Saturday, November 17, 2018 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 09.10 AM

അസമയത്ത് ഇരുട്ടത്ത് വനിതാ ഹോസ്റ്റലിന് മുന്നില്‍ ഒരാള്‍; ആരെന്ന് ചോദിച്ചപ്പോള്‍ അസഭ്യം വിളി; ചോദ്യം ചെയ്ത മകന് ക്രൂരമര്‍ദ്ദനം; പ്രതിശ്രുതവധുവിനെ കാണനെത്തിയ എസ്‌ഐ വീരക്രത്യങ്ങള്‍

uploads/news/2017/10/160160/police.jpg

കോഴിക്കോട്: വനിതാ ഹോസ്റ്റലിനു മുന്നില്‍ അസമയത്ത് എസ്.ഐയെ കണ്ട വിദ്യാര്‍ഥി ഉള്‍പ്പെടെയുള്ള ദൃക്സാക്ഷികള്‍ക്ക് തെറിയും ക്രൂരമര്‍ദനവും. എരഞ്ഞിപ്പാലം തേനാംവയല്‍ പുരുഷോത്തമന്റെ മകന്‍ അജയി(16) യെയാണ് മെഡിക്കല്‍കോളജ് എസ്.ഐ: ഹബീബുള്ള മര്‍ദിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.40 ഓടെ എരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു മുന്നിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ഒരാള്‍ വനിതാ ഹോസ്റ്റലിനു മുന്നില്‍ നില്‍ക്കുന്നത് പുരുഷോത്തമന്റെ ശ്രദ്ധയില്‍പ്പെട്ടു. വീടിന്റെ മുന്നില്‍ നിന്നു നോക്കിയ ഇയാളെ യൂണിഫോമിട്ട് പോലീസ് ജീപ്പിലെത്തിയ എസ്.ഐ. ശകാരിക്കുകയായിരുന്നു.

ആരാണെന്ന് അറിയാനാണ് നോക്കിയതെന്നു പുരുഷോത്തമന്‍ അറിയിച്ചതോടെ എസ്.ഐ. അസഭ്യം പറയാന്‍ തുടങ്ങി. ഭാര്യയും മക്കളും ബന്ധുക്കളും വീട്ടിലുള്ളപ്പോഴായിരുന്നു ഇത്. പോലീസ് ഉദ്യോഗസ്ഥന്റെ ചീത്തവിളി കേട്ടാണ് അജയ് വീടിനു പുറത്തേക്ക് വന്നത്. അസഭ്യംപറയുന്നത് എന്തിനാണെന്ന് ചോദിച്ചത് എസ്.ഐയെ പ്രകോപിപ്പിച്ചു. തുടര്‍ന്നു വിദ്യാര്‍ഥിക്കു നേരേ തിരിയുകയായിരുന്നു.

യൂണിഫോമിട്ട് ഇത്തരം ഭാഷ പറയുന്നത് ശരിയാണോയെന്ന് ചോദിച്ചതിനു കഴുത്തിനു കുത്തിപ്പിടിച്ച് ജീപ്പിനടുത്തേക്ക് വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും ചെയ്തതെന്ന് അജയ് പറഞ്ഞു. മകനെ മര്‍ദിക്കുന്നത് കണ്ടതോടെ വീട്ടുകാര്‍ ബഹളം വച്ചു. തുടര്‍ന്ന് ഹബീബുള്ള സ്ഥലം വിടുകയായിരുന്നു. എസ്.ഐ. പ്രതിശ്രുതവധുവിനെ കാണാനായിരുന്നു ഹോസ്റ്റലിലെത്തിയതെന്നു പറയുന്നു.

കഴുത്തിനും പല്ലിനും സാരമായ പരുക്കേറ്റ അജയിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ രണ്ടു പോലീസുകാര്‍ ബൈക്കില്‍ ആശുപത്രി വരെ പിന്തുടര്‍ന്നു. എന്നാല്‍, ഇവര്‍ വന്നതു മൊഴിയെടുക്കാനായിരുന്നില്ല.

സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അജയിയുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനും മനുഷ്യാവകാശ കമ്മിഷനും ഡി.ജി.പിക്കും പരാതി നല്‍കി.

സംഭവം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ മെഡിക്കല്‍കോളജ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് നടത്തുന്നത് തടയാന്‍ ഇതറിഞ്ഞ നടക്കാവ് സി.ഐ: ടി.കെ. അഷ്റഫ് അജയിയുടെ ബന്ധുക്കളെ വിളിച്ച് ആവശ്യപ്പെട്ടു. അതിനാല്‍, മാര്‍ച്ച് നടത്തുന്നതില്‍ നിന്നു ബന്ധുക്കള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.

തുടര്‍ന്ന് സഹോദരന്‍ അതുല്‍ ഉച്ചയോടെ നടക്കാവ് സ്റ്റേഷനിലെത്തി നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞെങ്കിലും കേസെടുക്കാനോ പരാതി സ്വീകരിക്കാനോ പോലീസ് തയാറായില്ല. എസ്.ഐയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടിയെടുക്കാനാകൂ എന്ന നിലപാടിലായിരുന്നു പോലീസ്. തുടര്‍ന്ന് 24 മണിക്കൂറിനു ശേഷം ഇന്നലെ രാവിലെ 12 ഓടെ ബീച്ച് ആശുപത്രിയിലെത്തി നടക്കാവ് പോലീസ് മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് നടക്കാവ് സി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിശ്രുത വധുവിനെ കാണാനാണു വനിതാ ഹോസ്റ്റലില്‍ എസ്ഐ. പോയതെന്നാണ് പോലീസിന്റെ വിശദീകരണം.

എസ്.ഐക്ക് വീഴ്ചയുണ്ടായെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കോഴിക്കോട്: വനിതാ ഹോസ്റ്റലിനു മുന്നില്‍ രാത്രിയിലെത്തി സമീപവാസിയായ വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ എസ്.ഐക്ക് വീഴ്ച പറ്റിയതായി സ്പെഷല്‍ബ്രാഞ്ച്. രാത്രിയില്‍ അപരിചിതനായ ഒരാളെ വനിതാ ഹോസ്റ്റലിനു മുന്നില്‍ കണ്ട സമീപവാസി ആരാണെന്ന് തിരക്കിയപ്പോള്‍ എസ്.ഐ. അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വന്നതിന്റെ കാരണം സമീപവാസിയെ ബോധ്യപ്പെടുത്താമായിരുന്നു. അതിനു പകരം കാര്യങ്ങള്‍ അന്വേഷിച്ചവരെ മര്‍ദിക്കുന്ന അവസ്ഥയാണുണ്ടായതെന്നും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മിഷണര്‍ക്കും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എസ്.പിക്കും കൈമാറിയിട്ടുണ്ട് .

Ads by Google
Sunday 29 Oct 2017 09.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW