെ യുവാക്കളുടെ പേരില്‍ ഏറ്റവുമൊടുവില്‍ ഇടംകണ്ടെത്തിയ പി.സി. വിഷ്‌ണുനാഥ്‌ എ ഗ്രൂപ്പിന്റെ പേരിലാണു പട്ടികയില്‍ കയറിയത്‌. ഗ്രൂപ്പുകള്‍ക്കതീതമായി നിലകൊണ്ട വി.എം. സുധീരനൊപ്പമുള്ള മൂന്നു പേര്‍ക്കുമാത്രമാണു പട്ടികയില്‍ കയറിക്കൂടാനായത്‌. ജെയ്‌സണ്‍ ജോസഫ്‌, ടോമി കല്ലാനി, ടി.എന്‍. പ്രതാപന്‍ എന്നിവരാണ്‌ ഇവര്‍. കോട്ടയത്തുനിന്നു വനിതാസംവരണത്തില്‍ ഡോ.ജെ. പ്രമീളാദേവിയെ ഒഴിവാക്കി രാധാ വി. നായര്‍ ഇടംപിടിച്ചതും ഗ്രൂപ്പ്‌ അടിസ്‌ഥാനത്താണ്‌.
45 വയസില്‍ താഴെയുള്ള 45 പേര്‍ പട്ടികയിലുണ്ടെന്നു പറയുമ്പോഴും യുവാക്കളെ പ്രതിനിധീകരിച്ച്‌ 35 വയസില്‍ താഴെയുള്ള അഞ്ചു പേര്‍മാത്രമാണു പട്ടികയിലുള്ളത്‌. ഇതോടെ വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന ഹൈക്കമാന്‍ഡിന്റെ
നിര്‍ദ്ദേശം പാടെ അവഗണിക്കപ്പെട്ടു. എം.പിമാരായ കെ.സി. വേണുഗോപാല്‍ പയ്യന്നൂരില്‍നിന്നും എം.കെ. രാഘവന്‍ മാടായിയില്‍നിന്നും പട്ടികയിലെത്തി. മുന്‍ മന്ത്രി കെ.പി. കുഞ്ഞിക്കണ്ണനും എം.എല്‍.എ. ക്വാട്ടയില്‍നിന്ന്‌ മുരളീധരനും മുന്‍ കെ.പി.സി സി. അധ്യക്ഷന്മാരുടെ കൂട്ടത്തില്‍നിന്നു വി.എം. സുധീരനും വയലാര്‍ രവിയും പട്ടികയിലുണ്ട്‌. പി.സി. ചാക്കോ, ഹൈബി ഈഡന്‍, കെ.വി. തോമസ്‌, കെ. ബാബു എന്നിവരും പട്ടികയില്‍ ഇടംകണ്ടെത്തി.
എ.കെ. ആന്റണിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ട്‌ ചര്‍ച്ച നടത്തിയാണ്‌ ആദ്യപട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തിയത്‌. രണ്ടാമത്തെ പട്ടിക സംബന്ധിച്ചും വലിയ തര്‍ക്കമാണ്‌ ഉയര്‍ന്നത്‌. പട്ടികയില്‍ വേണ്ട തിരുത്തല്‍ വരുത്താന്‍ സംസ്‌ഥാനനേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതിയോട്‌ ആവശ്യപ്പെട്ടെങ്കിലും അവരും വഴങ്ങിയില്ല. തര്‍ക്കം തുടര്‍ന്നതോടെ സമവായം എന്നതു മാറ്റി സംഘടനാ തെരഞ്ഞെടുപ്പിലൂടെ കാര്യങ്ങള്‍ നടത്താമെന്ന ധാരണയില്‍ ഇരു ഗ്രൂപ്പിന്റെയും നേതാക്കളെത്തിയിരുന്നു. ഇക്കാര്യം അവര്‍ എ.കെ. ആന്റണിയെ അറിയിക്കുകയും ചെയ്‌തു. മംഗളം ഇതു റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട്‌ കഴിഞ്ഞദിവസം ജോസഫ്‌ വാഴയ്‌ക്കന്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു കത്തയയ്‌ക്കുകയും ചെയ്‌തു. ഗ്രൂപ്പുകള്‍ നിലപാട്‌ കര്‍ശനമാക്കിയതോടെ മറ്റുള്ളവര്‍ വഴങ്ങുകയായിരുന്നു. അതേത്തുടര്‍ന്നാണ്‌ കഴിഞ്ഞദിവസം രാത്രി പട്ടികയ്‌ക്ക് അംഗീകാരം നല്‍കിയത്‌.
ഇനി തെരഞ്ഞെടുപ്പിന്റെ അനന്തരനടപടികള്‍ നടക്കും. കെ.പി.സി.സി. പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ള ഭാരവാഹികളെ കോണ്‍ഗ്രസ്‌ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഡിസംബറോടെ നിശ്‌ചയിക്കാനാണ്‌ സാധ്യത. ഇന്നു നടക്കുന്ന ജനറല്‍ ബോഡിയില്‍ എ.ഐ.സി.സി. അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമാകില്ല. സംസ്‌ഥാനത്തുനിന്നുള്ള 20 എ.ഐ.സി.സി. അംഗങ്ങളുടെ പട്ടിക പിന്നീടു നല്‍കും.

ആര്‍. സുരേഷ്‌/ ഷാലു മാത്യു

Ads by Google
Monday 30 Oct 2017 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW