Tuesday, November 07, 2017 Last Updated 43 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.58 AM

ബിയര്‍ ഉണ്ടാക്കാം, വില്‍ക്കാം , ഹോട്ടലുകളില്‍ ബംഗളുരു മാതൃകയ്‌ക്ക്‌ എസ്‌സൈസ്‌ ശിപാര്‍ശ

uploads/news/2017/10/160431/k2.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹോട്ടലുകളില്‍ ബിയര്‍ നിര്‍മിച്ചു വില്‍ക്കാന്‍ എക്‌സൈസ്‌ വകുപ്പിന്റെ ശിപാര്‍ശ. കൂടുതല്‍ പേര്‍ക്കു തൊഴിലവസരം ലഭിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ്‌ എക്‌സൈസ്‌ കമ്മിഷണറുടെ ശിപാര്‍ശ. ബംഗളുരു മാതൃകയില്‍ ബിയര്‍ നിര്‍മിക്കാമെന്ന ശിപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട്‌ രണ്ടു ദിവസത്തിനകം സര്‍ക്കാരിനു കൈമാറും. ഹോട്ടലുകളില്‍ ബിയര്‍ നിര്‍മിക്കാനുള്ള നീക്കം മംഗളം നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ ഫൈവ്‌സ്‌റ്റാര്‍ ഹോട്ടലുകള്‍ വഴി കള്ള്‌ വിതരണം ചെയ്യാനും ബിയര്‍ നിര്‍മിച്ച്‌ നല്‍കാനും സൗകര്യമൊരുക്കണമെന്ന ശിപാര്‍ശയും പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ പഠനം ആവശ്യമാണെന്ന നിര്‍ദേശം ഉയര്‍ന്നതിനു പിന്നാലെ ഇതു സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ എക്‌സൈസ്‌ കമ്മിഷണര്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ്‌ എക്‌സൈസ്‌ കമ്മിഷണറുടെ ശിപാര്‍ശ. സ്വന്തമായി ബിയര്‍ നിര്‍മിച്ച്‌ നല്‍കാനാകുന്ന മൈക്രോ ബ്രൂവറികള്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ സംസ്‌ഥാനത്തെ 10 ഹോട്ടലുകള്‍ എക്‌സൈസ്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിങ്ങിനെ സമീപിച്ചിരുന്നു. ഇക്കാര്യവും എക്‌സൈസ്‌ കമ്മിഷണര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി.
ബംഗളുരു പോലുള്ള സ്‌ഥലങ്ങളില്‍ ഹോട്ടലുകള്‍ക്ക്‌ സ്വന്തമായി ബിയര്‍ നിര്‍മിക്കാനുളള അനുമതിയുണ്ടെന്ന കാര്യം കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. ഹോട്ടലുകള്‍ ബിയര്‍ നിര്‍മിച്ച്‌ വില്‍ക്കുകയാണെങ്കില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്‌ടിക്കാനാകുമെന്നും ഗുണനിലവാരമുള്ള ബിയര്‍ ഉറപ്പുവരുത്താമെന്നുമാണ്‌ എക്‌സൈസിന്റെ അഭിപ്രായം. നിലവില്‍ സ്വകാര്യ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന ബിയറാണ്‌ വന്‍കിട ഹോട്ടലുകള്‍ വില്‍ക്കുന്നത്‌. അതേസമയം, കര്‍ണാടകയിലെപ്പോലെ ഡി അഡിക്ഷന്‍ സെന്ററുകള്‍ സംസ്‌ഥാനത്തും തുടങ്ങണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്‌. എക്‌സൈസ്‌ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ടോം ജോസിനു രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ കൈമാറും. എന്നാല്‍, തീരുമാനം വിവാദമാകുമെന്ന്‌ ഉറപ്പുള്ളതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

Ads by Google
Monday 30 Oct 2017 01.58 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW