Sunday, November 18, 2018 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 01.24 AM

ഒരു ചെറിയ പെന്‍സില്‍!

uploads/news/2017/10/160055/re5.jpg

ഗാന്ധിജിയുടെ ജീവിതത്തിലെ ഒരു സംഭവ കഥയാണ്‌. ഏതോ സാധനത്തിനു വേണ്ടി ശുഷ്‌കാന്തിയോടെ ഗാന്ധിജി പരതുന്നത്‌ അടുത്ത സഹായി മീരാബെന്‍ കണ്ടു. വളരെ ആകാംക്ഷാഭരിതനായി അദ്ദേഹം കാണപ്പെട്ടതിനാല്‍ അവര്‍ അന്വേഷിച്ചു: 'ബാപ്പുജി, എന്തെങ്കിലും വിലപിടിച്ച സാധനമാണോ തെരയുന്നത്‌? അങ്ങ്‌ വളരെ ആകാംക്ഷാഭരിതനാണല്ലോ.'
'ഒരു പെന്‍സി ല്‍'. അന്വേഷണത്തില്‍ മുഴുകിക്കൊണ്ടു തന്നെ അദ്ദേഹം മറുപടി പറഞ്ഞു.
'അതു വളരെ വലുതാണോ?'
'ചെറുതാണ്‌. എന്റെ തള്ളവിരലിനോളം വരും!' അദ്ദേഹം മറുപടി നല്‍കി.
അതിശയത്തോടെ അവര്‍ ചിരിച്ചു. ഒരു തുണ്ടു പെന്‍സിലിനു വേണ്ടി അദ്ദേഹം ഇത്രയേറെ ശുഷ്‌കാന്തി കാണിക്കുന്നത്‌ എന്തിനാണെന്ന്‌ ആശ്രമത്തിലെ എല്ലാവരും അത്ഭുതപ്പെട്ടു.
ആശ്രമത്തിലെ ഒരു അന്തേവാസി പുതിയ ഒരു പെന്‍സില്‍ കൊണ്ടുവന്നു ബാപ്പുജിക്കു നല്‍കി. അദ്ദേഹത്തിനാണെങ്കില്‍ ദേഷ്യമാണു വന്നത്‌. 'പുതിയ പെന്‍സില്‍ കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെട്ടോ?' ശാസനാരൂപത്തില്‍ അദ്ദേഹം ചോദിച്ചു.
നഷ്‌ടപ്പെട്ട പെന്‍സില്‍ തുണ്ടിനുവേണ്ടിയുള്ള തെരച്ചില്‍ ഗാന്ധിജി തുടര്‍ന്നു. ഒടുവില്‍ കുറെ കടലാസുകള്‍ക്കിടയില്‍ അതു കണ്ടെത്തുകയും ചെയ്‌തു.
'അതിവിടെയുണ്ട്‌. ഞാന്‍ കണ്ടെത്തി!' വളരെ ആഹ്ലാദത്തോടെ ഗാന്ധിജി പറഞ്ഞു.
എന്തെങ്കിലും സ്‌ഥാനം തെറ്റി വയ്‌ക്കുന്നതും അശ്രദ്ധകാരണം നഷ്‌ടപ്പെടുന്നതും അദ്ദേഹത്തിന്‌ ഇഷ്‌ടമല്ലായിരുന്നു.
ഇതുപോലെ രസാവഹവും നിര്‍ദേശകവുമായ മറ്റൊരു സംഭവം കൂടിയുണ്ട്‌.
ഭക്ഷണത്തോടൊപ്പം ഒരു സ്‌പൂണ്‍ തേന്‍കൂടി ഗാന്ധിജി നിത്യവും കഴിക്കുമായിരുന്നു. ഒരിക്കല്‍ ഏതോ പട്ടണത്തില്‍ ക്യാംപിനു പോയപ്പോള്‍, ഗാന്ധിജിയുടെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്ന മീരാബെന്‍ തേന്‍കുപ്പി എടുക്കാന്‍ മറന്നുപോയിരുന്നു. അതിനാല്‍, ഒരു കുപ്പി തേന്‍ അവര്‍ പ്രാദേശികമായി വാങ്ങി. അതു കണ്ടപ്പോള്‍ ഗാന്ധിജി ചോദിച്ചു: 'ആശ്രമത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന മറ്റേ കുപ്പിക്ക്‌ എന്തുപറ്റി?'
'ആശ്രമത്തില്‍നിന്നു അതു കൊണ്ടുവരാന്‍ ഞാന്‍ മറന്നു പോയി'-സാധാരണ രീതിയില്‍ അവര്‍ മറുപടി പറഞ്ഞു.
ഗാന്ധിജിക്ക്‌ പ്രകടമായിത്തന്നെ ദേഷ്യം വന്നു.
ആ കുപ്പിയിലെ തേന്‍ അങ്ങനെ കളയാന്‍ പാടുണ്ടോ? അദ്ദേഹം അങ്ങനെ ചോദിക്കുകയും പുതിയ കുപ്പിയില്‍ നിന്നു തേന്‍ കുടിക്കാന്‍ വിസമ്മതിക്കുകയും ചെയ്‌തു. ആശ്രമത്തില്‍ തിരിച്ചെത്തി പഴയ കുപ്പിയിലെ തേന്‍ പൂര്‍ണമായി ഉപയോഗിക്കുന്നതുവരെ ഈയവസ്‌ഥ തുടര്‍ന്നു.
എത്ര നിസാരമായ കാര്യമാണെങ്കിലും എന്തെങ്കിലും ദുര്‍വിനിയോഗം ചെയ്യുന്നുത്‌ രാഷ്ര്‌ടപിതാവായ ഗാന്ധിജി വെറുത്തിരുന്നു.
ജീവിതത്തില്‍ നാം ചില തത്ത്വങ്ങള്‍ പാലിക്കുന്നവരായിരിക്കണം. സമൂഹത്തില്‍ നാം ജീവിക്കുമ്പോള്‍ ലക്ഷ്യബോധവും ഉത്തരവാദിത്ത ബോധവും ഉള്ളവരായിരിക്കണം.
പലപ്പോഴും മനുഷ്യന്‍ ആഢംബരപ്രിയനാണ്‌. ഉപയോഗമില്ലാത്ത വസ്‌തുക്കള്‍ പോലും വാങ്ങിക്കൂട്ടും. ഇപ്പോഴത്തെ കച്ചവടരീതി വളരെ ആകര്‍ഷകമാണ്‌. ആവശ്യമില്ലാത്ത സാധനങ്ങള്‍ പോലും ചില പരസ്യം കണ്ടാല്‍ വാങ്ങിപ്പോകും. വിലക്കുറവും സൗജന്യവും നോക്കി വാങ്ങിക്കൂട്ടുന്ന പലതും നിലവാരമില്ലാത്തതും ആയിരിക്കും. അതുകൊണ്ട്‌ ആവശ്യമുള്ള കാര്യങ്ങള്‍ വാങ്ങുവാന്‍ നാം ശ്രദ്ധിക്കണം. പണം ദുര്‍വിനിയോഗം ചെയ്യരുത്‌. അത്‌ കടക്കെണിയിലേക്ക്‌ നയിക്കും.
മലയാളികള്‍ പാഴാക്കുന്ന ഭക്ഷണമുണ്ടെങ്കില്‍ ആഫ്രിക്കയിലെ ചില രാജ്യത്തെ പട്ടിണിയകറ്റാം എന്ന്‌ ഒരാള്‍ പറയുകയുണ്ടായി. ചിലര്‍ ഹോട്ടലില്‍ കയറിയാല്‍ കുറെയേറെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. ചിലതൊക്കെ കഴിക്കും. ബാക്കി വേസ്‌റ്റ് ആകും. വീട്ടിലായാലും പുറത്തായാലും ഭക്ഷണം പാഴാക്കരുത്‌. നമുക്കുചുറ്റും എത്രയോ ആളുകളാണ്‌ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നത്‌.
വിവാഹമൊക്കെ വലിയ ഉത്സവമാക്കുന്നവരുണ്ട്‌. അനാവശ്യമായി പണം ഒഴുക്കികളയുകയാണ്‌ ഇങ്ങനെയുള്ളവര്‍. അത്‌ വലിയ തെറ്റാണ്‌. നമുക്കുള്ള കാര്യങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാനും നാം ശീലിക്കണം. പേപ്പര്‍, പേന, പെന്‍സില്‍, പാത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യരുത്‌. മൊബൈല്‍ ഫോണ്‍ മോഡല്‍ അനുസരിച്ച്‌ മാറുന്നതു കൊണ്ട്‌ ധനനഷ്‌ടമേയുള്ളു.
സമയവും സമ്പത്തും ബുദ്ധിയോടെ ഉപയോഗിക്കുന്നവര്‍ ചുരുക്കമാണ്‌. ലുബ്‌ധനായി ജീവിക്കണമെന്നല്ല ദുര്‍വിനിയോഗവും ധൂര്‍ത്തും ഒഴിവാക്കണമെന്നാണ്‌ ഞാന്‍ പറയുന്നത്‌. മിതവ്യയം ശീലിക്കുവാന്‍ നമുക്കു കഴിയണം. അത്‌ ജീവിതത്തെ വിജയത്തിലേക്കു നടത്തും.

Ads by Google
Sunday 29 Oct 2017 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW