Sunday, January 14, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Oct 2017 04.34 PM

ആയിരമിതളുള്ള പിതൃ വാത്സല്യം...

ഗുരു നിത്യ ചൈതന്യയതിയുടെ നേര്‍ ശിഷ്യയും എഴുത്തുകാരിയുമായ സുഗത പ്രമോദ് ഗുരുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്നു...
uploads/news/2017/10/158971/sugathapromad.jpg

ഊട്ടിയിലെ ഫേണ്‍ഹില്‍ ആശ്രമത്തിലേക്ക് ചെല്ലുന്ന ഓരോരുത്തരേയും ഗുരുവിന്റെ വാത്സല്യത്തിന്റെ അദൃശ്യ കരങ്ങള്‍ വന്നുപൊതിയും. സ്‌നേഹത്തിന്റെയും കരുതലിന്റെയും തണുത്ത സുഗന്ധമുള്ള ഗുരുചൈതന്യം നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.

ആശ്രമവാടിയില്‍ വിടരുന്ന ഓരോ പൂവിലും വീണുതിരുന്ന മഞ്ഞുകണങ്ങളില്‍ പോലും ഗുരുനിത്യ ചൈതന്യ യതി യുടെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നു ണ്ട്.

ആശ്രമത്തിലെ പടിവാതില്‍ കടന്നുചെന്നാല്‍ ആദ്യം കാണുന്നത് വിശാലമായ പ്രാര്‍ഥനാമുറിയാണ്. നാനാജാതി മതസ്ഥര്‍ക്കും അവരവരുടേതായ രീതിയില്‍ പ്രാര്‍ഥിക്കാം. ഗുരുകുലത്തിലെ പ്രാര്‍ഥനാമുറിയില്‍ ദൈവങ്ങളുടെ ഫോട്ടോയോ വിഗ്രഹമോ ഇല്ല.

പ്രാര്‍ഥനയുടേയും ധ്യാനത്തിന്റെയും നിര്‍വൃതിയില്‍ സ്വയം മറന്നുകൊണ്ട് സകല ദു:ഖങ്ങളേയും മറക്കാമെന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്. ഊട്ടിയുടെ കണ്ണായ സ്ഥലത്തു പരന്നുകിടക്കുന്ന ആശ്രമം. മഞ്ഞുമൂടിയ താഴ്‌വരകളുടെ ഭംഗിയില്‍ ആശ്രമത്തിന്റെ സൗന്ദര്യം ഒന്നുകൂടി ഇരട്ടിച്ചു.

പതിനഞ്ചാം വയസിലാണ് സുഗത ഇവിടേക്ക് വന്നത്. പിന്നീട് നിത്യഗുരുവിന്റെ പാദങ്ങളില്‍ സ്വയം സമര്‍പ്പിച്ചുള്ള ജീവിതം. തന്റെ കുഞ്ഞൂസായി, കുഞ്ഞാണ്ടിയായി, മത്തങ്ങാപ്പെണ്ണായി ഗുരു അവളെ സ്‌നേഹിച്ചു. മകളായി വളര്‍ത്തി, ഗുരുവിനേക്കാള്‍ അച്ഛന്റെ സ്‌നേഹവും ശാഠ്യവും, വാശിയും, ഉത്തരവാദിത്തവും കാട്ടി.

ഒടുവില്‍ കണ്ണടയും മുന്‍പ് ഗുരു മകളുടെ വിവാഹം നടത്തി. ഒരു പിതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം. അവളുടെ കുഞ്ഞിനു പേരുനല്‍കി. ഒടുവിലൊരുനാള്‍ ശൂന്യതയുടെ സങ്കടക്കടല്‍ നല്‍കി അവളുടെ മുത്തപ്പന്‍ അവളെ വിട്ട് യാത്രയായി.

പിടയുന്ന വേദനയുണ്ടെങ്കിലും തന്നെ വാത്സല്യത്തോടെ തലോടുന്ന ആ അദ്യശ്യ കരങ്ങളുടെ സാന്നിധ്യം ഇന്നും താനറിയാറുണ്ടെന്ന് സുഗത പറയുന്നു...

ഗുരുവിന്റെ കുഞ്ഞൂസ്


ഗുരു ചെറുപ്പത്തില്‍ എന്നെ കുഞ്ഞാണ്ടിയെന്നും കുഞ്ഞൂസ് എന്നുമൊക്കെയാണ് വാത്സല്യത്തോടെ വിളിച്ചിരുന്നത്. രാവിലെ ഉണര്‍ന്നാല്‍ നേരെ ഗുരുവിന്റെ മുറിയിലേക്കാണ് ചെല്ലുക.

ഗുരുവിന്റെ കാല്‍ക്കല്‍ ചുരുണ്ടുകൂടിയിരിക്കും. ഒരിക്കല്‍ ഗുരുകുലത്തില്‍ വച്ച് എനിക്കൊരു പനിവ ന്നു. വല്ലാത്ത തലവേദനയും മറ്റുമായി ഞാന്‍ പുതച്ചുമൂടി കിടപ്പായിരുന്നു.

അന്ന് പ്രാര്‍ഥനാമുറിയില്‍ എന്റെ ഇരിപ്പിടം ശൂന്യമായി കിടക്കുന്നതുകണ്ട് ഗുരു തിരക്കി. സുഗത എവിടെ?? പനിയാണെന്നറിഞ്ഞ അദ്ദേഹം എന്നെ തിരഞ്ഞ് മുറിയിലെത്തി.

അയ്യോ എന്റെ കുഞ്ഞൂസിന് എന്തുപറ്റി?, കഞ്ഞിയൊന്നും വേണ്ടേ മോളെ ....എന്നു ചോദിച്ച് എനിക്ക് കഞ്ഞികോരിത്തന്നു. മിടുക്കിയായി കിടന്നുറങ്ങിക്കോ. പനിയൊക്കെ വേഗം മാറുംംഎന്ന് പറഞ്ഞു.

ഒരിക്കല്‍ ഗുരുവിനൊപ്പം എറണാകുളത്തുനിന്ന് കോയമ്പത്തൂര്‍ക്ക് ട്രെയിന്‍ യാത്രയിലായിരുന്നു ഞാന്‍. അടച്ചിട്ട ജനാലയുടെ അരികില്‍ ഞാനിരുന്നു. അപ്പുറത്തു ഗുരുവും മറ്റു ശിഷ്യരും.

ഞാനിരുന്ന ജനാലചില്ലില്‍ എന്തോ ശക്തിയായി വന്നുതട്ടി, ജനാല നിറയെ ചുവപ്പുനിറം. അളുകളെല്ലാം ഓടിക്കൂടുന്നു. പുറത്തിറങ്ങി പോയവര്‍ തിരികെ കമ്പാര്‍ട്ടുമെന്റില്‍ കയറി വന്നപ്പോള്‍ ഗുരു അവരോട് കാര്യമന്വേഷിച്ചു. അടുത്ത പാളത്തില്‍ ഒരു സ്ത്രീ വണ്ടിക്കടിയില്‍പ്പെട്ടതാണ്.

പേടിച്ചുവിറച്ചിരുന്ന എന്നെ ഗുരു അടുത്തുവിളിച്ചിരുത്തി. മോള് പേടിച്ചുപോയോ?? പുറത്തും തലയിലും തലോടി. ഞാന്‍ പതുക്കെ ഗുരുവിന്റെ മടിയിലേക്ക് തലവച്ചുകിടന്ന് അറിയാതെ ഉറങ്ങി പോയി.

കോയമ്പത്തൂരെത്തി ഗുരു വിളിക്കുമ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. അതുവരെ അദ്ദേഹം എന്റെ ഉറക്കം ശല്യപ്പെടുത്താതിരിക്കാന്‍ കാലനക്കിയതു പോലുമില്ല...ആ സാമീപ്യം ഇന്നില്ലെന്ന് ആലോചിക്കുമ്പോള്‍ മനസ് വല്ലാതെ വേദനിക്കുന്നുണ്ട്.

Wednesday 25 Oct 2017 04.34 PM
YOU MAY BE INTERESTED
TRENDING NOW