Friday, February 23, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 27 Oct 2017 12.32 AM

വി.എസിനോട്‌ ബഹുമാനമായിരുന്നു; പക്ഷേ വേദനിപ്പിച്ചു

uploads/news/2017/10/159409/4.jpg

പ്രമുഖ ശാസ്‌ത്രജ്‌ഞന്‍ നമ്പിനാരായണന്റെ "ഓര്‍മകളുടെ ഭ്രമണപഥം" എന്ന ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ തുടരുന്നു. പുറത്തുപറയാന്‍ കഴിയാത്ത അത്രയും രഹസ്യങ്ങളുടെ താവളമായിരുന്നു രത്തന്‍ സെഗാള്‍. അദ്ദേഹത്തെ പിരിച്ചുവിട്ടതിലൂടെ ആഭ്യന്തരവകുപ്പ്‌ വലിയൊരു തലവേദന ഒഴിവാക്കുകയായിരുന്നു. ഒരു കാരണംകാണിക്കല്‍ നോട്ടീസ്‌ പോലു, നല്‍കാതെ 27 വര്‍ഷത്തെ സര്‍വീസുള്ള ഉയര്‍ന്ന ഉദ്യോഗസ്‌ഥനെ പിരിച്ചുവിട്ട നടപടി ആരും ചോദ്യംചെയ്‌തില്ല.
ഐ.ബിയുടെ അടുത്ത ഡയറക്‌ടര്‍ ആകേണ്ട വ്യക്‌തിയെ ചാരവൃത്തിക്ക്‌ അറസ്‌റ്റ്‌ ചെയ്യപ്പെടുകയോ മറ്റോ ചെയ്‌താല്‍ അത്‌ ഇന്ത്യയുടെ അഭിമാനത്തിനു ക്ഷതമാകുമായിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം തകരാതിരിക്കാന്‍ സി.ഐ.എ. ഏജന്റായ സ്‌ത്രീയെ അറസ്‌റ്റ്‌ചെയ്യുകയോ അവരുടെ പേരില്‍ കേസെടുക്കുകയോ ചെയ്‌തില്ല.
ഐ.എസ്‌.ആര്‍.ഒ. ചാരക്കേസ്‌ നടക്കുന്ന 1994 കാലഘട്ടത്തില്‍ രത്തന്‍ സെഗാള്‍ ഐ.ബി യുടെ തലപ്പത്തുണ്ടായിരുന്നു എന്നതാണ്‌ ഇവിടെ പ്രസക്‌തമായ കാര്യം. അദ്ദേഹത്തിന്റെ കീഴുദ്യോഗസ്‌ഥന്മാര്‍ പറഞ്ഞതനുസരിച്ചാണ്‌ ഇവിടെ അനധികൃതമായി അറസ്‌റ്റും വാര്‍ത്തകളും ഉണ്ടായത്‌. സെഗാളിന്റെ ഒപ്പമുള്ള ഐ.ബി ജോയിന്റ്‌ ഡയറക്‌ടര്‍ ആകേണ്ട എം.കെ. ധര്‍ ഐ.എസ്‌.ആര്‍.ഒ. ചാരക്കേസ്‌ അന്വേഷണം നടക്കുമ്പോള്‍ കേരളത്തില്‍വന്നുപോയിട്ടുണ്ട്‌. ആ കാലത്ത്‌ ഐ.എസ്‌.ഐ. ഏജന്റ്‌ എന്നു മുദ്രകുത്തി ഉത്തര്‍പ്രദേശില്‍നിന്ന്‌ ഒരു മൗലവിയെ അറസ്‌റ്റു ചെയ്‌ത്‌ വന്‍വാര്‍ത്ത സൃഷ്‌ടിച്ചതിന്റെ സൂത്രധാരനായിരുന്നു എം.കെ. ധര്‍. പിന്നെ നടത്തിയ അന്വേഷണത്തില്‍ മൗലവി നിരപരാധിയാണെന്നു ബോധ്യമാകുകയും അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്‌തു. മൗലവി അറസ്‌റ്റുമായി ബന്ധപ്പെട്ട്‌ വര്‍ഗീയത അഴിച്ചുവിടാന്‍ ശ്രമം നടത്തി എന്ന ആരോപണം ഉണ്ടായതിനെ തുടര്‍ന്ന്‌ നടപടി വരുമെന്ന ഘട്ടത്തിലാണ്‌ ധര്‍ കേരളത്തിലേക്ക്‌ വന്നത്‌.
ആദ്യയാത്രയില്‍ ചാരക്കേസ്‌ നടത്തിയിട്ടില്ല എന്നു റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്നാല്‍ ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ പറയുന്നത്‌ ചാരക്കേസ്‌ നടന്നു എന്നാണ്‌. ഇതും കൂട്ടിവായിക്കേണ്ട ഒരു തെളിവാണ്‌. റിട്ടയര്‍മെന്റ്‌ സമയം എത്തിയതിനാല്‍ ഒരു എക്‌സ്‌റ്റന്‍ഷന്‍ ആഗ്രഹിച്ച ധര്‍ അന്നു കാട്ടിക്കൂട്ടിയതാണു മൗലവി അറസ്‌റ്റ്‌. എന്നാല്‍ അത്‌ നടക്കാതെ വന്നപ്പോള്‍ അദ്ദേഹം ചെയ്‌തത്‌ ചാരക്കേസില്‍ ഒരു കൈ നോക്കാമെന്നാണ്‌. എന്നാല്‍ ചാരക്കേസിലേക്ക്‌ താന്‍ എത്തിയത്‌ എങ്ങനെ എന്ന്‌ എം.കെ. ധറിന്റെ പുസ്‌തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്‌. അതില്‍തന്നെ അന്നത്തെ പ്രധാനമന്ത്രി നിരസിഹറാവുവിന്റെ മകന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌, ഇത്‌ ആദ്യം ഐ.ബി. വഴി റാവുവിനെ അറിയിച്ചു. എന്നിട്ട്‌ എക്‌സ്‌റ്റന്‍ഷന്‍ നല്‍കിയാല്‍ താന്‍ ഇടപെട്ട്‌ രക്ഷിക്കാമെന്ന്‌ ഉറപ്പുകൊടുക്കുന്നു. പക്ഷേ റാവു ഇത്‌ അവഗണിച്ചു. പെട്ടെന്ന്‌ അവസരങ്ങള്‍ക്കുവേണ്ടി പല നിറം മാറിയ എം.കെ. ധറിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും അദ്ദേഹം എങ്ങനെ ചാരക്കേസിലെ സ്വാധീനിച്ചെന്ന്‌. ചാരക്കേസ്‌ നടന്നിട്ടില്ല എന്ന്‌ ആദ്യം പറഞ്ഞ ധര്‍ രണ്ടാംവട്ടം കേരളത്തില്‍ വന്നുപോയപ്പോള്‍ ചാരക്കേസ്‌ നടന്നു എന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. അതിലെ യുക്‌തി പരിശോധിച്ചാലും മനസിലാകും എം.കെ. ധര്‍ എന്ന ഐ.ബി. ഉദ്യോഗസ്‌ഥന്റെയും രത്തന്‍ സെഗാളിന്റെയും കണക്‌ഷനുകള്‍.
പ്രതിരോധ രഹസ്യം ചോര്‍ത്തിയവരെ അറസ്‌റ്റ്‌ ചെയ്യാന്‍ പോലീസിന്‌ അധികാരമുണ്ട്‌. പക്ഷേ ആ വിവരം ചെണ്ടകൊട്ടി ആഘോഷിക്കാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും അധികാരമില്ല. രഹസ്യങ്ങളുടെ ചുരുള്‍ എന്ന രീതിയില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ഐ.ബി വിജയിച്ചു. അതിനുപിന്നില്‍ സെഗാളിനെ വലയിലാക്കിയ സി.ഐ.എ. വനിതയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
രത്തന്‍ സെഗാള്‍ സി.ഐ.എക്കുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു എന്ന സത്യം ഐ.ബി തന്നെ തുറന്നുപറയുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്‌തതിലൂടെ ആ ഉദ്യോഗസ്‌ഥന്റെ അന്വേഷണവഴികളും പരിശോധിക്കേണ്ടതായിരുന്നു. ഐ.ബിയിലെ അന്നത്തെ ഉദ്യോഗസ്‌ഥര്‍ നേരിട്ട്‌ സംവദിച്ച കേരള പോലീസിനെ സിംഹങ്ങളെക്കൂടി ചോദ്യം ചെയ്‌താല്‍ സി.ഐ.എയും രത്തന്‍ സെഗാളും എം.കെ. ധറും ഒരുമിച്ചിരുന്നു സംവിധാനം ചെയ്‌തതാണ്‌ ഐ.എസ്‌.ആര്‍.ഒ ചാരക്കേസെന്ന്‌ നിസംശയം തെളിയും.ചാരക്കേസായി ചിത്രീകരിക്കാനുള്ള വിത്തിട്ടത്‌ ഐ.ബിയുടെ ഇടപെടല്‍മൂലമാണ്‌. അതായത്‌, അന്നത്തെ ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്‌ഥരെ പിടിച്ച്‌ ചോദ്യം ചെയ്‌താല്‍ അവര്‍ പറയും നമ്മള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ആ സത്യം.
ഐ.ബി. നിര്‍ദേശമനുസരിച്ചാണ്‌ എന്നെയും ശശികുമാരനെയും ചന്ദ്രശേഖറിനെയുമെല്ലാം പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌. ഇന്ത്യന്‍ പ്രതിരോധരഹസ്യങ്ങളും ശാസ്‌ത്രരഹസ്യങ്ങളും രാഷ്‌ട്രീയവിഷയങ്ങള്‍ മാത്രമായി നിസാരവല്‍ക്കരിച്ച്‌ പത്രങ്ങള്‍ക്ക്‌ വാര്‍ത്ത പടച്ചുനല്‍കിയ അന്നത്തെ രാഷ്‌ട്രീയ നേതാക്കളിലും സംഘടനാനേതാക്കളിലും ആരോ ഒരാള്‍ അറിഞ്ഞോ അറിയാതെയോ സി.ഐ.എ യുടെ ഏജന്റായിരുന്നിരിക്കണം.
ഗ്ലവ്‌കോസ്‌മോസിലെ ക്രയോജനിക്‌ വിഭാഗം മേധാവി അലക്‌സ്‌ സി. വാസിന്‍, പ്രോജക്‌ട്‌ ഡയറക്‌ടറായ ഞാന്‍, ഡെപ്യൂട്ടി. ഡയറക്‌ടര്‍ ശശികുമാരന്‍, ഗ്ലവ്‌കോസ്‌മോസിന്റെ ഏജന്റ്‌ ചന്ദ്രശേഖര്‍, എം.ടി.എ.ആര്‍. രവീന്ദ്രറെഡ്‌ഡി എന്നിവരടങ്ങുന്ന സംഘമാണു ക്രയോജനിക്‌ ടെക്‌നോളജിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചവര്‍. റഷ്യയുടെ പക്കല്‍ മാത്രമുള്ള, അമേരിക്കയ്‌ക്ക്‌ അറിയുന്ന ഈ ലിസ്‌റ്റ്‌ എങ്ങനെ കേരള പോലീസിനു ലഭിച്ചു എന്ന്‌ അന്വേഷിച്ചാല്‍ ബോധ്യമാവും ചാരക്കേസ്‌ ആര്‌, ആര്‍ക്കുവേണ്ടി ഫ്രെയിം ചെയ്‌തതാണെന്ന്‌.ഇന്ത്യ - റഷ്യാ ക്രയോജനിക്‌ ടെക്‌നോളജി ട്രാന്‍സ്‌ഫര്‍ കരാര്‍ ഒപ്പിട്ട കാലയളവില്‍, അതായത്‌ 1992 മേയില്‍, ബുഷ്‌ ഭരണകൂടം ഐ.എസ്‌.ആര്‍.ഒ, ഗ്ലവ്‌കോസ്‌മോസ്‌ എന്നിവയുടെ മേല്‍ അമേരിക്കന്‍ ഉപരോധങ്ങള്‍ രണ്ടു വര്‍ഷത്തേയ്‌ക്ക്‌ പ്രാബല്യത്തില്‍ വരുത്തി.അപ്പോള്‍ ഇന്ത്യയും റഷ്യയും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ട ക്രയോജനിക്ക്‌ എന്‍ജിന്‍ വലിയ പ്രതിസന്ധിയിലായി. ആ സമയം രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയെക്കുറിച്ചുള്ള കരാര്‍ അമേരിക്കയും റഷ്യയും ചര്‍ച്ചചെയ്യുകയായിരുന്നു. ഇന്ത്യയുമായുള്ള കരാര്‍ നഷ്‌ടപ്പെട്ടാല്‍ റഷ്യയ്‌ക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ അവര്‍ അമേരിക്കയോട്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
മിര്‍ ബഹിരാകാശ നിലയത്തിലേയ്‌ക്കുള്ള ഏഴ്‌ ബഹിരാകാശ യാത്രകള്‍ക്ക്‌ അമേരിക്ക 40 കോടി ഡോളര്‍ റഷ്യക്ക്‌ നല്‍കി. ഈ തുകയില്‍ റഷ്യയ്‌ക്കുണ്ടായ ഇന്ത്യ - റഷ്യ കരാറിന്റെ നഷ്‌ടവും പരിഹരിക്കപ്പെട്ടതായി വിഖ്യാത ശാസ്‌ത്രജ്‌ഞന്‍ ബ്രയാന്‍ ഹാര്‍വി പിന്നീട്‌ എഴുതി.
ചാരക്കേസിന്റെ ചരിത്രമെഴുതുമ്പോള്‍ കേസില്‍ നേരിട്ട്‌ ബന്ധമില്ലാത്തവരുടെ തെറ്റായ ഇടപെടലുകള്‍ പലതും വേദന നല്‍കിയിട്ടുണ്ട്‌. കേസിനെകുറിച്ച്‌ പഠിക്കാന്‍ ശ്രമിക്കാതെയുള്ള പ്രതികരണം പലപ്പോഴും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ ചിന്ത ജനങ്ങളില്‍ ജനിപ്പിക്കാനും കാരണമായി. വി.എസ്‌. അച്യുതാനന്ദനെ എനിക്ക്‌ വലിയ ബഹുമാനമായിരുന്നു. അദ്ദേഹം നേരിനൊപ്പം എല്ലാ കാലത്തും നില്‍ക്കുന്ന ഒരാളായി ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ചാരക്കേസിന്റെ പല ഘട്ടങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്റെ മനസിലെ വിഗ്രഹം ഉടച്ചു.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ കണ്ട്‌ കേസ്‌ വീണ്ടും അന്വേഷണം നടത്തണമെന്ന്‌ വി.എസ്‌. പറഞ്ഞിരുന്നു. പിന്നെ കോടതിയില്‍ ഒന്നിലധികം തവണ ചാരക്കേസ്‌ നടന്നുവെന്ന രീതിയില്‍ കേസുകള്‍ ഫയല്‍ ചെയ്‌തു. യഥാര്‍ത്ഥത്തില്‍ നടന്നതെന്തെന്ന്‌ അന്വേഷിക്കാതെ നടത്തിയ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അന്ന്‌ മാധ്യമങ്ങളും ജനങ്ങളും വിശ്വസിച്ചു. പക്ഷേ നടക്കാന്‍ സാധ്യതയില്ലാത്ത കേസ്‌ നടന്നു എന്നു പറയുന്നവരുടെ കൂട്ടത്തില്‍ ഒരു മുതിര്‍ന്ന പൊതുപ്രവര്‍ത്തന്‍ വന്നത്‌ എന്നെ വല്ലാതെ വേദനിപ്പിച്ചു.
ചാരക്കേസിന്റെ അന്വേഷണത്തിനായി കേരള പോലീസ്‌ നിയോഗിച്ച സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസുമായി കുറച്ചുനാള്‍ മുമ്പൊരു കൂടികാഴ്‌ച നടന്നു. എന്റെയൊരു സുഹൃത്ത്‌ നിര്‍ബന്ധിച്ചിട്ട്‌ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വീട്ടില്‍വച്ചാണ്‌ കണ്ടത്‌. നിരന്തരം നിര്‍ബന്ധിച്ചതിനാലാണ്‌ ഞാന്‍ സുഹൃത്തിന്റെ വീട്ടിലെ കൂടിക്കാഴ്‌ചയ്‌ക്ക്‌ സമ്മതിച്ചത്‌. അവിടെ സിബി മാത്യൂസും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ കാണാന്‍ വന്ന നില്‍പ്പുണ്ടായിരുന്നു. എനിക്ക്‌ ആ കൂടികാഴ്‌ചയില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. കാരണം എന്നെ അറസ്‌റ്റ്‌ചെയ്‌ത സമയത്തും ചോദ്യം ചെയ്യല്‍ വേളയിലും ഞാനദ്ദേഹത്തെ കാണാനും സംസാരിക്കാനും എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷേ അന്ന്‌ അദ്ദേഹം കേവലം രണ്ടര മിനിറ്റ്‌ മാത്രമാണ്‌ എന്നെ ചോദ്യം ചെയ്യാന്‍ ചെലവിട്ടത്‌. എങ്കിലും സുഹൃത്തിന്റെ ആ വീട്ടില്‍ ഞാനെന്റെ മാന്യത പുലര്‍ത്തി സിബി മാത്യുസിനെ കാണാന്‍ തയ്യാറായി.
താന്‍ ഈ കേസില്‍ അറിയാതെ പെട്ടതാണെന്നും അന്നത്തെ ഡി.ജി.പി. മധുസൂദനന്‍ ബോധപൂര്‍വ്വം കേസ്‌ അന്വേഷണ ചുമതല തന്റെ തലയില്‍ കെട്ടിവെച്ചതാണെന്നും സിബി മാത്യൂസ്‌ എന്നോട്‌ പറഞ്ഞു. അദ്ദേഹം എന്നെ ദ്രോഹിക്കാന്‍ ബോധപൂര്‍വ്വം ഒന്നും ചെയ്‌തിട്ടില്ല എന്നും പറഞ്ഞു. ഞാന്‍ പ്രതികരിച്ചില്ല. ഏറെനേരത്തെ മൗനത്തിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ എന്നോട്‌ സംസാരിച്ചു. എന്റെ ഭാര്യ മീന പതിവായി അമ്പലങ്ങളില്‍ പോകുന്ന കാര്യം അവര്‍ക്കറിവുണ്ട്‌. മീന അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ സിബി മാത്യൂസിനും കുടുംബത്തിനും ദോഷങ്ങള്‍ ഉണ്ടാകും എന്നിവര്‍ ഭയക്കുന്നു. അവര്‍ കടുത്ത ദൈവ ഭയത്തിലാണെന്നും അവരോട്‌ ഞാന്‍ ക്ഷമിക്കണമെന്നും അവര്‍ പറഞ്ഞു. ക്ഷമിക്കണോ എന്ന്‌ തീരുമാനിക്കാന്‍ എനിക്കിപ്പോള്‍ ആകില്ല. മാപ്പ്‌ തരാന്‍ ഞാന്‍ ദൈവവുമല്ല. അവള്‍ എന്നും അമ്പലത്തില്‍ പോകാറുണ്ട്‌, പ്രാര്‍ത്ഥിക്കാറുണ്ട്‌. പക്ഷേ ആരും നശിച്ചുപോകണമെന്ന്‌ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറില്ല. അവര്‍ മറുപടി ഒന്നും പറഞ്ഞില്ല.
പിന്നെയും കുറ സംസാരിച്ചു. പക്ഷേ ഞാന്‍ അധികം സംസാരങ്ങള്‍ക്ക്‌ നില്‍ക്കാതെ കൂടിക്കാഴ്‌ക്ക്‌ വേദിയൊരുക്കിയ സുഹൃത്തിന്‌ നന്ദി പറഞ്ഞ്‌ പുറത്തേക്കിറങ്ങി നടന്നു. പൂജപ്പുര ലാക്‌റ്റ്‌സ്‌ ഗസ്‌റ്റ്‌ ഹൗസില്‍നിന്നും എന്നെ രണ്ടര മിനിറ്റ്‌ മാത്രം ചോദ്യംചെയ്‌തു പുറത്തുപോയ ഉദ്യോഗസ്‌ഥനെപ്പോലെയല്ല, രണ്ടര മണിക്കൂര്‍ അദ്ദേഹത്തിന്‌ പറയാനുള്ളത്‌ കേട്ടശേഷമാണ്‌ ഞാന്‍ മടങ്ങിയത്‌.
അന്ന്‌ എന്നെ ചോദ്യംചെയ്യുമ്പോള്‍ പോലീസും ഐ.ബിക്കാരും വിചാരിച്ചില്ല ഞാന്‍ പുറത്തുവരുമെന്ന്‌. അവര്‍ നല്‍കുന്ന കള്ള തെളിവുകള്‍ സ്വീകരിച്ച്‌ കോടതി എന്നെ ശിക്ഷിക്കും. ആ ശിക്ഷയോടെ ഞാനും എന്റെ ലോകവും അവസാനിക്കും എന്നിവര്‍ തെറ്റിദ്ധരിച്ചിരുന്നിരിക്കണം. പക്ഷേ സത്യത്തിന്‌ ഒരുനാള്‍ പുറത്തുവരാതെ സാധിക്കില്ലല്ലോ...? കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും.
(അവസാനിച്ചു)

Ads by Google
Friday 27 Oct 2017 12.32 AM
YOU MAY BE INTERESTED
TRENDING NOW