Monday, October 22, 2018 Last Updated 20 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.37 AM

കുറഞ്ഞ ചെലവില്‍ പരിരക്ഷയ്‌ക്ക് 'ടേം ഇന്‍ഷുറന്‍സ്‌'

പരിചയത്തിലുള്ള ഒരു ഇന്‍ഷുറന്‍സ്‌ ഏജന്റ്‌ പറഞ്ഞ ഒരു അനുഭവകഥയില്‍ നിന്നും തുടങ്ങാം. അദ്ദേഹത്തിന്റെ സുഹ്യത്തും ഒരു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്‌ഥനുമായിരുന്ന ഒരു ചെറുപ്പക്കാരന്റെ കുടുംബത്തിനു സംഭവിച്ച ദുരവസ്‌ഥയുടെ കഥയാണ്‌. ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുംടുംബമായിരുന്നു രമേശിന്റേത്‌(പേര്‌ യഥാര്‍ത്ഥമല്ല). അദ്ദേഹത്തിന്റെ ശമ്പളം മാത്രമായിരുന്നു കുടുംബത്തിന്റെ ഏകവരുമാനം.
അതിനാല്‍ കാര്യമായ മിച്ച സമ്പാദ്യമൊന്നും രമേശിനുണ്ടായിരുന്നില്ല, മാത്രമല്ല സ്വന്തമായി കാര്‍ വാങ്ങുന്നതിനും മറ്റുമെടുത്ത വായ്‌പാ ബാധ്യതകള്‍ ഉണ്ടുതാനും. മേല്‍ പറഞ്ഞ ഇന്‍ഷുറന്‍സ്‌ ഏജന്റ്‌ മതിയായ ഇന്‍ഷുറന്‍സ്‌ പരിരക്ഷ എടുക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി പല തവണ സൂചിപ്പിക്കുമായിരുന്നെങ്കിലും രമേശ്‌ അതെല്ലാം കേട്ട്‌ ചിരിച്ച്‌ തള്ളുമായിരുന്നു. സുഹ്യത്തല്ലേ എന്നു കരുതി പേരിനു മാത്രം കുട്ടിയുടെ പേരില്‍ ഒരു ചെറിയ മണി ബാക്ക്‌ പോളിസി എടുക്കുകയും ചെയ്‌തു. പക്ഷേ പലപ്പോഴും തവണകള്‍ മുടങ്ങിയതിനാല്‍ പോളിസിയില്‍നിന്ന്‌ പോകുകയും ചെയ്‌തിരുന്നു. അല്ലലില്ലാതെ മുമ്പോട്ടു പോയിരുന്ന രമേശിന്റെ കുടുംബത്തില്‍ ദുരന്തം വിതച്ചു കൊണ്ടായിരുന്നു ഹ്യദയാഘാതത്തെ തുടര്‍ന്ന്‌ രമേശിന്റെ പെട്ടന്നുള്ള മരണം.
ആകെയുണ്ടായിരുന്ന അത്താണി ഇല്ലാതായാതോടെ ആ കുംടുംബം തകര്‍ച്ചയിലേക്ക്‌ നീങ്ങി. പറക്കമുറ്റാത്ത രണ്ട്‌ പെണ്‍കുട്ടികളുമായി ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ട്‌ പോകുമെന്നോര്‍ത്ത്‌ പകച്ചു നിന്നു രമേശിന്റെ ഭാര്യ. കാര്‍ വാങ്ങുന്നതിനെടുത്ത വായ്‌പ തിരിച്ചടക്കാനാവാതെ കിട്ടിയ വിലയ്‌ക്ക് വിറ്റ്‌ ആ ബാധ്യത തീര്‍ത്തെങ്കിലും വരുമാനമോ സമ്പാദ്യമോ ഇല്ലാത്ത അവസ്‌ഥയില്‍ ജീവിതം എങ്ങനെ മുമ്പോട്ട്‌ കൊണ്ടു പോകും. വീട്ടു വാടകയ്‌ക്കും കുട്ടികളുടെ പഠനത്തിനുമായി മാസം നല്ലൊരു തുക വേണ്ടി വരും. തുച്‌ഛമായ മാസ ശമ്പളത്തില്‍ ഒരു ടെക്‌സ്റ്റയില്‍ ഷോപ്പില്‍ സെയില്‍സ്‌ ഗേളായി ജോലി ചെയ്‌ത് ജീവിതം മുന്നോട്ട്‌ കൊണ്ടുപോകാന്‍ പെടാപ്പാടുപെടുകയാണിപ്പോള്‍ ആ സാധു സ്‌ത്രീ.
ബന്ധുക്കളുടെയും പരിചയക്കാരുടെയും മുമ്പില്‍ ജീവിക്കാനായി കൈ നീട്ടേണ്ട അവസ്‌ഥയിലേക്കെത്തി ഒടുവില്‍ രമേശിന്റെ കുംടുംബം. വളരെ സങ്കട ത്തോടെ ഈ കഥ വിവരിച്ച ഇന്‍ഷുറന്‍സ്‌ ഏജന്റ്‌ മറ്റൊരു കാര്യം കൂടി പറഞ്ഞു മണി ബാക്ക്‌ പോളിസിയുടെ ഗഡുക്കള്‍ പലപ്പോഴും അടക്കാതെ മുടക്കം വരുത്തിയ രമേശ്‌ സ്വന്തം കാറിന്റെ ഇന്‍ഷുറന്‍സ്‌ തുകയുടെ ഗഡുക്കള്‍ വളരെ ക്യത്യയമായി മുടക്കം കൂടാതെ അടക്കുമായിരുന്നു എന്ന്‌.
അദ്ദേഹം ഉപദേശിച്ചപ്പോലെ വരുമാനത്തിന്റെ വളരെ ചെറിയ ഒരു പങ്ക്‌ ഉപയോഗിച്ച്‌ ഒരു ടേം ഇന്‍ഷുറന്‍സ്‌ പോളിസി രമേശ്‌ എടുത്തിരുന്നെങ്കില്‍ നിരാലംബമായ അദ്ദേഹത്തിന്റെ കുടുംബത്തിന്‌ അത്‌ വളരെ വലിയ താങ്ങായേനെ. നമ്മളില്‍ പലരും മേല്‍ പറഞ്ഞ കഥയിലെ രമേശിന്റെ മനോഭാവമുള്ളവരാണ്‌. നമ്മള്‍ വാങ്ങുന്ന വാഹനത്തിന്‌ ക്യത്യമായ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉറപ്പാക്കുമെങ്കിലും അതില്‍ യാത്ര ചെയ്യുന്ന നമുക്ക്‌ പലപ്പോഴും മതിയായ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉണ്ടാവാറില്ല എന്നതാണ്‌ വാസ്‌തവം.
നമ്മെ ആശ്രയിച്ചു കഴിയുന്ന കുംടുംബാംഗങ്ങള്‍ നമുക്ക്‌ പ്രിയപ്പെട്ടവരാണ്‌. എന്നാല്‍ നമ്മള്‍ ഇല്ലാതെയാല്‍ അവര്‍ എങ്ങനെ ജീവിക്കുമെന്ന്‌ ചിന്തിച്ചിട്ടുണ്ടോ. നമ്മുടെ മരണം മൂലമുള്ള നഷ്‌ടം നികത്താന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ നമ്മുടെ അഭാവത്തില്‍ കുടുംബത്തിനുണ്ടാകുന്ന സാമ്പത്തികമായ നഷ്‌ടം ഒരു പരിധി വരെ നികത്തുവാന്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷ കൊണ്ട്‌ സാധിക്കുന്നു.
ഉചിതമായ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ വാങ്ങുക എന്നത്‌ വ്യക്‌തികളെ സംബന്ധിച്ച്‌ വളരെ പ്രാധാന്യമുള്ള ഒന്നാണ്‌. മാര്‍ക്കറ്റില്‍ ധാരാളം ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ ലഭ്യമാണ്‌. എന്നാല്‍ ഒരോ വ്യക്‌തിക്കും അനുയോജ്യമായ പദ്ധതികള്‍ തെരഞ്ഞെടുക എന്നതാണ്‌ ബുദ്ധിമുട്ടുള്ള കാര്യം.
നമുക്ക്‌ വേണ്ടി വരുന്ന ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ ആവശ്യകതക്കനുസരിച്ചു വേണം പദ്ധതികള്‍ തെരഞ്ഞെടുക്കേണ്ട്‌ത്. ഇന്‍ഷുറന്‍സ്‌ ഒരു നിക്ഷേപ പദ്ധതിയായി കണക്കാക്കുന്നത്‌ ഉചിതമല്ല. നിക്ഷേപം ഉള്‍പ്പെടുത്തിയുള്ള ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ വിപണിയിലുണ്ടെങ്കിലും അവയൊന്നും നമുക്ക്‌ കുറഞ്ഞ ചെലവില്‍ ആവശ്യമായ ഇന്‍ഷുറസ്‌ പരിരക്ഷ നല്‍കാന്‍ ഉതകുന്നവയാവില്ല.
അതുകൊണ്ട്‌ ഏറ്റവും കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുന്ന ടേം ഇന്‍ഷുറന്‍സ്‌ പോളിസികളാണ്‌ അഭികാമ്യം.
ഒരു നിശ്‌ചിത തുകയ്‌ക്ക് നിശ്‌ചിതകാലയളവിലേക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുന്ന പോളിസികളാണിവ. കുടുംബത്തെപ്പറ്റി ചിന്തയുള്ളവരും വരുമാനമുള്ളവരുമായ ആര്‍ക്കും ടേം പോളിസി എടുക്കാം. പ്രായപരിധി ബാധകമാണെന്നു മാത്രം. കടബാധ്യതകളുള്ളവരും കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായവരും നിര്‍ബന്ധമായും ടേം പോളിസി എടുത്തിരിക്കണം.
വ്യക്‌തിയുടെ പ്രായം, വരുമാനം, കുടുംബത്തിന്റെ ചെലവ്‌, നിലവിലുള്ള സാമ്പത്തിക ബാധ്യതകള്‍, ഭാവിയില്‍ വരാവുന്ന ചെലവുകള്‍, ആശ്രിതരായി വരുന്ന കുടുംബാംഗങ്ങള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്‌ഥാനമാക്കി വേണം ഇന്‍ഷുറന്‍സ്‌ തുക നിശ്‌ചയിക്കുവാന്‍.
സാധാരണ ടേം പോളിസികളില്‍ കാലാവധിക്കുള്ളില്‍ ക്ലെയിം ഉണ്ടായില്ലെങ്കില്‍ അടച്ച തുക നഷ്‌ടമാകും. എന്നാല്‍ ചില ഇന്‍ഷുറസ്‌ കമ്പനികള്‍ അടച്ചതുക തിരികെ ലഭിക്കുന്ന രീതിയിലുള്ള ടേം ഇന്‍ഷുറന്‍സ്‌ പോളിസികളും നല്‍കാറുണ്ട്‌. പക്ഷേ ഇത്തരം പോളിസികള്‍ക്ക്‌ സാധാരാണ ടേം പോളിസികളേക്കാള്‍ ചെലവേറും.
ആദ്യം പറഞ്ഞ തരത്തിലുള്ള ടേം പോളിസികളാണ്‌ കൂടുതല്‍പ്രചാരത്തിലുള്ളത്‌. ക്ലെയിം ഉണ്ടായില്ലെങ്കില്‍ അടച്ച തുക നഷ്‌ടമാകുമെങ്കിലും വളരെ നിസാരമായ തുക ഉപയോഗിച്ച്‌ ഉയര്‍ന്ന ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭ്യമാകുന്നു എന്നതാണ്‌ ഇത്തരം ടേം പോളിസികളെ ആകര്‍ഷകമാക്കുന്നത്‌. മാത്രമല്ല ക്ലെയിം ഇല്ലെങ്കില്‍ ഉണ്ടാവുന്ന നഷ്‌ടം നികത്താന്‍ ഉതകുന്ന രീതിയിലുള്ള നിക്ഷേപ ആസൂത്രണം വേണമെങ്കില്‍ ഇതോടൊപ്പം നടത്താവുന്നതാണ്‌. സാധാരണ പോളിസികളേക്കാള്‍ രണ്ട്‌ മടങ്ങ്‌ മുതല്‍ മൂന്ന്‌ മടങ്ങ്‌ വരെ പ്രീമിയം കൂടുതല്‍ അടയ്‌ക്കേണ്ടി വരും, ക്ലെയിം ഇല്ലെങ്കില്‍ അടച്ച തുക തിരികെ ലഭിക്കുന്ന തരം ടേം പോളിസികളില്‍.
ഉദാഹരണമായി സാധാരണ ടേം പോളിസിയില്‍ 35 വയസ്സുള്ള ആള്‍ക്ക്‌ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ കവറേജിന്‌ മാസം 1000 രൂപ പ്രീമീയമായി അടക്കേണ്ടി വരുമെന്ന്‌ കരുതുക. അടച്ച തുക തിരികെ ലഭിക്കുന്ന തരത്തിലുള്ള പോളിസിയാണെങ്കില്‍ അതേ ഇന്‍ഷുറന്‍സ്‌ കവറേജിന്‌ ചുരുങ്ങിയത്‌ 2000 രൂപയെങ്കിലുമായിരിക്കും മാസ തവണയായി അടയ്‌ക്കേണ്ടി വരിക.
ഇവിടെ മാസം 1000 രൂപ വീതം 25 വര്‍ഷത്തേക്ക്‌ 50 ലക്ഷം രൂപയുടെ സാധാരണ ടേം ഇന്‍ഷുന്‍സ്‌ പോളിസി എടുക്കുന്ന ഒരാള്‍ അതോടൊപ്പം തന്നെ അതേ കാലയളവിലേക്ക്‌ മാസ തവണയായി 1000 രൂപ മ്യൂചല്‍ ഫണ്ടില്‍ ഒരു സിസ്‌റ്റ്മാറ്റിക്ക്‌ ഇന്‍വെസ്‌റ്റ്മെന്റ്‌ പ്ലാന്‍ (എസ.ഐ.പി) തുടങ്ങിയാല്‍ കുറഞ്ഞത്‌ 10 ശതമാനമെങ്കിലും വാര്‍ഷിക ആദായം കണക്കാക്കിയാല്‍ കൂടി കാലാവധിയെത്തുമ്പോള്‍ ഏകദേശം 13 ലക്ഷം രൂപയോളം ലഭിക്കാം. എന്നാല്‍ അടച്ച തുക തിരികെ ലഭിക്കുന്ന തരത്തിലുള്ള ടേം പോളിസിയിലാണെങ്കില്‍ ക്ലെയിം ഉണ്ടായില്ലെങ്കില്‍ കാലാവധിയെത്തുമ്പോള്‍ 6 ലക്ഷം രൂപ മാത്രമാണ്‌ ലഭിക്കുക.

ആര്‍.ജി. രഞ്‌ജിത്ത്‌

(ജിയോജിത്‌ ഫിനാന്‍ഷ്യല്‍
സര്‍വീസസിലെ അസോസിയേറ്റ്‌ ഡയറക്‌ടറാണു ലേഖകന്‍
Renjithrg@geojit.com)

Ads by Google
Monday 30 Oct 2017 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW