Saturday, October 13, 2018 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 27 Oct 2017 08.16 AM

അഭ്യൂഹങ്ങള്‍ക്കിടയില്‍ ദിലീപ് അമ്പതിന്റെ നിറവില്‍ ; തിരിച്ചുവരവിനുള്ള ഒരുക്കത്തില്‍ താരം

uploads/news/2017/10/159536/dileep.jpg

ജനപ്രിയ നായകന് 50ാം പിറന്നാള്‍. വിവാദങ്ങള്‍ക്കിടയില്‍ നടന്‍ ദിലീപിന് ഒക്‌ടോബര്‍ 27ന് 50 വയസ്സ് പൂര്‍ത്തിയാകുന്നു. 1967 ഒക്‌ടോബര്‍ 27ന് എറണാകുളം ജില്ലയിലെ എടവനക്കാട് ജനിച്ച ഗോപാലകൃഷ്ണന്‍ പത്മനാഭ പിള്ളയാണ് പിന്നീട് മലയാള സിനിമയെ അടക്കി ഭരിക്കുന്ന ദിലീപ് ആയി മാറിയത്. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ദിലീപ്, അസിസ്റ്റന്റ് ഡയറക്ടര്‍, നിര്‍മ്മാതാവ്, ബിസിനസ് പ്രമുഖന്‍ എന്നീ നിലകളിലേക്കും ഉയര്‍ന്നു. 25 വര്‍ഷം നീണ്ട അഭിനയകാലത്തിനിടെ 130 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു.

1991 സംവിധായകന്‍ കമലിന്റെ 'വിഷ്ണുലോകം' എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മിമിക്രി സ്‌റ്റേഡ് ഷോകളിലും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമിക്കോള എന്ന ഹാസ്യപരിപാടിയിലും ദിലീപ് തിളങ്ങിനില്‍ക്കുന്ന സമയം. 1992ല്‍ കമലിന്റെ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയ റോള്‍ ചെയ്തു. 1994ലെ മാനത്തെ കൊട്ടാരത്തിലാണ് ദിലീപിന്റെ രാശി തെളിഞ്ഞത്. തുടര്‍ന്ന് 1996ല്‍ സല്ലാപം. 1998ല്‍ പഞ്ചാബി ഹൗസ്, 1999ലെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്നിവയിലൂടെ ദിലീപ് മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

2000 മുതല്‍ ദിലീപിന്റെ കാലമായിരുന്നു. തെങ്കാശിപ്പട്ടണം, ജോക്കര്‍ എന്നിവ 2000ല്‍ ഇറങ്ങി. ഈ പറക്കും തളിക, ഇഷ്ടം(2001), മഴത്തുള്ളിക്കിലുക്കം, കല്യാണരാമന്‍(2000) എന്നിവ കൂടി എത്തിയതോടെ ദിലീപ് നായക സ്ഥാനത്തേക്ക് ഉയര്‍ന്നു. 2002ല്‍ ഇറങ്ങിയ മീശമാധവന്‍ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നായിരുന്നു. മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഈ ചിത്രത്തിലൂടെ ദിലീപിനെ തേടിയെത്തി. ആ വര്‍ഷം തന്നെ ഇറങ്ങിയ കുഞ്ഞിക്കൂനന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് വേറിട്ടൊരു കഥാപാത്രത്തേയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഫിലിം അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും ഇതിലൂടെ ദിലീപിന് ലഭിച്ചു. 2011ല്‍ പുറത്തിറങ്ങിയ വെള്ളറിപ്രാവിന്റെ ചങ്ങാതികളിലൂടെയാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 2015ല്‍ ഇറങ്ങിയ ടു കണ്‍ട്രീസ് 55 കോടി കളക്ഷന്‍ നേടി അതുവരെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളില്‍ ഇടംപിടിച്ചിരുന്നു.

2003ല്‍ ഇറങ്ങിയ സി.ഐ.ഡി മൂസ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിച്ചുകൊണ്ട് നിര്‍മ്മാതാവിന്റെ വേഷവും തനിക്കു ഇണങ്ങുമെന്ന് തെളിയിച്ചു. 2004ല്‍ ഇറങ്ങിയ കഥാവശേഷനിലുടെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടി. 2005ല്‍ പാണ്ടിപ്പട.

2008ല്‍ ഇറങ്ങിയ ട്വിന്റി20 യിലൂടെ ആണ് ദിലീപിലെ നിര്‍മ്മാതാവിന്റെ കഴിവ് മലയാള സിനിമ മനസ്സിലാക്കിയത്. മലയാളത്തിലെ എല്ലാ താരങ്ങളെയും ഒരു കാന്‍വാസില്‍ എത്തിച്ച് കോടികള്‍ മുടക്കി ചിത്രമെടുക്കാന്‍ അന്ന് ദിലീപ് കാണിച്ച ചങ്കൂറ്റം അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകി. അന്നുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു താരസംഗമമായിരുന്നു ട്വന്റി20ല്‍. താരസംഘടനയായ അമ്മയിലെ നിര്‍ധനരും അവശരുമായ മുന്‍കാല താരങ്ങള്‍ക്ക് കൈനീട്ടം എന്ന രീതിയില്‍ മാസംതോറും പെന്‍ഷന്‍ നല്‍കുന്ന മഹത്തായ പദ്ധതിയ്ക്കാണ് ഇതുവഴി തുടക്കമിട്ടത്. കട്ടപ്പനയിലെ ഹൃത്വിക് റോഷനാണ് ഒടുവില്‍ നിര്‍മ്മിച്ച ചിത്രം.

ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബും 2011ല്‍ ദി മെട്രോയും നിര്‍മ്മിച്ചു. കുഞ്ഞിക്കൂനനും ചാന്തുപൊട്ടും പച്ചക്കുതിരയും സൗണ്ട്‌തോമ്മയും അടക്കം സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന ഒരുപാട് ജീവിതങ്ങളുടെ മനോവിഷമങ്ങളെ അഭ്രപാളിയില്‍ പ്രതിഫലിപ്പിക്കാന്‍ ദിലീപിന് കഴിഞ്ഞിരുന്നു. അഭിനയിച്ച ഓരോ കഥാപാത്രവും വേറിട്ടതാണെന്ന് എടുത്തു പറയേണ്ട കാര്യമാണ്. അവാര്‍ഡിന് അര്‍ഹതപ്പെട്ടതാണെങ്കിലും അവയില്‍ പലതും മിമിക്രിക്കാരന്റെ കോപ്രായങ്ങളായി അവഗണിച്ച് തഴയപ്പെടുകയായിരുന്നു.

ഇതിനിടയില്‍ വിവാദങ്ങള്‍ ദിലീപിനെയും വേട്ടയാടിക്കൊണ്ടിരുന്നു. ആദ്യകാല ഭാഗ്യനായിക മഞ്ജുവാര്യരെ 1998 ഒക്‌ടോബര്‍ 20ന് വിവാഹം കഴിച്ച് സിനിമാലോകത്തെ ഞെട്ടിച്ചു. 2015 ജനുവരി 31ന് ആദ്യഭാര്യ മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം വേര്‍പെട്ടു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. 2016 നവംബര്‍ 25ന് ഭാഗ്യനായിക കാവ്യമാധവനെ ജീവിതത്തിലെ നായികയായി കൊണ്ടുവന്നു.

ഒടുവില്‍ പലസിനിമകളിലും ഒപ്പം അഭനയിച്ച നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ദിലീപ് അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകവും ആരാധകരും കേട്ടത്. ജൂലായ് 10ന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഒക്‌ടോബര്‍ മൂന്നിന് ജാമ്യത്തിലിറങ്ങി. ദിലീപ് കുറ്റം ചെയ്തുവെന്ന് ചില കോണുകളില്‍നിന്ന് മുറവിളിയുയരുമ്പോള്‍ താന്‍ നിരപരാധിയാണെന്ന നിലപാടില്‍ നിന്ന് ഒരിഞ്ചുപോലും മാറാന്‍ അദ്ദേഹവും തയ്യാറായിട്ടില്ല.

ജയില്‍ വാസത്തിനിടെ റിലീസ് ചെയ്ത രാമലീല ദിലീപിന്റെ കരിയറിലെ തന്നെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി ഇപ്പോഴും തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നൂ. ജാമ്യത്തിലിറങ്ങിയ ദിലീപ് ഇടയ്ക്കുവച്ച് മുറിഞ്ഞ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കിലാണ്. പോലീസിന്റെ കണ്ണുകള്‍ തന്നെ വേട്ടയാടുന്നുണ്ടെന്ന ബോധ്യത്തോടെ വിവാദങ്ങളില്‍ നിന്നും അകന്ന് അഭിനയലോകത്ത് ശക്തമായി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ദിലീപ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW