Tuesday, October 16, 2018 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 01.19 AM

വിശ്വാസ ​െ​പെതൃകത്തിന്‌ അതിര്‍ത്തിയില്ല

uploads/news/2017/10/160052/bft1.jpg

സീറോ മലബാര്‍ സഭയുടെ ദശാബ്‌ദങ്ങളായുള്ള സ്വപ്‌നം സാക്ഷാത്‌കരിച്ചു ഫ്രാന്‍സിസ്‌ മാര്‍പാപ്പാ സഭയ്‌ക്ക്‌ ദേശീയതലത്തില്‍ സ്വയംഭരണാവകാശം നല്‍കിയിരിക്കുകയാണ്‌. തെലങ്കാനയിലെ ഷംഷാബാദ്‌ കേന്ദ്രമായി സ്‌ഥാപിച്ച രൂപതയുടെ ഭരണസീമയായി നിലവിലെ സിറോ മലബാര്‍ രൂപതകളില്‍പെടാത്ത ഭാരതത്തിലെ മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍പാപ്പായുടെ കല്‍പന ദീര്‍ഘനാളായുള്ള പ്രാര്‍ഥനയുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമാണ്‌. മൂന്ന്‌ കത്തോലിക്കാ വ്യക്‌തിസഭകള്‍ ഒരേ ഭരണസീമയില്‍ സമഭാവനയോടെ വര്‍ത്തിക്കുന്ന കേരളാ മോഡലിനു ദേശീയതലത്തില്‍ അംഗീകാരം നല്‍കുകയാണ്‌ എന്ന മാര്‍പാപ്പായുടെ പ്രസ്‌താവന കേരള കത്തോലിക്കാ സഭയ്‌ക്കുള്ള അംഗീകാരംകൂടിയാണ്‌.
ക്രിസ്‌തുശിഷ്യനായ മാര്‍ത്തോമായില്‍ ആരംഭിക്കുന്ന ശ്ലൈഹിക പാരമ്പര്യം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഭാരതസഭയുടെ കൂട്ടായ്‌മയുടെ ഉറവിടം ഈ അപ്പസ്‌തോലിക പാരമ്പര്യമാണെന്ന മാര്‍പാപ്പായുടെ പ്രസ്‌താവനയ്‌ക്ക്‌ ഏറെ അര്‍ത്ഥവ്യാപ്‌തിയുണ്ട്‌. മാര്‍ത്തോമാശ്ലീഹാ ആരംഭിച്ച തോമാമാര്‍ഗം പിന്തുടരുന്ന പൗരസ്‌ത്യ സുറിയാനി പാരമ്പര്യവും (സിറോ മലബാര്‍)പിന്നീട്‌ അന്ത്യോക്യന്‍ പാരമ്പര്യവും (സിറോ മലങ്കര) 16-ാം നൂറ്റാണ്ടില്‍ പാശ്‌ചാത്യ പാരമ്പര്യവും ഇവിടെ വളരാനുള്ള ചരിത്രപരമായ കാരണം മാര്‍പാപ്പാ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഭാരതത്തിലെ കത്തോലിക്കാ കൂട്ടായ്‌മയിലെ മൂന്നു സ്വയാധികാര സഭകളുടെ വ്യക്‌തിത്വത്തിന്റെ അംഗീകാരവും കത്തില്‍ വ്യക്‌തമായിട്ടുണ്ട്‌.
ശ്ലൈഹിക പാരമ്പര്യമുള്ള സഭയായിരുന്നിട്ടും ദേശീയതലത്തില്‍ സിറോ മലബാര്‍ സഭയ്‌ക്ക്‌ ഭരണാവകാശം ലഭിക്കാതിരുന്ന സ്‌ഥിതിയെക്കുറിച്ചു മുന്‍ഗാമികളായിരുന്ന മാര്‍പാപ്പമാര്‍ പ്രത്യേകിച്ചും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്‌ട്‌ 16 -ാമനും ഗൗരവമായി ചിന്തിക്കുകയും അതു പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. ഏറെ പഠനങ്ങള്‍ക്കുശേഷം അദ്ദേഹം എടുത്ത തീരുമാനമാണിത്‌ എന്ന്‌ എഴുത്തില്‍നിന്നും വ്യക്‌തം. 25 സംസ്‌ഥാനങ്ങളിലായി കഴിയുന്ന സിറോ മലബാര്‍ വിശ്വാസികള്‍ക്കായി ഷംഷാബാദ്‌ കേന്ദ്രമാക്കി രൂപത സ്‌ഥാപിച്ചിരിക്കുകയാണല്ലോ. ഈ അജപാലന സംവിധാനത്തെ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനേയും സിനഡിനേയുമാണ്‌ മാര്‍പാപ്പാ ഭരമേല്‍പ്പിച്ചിരിക്കുന്നത്‌. നേരത്തെ നിലവിലുള്ളതും പുതുതായി സ്‌ഥാപിക്കപ്പെട്ട ഹോസുര്‍ രൂപതയുടെയും രാമനാഥപുരം, തക്കല എന്നീ രൂപതകള്‍ക്ക്‌ പുതുതായി നല്‍കപ്പെട്ട പ്രദേശങ്ങളുടെയും അജപാലനപരമായ ഉത്തരവാദിത്വവും സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനും സിനഡിനുമായിരിക്കും. ഭാരതത്തിലുള്ള എല്ലാ സിറോ മലബാര്‍ രൂപതകളുടെയും ഭരണപരമായ ചുമതല സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്പില്‍ നിക്ഷിപ്‌തമായി. പൗരസ്‌ത്യസഭകളുടെ കാനോന്‍ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടാണു ഈ ക്രമീകരണം.
ദേശീയതലത്തില്‍ സിറോ മലബാര്‍ സഭയ്‌ക്ക്‌ ലഭിക്കുന്ന ഭരണാവകാശം വ്യക്‌തിസഭകള്‍ തമ്മിലുള്ള ഐക്യം വര്‍ധിപ്പിക്കാന്‍ ഉപകരിക്കണമെന്ന മാര്‍പാപ്പായുടെ നിര്‍ദേശം ഭാരതസഭയ്‌ക്കു മുഴുവനായുള്ള മാര്‍ഗനിര്‍ദേശമാണ്‌. സ്വന്തം വിശ്വാസപൈതൃകം പിന്തുടരാനുള്ള സാധ്യതയും അവസരവും ദേശീയ തലത്തില്‍ സിറോ മലബാര്‍ വിശ്വാസികള്‍ക്ക്‌ ലഭ്യമാക്കാനുള്ള ഒരു ക്ഷണമാണിത്‌.
സിറോ മലബാര്‍ സഭയുടെ ദേശീയഭരണാവകാശം യാഥാര്‍ഥ്യമാക്കുന്നതില്‍ ഭാരതത്തിലെ ഇതര വ്യക്‌തിസഭകളുടെ ഉദാരപൂര്‍ണമായ സഹകരണമുണ്ടായിട്ടുണ്ട്‌ എന്നും വ്യക്‌തം. ഒരു പട്ടണത്തില്‍ ഒരു മെത്രാന്‍ എന്ന നിലപാടിനെ തിരുത്തിക്കൊണ്ട്‌ വ്യത്യസ്‌ത അധികാരത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയാണ്‌.
ഭാരതമൊട്ടാകെ സുവിശേഷം അറിയിക്കാനുള്ള വലിയ വിളിയും ദൗത്യവുമാണു സഭയ്‌ക്കു ലഭിച്ചിരിക്കുന്നത്‌.
വ്യവസ്‌ഥാപിതമായ സഭാസംവിധാനത്തിന്റെ ശുശ്രൂഷയില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അതുവഴി പ്രേഷിതചൈതന്യം ഒട്ടാകെ അവഗണിക്കപ്പെട്ടതുമായ അവസ്‌ഥയില്‍നിന്നു സിറോ മലബാര്‍ സഭ മാറേണ്ടതുണ്ട്‌. സഭയിലെ എല്ലാ സംഘടനാ പ്രവര്‍ത്തനങ്ങളും ദേശീയതലത്തിലുള്ള പ്രേഷിതലക്ഷ്യങ്ങളോടെയാകണം. കേരളത്തിലെ എല്ലാ രൂപതകളും സന്യാസസഭകളും ഷംഷാബാദ്‌ രൂപതയില്‍ പ്രേഷിതമേഖലകള്‍ ഏറ്റെടുക്കുകയും സുവിശേഷവേല കാര്യക്ഷമമായി നടപ്പാക്കുകയും വേണം.
ചില നിരീക്ഷണങ്ങള്‍ : ദൈവശാസ്‌ത്രപരവും ചരിത്രപരവുമായ രീതിയില്‍ മെനയപ്പെട്ട ആശയ സമ്പന്നമായ ഒരു കത്താണിത്‌. ഇന്ത്യയില്‍ രൂപംകൊണ്ട മൂന്നു സ്വയാധികാര സഭകളുടെ സമ്പന്നത ഈ രേഖ എടുത്തു കാണിക്കുന്നുണ്ട്‌. ശ്ലൈഹിക സഭയായ സിറോ മലബാര്‍ സഭയ്‌ക്ക്‌ കല്‍ദായ സഭയോടും, അന്ത്യോക്യന്‍ സഭയോടും ഒരേസമയത്ത്‌ ബന്ധമുണ്ടായിരുന്നു എന്നുതോന്നിക്കുന്ന വിധത്തില്‍ ഒരു പരാമര്‍ശം ഈ കത്തില്‍ ഉള്ളത്‌ ചരിത്ര യാഥാര്‍ഥ്യമായിട്ട്‌ ഒത്തുപോകുന്നില്ല (ഖണ്ഡിക 1). രണ്ടാം വത്തിക്കാന്‍ സുന്നഹദോസിന്റെ പ്രബോധനം ഈ കത്തിന്റെ അടിസ്‌ഥാന ശിലകളായിട്ട്‌ നില്‍ക്കുന്നു എന്നത്‌ ഏറെ സ്വാഗതാര്‍ഹമാണ്‌ (തിരുസഭ 13, പൗരസ്‌ത്യസഭകള്‍ 1, 2, 24). പൗരസ്‌ത്യസഭകളുടെ ദൈവാരാധന രീതികള്‍, സഭാപാരമ്പര്യങ്ങള്‍, ക്രൈസ്‌തവ ജീവിത സമ്പ്രദായം, സഭാശിക്ഷണം, ആദ്ധ്യാത്മിക പൈതൃകം, ദൈവാനുഭവം ഇവയെല്ലാം സംരക്ഷിക്കപ്പെടണമെന്നും കൈമാറ്റം ചെയ്യപ്പെടണമെന്നും രണ്ടാം വത്തിക്കാന്‍ സുന്നഹദോസ്‌ ഊന്നിപ്പറയുന്നുണ്ട്‌. തിരുസഭ ഒരേ വിശ്വാസത്താലും ഒരേ കൂദാശകളാലും ഒരേ ഭരണത്താലും പരിശുദ്ധാത്മാവില്‍ സംയോജിപ്പിക്കപ്പെട്ട വ്യക്‌തിസഭകളായിത്തീര്‍ന്ന വിശ്വാസികളുടെ സമൂഹമാണ്‌. ഇവ തമ്മില്‍ വിസ്‌മയകരമായ സംസര്‍ഗം നിലനില്‌ക്കുന്നു. സഭയിലെ വൈവിധ്യം ഐക്യം ഹനിക്കുന്നില്ല, കൂടുതല്‍ സ്‌പഷ്‌ടമാക്കുകയാണ്‌ ചെയ്യുന്നത്‌. അതിനാല്‍ വ്യക്‌തി സഭകളുടെ പാരമ്പര്യങ്ങള്‍ ഭദ്രമായും അഭംഗുരമായും നിലനിര്‍ത്തണമെന്നും കൗണ്‍സില്‍ പ്രബോധിപ്പിക്കുന്നത്‌.
മാര്‍പാപ്പായുടെ നിയന്ത്രണത്തില്‍ ലോകം മുഴുവനും സുവിശേഷം പ്രസംഗിക്കുന്ന കാര്യത്തിലും അതുതന്നെ (പൗരസ്‌ത്യസഭകള്‍ 1, 2, 3). ഈ ദൈവശാസ്‌ത്രമാനങ്ങള്‍ തിരിച്ചറിയാനും ഉള്‍ക്കൊള്ളുവാനുമാണ്‌ സഭാത്മക കാറ്റക്കേസിസ്‌ വേണ്ടിവരുന്നത്‌. ഈ സുന്നഹദോസിന്റെ ദൈവശാസ്‌ത്ര സംസ്‌കാരം ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഇവിടെ പുനഃപ്രതിക്ഷ്‌ഠിക്കുകയാണ്‌. പ്രവാസികളുടെ സാന്നിദ്ധ്യം ഇന്ന്‌ ഒരു ആഗോള പ്രതിഭാസമാണ്‌. വിവിധ ക്രൈസ്‌തവ പാരമ്പര്യങ്ങള്‍ ഇടകലര്‍ന്ന്‌ ജീവിക്കുന്ന ഒരു ശൈലിയാണ്‌ ഇന്നു ലോകത്തെവിടെയും. അതിനാല്‍ ഒന്നിലേറെയുള്ള അധികാരാതിര്‍ത്തി ഉചിതമാണെന്നും അതു സഭയുടെ ആത്ഭുതാവഹവും വിസ്‌മയാവഹവുമായ വൈവിധ്യത്തിന്റെ ആധികാരികത കൂടിയാണെന്നുമുള്ള പ്രബോധനം ശരിയായ ഒരു സഭാശാസ്‌ത്രത്തിലേക്ക്‌ എത്തിച്ചിരിക്കുകയാണ്‌. അതിന്‌ സഭൈക്യശാസ്‌ത്രപരമായ വളരെയധികം അര്‍ത്ഥതലങ്ങളും ഉണ്ട്‌. കത്തിന്റെ മുഖ്യധാരാചിന്ത ആഴമായ ദൈവശാസ്‌ത്ര ശൈലിയിലും ചരിത്രാഭിമുഖ്യത്തിലും, ഭാരതീയ പശ്‌ചാത്തലത്തിലും ശ്രേഷ്‌ഠമായ ഒരു സഭാശാസ്‌ത്ര അനുഭവത്തിലുംനിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌. അതിര്‍ത്തി എന്ന യാഥാര്‍ഥ്യത്തിന്‌ അമിത പ്രാധാന്യം കൊടുക്കുന്നില്ല. അജപാലന ശുശ്രൂഷാധികാരവും സുവിശേഷവല്‍ക്കരണത്തിനുമുള്ള സാധ്യതകളുമാണു നല്‍കിയിരിക്കുന്നത്‌. അതിര്‍ത്തിയെക്കാള്‍ ലോകം മുഴുവനിലുമുള്ള അജപാലനാശുശ്രൂഷയ്‌ക്കാണ്‌ പ്രാധാന്യം. വ്യത്യസ്‌ത അധികാരമാണ്‌ ഉചിതമായിട്ടുള്ളത്‌ എന്ന്‌ അംഗീകരിച്ചപ്പോള്‍ തന്നെ അതിര്‍ത്തിയെക്കുറിച്ചുള്ള തര്‍ക്കം അപ്രസക്‌തമാണ്‌. ലോകത്തിന്റെ അതിര്‍ത്തികള്‍ വരെയാണ്‌ സുവിശേഷം പ്രസംഗിക്കപ്പെടുന്നത്‌. അതില്‍ സാംസ്‌കാരികാനുരൂപണം ആവശ്യഘടകമായിട്ട്‌ നിലനില്‍ക്കും.
ഈ കത്തിലെ എട്ടും ഒന്‍പതും ഖണ്ഡികകള്‍ പ്രായോഗിക മാനങ്ങള്‍, പ്രത്യേകിച്ച്‌ ഇന്ത്യക്കകത്തുള്ള പ്രത്യേക സാഹചര്യങ്ങളുടെ പശ്‌ചാത്തലത്തില്‍ രൂപപ്പെടുത്തിയവയാണ്‌. ഈ ഖണ്ഡികകളും കത്തിന്റെ ഇതുവരെയുള്ള ചിന്തകളുടെ വെളിച്ചത്തിലാണ്‌ വിലയിരുത്തപ്പെടേണ്ടത്‌. സിറോ മലബാര്‍ സഭയ്‌ക്ക്‌ ലഭിച്ചിരിക്കുന്ന ഈ ശുശ്രൂഷാ സംവിധാനത്തെ അധികാരവും മേധാവിത്വവും ആയിട്ട്‌ കാണരുത്‌ എന്ന്‌ മാര്‍പാപ്പാ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ പലപട്ടണങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും കുടിയേറി പാര്‍ത്തിരുന്ന സിറോ മലബാര്‍ സഭാംഗങ്ങള്‍ക്ക്‌ മാതൃസഭാപാരമ്പര്യങ്ങള്‍ക്ക്‌ അനുസൃതമായ അജപാലന ശുശ്രൂഷ ലഭിക്കാന്‍ സാധ്യമല്ലാതിരുന്നതിനാല്‍ അവര്‍ പലപ്പോഴും ലത്തീന്‍ സഭയുമായി ബന്ധപ്പെട്ടാണ്‌ ആത്മീയ കാര്യങ്ങള്‍ നിറവേറ്റിയിരുന്നത്‌. ദീര്‍ഘകാലമായി ലത്തീന്‍ സഭയുമായി ബന്ധപ്പെട്ടുകഴിഞ്ഞിരുന്നവര്‍ക്ക്‌ ഇപ്പോഴത്തെ വ്യവസ്‌ഥകള്‍ യാതൊരുതരത്തിലും വൈഷമ്യങ്ങള്‍ ഉണ്ടാക്കരുതെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. സഭാ രഹസ്യത്തിന്റെ ആഴക്കടല്‍ കണ്ടെത്തിയ രണ്ടു സഭാപിതാക്കന്മാരെ - അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിനേയും, വിശുദ്ധ ആഗസ്‌തിനോസിനെയും മാര്‍പാപ്പ ഈ കത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു എന്നതും പ്രസക്‌തമാണ്‌. വിശുദ്ധ ആഗസ്‌തിനോസിന്റെ - നിങ്ങളുടെ സ്‌നേഹ പ്രവൃത്തികളുടെ സ്‌ഥലം വിസ്‌തൃതമാകട്ടെ - എന്ന പ്രയോഗ ശൈലി ഈ കത്തിനു കൂടുതല്‍ ആഴവും മിഴിവും നല്‍കുന്നുണ്ട്‌.

മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌്

( CBCI ഡോക്‌ട്രിനല്‍ കമ്മിഷന്‍ ചെയര്‍മാനും പാലാ ബിഷപ്പുമാണ്‌ ലേഖകന്‍)

Ads by Google
Sunday 29 Oct 2017 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW