Tuesday, October 31, 2017 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.37 AM

ഓഹരി റിവ്യൂ : വിപണികള്‍ തിരിച്ചുവരുന്നു

ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ്‌ മുന്നേറ്റം. ഏതാനും ആഴ്‌ച്ചകളായി വില്‍പനക്കാരുടെ മേലങ്കി മാത്രം അണിഞ്ഞിരുന്ന വിദേശ ഫണ്ടുകള്‍ രംഗത്ത്‌ നിക്ഷേപകരായി തിരിച്ച്‌ എത്തിയത്‌ സെന്‍സെക്‌സിന്റെയും നിഫ്‌റ്റിയുടെയും തിളക്കം വര്‍ധിപ്പിച്ചു. ബോംബെ സൂചിക ഏഴു മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടമാണ്‌ വാരികൂട്ടിയത്‌.
അഞ്ച്‌ പ്രവര്‍ത്തി ദിനങ്ങള്‍ക്കിടയില്‍ സൂചിക 767 പോയിന്റ്‌ വര്‍ധിച്ചു. നിഫ്‌റ്റി സൂചിക 176 പോയിന്റ്‌ നേട്ടത്തിലാണ്‌. ഡെറിവേറ്റീവ്‌ മാര്‍ക്കറ്റില്‍ ഒക്‌ടോബര്‍ സീരീസ്‌ സെറ്റില്‍മെന്റ്‌ വ്യാഴാഴ്‌ച്ചയായിരുന്നു. ഈഅവസരത്തില്‍ ഓപ്പറേറ്റര്‍മാര്‍ ഷോട്ട്‌ കവറിങിന്‌ നീക്കം നടത്തിയത്‌ സൂചികയുടെ കുതിച്ചു ചാട്ടത്തിന്‌ വഴിതെളിച്ചു. വാരത്തിന്റെ രണ്ടാം പകുതിയില്‍ ഇടപാടുകളുടെ വ്യാപ്‌തിയിലുണ്ടായ ഉണര്‍വ്‌ പ്രദേശിക നിക്ഷേപകരെയും ആകര്‍ഷിച്ചു.
കോര്‍പറേറ്റ്‌ മേഖലയില്‍ നിന്നുള്ള ത്രൈമാസ പ്രവര്‍ത്തന ഫലങ്ങള്‍ക്ക്‌ പ്രതീക്ഷിച്ചതിനെക്കാള്‍ തിളക്കം വര്‍ധിക്കുമെന്ന നിഗമനത്തിലാണ്‌ ഓപ്പറേറ്റര്‍മാര്‍. ബാങ്കിങ്‌ മേഖലയ്‌ക്ക്‌ ഊര്‍ജം പകരാനുള്ള കേന്ദ്ര നീക്കങ്ങളും വിപണിനേട്ടമാക്കി.
ബാങ്കിങ്‌ മേഖലയുടെ ഉണര്‍വിനായി രണ്ടുലക്ഷം കോടി രൂപയുടെ പുതിയ പാക്കേജിനാണ്‌ കേന്ദ്രം ഒരുങ്ങുന്നത്‌. വിനിമയ വിപണിയില്‍ ഡോളറിന്‌ മുന്നില്‍ രൂപയുടെ മൂല്യം നേരിയ റേഞ്ചില്‍ ചാഞ്ചാടി. 65.02 ല്‍ ഇടപാടുകള്‍ക്ക്‌ തുടക്കം കുറിച്ച രൂപയുടെ മൂല്യം ഒരുവേള 65.18 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം വാരാന്ത്യം 65.03 ലാണ്‌. പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ഓഹരി വില 51 ശതമാനം വര്‍ധിച്ചു. എസ്‌.ബി.ഐ, ആര്‍.ഐ.എല്‍. തുടങ്ങിയവയും മികവ്‌ കാണിച്ചു.
ഭൂഷണ്‍ സ്‌റ്റീല്‍ ഓഹരി വില 33 ശതമാനം ഉയര്‍ന്നു. ഐ.ടി. ഓഹരിയായ പോളാരീസിന്റെ നിരക്ക്‌ 27 ശതമാനം വര്‍ധിച്ചു. യെസ്‌ ബാങ്ക്‌ 14 ശതമാനവും സെയില്‍ ഓഹരി വില 35 ശതമാനവും കയറി. വിദേശ ഫണ്ടുകള്‍ 912 കോടി രൂപയുടെ ഓഹരി ശേഖരിച്ചു.
വിദേശ പോര്‍ട്ട്‌ പോളിയോ നിക്ഷേപര്‍ 6214 കോടി നിക്ഷേപിച്ചു. ആഭ്യന്തര ഫണ്ടുകള്‍ ഈ അവസരത്തില്‍ 220 കോടി രൂപയുടെ ഓഹരി വാങ്ങി. ബോംബെ സൂചിക 32,320 പോയിന്റില്‍ നിന്ന്‌ 33,286 പോയിന്റുവരെ കയറി റെക്കോര്‍ഡ്‌ സ്‌ഥാപിച്ചു.
വാരാന്ത്യം സൂചിക 33,157 പോയിന്റിലാണ്‌. ഈ വാരം 33,520-33,884 ല്‍ തടസം നേരിടാം. അതേ സമയം വിപണി ഒരു സാങ്കേതിക തിരുത്തലിന്‌ നീക്കം നടത്തിയാല്‍ 32,558-31,960 ലും താങ്ങ്‌ പ്രതീക്ഷിക്കാം. വീക്കിലി ചാര്‍ട്ടില്‍ പാരാബോളിക്ക്‌ എസ്‌.ഏ.ആര്‍. ബുള്ളിഷാണ്‌. സ്ലോ സ്‌റ്റോക്കാസ്‌റ്റിക്ക്‌, ഫാസ്‌റ്റ്‌ സ്‌റ്റോക്കാസ്‌റ്റിക്ക്‌ തുടങ്ങിയവ ഓവര്‍ ബോട്ടാണ്‌. സ്‌റ്റോക്കാസ്‌റ്റിക്ക്‌ ആര്‍.എസ്‌.ഐ. ന്യൂട്ടറല്‍ റേഞ്ചിലും. നിഫ്‌റ്റി സൂചിക 10,129 ല്‍ നിന്ന്‌ 10,366 വരെ കയറി.
മാര്‍ക്കറ്റ്‌ ക്ലോസിങ്‌ നടക്കുമ്പോള്‍ സൂചിക 10,323 പോയിന്റിലാണ്‌. നിഫ്‌റ്റിക്ക്‌ ഈ വാരം 10,416-10,509 ലും പ്രതിരോധം അനുഭവപ്പെടാം. അതേ സമയം ഓപ്പറേറ്റര്‍മാര്‍ പ്രോഫിറ്റ്‌ ബുക്കിങിന്‌ നീക്കം നടത്തിയാല്‍ 10,179-10,035 ല്‍ താങ്ങുണ്ട്‌. ഏഷ്യന്‍ ഓഹരി വിപണികള്‍ പലതും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
യൂറോപ്യന്‍ മാര്‍ക്കറ്റുകളും മുന്നേറി. അമേരിക്കയില്‍ പ്രമുഖ ഇന്‍ഡക്‌സുകള്‍ റെക്കോര്‍ഡ്‌ പ്രകടനം കാഴ്‌ച്ചവെച്ചു. ആഗോള വിപണിയില്‍ സ്വര്‍ണത്തിന്‌ തുടര്‍ച്ചയായ രണ്ടാം വാരത്തിലും തളര്‍ച്ച. വാരാന്ത്യം സ്വര്‍ണം ടോയ്‌ ഔണ്‍സിന്‌ 1273 ഡോളറിലാണ്‌.

കെ.ബി. ഉദയഭാനു

Ads by Google
Advertisement
Advertisement
Monday 30 Oct 2017 01.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW