Saturday, April 21, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 01.35 AM

പുനര്‍ജനി തേടുന്ന ചരിത്രസത്യങ്ങള്‍

uploads/news/2017/10/160079/sun5.jpg

മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ വീരത്വം നിറഞ്ഞ ചരിത്ര ഗാഥകള്‍ക്കും ദുരൂഹത ബാക്കിവച്ച സംഭവങ്ങള്‍ക്കും കഥയെ വെല്ലുന്ന ജീവിതം ജീവിച്ചുതീര്‍ത്ത്‌ മണ്‍മറഞ്ഞുപോയ വ്യക്‌തിത്വങ്ങള്‍ക്കും വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത പുസ്‌തകങ്ങള്‍ക്കും ചലച്ചിത്രഭാഷ്യം നല്‍കാനുള്ള നെട്ടോട്ടത്തിലാണ്‌. ഇത്തരം സിനിമകളുടെ പ്രോജക്‌റ്റുകള്‍ അനവധിയാണ്‌ ആഴ്‌ച്ചകള്‍തോറും പ്രഖ്യാപിക്കപ്പെടുന്നത്‌. ഇതില്‍ ആയിരം കോടിയുടെ വരെ പദ്ധതികളുണ്ട്‌.
മള്‍ട്ടിപ്ലെക്‌സുകള്‍ അനവധി കൊച്ചുകേരളത്തില്‍ ഉദയം ചെയ്‌തതും ഗള്‍ഫ്‌ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പ്രദര്‍ശന സൗകര്യങ്ങള്‍ ലഭിച്ചതും ബഹുഭാഷ റീമേക്ക്‌ സാധ്യതകളും ഉയര്‍ന്ന സാറ്റലൈറ്റ്‌ റൈറ്റുമെല്ലാം എത്ര പണം സിനിമയ്‌ക്കായി മുടക്കിയാലും അത്‌ തിരിച്ചുപിടിക്കാന്‍ കഴിയുന്ന ഒരു സ്‌ഥിതിവിശേഷം നിലവില്‍ മലയാളത്തില്‍ സംജാതമാക്കിയിട്ടുണ്ട്‌. ബാഹുബലിയുടെയും പുലിമുരുകന്റെയുയെല്ലാം ബോക്‌സോഫീസ്‌ കണക്കുകളാണ്‌ വമ്പന്‍ പ്രോജക്‌ടുകള്‍ക്ക്‌ പിന്നാലെ പോകാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്‌.

ചരിത്രം ഇതള്‍വിരിയുമ്പോള്‍...

ആയിരംകോടിയുടെ നിര്‍മാണ ചെലവുള്ള മഹാഭാരതത്തില്‍ മോഹന്‍ലാല്‍ ഭീമനാകുന്ന വാര്‍ത്ത വന്നതോടെയാണ്‌ ചരിത്ര-ഇതിഹാസ സിനിമകളുടെ കുത്തൊഴുക്ക്‌ തുടങ്ങിയത്‌. ഈ വിഭാഗത്തില്‍ കൂടുതല്‍ സിനിമകളും പറഞ്ഞുകേള്‍ക്കുന്നത്‌ മമ്മൂട്ടിയുടെ പേരിലാണ്‌. ഒടുവിലായി പ്രഖ്യാപിക്കപ്പെട്ടത്‌ സജീവ്‌ പിള്ള സംവിധാനം ചെയ്ുന്നയ മാമാങ്കമാണ്‌. ചിത്രത്തില്‍ മമ്മൂട്ടി ചാവേറായാണ്‌ വേഷമിടുന്നത്‌. പതിനേഴാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത്‌ ചോരയാല്‍ എഴുതിയ പോരാട്ടകാലമാണ്‌ പുനര്‍ജനിക്കുന്നത്‌. മമ്മൂട്ടിയുടെ പേരിലുള്ള മറ്റ്‌ പ്രോജക്‌റ്റുകള്‍ കുഞ്ഞാലി മരയ്‌ക്കാറും പയ്യമ്പിള്ളിചന്തുവുമാണ്‌. കുഞ്ഞാലി മരയ്‌ക്കാര്‍ ശങ്കര്‍ രാമകൃഷ്‌ണനും പയ്യമ്പിള്ളി ചന്തു രഞ്‌ജിത്തിന്റെ തിരക്കഥയില്‍ ഹരിഹാരനും സംവിധാനം ചെയ്യുമെന്നാണ്‌ കേള്‍ക്കുന്നത്‌. എന്നാല്‍ ഈ കാര്യത്തില്‍ പൂര്‍ണമായ വ്യക്‌തത ഇതുവരെ വന്നിട്ടില്ല.
സംവിധായകന്‍ വിജി തമ്പി, രണ്‍ജി പണിക്കരുടെ സംവിധാനത്തിലൊരുക്കുന്ന വേലുത്തമ്പി ദളവയില്‍ പൃഥ്വിരാജാണ്‌ നായകനാകുന്നത്‌. ഇതിന്റെ ചര്‍ച്ചകളും പുരോഗമിക്കുന്നു. മധ്യതിരുവിതാംകൂറില്‍ ജീവിച്ച നന്മയുള്ള കള്ളന്‍ കായംകുളം കൊച്ചുണ്ണിയാകുന്നത്‌ നിവിന്‍ പോളിയാണ്‌. റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന സിനിമയ്‌ക്ക് ബോബി-സഞ്‌ജയ്‌ ടീമാണ്‌ തിരക്കഥ ഒരുക്കുന്നത്‌. ഗോകുലം ഗോപാലനാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌. ഇനിയും ഇത്തരം സിനിമകള്‍ അനവധി പ്രഖ്യാപിക്കപ്പെടാനുള്ള സാധ്യതകളും ബാക്കിയാണ്‌. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി മധുപാലും, പൃഥ്വിരാജിനെ നായകനാക്കി ആര്‍.എസ്‌. വിമലും സംവിധാനം ചെയ്യാനിരുന്ന കര്‍ണ്ണന്റെ കാര്യം ഇപ്പോള്‍ എല്ലാവരും മറന്നമട്ടാണ്‌.

ദുരൂഹതയ്‌ക്ക് ഉത്തരം തേടി

കേരളത്തിന്റെ സ്വന്തം കപ്പലായിരുന്ന എം. വി കൈരളിയുടെ അപകടത്തെ മുന്‍നിര്‍ത്തി ചിത്രമൊരുക്കുന്നത്‌ യുവ ക്യാമറമാന്‍ ജോമോന്‍. ടി ജോണാണ്‌. ജോമോന്റെ ആദ്യ സംവിധാന സംരംഭമാണിത്‌. 1979 ല്‍ 49 യാത്രക്കാരുമായി കടലില്‍ അപ്രത്യക്ഷമായ കഥ വെള്ളിത്തിരയിലെത്തുമ്പോള്‍ നായകനാകുന്നത്‌ നിവിന്‍ പോളിയാണ്‌. സിദ്ധാര്‍ത്ഥ്‌ ശിവ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‌ കൈരളി എന്നു തന്നെയാണ്‌ പേരിട്ടിരിക്കുന്നത്‌.
കേരള പോലീസിന്റെ ചരിത്രത്തില്‍ തന്നെ ഇന്നും നാണക്കേടുണ്ടാക്കുന്ന കേസാണ്‌ ഫിലിം ഓപ്പറേറ്റര്‍ ചാക്കോ വധക്കേസ്‌. ആ കേസിലെ പ്രതിയും പിടികിട്ടാപുള്ളിയുമായ സുകുമാര കുറുപ്പിന്റെ ജീവിതവും സിനിമയാവുകയാണ്‌. ദുല്‍ഖറാണ്‌ സുകുമാര കുറുപ്പായി എത്തുന്നത്‌. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ്‌ ഷോയുടെ സംവിധായകനായ ശ്രീനാഥ്‌ രാജേന്ദ്രനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.
സ്വയം വിമാനം നിര്‍മ്മിച്ച്‌ പറപ്പിച്ച ഭിന്നശേഷിക്കാരനായ തൊടുപുഴക്കാരന്‍ സജി തോമസായി പൃഥ്വിരാജ്‌ അഭിനയിക്കുന്ന ചിത്രമാണ്‌ വിമാനം. ചിത്രം സംവിധാനം ചെയ്യുന്നത്‌ പ്രദീപ്‌ എം. നായരാണ്‌. വൈകല്യങ്ങള്‍ മറികടന്ന്‌ ജീവിതവിജയം സ്വന്തമാക്കിയ സജിയുടെ ത്രസിപ്പിക്കുന്ന ജീവിതം പറയുന്ന സിനിമയ്‌ക്കായി ഒരു ചെറുവിമാനം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്‌.
പ്രമുഖ സംവിധായകന്‍ സോഹന്‍ റോയി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ബേര്‍ണിങ്‌ വെല്‍സ്‌ കുവൈറ്റ്‌ യുദ്ധത്തെ അടിസ്‌ഥാനമാക്കിയാണ്‌ ഒരുക്കുന്നത്‌. ഐ.വി. ശശിയുമായി ചേര്‍ന്ന്‌ സിനിമ സംവിധാനം ചെയ്യാനായിരുന്നു ഉദ്ദേശ്യം. മൂന്നു വര്‍ഷം മുന്‍പേ ചിത്രത്തിനു വേണ്ടിയുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച്‌ തിരക്കഥ അവസാന ഘട്ടത്തിലായപ്പോഴാണ്‌ ഐ.വി. ശശി അന്തരിക്കുന്നത്‌.

വ്യക്‌തിജീവിതങ്ങള്‍

നടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ ജീവിതം സിനിമയാകുമ്പോള്‍ ചിത്രത്തില്‍ നിവിന്‍ പോളിയാണ്‌ എന്‍. എന്‍. പിള്ളയായി എത്തുന്നത്‌. രാജീവ്‌ രവിയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. നിവിനും രാജീവ്‌ രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്‌. ഇയ്യോബിന്റെ പുസ്‌തകം എന്ന സിനിമയുടെ രചന നിര്‍വഹിച്ച ഗോപന്‍ ചിദംബരമാണ്‌ സിനിമയുടെ തിരക്കഥയൊരുക്കുന്നത്‌. മലയാളിയുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ ചാലക്കുടിക്കാരന്‍ കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന സിനിമ ഒരുക്കുന്നത്‌ സംവിധായകന്‍ വിനയനാണ്‌. പരിമിത സാഹചര്യങ്ങളില്‍ വളര്‍ന്ന്‌ തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ മണിയുടെ വിജയഗാഥയാണ്‌ സിനിമയ്‌ക്കാധാരം. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്നാണ്‌ സിനിമയുടെ പേര്‌. പുതുമുഖ താരമായിരിക്കും സിനിമയില്‍ കലാഭവന്‍ മണിയായി വേഷമിടുക.
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയായി നടി മഞ്‌ജു വാര്യര്‍ വെള്ളിത്തിരയിലെത്തുന്ന സിനിമയാണ്‌ 'ആമി'. ഷൂട്ടിങ്‌ പൂര്‍ത്തിയായ ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും. കമലാണ്‌ സംവിധായകന്‍.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റനും പ്രതിരോധനിരയിലെ ഉരുക്കുമനുഷ്യനുമായിരുന്ന വി.പി സത്യന്റെ ജീവിത കഥ സിനിമയാകുമ്പോള്‍ ജയസൂര്യയാണ്‌ സത്യനായി കാമറയ്‌ക്ക് മുന്നിലെത്തുന്നത്‌ 2006ല്‍ ചെന്നൈയില്‍ ട്രയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്‌ത സത്യന്റെ ജീവിതത്തിലൂടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്‌ഥയും അനാവരണം ചെയ്യുന്നു. പ്രജേഷ്‌ സെന്നാണ്‌ സംവിധായകന്‍.
തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ സിനിമയാകുമ്പോള്‍ ചിത്രത്തില്‍ ബിജു മേനോനാണ്‌ നായകനായി എത്തുന്നത്‌. കൊല്ലത്തെ പ്രമുഖ കള്ളനായിരുന്ന തസ്‌കരന്‍ മണിയന്‍പിള്ളയുടെ സിനിമകഥയെ വെല്ലുന്ന ജീവിതം മലയാളിക്ക്‌ പരിചയപ്പെടുത്തിയത്‌ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജി.ആര്‍. ഇന്ദുഗോപനാണ്‌. തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെയും വിജയത്തിനുശേഷം നിര്‍മ്മാതാവ്‌ സന്ദീപ്‌ സേനനാണ്‌ സിനിമയ്‌ക്ക് മുതല്‍മുടക്കുന്നത്‌.
കേരളത്തിന്റെ നവോത്ഥാനകവി കുമാരനാശാന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന സിനിമ ഷോര്‍ട്ട്‌ ഫിലിമുകളിലൂടെ ശ്രദ്ധേയനായ വിഷ്‌ണൂബുദ്ധനാണ്‌ സംവിധാനം ചെയ്യുന്നത്‌. താരനിര്‍ണയം പൂര്‍ത്തിയായി വരുന്നു. സംഗീത സാന്ദ്രമായ ഈ സിനിമയില്‍ മലയാളം തമിഴ്‌ സിനിമകളിലെ പ്രശസ്‌ത താരങ്ങളും അഭിനയിക്കും.

സിനിമയുടെ വാതില്‍ തുറന്ന്‌ പുസ്‌തകങ്ങള്‍

മലയാള നോവല്‍ സാഹിത്യത്തിലെ ക്ലാസിക്കായ തകഴിയുടെ 'കയര്‍' പ്രമേയമാക്കി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സംവിധായകന്‍ ജയരാജ്‌ . നവരസ പരമ്പരയിലെ ആറാം ചിത്രമെന്ന നിലയിലാണ്‌ 'ഭയാനകം' എന്നുപേരിട്ട ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്‌. വിവിധ തലമുറകളുടെ കഥ പറയുന്ന നോവലിലെ കഥാപാത്രങ്ങളില്‍ ഒന്നായ പോസ്‌റ്റുമാനാണ്‌ ചിത്രത്തിലെ നായകന്‍. രണ്‍ജി പണിക്കര്‍ പോസ്‌റ്റുമാനായി എത്തുന്നു. ജയരാജ്‌ തന്നെയാണ്‌ തിരക്കഥയും സംഭാഷണവും രചിക്കുന്നത്‌.
ബെന്ന്യാമിന്റെ പ്രശസ്‌തമായ നോവല്‍ ആടുജീവിതം സിനിമയാകുമ്പോള്‍ നായകനായ നജീബാകുന്നത്‌ പൃഥ്വിരാജാണ്‌ . ചിത്രം ബ്ലെസി സംവിധാനം ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ വൈകാതെയുണ്ടാകും. സി.വി ബാലകൃഷ്‌ണന്റെ നോവല്‍ കാമമോഹിതവും ചര്‍ച്ചകളിലുണ്ട്‌.

എം.എ ബൈജു

Ads by Google
Sunday 29 Oct 2017 01.35 AM
YOU MAY BE INTERESTED
TRENDING NOW