Tuesday, November 20, 2018 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 27 Oct 2017 02.49 PM

നൂറു ഭാര്യമാരുണ്ടായിട്ടും കുഞ്ഞിനെ കിട്ടാന്‍ യുവനാശ്വന്‍ രാജാവ് പ്രസവിച്ചു; കുട്ടിയെ പാലൂട്ടാന്‍ ദേവേന്ദ്രന്‍ കണ്ടെത്തിയ മാര്‍ഗം

''കുടിക്കാനുള്ള വെള്ളമാണെന്നു കരുതി അതുമുഴുവനും ഞാന്‍ കുടിച്ചു. അത് കുടിച്ചെന്നോ... എങ്കില്‍ താങ്കള്‍ അധികം വൈകാതെ ഗര്‍ഭം ധരിക്കും. ''
uploads/news/2017/10/159588/wEEKLYpuranakdha271017.jpg

ഇക്ഷാകുവംശ രാജാവായിരുന്നു യുവനാശ്വന്‍. നൂറ് പത്‌നിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാലോ? ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യമുണ്ടായില്ല.

ജീവിതത്തോടുതന്നെ വെറുപ്പായി രാജാവിന്. അങ്ങനെ അദ്ദേഹം രാജഭരണം മന്ത്രിമാരെ ഏല്‍പ്പിച്ച് തപസിനായി പുറപ്പെട്ടു. പലപല വഴികള്‍ പിന്നിട്ട് അദ്ദേഹം കൊടുംകാട്ടിലുള്ള ഭാര്‍ഗവ മഹര്‍ഷിയുടെ ആശ്രമത്തിലെത്തി. രാജാവിന്റെ സങ്കടം മനസിലാക്കിയ മുനി മറ്റു മുനിമാരെയെല്ലാം വിളിച്ചുവരുത്തി.

നമുക്ക് മഹാരാജന്റെ സങ്കടത്തിന് അറുതി വരുത്തണം.. അദ്ദേഹം പറഞ്ഞു. വൈകാതെ അവര്‍ മഹത്തായ പൂജ ആരംഭിച്ചു. ഒരു കുംഭത്തില്‍ കലശജലം നിറച്ച് യാഗശാലയില്‍ വച്ചു. ഈ സമയം യാഗശാലയ്ക്ക് പുറത്ത് പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു മഹാരാജന്‍. രാത്രിയായപ്പോള്‍ അദ്ദേഹത്തിന് വല്ലാത്ത പരവേശം.

ദാഹജലത്തിനായി അവിടെയെല്ലാം പരതി. എങ്ങും തുള്ളിവെള്ളമില്ല. മുനിമാര്‍ നല്ല ഉറക്കത്തിലുമാണ്. ഇരുട്ടത്ത് തപ്പിത്തടഞ്ഞുനീങ്ങിയ രാജാവ് കലശം നിറച്ച കുടം കണ്ടെത്തി. കലശജലമാണെന്നറിയാതെ അതുമുഴുവനും അദ്ദേഹം കുടിച്ചുതീര്‍ത്തു. പിറ്റേന്ന് പൂജയ്‌ക്കെത്തിയ മഹര്‍ഷി കലശജലം കാണാതെ പരിഭ്രമിച്ചു.

നാം കലശത്തിനായി ഒരുക്കിവച്ചിരുന്ന ജലമെവിടെ..? മഹര്‍ഷി അന്വേഷണമായി. അപ്പോള്‍ യുവനാശ്വന്‍ പറഞ്ഞു.ക്ഷമിക്കണം ഗുരുദേവാ.. കുടിക്കാനുള്ള വെള്ളമാണെന്നു കരുതി അതുമുഴുവനും ഞാന്‍ കുടിച്ചു. അത് കുടിച്ചെന്നോ.. എങ്കില്‍ താങ്കള്‍ അധികം വൈകാതെ ഗര്‍ഭം ധരിക്കും..! അങ്ങയുടെ പത്‌നിമാര്‍ക്ക് നല്‍കാന്‍ നാം കരുതിയതായിരുന്നു ആ ജലം.

അതുകേട്ട് ആദ്യം ഞെട്ടിയെങ്കിലും തനിക്ക് കുഞ്ഞു ജനിക്കുന്നതില്‍ രാജാവ് സന്തോഷിച്ചു. നാളുകള്‍ കഴിഞ്ഞു. പൂര്‍ണവളര്‍ച്ചയെത്തിയപ്പോള്‍ ഇടതുവയര്‍ കീറി മുനിമാര്‍ കുഞ്ഞിനെ പുറത്തെടുത്തു.

അവന് എങ്ങനെ പാലൂട്ടും? അതായി അടുത്ത ചിന്ത. പിതാവ് പ്രസവിച്ച കുട്ടിയെ കാണാനെത്തിയ ദേവേന്ദ്രന്‍ മാം ധാതാ എന്നു പറഞ്ഞ് അതിനു പരിഹാരം കണ്ടെത്തി. അദ്ദേഹം തന്റെ വിരല്‍ അമൃതില്‍ മുക്കി കുട്ടിയ്ക്ക് നല്‍കി. പിന്നീട് ആ കുഞ്ഞ് മാന്ധാതാ എന്ന പേരില്‍ അറിയപ്പെട്ടു.

Ads by Google
Friday 27 Oct 2017 02.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW