Thursday, December 13, 2018 Last Updated 31 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 26 Oct 2017 03.58 PM

കോളറ തിരികെ വരുമ്പോള്‍

''കേരളത്തില്‍ നിന്നും തുടച്ചു നീക്കിയ മഹാമാരി വീണ്ടും തലപൊക്കുന്നു. ശുചിത്വത്തിലൂടെയും ആരോഗ്യബോധവത്കരണത്തിലൂടെയും ഇല്ലാതായ കോളറ, കേരളത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളിലാണ് അടുത്തിടെ സ്ഥിരീകരിച്ചത്. "
uploads/news/2017/10/159300/colarahelthnews.jpg

മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ കോളറ രോഗം കണ്ടെത്തിയിട്ടുമുണ്ട്. കേരളത്തില്‍ നിന്നും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എന്ന് അവകാശപ്പെട്ടിരുന്ന രോഗങ്ങള്‍ ഓരോന്നായി തിരികെയെത്തുകയാണ്.

മലേറിയ, ഡിഫ്തിരിയ തുടങ്ങി വര്‍ഷങ്ങളായി ഇല്ലാത്തായ രോഗങ്ങള്‍ വരെ അടുത്തിടെ സംസ്ഥാനത്ത് പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. തൊട്ടുപിന്നാലെ കോളറയും പല ജില്ലകളിലായി സ്ഥിരീകരിച്ചു കഴിഞ്ഞു.

കേരളത്തില്‍ മഹാമാരികള്‍ തിരികെ വരുന്നതെന്തുകൊണ്ട്? കേരളീയരുടെ ജീവിതശൈലിയിലും വ്യക്തി ജീവിതത്തിലുമുണ്ടായ മാറ്റങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നതെങ്ങനെ? ആരോഗ്യസംരക്ഷണത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കിത് എന്തു സംഭവിച്ചു.

കേരളത്തില്‍ നിന്നും കോളറ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ എവിടെ നിന്നും ആരംഭിക്കണം. സമൂഹവും, അധികൃതരും നമ്മളിലോരോരുത്തരും കൂട്ടമായി പരിശ്രമിച്ചാല്‍ മാരക രോഗങ്ങളെ പടിക്കുപുറത്താക്കാനാകും.

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും


കോളറ രോഗത്തെക്കുറിച്ചും രോഗം ബാധിച്ചാലുണ്ടാകുന്ന മരണ സാധ്യതയെക്കുറിച്ചും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കുന്ന സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിലും പരിസര ശുചിത്വത്തിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ ശുചിത്വത്തില്‍ മലയാളികള്‍ ഒട്ടും പിന്നിലായിരുന്നില്ല.

ഇന്ന് വ്യക്തി ശുചിത്വത്തില്‍ അല്‍പം കരുതല്‍ നല്‍കുന്നതല്ലാതെ ചുറ്റുപാടുകളെക്കുറിച്ച് ചിന്തിക്കാറില്ല. പരിസരങ്ങളിലേക്ക് വലിച്ചെറിയുന്ന മലിനവസ്തുക്കളിലൂടെ രോഗാണുക്കള്‍ വളരാനിടയുണ്ടെന്ന തിരിച്ചറിവ് ജനങ്ങളിലുണ്ടാകണം. പ്രകൃതിയോടുള്ള ചൂഷണങ്ങളും ജലലഭ്യതക്കുറവും കോളറ പോലുള്ള മാരക രോഗങ്ങള്‍ വീണ്ടുമുണ്ടാകാന്‍ കാരണമാകുന്നു.

മുന്‍പ് കോളറ രോഗാണു കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കൂടുതലായും ജലത്തിലൂടെ പകരുന്ന രോഗമായതിനാല്‍ ജലസ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കേണ്ട കടമ ഓരോ വ്യക്തിക്കുമുണ്ട്. ജലലഭ്യത കുറയുന്നത് രോഗഭീഷണി വര്‍ധിപ്പിക്കുന്നുണ്ട്.

ഏറെക്കാലം ഉപയോഗിക്കാത്ത കിണറുകളിലെ വെള്ളം ഉപയോഗിക്കുമ്പോള്‍ ശുദ്ധമായ വെള്ളമാണോയെന്ന് ഉറപ്പ് വരുത്താറില്ല. വൃത്തിഹീനമായ സാഹചര്യങ്ങള്‍ പെരുകുന്നത് കോളറ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും.

വിസര്‍ജ്യവസ്തുക്കള്‍ വെള്ളത്തിലും മണ്ണിലും കലരുന്നത് രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് കാരണമാകും. കോളറ രോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യണമെങ്കില്‍ വ്യക്തി ശുചിത്വത്തിനായും പരിസര ശുചിത്വത്തിനായും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ഇതരസംസ്ഥാന തൊഴിലാളികള്‍


കഠിനാധ്വാനമുള്ള തൊഴിലുകള്‍ ചെയ്യാന്‍ മലയാളിയെ കിട്ടാതായപ്പോളാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് ചേക്കേറിയത്. കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന മറുനാടന്‍ തൊഴിലാളികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്നുണ്ട്.

ഏത് ജോലിക്കും ഇതരസംസ്ഥാന തൊഴിലാളിയെ ആശ്രയിക്കുന്ന തരത്തില്‍ കേരളം മാറി. നിര്‍മാണമേഖലയിലും, ഹോട്ടല്‍ ജോലികളിലും, വീട്ടുജോലിയിലും വരെ അവര്‍ സാന്നിധ്യമറിയിച്ചു.

കേരളത്തിലാകെ ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുമ്പോഴും ഇവരുടെ ആരോഗ്യസുരക്ഷയെക്കുറിച്ച് കേരളം ചിന്തിക്കുന്നുണ്ടോ? പത്തനംതിട്ടയിലും കോഴിക്കോടും ഇതരസംസ്ഥാന തൊഴിലാളികളില്‍ കോളറ കണ്ടെത്തിയിട്ടും, അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടില്ല.

മറുനാടന്‍ തൊഴിലാളികളിലൂടെ നമ്മുടെ നാട്ടില്‍ കോളറ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നുള്‍പ്പെടെ ഉണ്ടാകേണ്ടത്. പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തതിനാല്‍ ഇവരില്‍ പലര്‍ക്കും രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് മിതമായ അറിവുകള്‍ മാത്രമേ ഉണ്ടാകൂ.

ചികിത്സ കുറവ് രോഗം കൂടുതല്‍ പടര്‍ന്നു പിടിക്കാന്‍ ഇടയാക്കുമെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ എന്തിന് മടിക്കണം. ജോലി സ്ഥലങ്ങള്‍ അനുസരിച്ച് ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്കുള്ള യാത്ര രോഗം മറ്റു സ്ഥലങ്ങളിലും വ്യാപിക്കാന്‍ കാരണമാകുമെന്നുറപ്പ്.

ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങളും ആരോഗ്യപരിരക്ഷയും ഉറപ്പിക്കാന്‍ അധികൃതരില്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.

uploads/news/2017/10/159300/colarahelthnews1.jpg

അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം


ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മറുനാടന്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നതില്‍ വലിയ അനാസ്ഥ നിലനില്‍ക്കുന്നുണ്ട്.

വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലാണ് മിക്കവാറും തൊഴിലാളികളും കഴിയുന്നത്. ഒരു മുറിയില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും അധികം പേര്‍ ഒരുമിച്ച് താമസിക്കുന്ന സാഹചര്യം പലയിടത്തുമുണ്ട്.

സൗകര്യക്കുറവ് കൊണ്ട് ഭക്ഷണം പാകം ചെയ്യുന്നതും, കഴിക്കുന്നതും, കിടക്കുന്നതുമൊക്കെ ഒരു മുറിയില്‍ തന്നെ. മലിനവും വൃത്തിഹീനവുമായ അന്തരീക്ഷത്തിലാണ് ഇവര്‍ കഴിയുന്നത്. ശുചിമുറികളുടെ ഉപയോഗം പോലും മറുനാടന്‍ ശൈലിയിലാണ്.

തുറസായ സ്ഥലത്തെ മലവിസര്‍ജനം, പൊതു ടാപ്പുകളിലെയും, കിണറുകളുടെയും, കുളങ്ങളുടെയും പരിസരത്ത് കുളിക്കുന്നതും, അലക്കുന്നതുമൊക്കെ രോഗങ്ങള്‍ പെരുകുന്നതിനിടയാക്കും.

ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകള്‍ പരിഹരിക്കപ്പെട്ടെങ്കില്‍ മാത്രമേ കോളറ പോലുള്ള രോഗങ്ങള്‍ തിരികെ വരുന്നത് തടയാനാകൂ.

ജോലിക്കാര്‍ തിങ്ങി പാര്‍ക്കുന്ന സാഹചര്യമായതിനാല്‍ ആവശ്യത്തിന് ശുചിമുറികളോ ആരോഗ്യസംരക്ഷണ സംവിധാനങ്ങളോ ഇല്ല. മിതമായ താമസസൗകര്യങ്ങളും മറ്റ് സാഹചര്യങ്ങളും ഒരുക്കുന്നതില്‍ ആരും തന്നെ ശ്രദ്ധ നല്‍കാറുമില്ല. ഇതു ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിനിടയാക്കുന്നുണ്ട്.

ഈ സാഹചര്യങ്ങള്‍ പൂര്‍ണമായും പരിഹരിച്ചെങ്കില്‍ മാത്രമേ കോളറ പോലുള്ള രോഗങ്ങള്‍ കേരളത്തിന്റെ പൂമുഖത്ത് നിന്നും തുടച്ചു നീക്കാനാകൂ.

ഹോട്ടല്‍ ഭക്ഷണം


മലപ്പുറം കുറ്റിപ്പുറത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് കോളറ ബാധിച്ചെന്ന സ്ഥിരീകരണം നിലനില്‍ക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണങ്ങളുടെ ശുചിത്വത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

ഹോട്ടല്‍ ഭക്ഷണങ്ങളുടെയും, ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വവും ഉറപ്പ് വരുത്തേണ്ടത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ചുമതലാണ്.

ഹോട്ടല്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന തൊഴിലാളികളുടെയും ഭക്ഷണത്തിന്റെയും ശുചിത്വം പരിഗണിക്കേണ്ടതുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് മലയാളികള്‍.

ഹോട്ടല്‍ ഭക്ഷണം തെരഞ്ഞെടുക്കുന്നതിനു മുന്‍പ് ഹോട്ടല്‍ ഭക്ഷണത്തിന്റെ ശുചിത്വവും ഉറപ്പുവരുത്തുന്നത് ഇത്തരം രോഗങ്ങളില്‍ നിന്നും തടയും. പഴകിയതും തണുത്തതുമായ ഭക്ഷണങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണമെന്ന് പ്രത്യേകം നിര്‍ദേശിക്കാന്‍ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകണം.

അടിയന്തര നടപടികള്‍ സ്വീകരിക്കണം


കോളറ രോഗത്തിന് കാരണമാകുന്ന ഘടകങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ അടിയന്തര നടപടികള്‍ ഉണ്ടാകണം. വ്യക്തി ശുചിത്വത്തെക്കുറിച്ചും മാലിന്യങ്ങള്‍ തുറസായ പ്രദേശങ്ങളില്‍ പുറന്തള്ളുന്നതുള്‍പ്പെടെ പരിഹരിക്കപ്പെടണം.

മനുഷ്യ വിസര്‍ജ്യങ്ങള്‍ ജലസ്രോതസുകളില്‍ കലരാതെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ പഞ്ചായത്തുകളുടെയും നഗരസഭയുടെയും ഭാഗത്ത് നിന്നും ഉണ്ടായെങ്കില്‍ മാത്രമേ ജലസ്രോതസുകള്‍ സംരക്ഷിക്കാനാകൂ.

കോഴിക്കോട് നഗരത്തില്‍ കേന്ദ്രീകൃത ശുചീകരണ സംവിധാനമോ, അഴുക്കുചാല്‍ ശൃംഖലയോ ഇല്ലാത്തത് രോഗങ്ങളുടെ കടന്നാക്രമണം എളുപ്പമാക്കുന്നുണ്ട്. ഇവയൊക്കെ പരിഹരിക്കപ്പെടേണ്ടതുണ്ട്.

ജോലിക്കായി കൊണ്ടുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിശോധന ഫലപ്രദമായി നടത്തുന്നതിനും തുടര്‍ നിരീക്ഷണം നടത്താനും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

മാരകരോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതിനു മുന്‍പ് ചികിത്സ ക്രമങ്ങള്‍ ആരംഭിക്കാനും ഇതിലൂടെ സാധിച്ചേക്കും. ആരോഗ്യസുരക്ഷയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എല്ല ജനങ്ങളെയും ബോധ്യപ്പെടുത്തണം.

അതിനായി ബോധവത്കരണ ക്ലാസുകള്‍ പരമാവധി സംഘടിപ്പിക്കുക. ഹോട്ടല്‍ ഭക്ഷണങ്ങളുടെ ശുചിത്വം ഉറപ്പ് വരുത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഭാഗത്തുനിന്നും പരിശോധനകള്‍ കര്‍ശനമാക്കണം.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവരവരുടെ പ്രദേശത്ത് കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം.

അതോടൊപ്പം ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ തൊഴിലാളികള്‍ക്ക് രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും അറിവ് നല്‍കാനുള്ള അടിയന്തര മാര്‍ഗങ്ങെളക്കുറിച്ച് ആലോചിക്കേണ്ടതുമുണ്ട്.

ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം. നിര്‍ബന്ധിത വൈദ്യപരിശോധന, ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണം എന്നിവയും ഫലപ്രദമാക്കേണ്ടതുണ്ട്.

uploads/news/2017/10/159300/colarahelthnews2.jpg

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. വീട്ടിലും ഹോട്ടലുകളിലും പാചകത്തിനായി ശുദ്ധ ജലം ഉപയോഗിക്കുക.
2. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.
3. പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂടി വയ്ക്കുക.

4. പാചകം ചെയ്യുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കണം. ഹോട്ടലുകളില്‍ പാചകം ചെയ്യുന്നവരുടെ ശുചിത്വം അധികൃതര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.
5. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍, വിളമ്പാന്‍ ഉപയോഗിക്കുന്ന സ്പൂണ്‍ എന്നിവ തിളച്ച വെള്ളത്തില്‍ കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.
6. ഭക്ഷണപദാര്‍ഥങ്ങള്‍ ചൂടോടെ മാത്രം കഴിക്കുക. തണുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.

7. വീട്ടിലും ഹോട്ടലുകളുടെ പരിസരങ്ങളിലും മലിന ജലം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്.
8. ഹോട്ടലുകളില്‍ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തും കൈ കഴുകുന്ന സ്ഥലത്തും വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം.
9. ഖരമാലിന്യങ്ങളും ജൈവമാലിന്യങ്ങളും അടച്ചു സൂക്ഷിക്കേണ്ടതും നിശ്ചിത ഇടവേളയില്‍ നീക്കം ചെയ്യേണ്ടതുമാണ്.

തയാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

Ads by Google
Thursday 26 Oct 2017 03.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW