Tuesday, November 07, 2017 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.31 AM

ആവേശം, അഭിമാനം, ചരിത്രം...

uploads/news/2017/10/160356/s2.jpg

രാജ്യം ആദ്യമായി ആതിഥ്യം വഹിച്ച ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്‌ പരിസമാ്‌പതിയായി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്കയായ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തില്‍ സ്‌പാനിഷ്‌ യുവനിരയെ 5-2ന്‌ കീഴടക്കി ഇംഗ്ലണ്ട്‌ കുട്ടികളുടെ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പിതൃഭൂമിയിലേക്കു കൊണ്ടുപോയി. കലാശക്കളി കഴിഞ്ഞപ്പോള്‍ ഇന്ത്യക്കും അഭിമാനിക്കാവുന്ന ലോകകപ്പായി ഇത്‌. ആദ്യമായി ഇന്ത്യന്‍ ടീം ഒരു ലോകകപ്പില്‍ കളിക്കുകയും ഒരുഗോള്‍ നേടുകയും ചെയ്‌തതിനു പുറമേ മികച്ച സംഘാടനത്തിലൂടെയും ആരാധകപ്രവാഹത്തിലൂടെയും ഈ ടൂര്‍ണമെന്റ്‌ ഇന്ത്യക്ക്‌ അഭിമാനം പകര്‍ന്നു.
അണ്ടര്‍ 17 ലോകകപ്പ്‌ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാണികള്‍ എത്തിയ ചാമ്പ്യന്‍ഷിപ്പിനാണ്‌ ഇന്ത്യ ആതിഥ്യം വഹിച്ചത്‌. 13,47,133 പേരാണ്‌ ആറു നഗരങ്ങളിലായി ലോകകപ്പ്‌ മത്സരങ്ങള്‍ നേരില്‍ക്കണ്ടത്‌. 1985-ലെ ചൈന ലോകകപ്പില്‍ എത്തിയ 12,30,976 എന്ന റെക്കോഡ്‌ സംഖ്യയാണ്‌ ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കു മുമ്പില്‍ വഴിമാറിയത്‌.
ഇതിനു പുറമേ 2017 ലോകകപ്പില്‍ ചരിത്രത്തില്‍ ഇടംപിടിച്ച അനേകം അക്കങ്ങള്‍ കൂടിയുണ്ട്‌.
അവയുടെ കഥ ഇങ്ങനെ...

തങ്ങളുടെ ആദ്യ ലോകകപ്പ്‌ ഫൈനലില്‍ തന്നെ കിരീടം ഉയര്‍ത്തിയ എട്ടാമത്തെ ടീമാണ്‌ ഇംഗ്ലണ്ട്‌. 1985-ലെ ആദ്യ ഫൈനലില്‍തന്നെ കിരീടം നേടിയ നൈജീരിയ, സോവിയറ്റ്‌ യൂണിയന്‍(1987), സൗദി അറേബ്യ(1989), ഘാന(1991), ഫ്രാന്‍സ്‌(2001), മെക്‌സിക്കോ(2005), സ്വിറ്റ്‌സര്‍ലന്‍ഡ്‌(2009) എന്നിവരാണ്‌ മറ്റു ടീമുകള്‍. ഇവരില്‍ നൈജീരിയ, ഘാന, മെക്‌സിക്കോ എന്നീ ടീമുകള്‍ക്കുമാത്രമാണ്‌ പിന്നീടും കിരീടം നേടാന്‍ കഴിഞ്ഞത്‌.

കാണികളുടെ എണ്ണത്തിലെന്ന പോലെ ഗോളുകളുടെ എണ്ണത്തിലും ഈ ലോകകപ്പ്‌ റെക്കോഡിട്ടു. 52 മത്സരങ്ങളില്‍ നിന്ന്‌ 183 ഗോളുകളാണ്‌ പിറന്നത്‌. ഒരു മത്സരത്തില്‍ ശരാശരി 3.53 ഗോളകള്‍ വീതം. രണ്ടു വര്‍ഷം മുമ്പ്‌ യു.എ.ഇ. ലോകകപ്പില്‍ പിറന്ന 172 ഗോളുകള്‍ എന്ന റെക്കോഡാണ്‌ പഴങ്കഥയായത്‌. ശരാശരി ഗോളുകളുടെ എണ്ണത്തില്‍ ഇന്ത്യയ്‌ക്കു മുന്നില്‍ 1997-ലെ ഈജിപ്‌റ്റ് ലോകകപ്പും 2003-ലെ ഫിന്‍ലന്‍ഡ്‌ ലോകകപ്പും ഉണ്ട്‌. മത്സരങ്ങള്‍ കുറവായിരുന്ന അന്ന്‌ 3.66 ശരാശരിയില്‍ 32 മത്സരങ്ങളില്‍ നിന്ന്‌ 117 ഗോളുകളാണ്‌ പിറന്നത്‌.

ചാമ്പ്യന്‍ഷിപ്പില്‍ ടോപ്‌സ്കോററായ ഗോള്‍ഡന്‍ ബൂട്ട്‌ നേടിയ ഇംഗ്ലണ്ട്‌ താരം റ്യാന്‍ ബ്രൂസ്‌റ്റര്‍ ഒരു ലോകകപ്പില്‍ രണ്ട്‌ ഹാട്രിക്‌ തികയ്‌ക്കുന്ന നാലാമത്തെ താരമായി. ജര്‍മനിയുടെ മാഴ്‌സല്‍ വിറ്റ്‌സെക്‌, ഫ്രാന്‍സിന്റെ ഫ്‌ളോറന്റ്‌ സിനാമ ഓങ്‌ഗോലെ, ഐവറി കോസ്‌റ്റിന്റെ സുലൈമാനെ കൗലിബലി, എന്നിവരാണ്‌ ഇതിനു മുമ്പ്‌ ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങള്‍. നാലുപേരും തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലാണ്‌ ഹാട്രിക്‌ തികച്ചതെങ്കിലും ബ്രൂസ്‌റ്റര്‍ മാത്രമാണ്‌ രണ്ടു നോക്കൗട്ട്‌ മത്സരങ്ങളില്‍ ഈ നേട്ടം കൈവരിച്ച താരം.

ഫൈനലില്‍ സ്‌പെയിനും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോള്‍ അതുമൊരു അപൂര്‍വതയ്‌ക്കു കാരണമായി. 1985 മുതലുള്ള ലോകകപ്പ്‌ ചരിത്രത്തില്‍ ഇതു മൂന്നാം തവണ മാത്രമാണ്‌ ഒരേ കോണ്‍ഫെഡറേഷനില്‍ നിന്നുള്ള ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്‌. 1993-ല്‍ ആഫ്രിക്കന്‍ ടീമുകളായ നൈജീരിയയും ഘാനയും ഫൈനലില്‍ എത്തിയപ്പോഴാണ്‌ ഇതാദ്യമായി സംഭവിച്ചത്‌. പിന്നീട്‌ 2015-ല്‍ വീണ്ടും നൈജീരിയ ഫൈനല്‍ കളിച്ചപ്പോള്‍ എതിരാളികളായി വന്നത്‌ ആഫ്രിക്കന്‍ ടീമായ മാലി. ഇതാദ്യമായി ഓള്‍ യൂറോപ്പ്‌ ഫൈനല്‍ നടന്നതും ഇത്തവണയാണ്‌.

ആഫ്രിക്കന്‍ ടീമായ മാലി മടങ്ങുന്നത്‌ ഒരു അപൂര്‍വ റെക്കോഡുമായാണ്‌; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഷോട്ടുതിര്‍ത്ത ടീമെന്ന റെക്കോഡുമായി. ഏഴു മത്സരങ്ങളില്‍ നിന്ന്‌ 184 തവണയാണ്‌ അവര്‍ എതിരാളികളുടെ വലയിലേക്കു ലക്ഷ്യം വച്ചത്‌. ഒരു മത്സരത്തില്‍ ശരാശരി 26 ഷോട്ടുകള്‍. ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ്‌ ഇക്കാര്യത്തില്‍ രണ്ടാം സ്‌ഥാനത്ത്‌. 126 ഷോട്ടുകളാണ്‌ അവര്‍ പായിച്ചത്‌; ശരാശരി 18 ഷോട്ടുകള്‍ വീതം. ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്നത്‌ കുഞ്ഞന്മാരായ ഗിനിയയാണ്‌. മൂന്നു മത്സരങ്ങളില്‍ നിന്ന്‌ 28 ഷോട്ടുകള്‍ എന്ന ശരാശരിയില്‍ 83 തവണയാണ്‌ അവര്‍ എതിര്‍ ഗോള്‍മുഖത്തേക്കു ഷോട്ടുതിര്‍ത്തത്‌.

ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന ലോകകപ്പ്‌ ഫൈനല്‍ എന്ന റെക്കോഡും ഇന്ത്യക്കാണ്‌. കൊല്‍ക്കത്തയില്‍ നടന്ന ഫൈനലില്‍ ഏഴു ഗോളുകളാണ്‌ പിറന്നത്‌. ഇതോടെ 1995 ലോകകപ്പില്‍ ബ്രസീലിനെ വീഴ്‌ത്തിയ ഘാന ചാമ്പ്യന്മാരായപ്പോള്‍ പിറന്ന അഞ്ചു ഗോളുകള്‍ എന്ന റെക്കോഡ്‌ പഴങ്കഥയായി.

Ads by Google
Monday 30 Oct 2017 01.31 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW