Monday, October 30, 2017 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 01.49 AM

തര്‍ക്കം പൊട്ടിത്തെറിയിലേക്ക്‌, റവന്യൂ അധിപന്‍ ഞാന്‍ ; തിരിച്ചടിച്ച്‌ ചന്ദ്രശേഖരന്‍

uploads/news/2017/10/160149/k1.jpg

കാസര്‍ഗോഡ്‌/തൊടുപുഴ: തോമസ്‌ ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ, സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരില്‍നിന്ന്‌ അഭിമാനക്ഷതമേറ്റ സി.പി.ഐ. ശക്‌തമായി തിരിച്ചടിക്കുന്നു. റവന്യൂ വകുപ്പ്‌ ആരുടെയും തറവാട്ടുസ്വത്തല്ലെന്നു പ്രഖ്യാപിച്ച അഡ്വക്കേറ്റ്‌ ജനറല്‍ സി.പി. സുധാകരപ്രസാദിന്‌ അതേ നാണയത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മറുപടി നല്‍കി.
റവന്യൂ വകുപ്പിന്റെ അധിപന്‍ താനാണെന്നും കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ തറവാട്ടുസ്വത്തിന്റെ പ്രശ്‌നത്തില്‍ താന്‍ ഇടപെടുകതന്നെ ചെയ്യുമെന്നും മന്ത്രി വ്യക്‌തമാക്കി. അഡ്വക്കേറ്റ്‌ ജനറലിനു സര്‍ക്കാരിനു മുകളില്‍ അധികാരമില്ലെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തുറന്നടിച്ചു.
തോമസ്‌ ചാണ്ടിയുടെ ഭൂമി കൈയേറ്റവിഷയത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ രഞ്‌ജിത്‌ തമ്പാന്‍ ഹൈക്കോടതിയില്‍ ഹാജരാകണമെന്ന മന്ത്രിയുടെ നിര്‍ദേശം അഡ്വക്കേറ്റ്‌ ജനറല്‍ തള്ളിയതാണു സി.പി.ഐയെ ചൊടിപ്പിച്ചത്‌. കായല്‍ കൈയേറ്റം ശരിവച്ച ആലപ്പുഴ ജില്ലാ കലക്‌ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടി വേണമെന്ന മന്ത്രി ചന്ദ്രശേഖരന്റെ നിര്‍ദേശം റവന്യൂ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പി.എച്ച്‌. കുര്യനും തള്ളിയിരുന്നു.
സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും പിന്തുണയാണു മന്ത്രിക്കെതിരേ തിരിയാന്‍ രണ്ട്‌ ഉദ്യോഗസ്‌ഥര്‍ക്കും ധൈര്യം പകര്‍ന്നതെന്ന വിലയിരുത്തലിലാണു സി.പി.ഐ. നേതൃത്വം.
എ.ജിയുടെ നിലപാടിനെതിരേ രൂക്ഷവിമര്‍ശനമാണു മന്ത്രി ചന്ദ്രശേഖരന്‍ കാസര്‍ഗോട്ട്‌ ഉന്നയിച്ചത്‌. താന്‍ നല്‍കിയ കത്തിന്‌ എ.ജി. മറുപടി നല്‍കിയില്ലെന്നും ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന്‌ അദ്ദേഹം ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
എ.ജിയുടെ നിലപാടിനു മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. കോടതിയില്‍ എന്തു നിലപാടെടുക്കണമെന്നു തീരുമാനിക്കുന്നത്‌ എ.ജിയായിരിക്കാം, എന്നാല്‍ റവന്യൂ വകുപ്പിന്റെ നിലപാട്‌ വകുപ്പാണു തീരുമാനിക്കുന്നത്‌. ആ വകുപ്പിന്റെ അധിപന്‍ താനാണ്‌. കേസില്‍ അഡീ. എ.ജി: രഞ്‌ജിത്‌ തമ്പാന്‍തന്നെ വാദിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ചന്ദ്രശേഖരന്‍ വ്യക്‌തമാക്കി. റവന്യൂ വിഷയങ്ങള്‍ ആരുടെയും തറവാട്ടുസ്വത്തല്ലെന്ന എ.ജിയുടെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയപ്പോള്‍, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ തറവാട്ടുസ്വത്തിന്റെ പ്രശ്‌നമാണിതെന്നും അതില്‍ താന്‍ ഇടപെടുമെന്നും മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.
എ.ജിക്കു സര്‍ക്കാരിനു മുകളില്‍ യാതൊരു അധികാരമില്ലെന്നു തുറന്നടിച്ച്‌ മന്ത്രി ചന്ദ്രശേഖരനു ശക്‌തമായ പിന്തുണയുമായി പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ജനജാഗ്രതായാത്രയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ജി. സര്‍ക്കാരിന്റെ നിര്‍ദേശം സ്വീകരിക്കണോ വേണ്ടയോ എന്നു ഭരണഘടനയുടെ 165-ാം വകുപ്പ്‌ പരിശോധിച്ചാല്‍ വ്യക്‌തമാകും. ഓരോരുത്തര്‍ക്കും വ്യക്‌തമായ ചുമതലകള്‍ നല്‍കിയിട്ടുണ്ട്‌.
അതില്‍നിന്നു വ്യതിചലിക്കുമ്പോഴാണ്‌ അസ്വാരസ്യവും അതൃപ്‌തിയുമുണ്ടാകുന്നത്‌. അഡ്വക്കേറ്റ്‌ ജനറലിന്റെ നിലപാടുകള്‍ ശരിയാണോയെന്ന്‌ ഇപ്പോള്‍ പറയുന്നതില്‍ അര്‍ഥമില്ല. മുഖ്യമന്ത്രിയുടെ ഓഫീസ്‌ എ.ജിയുടെ നിലപാടുകളെ സ്വാധീനിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണ്‌.
കായല്‍ കൈയേറ്റക്കേസില്‍ ഹൈക്കോടതിയില്‍ ആരൊക്കെ ഹാജരാകണമെന്നതു നിയമപ്രശ്‌നമായിത്തന്നെ നിലനില്‍ക്കുകയാണ്‌. തോമസ്‌ ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തികച്ചും വ്യക്‌തിപരമാണ്‌. എ.കെ. ശശീന്ദ്രന്‍ ആരോപണവിധേയനായപ്പോള്‍ രാജിവച്ച്‌ അന്വേഷണത്തെ നേരിട്ടതുപോലെ എന്തുകൊണ്ടു തോമസ്‌ ചാണ്ടി ചെയ്യുന്നില്ല എന്ന ചോദ്യത്തിന്‌, കലക്‌ടറുടെ റിപ്പോര്‍ട്ട്‌ പരിശോധിച്ചു നടപടിയെടുക്കുമെന്നായിരുന്നു കാനത്തിന്റെ മറുപടി.

Ads by Google
Advertisement
Advertisement
Sunday 29 Oct 2017 01.49 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW