Saturday, December 08, 2018 Last Updated 55 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 26 Oct 2017 02.13 AM

യയാതിമാര്‍ക്കു കടം കൊടുക്കാനല്ല, നമ്മുടെ ക്യാമ്പസിന്റെ യൗവനങ്ങള്‍

uploads/news/2017/10/159118/bft1.jpg

തൊണ്ണൂറുകളില്‍ ഞാന്‍ നെന്മാറ എന്‍.എസ്‌.എസ്‌. കോളജില്‍ അധ്യാപകനായിരിക്കേയാണു കോളജിന്റെ രജതജൂബിലി ആഘോഷം നടന്നത്‌. സമീപപ്രദേശത്തെ ഒരു രാഷ്‌ട്രീയസംഘട്ടനത്തിന്റെ അലകള്‍ അടങ്ങിയിരുന്നില്ല. രജതജൂബിലി ആഘോഷത്തിന്റെ സമാപനദിവസം എം.ജി. ശ്രീകുമാറിന്റെ ഗാനമേള. പുറത്തെ രാഷ്‌ട്രീയസംഘര്‍ഷം പരിപാടിയെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു.
പരിപാടിയുടെ സംഘാടകരായ കുറേ കുട്ടികള്‍, ഒരു വിദ്യാര്‍ഥി സംഘടനയില്‍പ്പെട്ടവര്‍, ഗാനമേളയ്‌ക്കു മുമ്പ്‌ ബാഡ്‌ജ്‌ മടക്കിനല്‍കിയിട്ടു പറഞ്ഞു: "സാറേ ഞങ്ങള്‍ പോകുകയാണ്‌, ഇവിടെ നിന്നാല്‍ ശരിയാകില്ല". അവരുടെ മുഖത്തു നിഴലിച്ച നിരാശ എനിക്കു വായിച്ചെടുക്കാമായിരുന്നു. അപ്പോഴാണു മറ്റൊരു വിദ്യാര്‍ഥി സംഘടനയില്‍പ്പെട്ടവര്‍ എന്നെ സമീപിച്ചത്‌. പോകാനൊരുങ്ങിയ എതിര്‍സംഘടനയില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ അവര്‍ പൂര്‍ണസംരക്ഷണം വാഗ്‌ദാനം ചെയ്‌തു. യാതൊരു അസ്വാരസ്യവുമില്ലാതെ പരിപാടികള്‍ സമംഗളം അവസാനിച്ചപ്പോള്‍ എന്റെ വിദ്യാര്‍ഥികളെക്കുറിച്ച്‌ എനിക്ക്‌ അഭിമാനം തോന്നി. വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന ഒരുകാലമായിരുന്നു അതെന്ന്‌ ഓര്‍ക്കണം.
മറ്റൊരു സന്ദര്‍ഭവും ഓര്‍മയില്‍ തെളിയുന്നു. പാലക്കാട്ടെ ഒരു ഉള്‍നാടന്‍ഗ്രാമത്തില്‍ നാഷണല്‍ സര്‍വീസ്‌ സ്‌കീമിന്റെ ദശദിന ക്യാമ്പ്‌. കുട്ടികളും ഗ്രാമവാസികളും 10 ദിവസം കൊണ്ടു സൃഷ്‌ടിച്ച ആത്മബന്ധം ക്യാമ്പിന്റെ അവസാനദിവസം ദുഃഖസാന്ദ്രമായ യാത്രാമൊഴിയായി. സാമൂഹികസേവനത്തിലൂടെ വിദ്യാര്‍ഥികള്‍ ഒരു ഗ്രാമത്തിന്റെ ഓമനകളായി മാറുന്നതിന്റെ നേര്‍സാക്ഷ്യം ഇതുപോലെ നിരവധി എന്‍.എസ്‌.എസ്‌. ക്യാമ്പുകളില്‍ കാണാം.
ഇന്നു വിദ്യാര്‍ഥി രാഷ്‌ട്രീയത്തിനെതിരായ കോടതിവിധി ഏറെ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍, നമ്മുടെ ക്യാമ്പസുകളുടെ തനിമയും നന്മയും പൊയ്‌പ്പോയോ എന്ന ആശങ്കയാണ്‌ ഒരുവിഭാഗം പങ്കുവയ്‌ക്കുന്നത്‌. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍തന്നെ ഇന്ത്യയില്‍ വിദ്യാര്‍ഥി രാഷ്‌ട്രീയം ഏറെ സജീവമായിരുന്നു. ദാദാഭായ്‌ നവറോജി തുടങ്ങിവച്ച ദി സ്‌റ്റുഡന്റ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഹിസേ്‌റ്റാറിക്‌ സൊസൈറ്റി പോലുള്ള പ്രസ്‌ഥാനങ്ങളിലൂടെയും ഗാന്ധിജിയുടെ ആവശ്യപ്രകാരമുള്ള നിസ്സഹകരണപ്രസ്‌ഥാനങ്ങിലൂടെയും വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായതു ചരിത്രപാഠം. ക്വിറ്റ്‌ ഇന്ത്യ പ്രക്ഷോഭത്തിലും സ്വദേശി പ്രസ്‌ഥാനത്തിലുമൊക്കെ വിദ്യാര്‍ഥിപങ്കാളിത്തം സജീവമായിരുന്നു. സ്വാതന്ത്യാനന്തരം എല്ലാം മാറിമറിഞ്ഞു. മുഖ്യരാഷ്‌ട്രീയപ്രസ്‌ഥാനങ്ങളുടെ വാലായി വിദ്യാര്‍ഥി രാഷ്‌ട്രീയം മാറി. പൊതുവായ സാമൂഹികപ്രശ്‌നങ്ങളില്‍നിന്ന്‌ അകന്ന്‌ പലപ്പോഴും തങ്ങള്‍ വിശ്വസിക്കുന്ന രാഷ്‌ട്രീയപ്രസ്‌ഥാനത്തിന്റെ പതാകാവാഹകര്‍ മാത്രമായി അവര്‍ മാറി; അല്ലെങ്കില്‍ അവരെ അങ്ങനെ മാറ്റിയെടുത്തു. വിദ്യാര്‍ഥിസമൂഹം രാഷ്‌ട്രീയ പാര്‍ട്ടികളുടെ ക്യാമ്പസ്‌ ജിഹ്വകളായി.
1973-ലെ ചിപ്‌കോ പ്രസ്‌ഥാനത്തിനും അടിയന്തരാവസ്‌ഥയിലെ ജനാധിപത്യധ്വംസനത്തിനെതിരായ പ്രതിഷേധത്തിലുമൊക്കെ വിദ്യാര്‍ഥിസമൂഹം വഹിച്ച പങ്ക്‌ വിസ്‌മരിക്കാവുന്നതല്ല. സര്‍ഗാത്മകമായ ക്യാമ്പസുകള്‍ സൃഷ്‌ടിച്ചതില്‍ അവര്‍ക്കു വലിയ പങ്കുണ്ടായിരുന്നു. കേരളത്തിലെ ക്യാമ്പസുകളില്‍ ഒ.വി. വിജയനും എം. മുകുന്ദനും കാക്കനാടനുമൊക്കെ സക്രിയസാന്നിധ്യമായിരുന്നു. ആവിലായിലെ സൂര്യോദയങ്ങള്‍ ഞങ്ങളുടേതുമായിരുന്നു. കാവാലം നാടകങ്ങളും അയ്യപ്പപ്പണിക്കരുടെയും ചുള്ളിക്കാടിന്റെയും കവിതകളുമൊക്കെ ക്യാമ്പസുകളെ ത്രസിപ്പിച്ചതിനു പിന്നിലും വിദ്യാര്‍ഥി രാഷ്‌ട്രീയത്തിന്റെ കൈയൊപ്പുണ്ടായിരുന്നു. സംഘട്ടനങ്ങളും സംഘര്‍ഷങ്ങളുമൊക്കെ ക്യാമ്പസ്‌ അന്തരീക്ഷത്തെ അലോസരപ്പെടുത്തുമ്പോഴും അവയ്‌ക്കിടയിലൂടെ സമാന്തര സര്‍ഗപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.
പിന്നെ എപ്പോഴോ താളപ്പിഴകള്‍ ആരംഭിച്ചു. വിദ്യാര്‍ഥി രാഷ്‌ട്രീയത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുടെ കൗശലപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടായെന്നു മാത്രമല്ല, യജമാനവിധേയത്വം അതിന്റെ മുഖമുദ്രയായി. രാഷ്‌ട്രീയ തലതൊട്ടപ്പന്‍മാരെ തൃപ്‌തിപ്പെടുത്താനുള്ള വ്യഗ്രതയില്‍ വിദ്യാര്‍ഥി രാഷ്‌ട്രീയം സ്വത്വബോധത്തില്‍നിന്ന്‌ അകന്നു. ആനുകാലികവിഷയങ്ങള്‍ക്കപ്പുറം രാഷ്‌ട്രീയ ചക്കളത്തിപ്പോരുകളുടെ വക്കാലത്ത്‌ കലാലയങ്ങള്‍ ഏറ്റെടുത്തു. സംഘട്ടനങ്ങളും പഠിപ്പുമുടക്കുകളും പതിവായി. ദിവസങ്ങളോളം അടഞ്ഞുകിടക്കുന്ന കോളജ്‌ ഗേറ്റ്‌ നോക്കി നെടുവീര്‍പ്പിടാനേ സംഘര്‍ഷത്തില്‍ ഭാഗഭാക്കല്ലാത്ത വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കഴിഞ്ഞുള്ളൂ.
ഭാവിയില്‍ ഭരണനേതൃത്വങ്ങളില്‍ എത്തിയേക്കാവുന്ന ചെറിയൊരു വിഭാഗം നേതാക്കളെ സൃഷ്‌ടിക്കാനുള്ള നഴ്‌സറികളായി കലാലയങ്ങള്‍ മാറിയപ്പോള്‍ പൊതുസമൂഹം അതു ചോദ്യം ചെയ്‌തുവെന്നതാണു സത്യം. ആ ഇടപെടലിന്റെ പിന്തുടര്‍ച്ചയാണ്‌ ഇന്നു കോടതി ഉത്തരവുകളായി പുറത്തുവരുന്നത്‌. പണമുള്ളവര്‍ പഠിക്കാന്‍ മറ്റു വഴികള്‍ തേടിയപ്പോള്‍, ക്ലാസ്‌ മുറികളെ മാത്രം ആശ്രയിച്ചവര്‍ക്ക്‌ അത്താണികളില്ലാതായി. മാറുന്ന കാലത്തിനനുസരിച്ചു വിദ്യാഭ്യാസരീതിയും നവീകരിക്കേണ്ടതുണ്ട്‌. ജീവസ്സുറ്റ പരീക്ഷാസമ്പ്രദായങ്ങള്‍ ചര്‍ച്ചചെയ്യപ്പെടണം. അടിച്ചേല്‍പ്പിക്കുന്ന പാഠ്യപദ്ധതികള്‍ അപ്പാടെ വിഴുങ്ങാതെ, ക്രിയാത്മകനിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കാന്‍ നിര്‍ഭാഗ്യവശാല്‍ വിദ്യാര്‍ഥിസമൂഹം തയാറാകുന്നില്ല.
കലാലയരാഷ്‌ട്രീയത്തിന്റെ പ്രസന്നഭാവം നഷ്‌ടപ്പെടുത്തിയതിനെതിരേ കോടതിവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നതിന്‌ ആരാണ്‌ ഉത്തരവാദികള്‍? മുഖ്യധാരാ രാഷ്‌ട്രീയകക്ഷികള്‍ക്ക്‌ അതില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാനാവില്ല. ജനാധിപത്യബോധം അനുഭവങ്ങളിലൂടെ ആര്‍ജിക്കുന്നതാണ്‌. രാഷ്‌ട്രീയാവബോധമാകട്ടെ, പലപ്പോഴും വിശ്വസിക്കുന്ന പ്രസ്‌ഥാനങ്ങളുടെ നിലനില്‍പ്പിന്റെ ചട്ടക്കൂട്ടിലേക്കു പരിമിതപ്പെടുന്നു. സ്വന്തം പ്രസ്‌ഥാനത്തിനുവേണ്ടി മറ്റെല്ലാത്തിനോടും അസഹിഷ്‌ണുത കാട്ടുന്ന രാഷ്‌ട്രീയത്തിന്റെ ബാക്കിപത്രമാണത്‌.
പ്ലാച്ചിമടയിലെ മയിലമ്മയ്‌ക്ക്‌ ഒരു ജനതയുടെ സമരനായികയാകാന്‍ കഴിഞ്ഞതു കലാലയരാഷ്‌ട്രീയത്തിന്റെ അനുഭവസമ്പത്തുകൊണ്ടല്ല. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം നയിച്ച ലീലാകുമാരിക്ക്‌ ഉന്നതവിദ്യാഭ്യാസത്തിന്റെ ആര്‍ജവം മാത്രമല്ല കരുത്തുപകര്‍ന്നത്‌. തെരുവുകളില്‍ അലയുന്നവര്‍ക്കു സംരക്ഷകനായ കോട്ടയത്തെ പി.യു. തോമസിനും കലാലയരാഷ്‌ട്രീയമല്ല സാമൂഹികപ്രതിബദ്‌ധതയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്‌. മറ്റുള്ളവരോടുള്ള മനസലിവിന്റെ രാഷ്‌ട്രീയമാണ്‌ അവരെ നയിച്ചത്‌. ക്രൈസ്‌തവനായ എന്റെ സുഹൃത്തിന്റെ മകന്‍ അബേഷ്‌ എന്ന നിയമവിദ്യാര്‍ഥി ശബരിമലയിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനത്തില്‍ പങ്കാളിയായത്‌ അവന്‍ ആര്‍ജിച്ച സംസ്‌കാരത്തിന്റെ ഭാഗമായിട്ടുകൂടിയാണ്‌. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ മാത്രമേ സുതാര്യമായ ജനാധിപത്യനേതൃത്വം ഉരുത്തിരിഞ്ഞുവരൂവെന്നു നിര്‍ബന്ധമില്ല. അക്കാര്യം സൂചിപ്പിക്കാനാണ്‌ ഈ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയത്‌.
വോട്ടവകാശമുള്ള വിദ്യാര്‍ഥികള്‍ക്കു രാഷ്‌ട്രീയവിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളും പാടില്ലേയെന്നതാണു മറ്റൊരു ചോദ്യം. രാഷ്‌ട്രീയപ്രവര്‍ത്തനം മാതൃരാഷ്‌ട്രീയസംഘടനയ്‌ക്കുവേണ്ടി പരിമിതപ്പെടുത്താതെ, സാമൂഹികപ്രവര്‍ത്തനത്തിന്റെ വിശാലതകൂടി ഉള്‍ക്കൊള്ളണം എന്നാണുത്തരം. വിദ്യാര്‍ഥി രാഷ്‌ട്രീയം കലാലയങ്ങളില്‍നിന്നു പടിയിറങ്ങുമ്പോള്‍ പകരം വയ്‌ക്കാന്‍ മൂല്യബോധത്തിന്റെ പുതിയ കാഴ്‌ചപ്പാടുകളില്ലെന്നതു നമ്മെ അസ്വസ്‌ഥരാക്കുന്നു. ജാതീയതയുടെയും പണാധിപത്യത്തിന്റെയും മയക്കുമരുന്ന്‌ മാഫിയകളുടെയും വേദികളായി ക്യാമ്പസുകള്‍ മാറും. പരിഹാരമെന്താണ്‌? പാഠ്യപദ്ധതിയുടെ ഭാഗമായി സാമൂഹികപ്രതിബദ്ധതയുടെ മൂല്യങ്ങള്‍കൂടി ഉള്‍പ്പെടുത്തണം.
പരസ്‌പരം പോര്‍വിളിച്ചശേഷം ഉച്ചയ്‌ക്കു കോളജ്‌ ക്യാന്റീനില്‍ ഒരേ പാത്രത്തില്‍നിന്നു കഴിക്കുന്ന വിദ്യാര്‍ഥികളെ കണ്ടിട്ടുണ്ട്‌. അത്തരം സൗഹൃദങ്ങളും പാരസ്‌പര്യങ്ങളും ഇന്നു കുറഞ്ഞുവരുന്നു. ലക്ഷ്‌മണരേഖകള്‍ മറികടക്കരുതെന്ന ഓര്‍മപ്പെടുത്തലാണു കോടതിവിധിയെന്നു കരുതാം. മനുഷ്യജീവിയുടെ യൗവനമാണു രാഷ്‌ട്രീയമെന്ന എം.എന്‍. കാരശേരിയുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, യയാതിക്കു യൗവനം കടം കൊടുത്ത പുത്രന്റെ പരമ്പരകളെയല്ല നമ്മുടെ ക്യാമ്പസുകള്‍ സൃഷ്‌ടിക്കേണ്ടത്‌.

Ads by Google
Thursday 26 Oct 2017 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW