Saturday, June 30, 2018 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 01.35 AM

മഞ്ഞില്‍ തെളിയുന്നു മണ്ണിന്റെ അതിജീവനം

uploads/news/2017/10/160080/sun1.jpg

കുടിയേറ്റക്കാരുടെ ചരിത്രം ഏറെ രചിക്കപ്പെട്ടിട്ടുള്ളതാണ്‌. എവിടെ നിന്ന്‌ എങ്ങോട്ടൊക്കെയോ, അവിടെ നിന്നു വീണ്ടും കണ്ണി മുറിയാത്ത ചങ്ങല പോലെ, അതു നീണ്ടു നിവര്‍ന്നു കിടക്കുന്നു. പത്തനംതിട്ടക്കാരന്‍ ജോസഫിന്‌ കര്‍ണാടക അതിര്‍ത്തിയിലുള്ള പാടിച്ചിറ ബസില്‍ കയറിയിറങ്ങിയാല്‍ അവിടെയുണ്ടാകും ഒരു ബന്ധു. മുണ്ടക്കയത്തുക്കാരന്‍ സതീഷിന്‌ തൃശൂര്‍ വടക്കാഞ്ചേരിയിലുമുണ്ടാകും ഒരു ബന്ധു. ഇങ്ങനെ നീണ്ടു കിടക്കുന്ന ബന്ധങ്ങളില്‍ കൂടിയുള്ളതാണ്‌ കുടിയേറ്റക്കാരുടെ ചരിത്രവും.
മലകളും അവയ്‌ക്ക് അരഞ്ഞാണം ചാര്‍ത്തിയപ്പോലെ വെള്ളച്ചാട്ടങ്ങളുമൊക്കെയുള്ള ഇടുക്കിയുടെ കുടിയേറ്റത്തിന്റെ ചരിത്രവും അതുപോലെയാണ്‌. വളവും തിരിവുകളും നിറഞ്ഞ വഴികളിലൂടെ ഏറെ കയറ്റം അവിടേയ്‌ക്ക് എത്താന്‍. എറണാകുളത്ത്‌ നിന്നെത്തുന്ന റോഡിനെ ഇടുക്കിയുമായി ബന്ധിപ്പിക്കുന്നത്‌ തൊടുപുഴയാണ്‌. കോട്ടയം ജില്ലയില്‍ നിന്ന്‌ അതിര്‍ത്തി ബന്ധിപ്പിക്കുന്നത്‌ മുണ്ടക്കയമാണ്‌. തമിഴ്‌നാട്ടില്‍ നിന്നാണെങ്കില്‍ കമ്പംമെട്ട്‌, കുമളി, ചരിത്രം അന്വേഷിച്ച്‌ ഇവയില്‍ ഏതു റോഡില്‍ കൂടി യാത്ര ചെയ്‌താലും ചെന്നെത്തുക ഉപ്പുതറയിലാവും.
ഇടുക്കിയുടെ കാര്‍ഷിക കുടിയേറ്റത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌ ഉപ്പുതറയില്‍ നിന്നാണ്‌. ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ ഗ്രാമമായ ഉപ്പുതറയിലെ നാട്ടുകാര്‍ ശതാബ്‌ദി ആഘോഷിക്കുമ്പോള്‍ അതു പൂര്‍വികര്‍ക്കുള്ള പുതുതലമുറയുടെ സ്‌മരണാഞ്‌ജലി കൂടിയാണ്‌. മധ്യ കേരളത്തില്‍ നിന്നാണ്‌ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം നുറു വര്‍ഷം മുമ്പ്‌ ആരംഭിച്ചതാണ്‌. അന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍ക്കു പുറമേ ഹൈറേഞ്ചിലെ മണ്ണിന്റെ ഫലഭൂയിഷ്‌ഠി കര്‍ഷകര്‍ തിരിച്ചറിഞ്ഞതാണ്‌ കുടിയേറ്റത്തിനു വഴിയൊരുക്കിയത്‌. 1914-ലെ ഒന്നാം ലോക മഹായുദ്ധം ഏല്‍പ്പിച്ച ആഘാതങ്ങള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താന്‍ ആളുകളെ പ്രേരിപ്പിച്ചു. ഹൈറേഞ്ച്‌ മേഖലയില്‍ ഇതിനോടകം വിദേശികള്‍ തേയിലക്കൃഷി ആരംഭിച്ചിരുന്നു. ചീന്തലാര്‍ എസ്‌റ്റേറ്റിനും കാക്കത്തോട്‌ റിസര്‍വ്‌ വനത്തിനുമിടയിലുള്ള റവന്യു ഭൂമിയെക്കുറിച്ചുള്ള അറിവ്‌ മധ്യകേരളത്തില്‍ എത്തിയതോടെയാണ്‌ കുടിയേറ്റ ചിന്തകള്‍ തളിരിട്ടത്‌.
അന്വേഷണ ഉദ്ദേശത്തോടെ ആദ്യം 1915-ല്‍ ഒരു സംഘമാളുകള്‍ ഇവിടെയെത്തി. പിന്നാലെ 1918-ലാണ്‌ സ്‌ഥിര താമസത്തിനായി അഞ്ച്‌ കുടുംബങ്ങള്‍ ഉപ്പുതറയിലെത്തുന്നത്‌. 1925 ഓടെ കുടിയേറ്റം സജീവമായി. പൂഞ്ഞാര്‍ കുരിശുമല വഴി കാല്‍നടയായാണ്‌ ആളുകള്‍ എത്തിയത്‌. ഹൈറേഞ്ചിന്റെ പിറവിയിലേക്കുള്ള യാത്രയുടെ തുടക്കം. എന്നാല്‍ സങ്കീര്‍ണത നിറഞ്ഞ നാളുകളാണ്‌ ഇവടെ കാത്തിരുന്നത്‌. മരണത്തിലേക്കു തള്ളിവിടുന്ന വ്യാധികള്‍, പ്രതികൂല കാലാവസ്‌ഥ, വന്യമൃഗങ്ങളുടെ ആക്രമണം, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം എന്നിവ വെല്ലുവിളിയായി. പ്രതിബന്ധകള്‍ ഓരോന്നായി തരണം ചെയ്‌ത് മണ്ണിലേക്കിറങ്ങി. കന്നില്‍ മണ്ണില്‍ കനകം വിളയിച്ചു തുടക്കം.
സാമ്പത്തികമായി നേടിയ പുരോഗതി നാടിനും സമൂഹത്തിനും ഉപകരിക്കുന്ന തരത്തില്‍ പുതിയ കൃഷിരീതികളും പദ്ധതികളും രൂപപ്പെട്ടു. കുത്തനെയുള്ള മലഞ്ചെരിവുകളില്‍ കാടു വെട്ടിത്തെളിച്ച്‌ തട്ടായി തിരിച്ച്‌ കൈയാല കെട്ടിയാണ്‌ ആദ്യകാലത്ത്‌ കുഷിയിറക്കിയിരുന്നത്‌. കാപ്പിയും കുരുമുളകും ഏലവും ഉള്‍പ്പെടെയുള്ള നാണ്യവിളകളും ഭക്ഷ്യവിളകളും ഇവിടെ തഴച്ചുവളര്‍ന്നു. ഈ പ്രേരണയാണ്‌ മറ്റു സ്‌ഥലങ്ങളിലേക്കും കുടിയേറാന്‍ ആളുകളെ പ്രേരിപ്പിച്ചത്‌.
1926-ലാണ്‌ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം സ്‌ഥാപിതമാകുന്നത്‌. ദീര്‍ഘവീക്ഷണത്തോടെയും ഭാവിതലമുറയ്‌ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയും തുടങ്ങിയ ഒ.എം എം.പി സ്‌കൂള്‍ ഇന്നും പ്രൗഢിയോടെ നിലനില്‍ക്കുന്നു. 1928-ല്‍ ഹൈറേഞ്ചിലെ ആദ്യ ദേവാലയമായ ഉപ്പുതറ സെന്റ്‌ മേരീസ്‌ പള്ളി നിര്‍മിച്ചു.
ഫാ. ജോസഫ്‌ ഓണംകുളത്തായിരുന്നു ഇവിടുത്തെ ആദ്യ വൈദികന്‍. 1954-ല്‍ ആദ്യ ഹൈസ്‌കൂളായ ഉപ്പുതറ സെന്റ്‌ ഫിലോമിനാസും സ്‌ഥാപിതമായി. പിന്നീട്‌ പഞ്ചായത്ത്‌ രൂപീകരിക്കുകയും പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളും ആരംഭിക്കുകയും ചെയ്‌തതോടെ വികസനത്തിലേക്കു ചുവടുവച്ചു. ഉപ്പുതറയിലെ കുടിയേറ്റത്തിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ മറ്റു മേഖലകളിലേക്കു കുടിയേറ്റക്കാര്‍ എത്തിയത്‌. 'ഗ്രോ മോര്‍ ഫുഡ്‌' കാമ്പയിന്റെ ഭാഗമായാണ്‌ രണ്ടര പതിറ്റാണ്ടിനു ശേഷം രണ്ടാംഘട്ട കുടിയേറ്റം നടന്നത്‌.
ഭാഷാടിസ്‌ഥാനത്തില്‍ സംസ്‌ഥാന അതിര്‍ത്തി നിശ്‌ചയിച്ച ശേഷമായിരുന്നു മൂന്നാം ഘട്ട കുടിയേറ്റം. പിന്നീടുള്ള വര്‍ഷങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ നിന്നുള്ളവര്‍ ഹൈറേഞ്ചിലേക്കു ചേക്കേറിത്തുടങ്ങി.

കുടിയേറ്റത്തിന്റെ പൂര്‍വികര്‍

1918-ല്‍ കോട്ടയം ജില്ലയിലെ തിടനാടു നിന്നു അഞ്ചു കര്‍ഷകരാണ്‌ കൃഷി ചെയ്‌തു ജീവിക്കുന്നതിനായി ഉപ്പുതറയിലേക്കു ചേക്കേറിയത്‌. കാണക്കാലില്‍ ജോസഫ്‌, പുതിയിടത്ത്‌ ദേവസ്യ, വാലുമ്മേല്‍ ചാക്കോ, പാറാവില്‍ ഫ്രഞ്ചു, മേച്ചേരില്‍ കുര്യന്‍ എന്നിവരുടെ കുടുംബങ്ങളായിരുന്നു അത്‌. 1926-ല്‍ രാമപുരം, കടനാട്‌, മാന്നാനം എന്നിവിടങ്ങളില്‍ നിന്നു നിരവധി പേര്‍ ഉപ്പുതറയിലെത്തി.
1920-ന്റെ ആരംഭത്തില്‍ മൈലാങ്കല്‍, വെള്ളാശേരി, കലയത്തിനാല്‍, കടുമ്മാക്കല്‍, പൊടിപാറ, ഐക്കരക്കുന്നേല്‍, എള്ളുപ്പാറ എന്നീ കുടുംബക്കാര്‍ എത്തി. വല്യ കപ്യാര്‍ എന്നറിയപ്പെട്ടിരുന്ന എള്ളുപ്പാറ ജോസഫ്‌ ദാനം നല്‍കിയ സ്‌ഥലത്താണ്‌ 1928-ല്‍ ഹൈറേഞ്ചിലെ ആദ്യ ദേവാലയമായ സെന്റ്‌ മേരീസ്‌ പള്ളി നിര്‍മിച്ചത്‌. ശതാബ്‌ദി ആഘോഷ വേളയില്‍ പിന്‍തലമുറ പൂര്‍വികരെ സ്‌മരിക്കുന്നു.

ശതാബ്‌ദി ആഘോഷം(1918-2018)

അതിജീവനത്തിന്റെ നുറു വര്‍ഷം പിന്നിടുമ്പോള്‍ കുടിയേറ്റത്തിന്റെ സ്‌മരണകള്‍ അയവിറക്കിയും പങ്കുവച്ചും ജാതി-മത-വര്‍ഗ വ്യത്യാസമില്ലാതെ പൂര്‍വികര്‍ പഠിപ്പിച്ച നല്ല മാതൃകകള്‍ ഉള്‍ക്കൊണ്ട്‌ പുതുതലമുറ ഒത്തുചേര്‍ന്നു ആഘോഷിക്കുകയാണ്‌. കഴിഞ്ഞ ഓഗസ്‌റ്റ് 15 ന്‌ കുടിയേറ്റ സ്‌മാരകത്തിന്റെ ശിലാസ്‌ഥാപനം നടത്തിയിരുന്നു. ആദ്യകാല കുടിയേറ്റ കര്‍ഷകരാണ്‌ ക്വാര്‍ട്ടേഴ്‌സ്പടി ജങ്‌ഷനു സമീപത്തു നിര്‍മിക്കുന്ന സ്‌മാരകത്തിന്റെ ശിലാസ്‌ഥാപനം നടത്തിയത്‌.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ്‌ സംഘാടക സമിതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. സംഗമങ്ങള്‍, സമ്മേളനങ്ങള്‍, സെമിനാറുകള്‍, അനുസ്‌മരണങ്ങള്‍, കലാ-കായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. വിവിധ കമ്മിറ്റികളുടെ രൂപീകരണവും ഈ മാസം നടക്കും. കുടിയേറ്റ സ്‌മരണികയും പുറത്തിറക്കും. 2018 ഓഗസ്‌റ്റ് 18 ന്‌ കുടിയേറ്റ ശതാബ്‌ദിയുടെ സമാപനം നടക്കും.

പി.ആര്‍. രതീഷ്‌

Ads by Google
Sunday 29 Oct 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW