Monday, December 17, 2018 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 01.35 AM

സഞ്ചാരികളോട്‌ കഥ പറയുന്ന മണ്ട്രോത്തുരുത്ത്‌

uploads/news/2017/10/160077/sun3.jpg

തീരത്തെത്തുന്ന സഞ്ചാരികളോട്‌ മണ്‍ട്രോക്ക്‌ പറയാന്‍ നിരവധി കഥകളുണ്ട്‌. അതില്‍ ചരിത്രവും അതിജീവനവും എല്ലാം ഉള്‍ക്കൊള്ളുന്നു. കൊല്ലം ജില്ലയില്‍ അഷ്‌ടമുടിക്കായലിനും കല്ലടയാറിനും നടുവിലായി സ്‌ഥിതിചെയ്യുന്ന ഒരു കുഞ്ഞന്‍ തുരുത്താണ്‌ മണ്‍ട്രോ. നാലു വശവും വെള്ളം. തീരം തുടര്‍ച്ചയായി വെള്ളത്തിലേക്ക്‌ ഇടിഞ്ഞു വീണു ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ സുന്ദര തീരം ഭൂമുഖത്ത്‌ നിന്നുമില്ലാതാകാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ല. കടല്‍ വിഴുങ്ങുന്ന മാലി എന്ന സുന്ദരമായ കൊച്ചു രാജ്യത്തിന്റെ അവസ്‌ഥതന്നെയാണ്‌ മണ്‍ട്രോ തുരത്തും നേരിടുന്നത്‌.
റാണി ലക്ഷ്‌മി ഭായി തമ്പൂരാട്ടി ഇമ്മിണി തമ്പുരാന്‍ എന്ന വ്യക്‌തിക്ക്‌ ഇഷ്‌ടദാനമായി കൊടുത്ത സ്‌ഥലമാണ്‌ മണ്‍ട്രോ. പില്‍കാലത്തു ഇമ്മിണി തമ്പുരാന്‍ കോട്ടയത്തുള്ള ഒരു ക്രിസ്‌ത്യന്‍ മിഷനറിക്ക്‌ നല്‍കുകയും അവര്‍ വിദ്യാഭ്യാസം നടത്തുന്നതിന്‌ കേണല്‍ മണ്‍ട്രോ സായിപ്പിന്‌ ഈ സ്‌ഥലം നല്‍കുകയും ചെയ്‌തു. സായിപ്പിന്‌ തുരുത്ത്‌ വളരെ ഇഷ്‌ടപ്പെട്ടെങ്കിലും അദ്ദേഹം അവിടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. ഇന്ന്‌ കേണല്‍ മണ്‍ട്രോയുടെ പേരില്‍ അറിയപ്പെടുന്ന ഈ തീരത്ത്‌ 1000ത്തോളം ആളുകള്‍ പാര്‍ക്കുന്നുണ്ട്‌. അഷ്‌ടമുടിക്കായലും കല്ലടയാറും അതിരിടുന്ന ചെറുദ്വീപിലൂടെയുള്ള ജലയാത്രതന്നെയാണ്‌ മണ്‍ട്രോ യാത്രയുടെ ഹൈലൈറ്റ്‌. ബ്രിട്ടീഷ്‌ നിര്‍മിതികള്‍, പുരാതന ശേഖരങ്ങള്‍, പഴയ പള്ളികള്‍ എന്നിങ്ങനെ നീളുന്ന ചരിത്രാവശേഷിപ്പുകളും ആദ്യത്തെ കോളേജ്‌ കെട്ടിപ്പൊക്കാനുള്ള മൂലധനത്തിന്റെ ഉത്ഭവസ്‌ഥാനമെന്ന ചരിത്രപ്രാധാന്യവുമാണ്‌ മണ്‍ട്രോയെ മറ്റു ദ്വീപുകളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്‌.
അതുകൊണ്ടായിരിക്കണം ഫെയ്‌സ്ബുക്കിലെ കൂട്ടായ്‌മയായ സഞ്ചാരിയുടെ കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മണ്‍ട്രോ തുരത്തിന്‌ അടുത്തറിയാന്‍ അവസരമൊരുക്കിയപ്പോള്‍ മുഴുവന്‍ സീറ്റുകളും ഒറ്റദിവസം കൊണ്ടു തന്നെ ബുക്കായത്‌. സഞ്ചാരികളുടെ നിരന്തര സമ്മര്‍ദത്തിന്‌ വഴങ്ങി അവസാനം കൊല്ലം സഞ്ചാരി ഗ്രൂപ്പ്‌ 40 എന്ന അംഗസംഖ്യയെ 66 വരെ ഉയര്‍ത്തി. സ്വന്തം നാടിന്റെ അഭിമാന ചിഹ്നമായി മാറി കഴിഞ്ഞ മണ്‍ട്രോ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക്‌ മുന്നില്‍ തുറന്നുകാട്ടാന്‍ അത്രത്തോളം ആവേശമുണ്ടായിരുന്നു കൊല്ലം സഞ്ചാരി ഗ്രൂപ്പിലെ അഡ്‌മിന്‍ പാനലിന്‌. മണ്‍ട്രോയിലെ ഗ്രാമജീവിതത്തെ അടുത്തറിഞ്ഞ്‌ ജനജീവിതം അതിന്റെ തനിമ ചോരാതെ കാണാന്‍ സാധിക്കുമെന്നതു തന്നെയാണ്‌ കൊല്ലം സഞ്ചാരി ഗ്രൂപ്പ്‌ നേതൃത്വം നല്‍കിയ ഈ യാത്രയിലേക്ക്‌ തള്ളിക്കയറാന്‍ ഓരോ സഞ്ചാരിക്കും പ്രേരണയായതെന്നുവേണം കരുതാന്‍.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നെത്തിയ സഞ്ചാരികള്‍ കൃത്യസമയം പാലിച്ചെങ്കിലും മഴ ചതിച്ചതോടെ യാത്ര തുടങ്ങാന്‍ വൈകി. രാവിലെ തന്നെ തോണിയില്‍ കയറി യാത്ര തുടങ്ങിയാല്‍ മാത്രമേ വെയില്‍ ശക്‌തമാകുന്നതിന്‌ മുമ്പേ തിരിച്ചെത്താന്‍ കഴിയുകയുള്ളു. ഇത്‌ സഞ്ചാരികളെയും സംഘാടകരെയും ഒരു പോലെ വിഷമത്തിലാക്കിയെങ്കിലും അല്‍പസമയം കൊണ്ടു തന്നെ മഴ പിന്‍മാറി. ഒപ്പം സഞ്ചാരികളുടെ മണ്‍ട്രോ തീരത്തേക്കുള്ള പ്രയാണത്തിനും തുടക്കമായി. ഓളങ്ങളെ കീറിമുറിച്ചു മെല്ലെ നീങ്ങുന്ന വള്ളത്തിലൂടെയുള്ള യാത്ര സഞ്ചാരികളെ സംബന്ധിച്ച്‌ ഒരേ സമയം ആനന്ദകരവും ആസ്വാദ്യകരവുമാണ്‌. കല്ലടയാറ്റില്‍ കൂടിയുള്ള യാത്ര മെല്ലെ അഷ്‌ടമുടി കായലിലേക്ക്‌ കടക്കും, അവിടെ നിന്നും കൊച്ചു കൊച്ചു കൈതോടുകളിലേക്കും. രണ്ടു കരകളെ ബന്ധിപ്പിക്കുന്നത്‌ ഈ തോടുകള്‍ക്ക്‌ കുറുകെയുള്ള പാലങ്ങളാണ്‌. ഒരു കൊച്ചു വള്ളം മാത്രം കടന്നുപോകാന്‍ പൊക്കമുള്ളത്‌. എത്ര വലിയവനും ഇവിടെ തല കുനിച്ചേ പറ്റൂ. ചില സ്‌ഥലങ്ങളില്‍ ഇരുവശത്തും ചെമ്മീന്‍കെട്ടും മറ്റു കൃഷികളും കാണുവാന്‍ സാധിക്കും.
കാഴ്‌ചയിലെ ഭംഗി ഇന്നത്തെ ദ്വീപ്‌ നിവാസികളുടെ ജീവിതത്തിനില്ലയെന്നതാണ്‌ മറ്റൊരു വസ്‌തുത. കല്ലട ജലസേചന പദ്ധതി വരുന്നതിന്‌ മുമ്പേ , കല്ലടയാറ്റിലെ എക്കല്‍ മണ്ണ്‌ അവിടുത്തെ കൈത്തോടുകളില്‍ നിക്ഷേപിക്കുകയും, അത്‌ കോരി കരയ്‌ക്കിട്ടു കൃഷിയോഗ്യമാക്കിയാണ്‌ മണ്‍ട്രോ തുരത്തില്‍ കാര്‍ഷിക പ്രവൃത്തികള്‍ നടന്നിരുന്നത്‌. എന്നാല്‍ തെന്മല ഡാമിന്റെ നിര്‍മാണത്തിന്‌ ശേഷം ഓരോ ഇടവേളയിലും 'വേലിയേറ്റം' , 'വേലിയിറക്കം' എന്നീ പ്രതിഭാസങ്ങള്‍ക്ക്‌ കാരണമായി, തന്മൂലം കായലിലെ ഉപ്പുവെള്ളം ഉയരുകയും, കൃഷി നഷ്‌ടപ്പെടുകയും ദ്വീപ്‌ നിവാസികളുടെ വീട്ടിനകത്തേക്ക്‌ വെള്ളം കയറുന്ന അവസ്‌ഥയുണ്ടാകുകയും ചെയ്‌തു. വേനലില്‍ പോലും ഉപ്പുവെള്ളം ഉയരാറുണ്ടെന്നാണ്‌ പരിസരവാസികള്‍ പറയുന്നത്‌. പല കുഞ്ഞു ദ്വീപുകളെയും ഇതിനോടകം തന്നെ കായല്‍ വിഴുങ്ങി കഴിഞ്ഞിരിക്കുന്നു. പലരും ഉള്ളതെല്ലാം വിറ്റു മറ്റുസ്‌ഥലങ്ങളിലേക്ക്‌ താമസം മാറി. വിദേശത്ത്‌ നിന്നും സ്വദേശത്തു നിന്നും നിരവധി വിദഗ്‌ധര്‍ വന്നു പോയെങ്കിലും സ്‌ഥിരമായൊരു പോംവഴി കണ്ടെത്താന്‍ ആര്‍ക്കുമായില്ല. ദ്വീപിനെ മുങ്ങുന്നതില്‍നിന്നു രക്ഷിക്കാന്‍ കണ്ടല്‍ച്ചെടികള്‍ ഇപ്പോള്‍ അഷ്‌ടമുടി കായലിനു ചുറ്റും പലയിടങ്ങളിലായി നടുന്നുണ്ടെന്ന്‌ മാത്രം.
മൂന്ന്‌ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തോണിയാത്രക്കിടെ സഞ്ചാരികളെ അഷ്‌ടമുടിക്കായലിലെ കുളിര്‍കാറ്റും പിന്നെ രാവിലെ ആണെങ്കില്‍ പോലും കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂടും വരവേറ്റു. എന്നാല്‍ കായല്‍ സൗന്ദര്യവും കണ്ടല്‍ വനങ്ങളും കൃഷിയിടങ്ങളും എല്ലാം ചേര്‍ന്ന്‌ സഞ്ചാരികള്‍ക്ക്‌ നല്‍ക്കുന്ന കാഴ്‌ചവിരുന്നിന്‌ മുന്നില്‍ തളര്‍ന്നിരിക്കാന്‍ സഞ്ചാരിക്കൂട്ടത്തില്‍ ആരും തയാറായിരുന്നില്ല. ഒടുവില്‍ വള്ളത്തില്‍ ഉള്ള യാത്രയ്‌ക്ക് തല്‍ക്കാലം വിരാമമിട്ടുകൊണ്ട്‌ പ്രഭാത ഭക്ഷണത്തിനായി തോണി കരയ്‌ക്കടുത്തു. നല്ല ചൂട്‌ കപ്പയും മുളകരച്ചതുമായിരുന്നു പ്രഭാതഭക്ഷണം. വൈകി തുടങ്ങിയ യാത്ര വൈകി അവസാനിച്ചപ്പോള്‍ വിശപ്പിന്റെ വിളി അത്യുന്നതങ്ങളിലായിരുന്നു. പലരും പ്രഭാതഭക്ഷണം ആസ്വദിച്ച്‌ 'ആര്‍ത്തി' യോടെ കഴിക്കുന്നത്‌ കാണാമായിരുന്നു. അവിടെ നിന്നും മണ്‍ട്രോ തുരുത്തിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ 'വേടന്‍ചാടി മല'യിലേക്കാണ്‌ പിന്നീടു സഞ്ചാരികള്‍ നീങ്ങിയത്‌.
അധികമാര്‍ക്കും അറിയാത്ത ഈ കൊച്ചു മലയിലേക്ക്‌ ഒരു ചെറിയ ഓഫ്‌റോഡും, തോണികടത്തും കടന്നു ഏകദേശം മൂന്നു കിലോമീറ്റര്‍ നടന്നുവേണം ഇവിടെയെത്താന്‍. ഒരു മൂന്നു നില കെട്ടിടത്തിന്റെ ഉയരമുള്ള മല, താഴെ അഷ്‌ടമുടി കായലില്‍ ഓളപ്പരപ്പുകള്‍ അലയടിക്കുന്നു. 1878ല്‍ ഡച്ച്‌ വാസ്‌തുശില്‌പവിദ്യയില്‍ നിര്‍മിച്ച മണ്‍ട്രോയിലുള്ള ഒരു പഴയ പള്ളിയിലാണ്‌ ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്‌. അവിടെ എത്തി ഉച്ചഭക്ഷണവും കഴിഞ്ഞ്‌ ഓരോരുത്തരും യാത്രാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവച്ചു അടുത്ത യാത്രയില്‍ കണ്ടുമുട്ടാം എന്ന വാക്കു നല്‍കി പിരിഞ്ഞു.

രാജേഷ്‌ രാധാകൃഷ്‌ണന്‍

Ads by Google
Sunday 29 Oct 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW