Thursday, December 13, 2018 Last Updated 38 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 27 Oct 2017 03.41 PM

തിരികെ വരുമ്പോള്‍ ഒരാള്‍ വഴി ചോദിച്ചു, വഴി പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ അവിചാരിതമായി അവനെന്റെ മാറില്‍ പിടിച്ച് ഞെരിച്ച ശേഷം ഓടി: ​ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് പത്മപ്രിയ

uploads/news/2017/10/159601/CiniINWPathmaPriya.jpg

പ്രശസ്ത നടി പത്മപ്രിയ കാര്യങ്ങള്‍ വെട്ടിത്തുറന്നു പ്രതകരിക്കുന്ന നടിയാണ്. മനസ്സിലൊന്നും ഒളിച്ചുവയ്ക്കാറില്ല. ആരുടെ മുന്നിലും സധൈര്യം സംസാരിക്കാനുള്ള തന്റേടവും ഇവര്‍ക്കുണ്ട്.

? മലയാളസിനിമാരംഗം ലൈംഗിക പീഡനത്തിന്റെ പേരില്‍ പുകയുന്ന ഒരന്തരീക്ഷമാണുള്ളത്. എന്താണ് നിങ്ങളുടെ അഭിപ്രായം....


ഠ വളരെയേറെ നിര്‍ഭാഗ്യകരമായ ഒരു സംഭവമായിപ്പോയി. ആ നടിയെയും നടനെയും എനിക്ക് പരിചിതരാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ അതിജീവിച്ച ധാരാളം നടിമാരെ എനിക്കറിയാം. ചിലര്‍ മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റുചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കുന്നു.

ഞങ്ങളെപ്പോലുള്ള നടിമാര്‍ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നത്. അവിടെ ഒരു മാസത്തോളം ഷൂട്ടിംഗുണ്ടായിരിക്കും. മറ്റുസ്ഥലങ്ങളില്‍ മിക്കവാറും ഒറ്റയ്ക്കായിരിക്കും കഴിയുക.

മോശമായ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ചിലതൊക്കെ മാനഭംഗപ്പെടുത്തലിന്റെ പരിധിയില്‍ വരുന്നതല്ല. എങ്കിലും ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തുവച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഒന്നുമറിയാത്തവണ്ണം ഉരസി പോവുക, ചുമലില്‍ പിടിച്ച് മ്‌ളേച്ഛമായ സംഭാഷണങ്ങള്‍ ഉരുവിട്ട് പോവുക എന്നതൊക്കെ ഈ ഫീല്‍ഡില്‍ നടക്കുന്ന കാര്യങ്ങളാണ്.

പ്രതികരിച്ചാല്‍ ഒരു സോറി പറയും. അത് നമ്മള്‍ അംഗീകരിച്ചേ പറ്റൂ. ചിലര്‍ വൃത്തികെട്ട മെസ്സേജുകള്‍ അയയ്ക്കാറുണ്ട്. ഒരുകണക്കിന് ഇതുമൊരു ലൈംഗിക പീഡനമല്ലേ. പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതുപോലും സിനിമാമേഖലയില്‍ കുറ്റകരമായി കരുതുന്നു.

ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കണമെങ്കില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയോ കിടക്ക പങ്കിടേണ്ടി വരുമെങ്കില്‍ അതെത്രപേര്‍ സ്വീകരിക്കാന്‍ തയാറാകും. എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു.

ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ നടിയുമായി കിടക്ക പങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരെന്ന് പറയാനൊക്കുമോ. പുതുമുഖ നടിമാര്‍ മാത്രമേ ലൈംഗിക പീഡനത്തിന് ഇരയാകുന്നുള്ളൂ എന്ന് വിചാരിക്കരുത്.

പേരും പ്രശസ്തിയും സിദ്ധിച്ച നടിമാരും കിടക്ക പങ്കിടലില്‍ മുന്‍നിരയിലുണ്ട്. കാരണം അവര്‍ക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ഠ നേടണമെന്ന ആഗ്രഹമുണ്ട്.

ഇങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് സിനിമയില്‍ സ്ഥായിയായ നിലനില്പുണ്ടാകുമെന്ന് പറയാന്‍ കഴിയുമോ? സിനിമയില്‍ കാലാകാലങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുകയാണെന്ന് പുരുഷന്മാര്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ പുതിയ തലമുറ ഇതിനോട് യോജിക്കുന്നില്ല.

uploads/news/2017/10/159601/CiniINWPathmaPriya1.jpg

? പത്മപ്രിയയ്ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ...


ഠ ഇല്ല. അത്തരം അനുഭവങ്ങള്‍ ഞാന്‍ ഒഴിവാക്കിയതുകൊണ്ടാണ് അഥവാ കിടക്ക പങ്കിടാന്‍ വിസമ്മതം പ്രകടിപ്പിച്ചതുകൊണ്ടാണ് എന്നെ അവര്‍ ഒതുക്കിയത്. നല്ല സ്‌ക്രിപ്റ്റാണെങ്കില്‍ മാത്രമേ ഞാന്‍ അഭിനയിക്കൂ എന്ന് അവര്‍ക്കൊക്കെ അറിയാം.

അഭിനയത്തിലുപരി ഒരു ചുംബനംപോലും എന്നില്‍നിന്നും അവര്‍ക്ക് ലഭിക്കില്ല. അതുകൊണ്ടാണ് എന്നെ വേണ്ടെന്നു പറഞ്ഞ് ഒതുക്കിയത്.

? പത്മപ്രിയയെപ്പോലെ തന്റേടത്തോടെ പ്രതികരിക്കാന്‍ മറ്റു നടിമാര്‍ക്ക് കഴിയുമോ...


ഠ ഞാനൊരു പട്ടാള കുടുംബത്തില്‍ വളര്‍ന്നവളാണ്. മിലിട്ടറി ഏരിയ ഒരു പ്രത്യേക ലോകമാണ്. അവിടെ നാം എങ്ങനെ നടന്നാലും ആരും ശ്രദ്ധിക്കാറില്ല. ബിക്കിനി ധരിച്ച നീന്താം, അരപ്പാവാട ധരിച്ചുകൊണ്ട് ടെന്നീസ് കളിക്കാം.

അങ്ങനെ എന്തും ചെയ്യാം. അതുകൊണ്ട് എന്റെ മാതാപിതാക്കള്‍ എനിക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ഒന്നിലും എന്നെ അവര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നില്ല. പക്ഷേ പുറംലോകത്ത് വന്നശേഷം, ചിലര്‍ക്ക് എന്നില്‍ എന്തോ ഒരാവേശം. ആയതിനാല്‍ ഞാന്‍ വളരെ ശ്രദ്ധയോടെയാണ് കഴിയുന്നത്.

? പുരുഷന്മാരെ അകലെ നിര്‍ത്തുന്നത് നല്ലതെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ.


ഠ ഒരുവന്‍ എന്നോട്, നിങ്ങള്‍ ലെസ്ബിയനാണോ? എന്ന് ചോദിക്കുകയുണ്ടായി. ഞാന്‍ അയാളോട് ചോദിച്ചു. 'എന്താ നിങ്ങള്‍ ഇങ്ങനെ ചോദിക്കാന്‍ കാരണം?' അയാള്‍ പ്രതികരിച്ചില്ല.

ഞാന്‍ ബാലികയായിരുന്ന അവസരത്തില്‍ ഹൈദ്രാബാദിലായിരുന്നു താമസിച്ചിരുന്നത്. ഞാന്‍ ട്യൂഷനു പോയിക്കൊണ്ടിരുന്നപ്പോള്‍ എന്നോട് ഒരാള്‍ വഴി ചോദിക്കുകയുണ്ടായി.

ഞാന്‍ വഴി പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ അവിചാരിതമായി അവനെന്റെ മാറില്‍ പിടിച്ച് ഞെരിച്ചശേഷം ഓടി മറയുകയുണ്ടായി. അപ്പോള്‍ എനിക്ക് 12 വയസായിരുന്നു. എന്തിനായിരുന്നു അവനെന്റെ മാറില്‍ പിടിച്ചു ഞെരിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത പ്രായമായിരുന്നു അന്ന്.

ഷൂട്ടിംഗ്‌വേളയില്‍ അടിവസ്ത്രമില്ലാതെ ബ്രാ പോലുള്ള ഒരു തുണി ധരിക്കാന്‍ പറഞ്ഞാല്‍ എന്നെക്കൊണ്ട് അത് സാധ്യമാകുമോ? ഇതെന്റെ ശരീരം. അതിനര്‍ഹമായ മാന്യത ലഭിക്കേണ്ടതുണ്ട്. അത്തരം സീനുകള്‍ എടുക്കുന്നതിനുമുമ്പായി അവര്‍ സ്‌ക്രിപ്റ്റ് കാണിക്കാറില്ല.

എല്ലാ ഷൂട്ടിംഗ് സ്‌പോട്ടുകളിലും പുരുഷന്മാരുടെ സാന്നിധ്യമാണ് ഏറെയും. അതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ചില സ്വകാര്യങ്ങള്‍ സംസാരിക്കാന്‍ നമുക്ക് സ്ത്രീകളുടെ സമീപനം വേണം.

ഉദാഹരണമായി ഋതുകാലമായിരിക്കവേ അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നാല്‍ മാത്രമേ അവളോടെനിക്ക് പറയാന്‍ കഴിയൂ. അല്ലാതെ എന്നേക്കാള്‍ ഇരട്ടി പ്രായമുള്ള മമ്മൂട്ടിയോടോ, മോഹന്‍ലാലിനോടോ അതു പറയാന്‍ പറ്റുമോ?

? അഭിനയരംഗത്ത് തിക്തമായ അനുഭവങ്ങള്‍...


ഠ ഒരു യൂണിറ്റ് അടക്കം നടന്മാരും സംവിധായകനും നിര്‍മ്മാതാവുമൊക്കെ ഉണ്ടാകും. ചിലര്‍ മുഷിഞ്ഞ വേഷത്തോടെയാവും രാവിലെ സെറ്റിലെത്തുക. അമിതമായ താടിയും തലമുടിയുമായി ഇവരെ സമീപിക്കുമ്പോള്‍ മനംപുരട്ടുന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളത്. പോരെങ്കില്‍ വിയര്‍പ്പിന്റെയും മദ്യത്തിന്റെയും ദുര്‍ഗന്ധവും.
uploads/news/2017/10/159601/CiniINWPathmaPriya2.jpg

? അവൈലബിളാണോ എന്ന് നിങ്ങളോടാരെങ്കിലും ചോദിച്ചിട്ടുണ്ടോ...


ഠ ചോദിച്ചു... ചോദിച്ചു... പക്ഷേ അയാള്‍ സിനിമയുമായി ബന്ധപ്പെട്ട ആളായിരുന്നില്ല. എന്റെയൊരു സുഹൃത്തായിരുന്നു. ഒരു സായഹ്്‌നത്തില്‍ അയാള്‍ എന്റെ റൂമില്‍ വന്നു.

ഞാന്‍ ടിവിയില്‍ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ജയിലില്‍നിന്നും വന്ന ഒരു കാമുകന്‍, അവന്റെ പൂര്‍വ്വകാമുകിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു രംഗം.

അവള്‍ പരിമിതമായി വസ്ത്രം ധരിച്ചിരുന്നു. 'എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അല്ലെ?' എന്ന് ഞാന്‍ അയാളോട് ചോദിച്ചു. എല്ലാ സാഹചര്യവും ഒത്തിണങ്ങിയ ഈ സന്ദര്‍ഭത്തില്‍ അയാള്‍ വിചാരിച്ചിരിക്കണം, എനിക്കയാളുമായി ബന്ധപ്പെടാന്‍ താല്പര്യമുണ്ടെന്ന്.

അയാള്‍ കതകടയ്ക്കാനുള്ള ശ്രമമായി. ഉടനെ ഞാന്‍ പറഞ്ഞു. ''സോണി... എനിക്ക് ഇതിലൊട്ടും താല്പര്യമില്ല.'' ഞാനൊരു നടിയാണ് എന്നുവിചാരിച്ച് കിടക്ക പങ്കിടാമോ? എന്ന് ചോദിക്കേണ്ടുന്ന അവകാശം ആര്‍ക്കാണുള്ളത്? ആര്‍ക്കും ഉണ്ടാകില്ല.

? വിവാഹശേഷം പല നടിമാരും സിനിമാരംഗത്തുനിന്നും വിരമിക്കുന്നല്ലോ.


ഠ വിവാഹം കഴിഞ്ഞല്ലോ. ഇനി അഭിനയിക്കുമോ എന്ന ചോദ്യം എനിക്കിഷ്ടമല്ല. വിവാഹം എന്നത് എന്റെ സ്വകാര്യവിഷയം. എന്റെ കുടുംബജീവിതത്തെ ഞാന്‍ ഷൂട്ടിംഗ് സ്‌പോട്ടില്‍ കൊണ്ടുവരാറില്ല. സിനിമ എന്നെ സംബന്ധിച്ച് സാധാരണ വിഷയമല്ല. മരണംവരെ ഞാനൊരു നടിയായിത്തന്നെ ജീവിക്കും.

-സുധീന ആലങ്കോട്

Ads by Google
Ads by Google
Loading...
TRENDING NOW