Wednesday, January 10, 2018 Last Updated 28 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 26 Oct 2017 03.23 PM

വിവേക് 'കുപ്പി'യെ ഹിറ്റാക്കിയ നടന്‍

uploads/news/2017/10/159299/CiniINWVivek.jpg

യുവതാരമായ വിവേക് ഇപ്പോള്‍ അറിയപ്പെടുന്നത് കുപ്പിയെന്നാണ്. മലയാളസിനിമയിലേക്ക് പുതിയ ചെറുപ്പക്കാരെ പരിചയപ്പെടുത്തിയ ആനന്ദം എന്ന ചിത്രത്തിലെ കുപ്പിയെന്ന കഥാപാത്രമായി വിശാഖ് ചെറുപ്പക്കാരുടെ മനസില്‍ ഇടംപിടിക്കുകയായിരുന്നു.

ഹ്യൂമറിന് പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് വിവേകിനെ തേടിയെത്തുന്നത്. ഒന്നിനു പുറകെ മറ്റൊന്നായി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നു
ണ്ടെങ്കിലും വെല്ലുവിളിയുയര്‍ത്തുന്ന നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് വിവേക് കാത്തിരിക്കുന്നത്.

വിവേക് അഭിനയിക്കുന്ന ആറാമത്തെ ചിത്രമാണ് ആന അലറലോടലറല്‍. വിനീത് ശ്രീനിവാസന്‍ നായകനാവുന്ന ഈ ചിത്രത്തില്‍ ആന പാപ്പാനായാണ് വിവേക് അഭിനയിക്കുന്നത്.

? ആന അലറലോടലറല്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്..


ഠ ഈ ചിത്രത്തില്‍ ആന പാപ്പാനായാണ് അഭിനയിക്കുന്നത്. അടൂര്‍ ഭാസിയു ഇന്നസന്റ് ചേട്ടനും ഒടുവിലും ഉള്‍പ്പെടെ മലയാളസിനിമയിലെ ലെജന്റായ താരങ്ങളൊക്കെ ആനയുമായി ബന്ധപ്പെട്ട സിനിമകളിലൊക്കെ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തിരുന്നു. പുതിയ തലമുറയിലെ താരമായ എനിക്കും ആന പാപ്പാനാകാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു.

? ആന പാപ്പാനായി അഭിനയിക്കുമ്പോള്‍ ആനയുമായുള്ള പരിചയം അനിവാര്യമല്ലേ..


ഠ അതെ, ആന പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രത്തില്‍ ആനപാപ്പാനായി അഭിനയിക്കണമെന്ന് അറിഞ്ഞപ്പോള്‍ തന്നെ ആനയുമായി ഇടപെടേണ്ടി വരില്ലേയെന്ന ചിന്തയാണ് മനസ്സിലുണ്ടായത്. മൂവാറ്റുപുഴയിലെ പുഴക്കരക്കാവ് ദേവീ ക്ഷേത്രത്തിന് സമീപമാണ് എന്റെ വീട്.

ചെറുപ്പം മുതല്‍ക്കേ ഉത്സവത്തിന് എഴുന്നള്ളിക്കാനായി കൊണ്ടുവരുന്ന ആനകളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന ആന നന്തിലത്ത് അര്‍ജുനനാണെന്നും പാപ്പാനായി അഭിനയിക്കുന്നതുകൊണ്ട് ആനയുമായി പരിചയം സ്ഥാപിക്കണമെന്നും സംവിധായകന്‍ ദിലീപേട്ടന്‍ പറഞ്ഞിരുന്നു.

ഇതു പ്രകാരം ഞാന്‍ നന്തിലത്ത് അര്‍ജുനനെ കാണാന്‍ തീരുമാനിച്ചു. വടക്കാഞ്ചേരിയിലാണ് ആനയെ നിര്‍ത്തിയിരുന്നത്. ഏഴു ദിവസത്തോളം ഞാന്‍ നന്തിലത്ത് അര്‍ജുനന്റെ കൂടെയായിരുന്നു. പാപ്പാന്‍ രാജേട്ടനാണ് എനിക്ക് എല്ലാ സഹായവും ചെയ്തുതന്നിരുന്നത്.

രാവിലെ ഒമ്പതുമണിക്ക് ഞാന്‍ അര്‍ജുനന്റെ അടുത്തെത്തും. വൈകിട്ട് നാലുണിക്ക് രാജേട്ടന്റെ ഡ്യൂട്ടി കഴിയുന്നതുവരെ ഞാനും ആനയോടൊപ്പം നിന്നു. നന്തിലത്ത് അര്‍ജുനന്‍ പെട്ടെന്ന് ഇണങ്ങുന്ന ആനയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഞാന്‍ നന്തിലത്ത് അര്‍ജുനനെയും പാപ്പാനായ രാജേട്ടന്റെ മാനറിസങ്ങളും ഒബ്‌സര്‍വ് ചെയ്തുകൊണ്ടിരുന്നു.

? ആന പാപ്പാനാകുന്ന വിവേകിന്റെ ഏഴുദിവസത്തെ പരിചയം ഗുണകരമായോ...


ഠ ക്യാമറയുടെ മുന്നില്‍ നന്തിലത്ത് അര്‍ജുനന്റെ ടൈമിംഗ് ഞങ്ങളെയൊക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇടന്തിരിയാനെ, വലന്തിരിയാനെ, അവിടെ വച്ചാനെ, പീരാനെ എന്നൊക്കെ ഞാന്‍ പറയുമ്പോള്‍ അര്‍ജനന്‍ കൃത്യമായി അനുസരിച്ചു.

തുമ്പിക്കൈയോട് ചേര്‍ത്തുപിടിച്ചും കൊമ്പുപിടിച്ച് നടക്കാനുമൊക്കെ എനിക്കു കഴിഞ്ഞു. ചിത്രീകരണത്തിന്റെ ചില ഘട്ടങ്ങളില്‍ അര്‍ജുനന്റെ പാപ്പാനായി ഞാന്‍ മാറുകയാണോയെന്ന് പോലും എനിക്കു തോന്നിപ്പോയി.

കാരണം നന്തിലത്ത് അര്‍ജുനനും ഞാനുമായി നല്ലൊരു ആത്മബന്ധമുണ്ടയായി എന്നതാണ് യാഥാര്‍ത്ഥ്യം. ആന പാപ്പാനായ കഥാപാത്രമായി ഇഴുകിേച്ചര്‍ന്ന് അഭിനയിക്കാന്‍ ഇതെനിക്ക് സഹായകമായി.

uploads/news/2017/10/159299/CiniINWVivek1.jpg

? വിവേകിന്റെ കലാപരമായ പശ്ചാത്തലത്തെക്കുറിച്ച് സൂചിപ്പിക്കാമോ?


ഠ സ്‌കൂള്‍ പഠനം ഷാര്‍ജയിലായിരുന്നു. ഡല്‍ഹിയിലെ സ്‌കൂളിലും പഠിച്ചിട്ടുണ്ട്. പഠനകാലത്തുതന്നെ എനിക്ക് നാടകങ്ങളോട് എന്തെന്നില്ലാത്ത ഇഷ്ടമായിരുന്നു.

മാംഗ്ലൂരിലെ സൂരത് കല്‍ എന്‍.ഐ.ടി.യില്‍ പഠിക്കുമ്പോഴാണ് നാടകത്തില്‍ സജീവമായത്. അഗതാ ക്രിസ്റ്റിയുടെ ആന്‍ഡ് ദെന്‍ ദേര്‍ വേര്‍ നണ്‍' ഓണ്‍ ഫ്‌ളൂ ഓവര്‍ ദി കക്കൂസ് നെസറ്റ് തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തതിനു പുറമെ അഭിനയിക്കുകയും ചെയ്തു.

ഈ നാടകങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബോംബെ ഐ.ഐ.ടി. യില്‍ നടന്ന എന്‍.ഐ.ടി. ഇന്റര്‍ ഫെസ്റ്റില്‍ നാടകം സംവിധാനം ചെയ്ത് അവതരിപ്പിച്ചത് മറക്കാനാവാത്ത അനുഭവമാണ്.

? പഠനശേഷം തിയേറ്റര്‍ ശാഖയില്‍ സജീവമായിരുന്നില്ലെ..


ഠ പഠനശേഷം ചെന്നൈയിലെ ബെന്‍സില്‍ ഫാക്ടറി കണ്‍സള്‍ട്ടന്റായാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. ചെന്നൈയിലെ രേവതി മാഡത്തിന്റെ ലിറ്റില്‍ തിയേറ്ററില്‍ പങ്കെടുത്തിരുന്നു. ചെന്നൈയില്‍ ഏവം, കികാസ് തുടങ്ങിയ തിയേറ്റര്‍ വര്‍ക്‌ഷോപ്പുകളില്‍ സജീവമായതോടെ നാടകത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സഹായകമായി

? കുപ്പിയെന്ന കഥാപാത്രം സമ്മാനിച്ച ആദ്യചിത്രമായ ആനന്ദം നല്‍കിയ അനുഭവത്തെക്കുറിച്ച്...


ഠ ചെന്നൈയില്‍ ജോലിയും നാടകപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകമ്പോണ് ആനന്ദത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നറിഞ്ഞത്. വീഡിയോ എടുത്ത് അയച്ചുകൊടുത്തു. നാലു റൗണ്ട് ഓഡിയേഷനിലൂടെയാണ് എന്നെ സെലക്ട് ചെയ്തത്.

ആനന്ദത്തിലെ കുപ്പിയെന്ന കഥാപാത്രം പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് സമ്മാനിച്ചത്. ആനന്ദം പുറത്തിറങ്ങിയതിനു ശേഷം കേരളത്തിലെ ഇരുപതോളം കോളജുകളില്‍ അഭിനേതാക്കളായ ഞങ്ങളെല്ലാവരും പോയിരുന്നു.

കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്കു നല്‍കിയ സ്വീകരണം വളരെ ആവേശകരമായിരുന്നു. ഇപ്പോഴും ആളുകള്‍ എന്നെ കാണുമ്പോള്‍ കുപ്പി
യെന്നാണ് വിളിക്കുന്നത്. അതുകേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.

? ആനന്ദത്തിനു ശേഷമുള്ള ചിത്രങ്ങളെക്കുറിച്ച്..


ഠ ആനന്ദത്തിനു ശേഷം പുത്തന്‍ പണത്തിലാണ് അഭിനയിച്ചത്. പിന്നീട് ചങ്ക്‌സ്, ചെമ്പരത്തിപ്പൂവ്, മാച്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

? എന്താണ് ഇനിയുള്ള മോഹം...


ഠ കോമഡിക്ക് പ്രാധാന്യമുള്ള വേഷങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതോടൊപ്പം ക്യാരകടര്‍ റോളുകളിലും അഭിനയിക്കണമെന്നുണ്ട്. നാടകാഭിനയത്തിന്റെ പിന്‍ബലമുള്ളതുകൊണ്ട് ഏതു റോളും അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

? കുടുംബത്തെക്കുറിച്ച്...


ഠ അച്ഛന്‍ ബാലചന്ദ്രന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ്. അമ്മ ജയ മൂവാറ്റുപുഴയില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറാണ്. ഞാന്‍ ഏക മകനാണ്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
TRENDING NOW