Monday, December 17, 2018 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 01.35 AM

ഷഡ്‌പദം -സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/10/160081/sun2.jpg

ആ രാത്രി രാമുവിന്‌ ഉറക്കം വന്നില്ല. സൗമിനി ഗാഢനിദ്രയിലാണെന്ന്‌ കൂര്‍ക്കം വലിയില്‍ നിന്നും അയാള്‍ മനസിലാക്കി. അവളുടെ മുഖത്തേക്ക്‌ അയാള്‍ സൂക്ഷിച്ചു നോക്കി. കണ്ണീര്‍പ്പാട്‌ ഉണങ്ങിയ കവിളുകള്‍. ഒരുപാട്‌ വേദനകള്‍ അവള്‍ ഉളളില്‍ ഒതുക്കുന്നുണ്ട്‌. ചിലപ്പോഴൊക്കെ തന്റെ അസാന്നിദ്ധ്യത്തില്‍ രഹസ്യമായി തേങ്ങാറുമുണ്ട്‌. പക്ഷെ തന്റെ മുന്നില്‍ അവള്‍ ഒന്നും ഭാവിക്കില്ല. ഏതെങ്കിലും തരത്തില്‍ വിഷമം അനുഭവിക്കുന്ന ഒരാളാണെന്ന്‌ തീരെ ഭാവിക്കില്ല. അതാണ്‌ തന്നെ തളര്‍ത്തിക്കളയുന്നത്‌. അവള്‍ ഉറക്കെ ഒന്ന്‌ ശാസിച്ചിരുന്നെങ്കില്‍, നേരിയ തോതിലെങ്കിലും പരിഭവിച്ചിരുന്നെങ്കില്‍, വായില്‍ കൊളളാത്ത രണ്ട്‌ ചീത്ത വിളിച്ചിരുന്നെങ്കില്‍, എങ്കില്‍ തനിക്ക്‌ ഇത്രയും വിഷമം തോന്നുമായിരുന്നില്ല. അവളുടെ മൗനം ക്രൂരമാണ്‌. മൂര്‍ച്ചയേറിയതും തന്നെ കുത്തിക്കൊല്ലാന്‍, മുറിവില്‍ നിന്ന്‌ രക്‌തം ഒഴുക്കാന്‍ കഴിയുന്ന, മാരക പ്രഹരശേഷിയുളള ഒന്നാണ്‌ ആ മൗനം.
ദുര്‍ബലനും നിസഹായനുമായ ഒരു ഭര്‍ത്താവിനെ വേള്‍ക്കേണ്ടി വന്ന ഒരു പെണ്‍കുട്ടി, ഒന്നും പുറമെ ഭാവിക്കാതെ തന്റെ വിധിക്ക്‌ നിശ്ശബ്‌ദം കീഴടങ്ങുന്നു.
തനിക്കറിയാം.എല്ലാ അര്‍ത്ഥത്തിലും ഈ വീട്ടില്‍ താന്‍ അന്യനാണ്‌. എല്ലാവരും തന്നെ സഹിക്കുകയാണ്‌. സ്‌നേഹിക്കുന്നതായി ഭാവിക്കുകയാണ്‌. അവരുടെ താത്‌കാലികമായ സമാധാനത്തിന്‌ വേണ്ടി. ജീവിതത്തിന്റെ താളം നിലനിര്‍ത്തുന്നതിനു വേണ്ടി. കച്ചവടത്തിന്‌ കൊളളാത്ത തന്നെ ഒപ്പം കൂട്ടുമ്പോഴും സൗമിനിയുടെ അ്‌ചഛന്റെ മനസ്‌ തന്നെ വെറുക്കുന്നുണ്ട്‌. കാര്യപ്രാപ്‌തിയില്ലാത്ത ഒരുവനെ സഹിക്കേണ്ടി വരുന്നതിലുളള അസഹ്യത അയാളുടെ മനസിന്റെ കോണുകളില്‍ പതിയിരിപ്പുണ്ട്‌. പുറമെ അനിഷ്‌ടം പ്രകടിപ്പിക്കാതെ ശ്രദ്ധിക്കുമ്പോഴും സൗമിനിയുടെ അമ്മ മനസുകൊണ്ട്‌ തന്നെ ശപിക്കുന്നുണ്ട്‌. മകള്‍ക്ക്‌ ലഭ്യമാകേണ്ടിയിരുന്ന വലിയ ഒരു ബന്ധവും സാദ്ധ്യതകളും താന്‍ കാരണമാണ്‌ ഇല്ലാതായത്‌. സ്വന്തം അമ്മയ്‌ക്കു പോലും ഉളളിന്റെയുളളില്‍ താനൊരു ബാധ്യതയാണ്‌. നന്നായി സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്യാന്‍ കഴിയുന്ന, സ്‌നേഹം പ്രകടിപ്പിക്കാനും നല്‍കാനും ശേഷിയുള്ള മക്കളെ കാണുമ്പോള്‍
അത്തരമൊന്ന്‌ സ്വന്തം വയറ്റില്‍ പിറന്നില്ലല്ലോയെന്ന്‌ അവര്‍ ഉളളുകൊണ്ടെങ്കിലും പരിതപിക്കും. ഇതൊക്കെ സാധാരണവും മനുഷ്യസഹജവുമാണ്‌. പ്രണയമാണ്‌ തന്നെ കുരുക്കിയത്‌. അനര്‍ഹമായ ഒരു ലോകത്ത്‌ വന്നുപെടാന്‍ ഇടയാക്കിയത്‌. ക്ഷണിക്കാതെ വന്നു കയറിയ വിരുന്നുകാരന്റെ ജാള്യവും ആത്മനിന്ദയും സഹിച്ച്‌ ജീവിക്കുന്നതിലും ഭേദം പലായനമാണ്‌. പ്രണയിച്ച്‌ ഒപ്പം കൂട്ടിയ പെണ്ണിനെ പാതിവഴിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുന്നതിലെ നൈതികത എന്താണെന്ന്‌ മനസാക്ഷി രാമുവിനോട്‌ ചോദിച്ചു. അതിനും അയാള്‍ക്ക്‌ ഉത്തരമുണ്ടായിരുന്നു.
പ്രണയം നിലനില്‍ക്കുമ്പോള്‍ മാത്രമാണ്‌, ആ അനുഭവതലത്തിലുടെ കടന്നു പോകുമ്പോള്‍ മാത്രമാണ്‌ ആ വാക്ക്‌ വിവക്ഷിക്കുന്ന അര്‍ത്ഥവും സൗന്ദര്യവും പ്രകാശവും പ്രസരിക്കുന്നുളളു. തന്റെയും സൗമിനിയുടെയും ജീവിതത്തില്‍ നിന്ന്‌ പ്രണയം എന്നേക്കുമായി ഒഴിഞ്ഞു പോയിരിക്കുന്നു. ഉത്തരവാദിത്തപുര്‍ണ്ണമായ ഒരു ജീവിതം നയിക്കുന്നതിലാണ്‌ അവളുടെ മുഴുവന്‍ ശ്രദ്ധയും. സൗമിനി ഇന്ന്‌ ഒരു കേവല പ്രണയിനിയല്ല. അവള്‍ രണ്ട്‌ കുട്ടികളുടെ അമ്മയാണ്‌. ഒരു കുടുംബത്തിന്റെ നാഥയാണ്‌. ദുര്‍ബലനായ ഒരു ഭര്‍ത്താവിന്റെ ചുമതലയുടെ അധികഭാരം കൂടി ഏറ്റെടുത്ത്‌ നടത്താന്‍ വിധിക്കപ്പെട്ടവളാണ്‌. ഒരേ സമയം രണ്ട്‌ അമ്മമാരുടെ ആകുലതകള്‍ ചുമക്കാന്‍ ബാധ്യസ്‌ഥയാണ്‌. അതിനിടയില്‍ എന്ത്‌ പ്രണയം?
തന്നെ സംബന്ധിച്ച്‌ താത്‌കാലികമായ ഒരു ഭ്രമം മാത്രമായിരുന്നു പ്രണയം. സൗമിനിയുടെ രൂപഭംഗിയോട്‌ തോന്നിയ ഒരാകര്‍ഷണം. അതിനെ പ്രണയം എന്ന്‌ വിളിക്കാനാവുമോ? പുതുമ മങ്ങുമ്പോള്‍ അത്‌ സ്വാഭാവികമായി കെട്ടടങ്ങുന്നു. വായനശാലയില്‍ നിന്ന്‌ കടമെടുത്ത്‌ വായിച്ച പുസ്‌തകത്തിലെ വരികള്‍ ഓര്‍മ്മ വരുന്നു.
''പ്രണയം കുന്നുകയറും പോലെയാണ്‌. ഉച്ചിയിലെത്തുന്നതോടെ അതിന്റെ കൗതുകം അവസാനിച്ചു''
അത്‌ നശ്വരമായ പ്രണയത്തിന്റെ കഥ. എന്നാല്‍ ജരാനരകള്‍ ബാധിച്ച ശേഷവും യൗവ്വനകാലത്തേക്കാള്‍ തീവ്രവും ആവേശകരവുമായി പ്രണയിച്ചവരില്ലേ? ശരീരത്ത്‌ ഒന്ന്‌ സ്‌പര്‍ശിക്കുക പോലും ചെയ്യാതെ പ്രണയിച്ചവര്‍. പരസ്‌പരം കാണാതെ പ്രണയിച്ചവര്‍. അവരുടെ സ്‌നേഹം മനസിലായിരുന്നു. മനസിനേക്കാള്‍ വലിയ ഒരു സത്യമുണ്ടോ?
പെട്ടെന്ന്‌ രാമു ചിന്തകള്‍ക്ക്‌ പൂര്‍ണ്ണവിരാമമിട്ടു. ഈയിടെയായി ചിന്തകള്‍ കാട്‌ കയറുന്നു. ഒരു വിഷയകേന്ദ്രീകൃതമായി തുടങ്ങും. പല വിഷയങ്ങളിലേക്ക്‌ തെന്നിനീങ്ങും. ചിന്തകള്‍ പോലും ഒന്നിലും ഉറച്ചുനില്‍ക്കുന്നില്ല. മനസ്‌ അലസമായി പാറി നടക്കുന്നു.
വിരക്‌തമായ മനസ്‌ സ്വയം തീര്‍ക്കുന്ന പ്രതിരോധമോ രക്ഷാകവചമോ ആവാം ഈ ചാഞ്ചാട്ടങ്ങള്‍. ഇതില്‍ നിന്നും മോചനം നേടാന്‍ ഒരു മാര്‍ഗമേയുളളു. പലായനം..! നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ നിന്നുളള മാറ്റം.
പലായനം ഏറ്റവും വലിയ രക്ഷാകവചമാണ്‌. എല്ലാറ്റില്‍ നിന്നും സ്‌ഥിരമോ അസ്‌ഥിരമോ ആയ ഒളിച്ചോടല്‍. അത്‌ നല്‍കുന്ന മാനസികസുഖവും സുരക്ഷിതത്വബോധവും അപാരമാണ്‌.
നമ്മുടെ ജീവിതം കൊണ്ട്‌ കുറഞ്ഞപക്ഷം നമുക്കെങ്കിലും ഗുണം വേണം. ആര്‍ക്കും വേണ്ടാത്ത, ഒന്നിനും കൊളളാത്ത ഒരു ജന്മം. എല്ലാവരാലും അപഹസിക്കപ്പെട്ട്‌ ആരുടെയോക്കെയോ ദയാവായ്‌പിനും ഔദാര്യത്തിനും വിധേയനായി ഒരു ജീവിതം. ഇത്‌ അവസാനിപ്പിക്കാന്‍ സമയമായി എന്ന്‌ രാമുവിന്‌ തോന്നി പക്ഷെ എങ്ങനെ? ആത്മഹത്യയാണ്‌ എല്ലാത്തില്‍ നിന്നും പെട്ടെന്ന്‌ രക്ഷപ്പെടാനും ഒളിച്ചോടാനുമുളള പോംവഴി. പക്ഷെ അതിനും തനിക്ക്‌ ധൈര്യമില്ല. ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കുന്ന പല മാര്‍ഗങ്ങളെക്കുറിച്ച്‌ ചിന്തിച്ചു. വിഷം, തൂക്കുകയര്‍, റെയില്‍പ്പാളം... ഓരോന്നും അനുഭവതലത്തില്‍ വരുമ്പോള്‍ സംഭവിക്കാനിടയുള്ള കാര്യങ്ങള്‍ മനസില്‍ സങ്കല്‍പ്പിച്ചു. ജീവനും മരണത്തിനുമിടയില്‍ പിടയുന്ന തീവ്രവേദനയുടെ നിമിഷങ്ങള്‍. തിളച്ച വെള്ളത്തില്‍ ചാടിയ പൂച്ചയുടെ ചിത്രം മനസില്‍ വന്നു. രാമുവിന്‌ വല്ലാത്ത അസഹ്യത തോന്നി. മരണം ജീവിതത്തേക്കാള്‍ ശ്രമകരമാണ്‌. ഭയാനകവും. വേണ്ട, തത്‌കാലം അതിനെക്കുറിച്ച്‌ ആലോചിക്കുക പോലും വേണ്ട.
പിന്നെന്താണ്‌ ഒരു പോംവഴി. ഈ നാടും സാഹചര്യങ്ങളും അത്‌ തന്നില്‍ അടിച്ചേല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്നും മോചനം വേണം.
പെട്ടെന്ന്‌ കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ട വാര്‍ത്ത മനസിലേക്ക്‌ കയറി വന്നു. ഒരു വെളിപാടു പോലെയായിരുന്നു അത്‌. ഒരു നിമിത്തം. തന്റെ നിയോഗത്തിന്റെ ഏതോ വേരുകള്‍ പൂണ്ട്‌ കിടക്കുന്ന മണ്ണ്‌ മാടി വിളിക്കും പോലെ. യാത്രയ്‌ക്കുളള വഴി അറിയില്ല. പരിചിതരില്ല. ഭാഷ പോലും അറിയില്ല. മലയാളം സംസാരിക്കുന്നവരുണ്ടെങ്കിലും തസ്രാക്ക്‌ ഭാഷയാണ്‌ അവിടെത്ത മുഖ്യ ആശയവിനിമയമാര്‍ഗം. എന്നിട്ടും അജ്‌ഞാതവും വിചിത്രവും ഒറ്റപ്പെട്ടതുമായ ആ ദ്വീപിലേക്ക്‌ എത്തിപ്പെടാന്‍ രാമുവിന്റെ മനസ്‌ തീവ്രമായി അഭിലഷിച്ചു.
കയ്യില്‍ കിട്ടിയ ഉടുപ്പുകള്‍, അത്യാവശ്യ വഴിച്ചെലവിനുളള പണം...അതുമാത്രം ഒരു തുകല്‍ബാഗിലേക്ക്‌ അടുക്കി വച്ചു. നിദ്രയുടെ സുഖകരമായ പരിലാളനയില്‍ അമര്‍ന്നു കിടക്കുന്ന സൗമിനിയെയും കുഞ്ഞുങ്ങളെയും മാറി മാറി നോക്കി. കൂടുതല്‍ സമയം അവിടെ നിന്നാല്‍ സ്വന്തം തീരുമാനങ്ങള്‍ മാറിമറിഞ്ഞേക്കാമെന്ന്‌ അയാള്‍ ഭയന്നു.
തിരിഞ്ഞു ശബ്‌ദമുണ്ടാക്കാതെ നടന്നു. ശബ്‌ദം തീരെ പുറത്തുകേള്‍ക്കാതെ കതകിന്റെ ഓടാമ്പല്‍ എടുത്തു.
ഇരുട്ടില്‍ വികാരങ്ങളില്ലാത്ത ഒരുവനെ പോലെ തീര്‍ത്തും നിസംഗനായി അയാള്‍ നടന്നു. അപമാനങ്ങളും അവഹേളനങ്ങളും പരിചിതരും ഇല്ലാത്ത ഒരു നാട്ടില്‍ എത്തിപ്പെടുക മാത്രമായിരുന്നു ലക്ഷ്യം.
കാസര്‍കോട്‌ വണ്ടിയിറങ്ങിയത്‌ ഓര്‍മ്മയുണ്ട്‌. അവിടെ നിന്ന്‌ സുല്‍ത്താന്‍ ബത്തേരിക്ക്‌. ഇനിയങ്ങോട്ട്‌ ബസ്‌ സര്‍വീസുകളില്ല. ഒരു ചരക്ക്‌ലോറിയില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്‌തത്‌ വഴിയുടെ അവസാനം എന്ന്‌ പറയാവുന്ന ഒരു വിജനപ്രദേശത്ത്‌ എത്തി. അവിടെ നിന്നങ്ങോട്ട്‌ വാഹനഗതാഗതമില്ല.
രണ്ട്‌ വഴികളാണുളളത്‌. ഒന്ന്‌ ചെന്നു നില്‍ക്കുന്നത്‌ ഒരു കായലിലേക്കാണ്‌. മറ്റൊന്ന്‌ കൊടും കാട്ടിലേക്കും. ജനവാസത്തിന്റെ വിദൂരസൂചന പോലുമില്ലാത്ത വിധം ഭീതിദമായ വന്യത നിറഞ്ഞ കാട്‌. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാണെന്ന്‌ ഒറ്റനോട്ടത്തില്‍ അറിയാം. മരണത്തേക്കാള്‍ കടുത്ത ഇരുട്ട്‌ വീണുകിടക്കുന്ന കാട്‌. നിലാവിന്റെ നേരിയ പാടവീണു കിടക്കുന്നതു കൊണ്ട്‌ മാത്രമാണ്‌ കാടാണെന്ന്‌ പോലും തിരിച്ചറിയാന്‍ കഴിയുന്നത്‌. അയാള്‍ മറുവഴിയിലുടെ അതിദ്രുതം നടന്ന്‌ കായല്‍ക്കരയിലെത്തി. മുനിഞ്ഞ്‌ കത്തുന്ന ഒരു വഴിവിളക്കും വിജനതയില്‍ ആരെയോ
കാത്തിരിക്കുന്ന ഒരു കടത്തുകാരനും മാത്രം ദൃശ്യമായി. ആ കടത്ത്‌വഞ്ചിയിലായിരുന്നു തുടര്‍യാത്ര. നാലുപാടും വെളളത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപിലേക്കായിരുന്നു ജലയാത്ര. ആളെയിറക്കി പണവും വാങ്ങി കടത്തുകാരന്‍ മടങ്ങിപ്പോയി. രാമുണ്ണി പല സംശയങ്ങള്‍ ചോദിച്ചെങ്കിലും അയാള്‍ ഒന്നിനും മറുപടി പറഞ്ഞില്ല. അയാള്‍ മുകനും ബധിരനുമാണോ എന്ന്‌ പോലും സംശയിച്ചു. കടത്ത്‌കൂലി എത്രയെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. ഒരു തുണ്ടുകടലാസില്‍ തുക കുറിച്ച്‌ കയ്യില്‍ തന്നു. വഞ്ചിയില്‍ താനൊഴികെ യാത്രികര്‍ ആരൂം തന്നെ ഉണ്ടായില്ല എന്നതും രാമുവെ അത്ഭുതപ്പെടുത്തി. ദ്വീപും പുറംലോകവുമായി കാര്യമായ സമ്പര്‍ക്കം ഒന്നും തന്നെയുണ്ടാവില്ലെന്ന്‌ അയാള്‍ ഊഹിച്ചു. പത്രവാര്‍ത്തയിലും അങ്ങനെയായിരുന്നല്ലോ സൂചിപ്പിച്ചിരുന്നത്‌.
കടത്ത്‌ ഇറങ്ങി കരയില്‍ എത്തിയ രാമു ചുറ്റുപാടും കണ്ണോടിച്ചു.
നേരം പുലര്‍ന്നു തുടങ്ങിയിരുന്നു. കുതിരവണ്ടിയിലും രഥങ്ങളിലും പല്ലക്കുകളിലുമായി ആളുകള്‍ യാത്ര ചെയ്യുന്നു. ഏതോ പൗരാണികകാലത്ത്‌ ചെന്നുപെട്ട പ്രതീതി അനുഭവപ്പെട്ടു രാമുവിന്‌. കെട്ടിടങ്ങളുടെ വാസ്‌തുവിദ്യ പോലും പൗരാണികശൈലിയിലുളളതായിരുന്നു.
ലക്ഷ്യമില്ലാത്ത നടത്തക്കിടയില്‍ സമീപത്ത്‌കൂടി നടന്നു പോയ തസ്രക്ക്‌ നിവാസികളെ രാമുണ്ണി ശ്രദ്ധിച്ചു. കാഴ്‌ചയില്‍ കുറുകിയവരാണ്‌ ഏറെയും. ചിലര്‍ അസാധാരണമാം വിധം ഉയരംകൂടി അകവളവുളളവര്‍. എല്ലാവരുടെയും കൃതാവ്‌ നീട്ടിയിരിക്കുന്നു. മുടിയിഴകള്‍ നാട്ടിലെ സ്‌പൈക്കുകളെ പോലെ എഴുന്നു നില്‍ക്കുന്നു. ഭൂമിശാസ്‌ത്രത്തിലെന്ന പോലെ ശരീര ശാസ്‌ത്രപരമായ പ്രത്യേകതകളിലും മൗലികത പ്രകടമായിരുന്നു.
അവര്‍ സംസാരിക്കുന്നത്‌ മലയാളമാണെങ്കിലും തമിഴ്‌-കന്നട-തുളു ഭാഷയുടെ സ്‌പര്‍ശം അതിലുണ്ടായിരുന്നു. പ്രഥമശ്രവണമാത്രയില്‍ അതിന്റെ ആന്തരാര്‍ത്ഥം ഗ്രഹിക്കുക അനായാസമല്ല.
രാമുണ്ണിയെ യഥാര്‍ത്ഥത്തില്‍ അലട്ടിയത്‌ ഇതൊന്നുമായിരുന്നില്ല. അപരിചിതമായ നാട്‌, അവ്യക്‌തമായ ഭാഷ, ലക്ഷ്യരഹിതമായ ആഗമനം... തുടര്‍ന്നുളള ജീവിതം ഇനി എങ്ങനെയെന്ന്‌ അയാള്‍ സ്വയം ചോദിച്ചു. അയാള്‍ക്ക്‌ അതിന്‌ ഉത്തരമില്ലായിരുന്നു. അച്‌ഛന്‍ പതിവായി പറയുന്ന വാക്കാണ്‌ പെട്ടെന്ന്‌ മനസിലേക്ക്‌ വന്നത്‌.
''വാ കീറിയ ദൈവം ഇരയും തരും''
പ്രായോഗിക തലത്തില്‍ അങ്ങനെ സമാധാനിക്കാന്‍ പഴുതുകളില്ലായിരുന്നു. അനിശ്‌ചിതവും ആശങ്കാകുലവുമായ ജീവിതാവസ്‌ഥ അയാളെ വല്ലാത്ത ഒരു മാനസികനിലയിലെത്തിച്ചു. ഇങ്ങോട്ട്‌ വരേണ്ടിയിരുന്നില്ലെന്ന്‌ പോലും തോന്നി. പക്ഷെ ചില അനിവാര്യതകളെ ചെറുക്കാന്‍ മനുഷ്യന്‌ കഴിയില്ല. രാമുണ്ണിക്ക്‌ നിയതി കല്‍പ്പിച്ച ചില ദൗത്യങ്ങളുണ്ട്‌. അത്‌ സാധിതമാവാന്‍ യോജിച്ച ഭൂമിക ഒരുപക്ഷെ ഇതായിരിക്കാം.
അങ്ങനെ സമാശ്വസിക്കുമ്പോഴും അജ്‌ഞേയമായ വിധിക്ക്‌ കാത്തിട്ടെന്ന പോലെ അലക്ഷ്യമായി എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു.

Ads by Google
Sunday 29 Oct 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW