Wednesday, December 19, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Oct 2017 03.45 PM

രണ്ടേ രണ്ടു സീനില്‍ മഞ്ജുവാണി നടിയായി മാറി

uploads/news/2017/10/158963/CiniINWManjuvani.jpg

ആക്്ഷന്‍ ഹീറോ ബിജുവില്‍ രണ്ടു സീനുകളിലാണ് മഞ്ജുവാണി അഭിനയിച്ചത്. ഓട്ടോ ഡ്രൈവറുടെ കാമുകിയായ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കറുത്ത നിറവും തടിച്ച ശരീരവുമുള്ള മഞ്ജുവാണി അഭിനയിച്ച് പ്രതിഫലിപ്പിച്ച ഷേര്‍ളിയെന്ന കഥാപാത്രത്തെക്കുറിച്ച് കാമുകനോട് നിവിന്‍ പോളി പറയുന്ന ഡയലോഗുണ്ട്.

ഇവളെപ്പോലൊരു പെണ്ണിനെ പ്രേമിച്ചതിന് നിനക്ക് രണ്ടടി കൂടുതല്‍ തരേണ്ടതാണ്. നിവിന്‍പോളിയുടെ ഈ ഡയലോഗ് സോഷ്യല്‍ മീഡിയയിലൊക്കെ വ്യാപകമായ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ നായകനാവുന്ന ആന അലറലോടലറല്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. പാലക്കാട് ചിത്രീകരണം നടക്കുന്ന ഈ ചിത്രത്തിന്റെ സെറ്റിലാണ് സിനിമാമംഗളത്തിനു വേണ്ടി മഞ്ജുവാണിയെ കണ്ടത്.

? ആന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്...


ഠ ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് ആന അലറലോടലറല്‍. കോമഡിയാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ശക്തമായ കഥാപാത്രമായാണ് അഭിനയിക്കുന്നത്. സ്‌നേഹലതയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തെക്കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്.

? ആക്്ഷന്‍ ഹീറോ ബിജുവില്‍ മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തെ നോക്കി നിവിന്‍ പോളി പറയുന്ന ഡയലോഗ് ഏറെ വിവാദമായിരുന്നല്ലോ?


ഠ വെളുത്ത നിറമുള്ളവരെ പ്രേമിച്ചാലെന്താ കുഴപ്പം, തടിയും കളറും പ്രേമത്തിനു പ്രശ്‌നമാണോ തുടങ്ങി ഒട്ടേറെ കമന്റുകള്‍ ഉയര്‍ന്നുവന്നു. ഉഡായിപ്പായി നടക്കുന്ന സ്ത്രീകളെ ഉദ്ദേശിച്ചുള്ള ഡയലോഗാണെന്ന് വിശദീകരണം ഉണ്ടായതോടെ ഈ വിവാദമൊക്കെ കെട്ടടങ്ങി.

? ആക്ഷന്‍ ഹീറോ ബിജുവിലേക്ക് എത്തിയതിനെക്കുറിച്ച്...


ഠ സംവിധായകന്‍ എബ്രിഡ് ഷൈന്‍ എന്റെ അടുത്ത സുഹൃത്താണ്. നേരില്‍ കാണുമ്പോഴൊക്കെ പാട്ട് പാടാന്‍ പറയുമായിരുന്നു. സിനിമയില്‍ അഭിനയിക്കുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിക്കണമെന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞപ്പോള്‍ ചെയ്തുവെന്ന് മാത്രം. പക്ഷേ സിനിമ പുറത്തിറങ്ങിയതോടെ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. രണ്ടു സീനിലേ ഞാന്‍ അഭിനയിച്ചുള്ളുവെങ്കിലും എന്റെ ക്യാരക്ടര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

? ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം സിനിമയില്‍ സജീവമായില്ല.


ഠ യഥാര്‍ത്ഥത്തില്‍ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടു നടക്കുന്ന ആളല്ല ഞാന്‍. പാട്ടുകാരിയെന്ന നിലയ്ക്ക് അറിയപ്പെടാനായിരുന്നു എനിക്കിഷ്ടം. ആക്ഷന്‍ ഹീറോ ബിജു പുറത്തിറങ്ങിയതിനു ശേഷം പതിനെട്ടു സിനിമകളില്‍ നിന്നാണ് എനിക്ക് അഭിനയിക്കാന്‍ ഓഫറുണ്ടായത്.

ആക്ഷന്‍ ഹീറോ ബിജുവിലേതു പോലെ ഒരേ രീതിയിലുള്ള കഥാപാത്രമായതിനാല്‍ പതിനാറു സിനിമകളില്‍നിന്നുള്ള ഓഫറും ഞാന്‍ വേണ്ടെന്നുവച്ചു. ഒരു മെക്‌സിക്കന്‍ അപാരത, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങളായതിനാല്‍ ഞാന്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കി.

എന്നാല്‍ ഈ രണ്ട് സിനിമകളുടെ സെറ്റിലും സമയത്തിനെത്താന്‍ കഴിയാതിരുന്നതോടെ ഒഴിവാകേണ്ടി വന്നു. ആന അലറലോടലറല്‍ എന്ന ചിത്രത്തില്‍ നല്ല കഥാപാത്രമായതിനാലാണ് വീണ്ടും അഭിനയിക്കാന്‍ ഞാന്‍ തയാറായത്.

ഏതു കഥാപാത്രവും അഭിനയിക്കാന്‍ തയാറാണ്. എന്നാല്‍ കറുത്ത നിറവും വണ്ണക്കൂടുതലുമുള്ള കഥാപാത്രങ്ങള്‍ മാത്രമാവുമ്പോള്‍ ഒരു തരം അവഹേളനം ഫീല്‍ ചെയ്തപ്പോഴാണ് ഓഫറുകള്‍ വേണ്ടെന്നു വച്ചത്.

uploads/news/2017/10/158963/CiniINWManjuvani1.jpg

? സിനിമയില്‍ ഏതു മേഖലയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചത്.


ഠ തുടക്കം മുതല്‍ക്കേ പാട്ട് പാടുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2003-ല്‍ സൗദാമിനിയെന്ന ചിത്രത്തില്‍ പാട്ട് പാടാന്‍ അവസരം ലഭിച്ചിരുന്നു. പിന്നെ ഡബ്ബിംഗിലും ഒരു ശ്രമം നടത്തിയിരുന്നു. ഡോള്‍ഫിന്‍ എന്ന സിനിമയ്ക്കു വേണ്ടി മലയാളത്തിനു പുറമെ ഇംഗ്ലീഷിലും തമിഴിലും ഡബ്ബ് ചെയയ്തിരുന്നു.

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മയായി അഭിനയിച്ച ലക്ഷ്മി രാമകൃഷ്ണനുവേണ്ടി ശബ്ദം നല്‍കിയത് ഞാനായിരുന്നു. പത്തുകല്പനകളില്‍ കനിഹയ്ക്കും ഒരേ മുഖത്തില്‍ അഭിരാമിക്കും ഞാന്‍ ശബ്ദം നല്‍കി. വി.കെ. പ്രകാശിന്റെ റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിനു വേണ്ടി ഞാന്‍ പാട്ടെഴുതിയിരുന്നു.

? മഞ്ജുവാണിയുടെ കലാപരമായ പശ്ചാത്തലം...


ഠ ക്രൈംബ്രാഞ്ചില്‍ ഡിവൈ.എസ്.പി.യായിരുന്ന കൃഷ്ണന്‍കുട്ടിയുടെയും എറണാകുളം മഹാരാജാസ് കോളജില്‍നിന്നും ഹിന്ദി അധ്യാപികയായി വിരമിച്ച സുമതിയുടെയും മകളാണ് ഞാന്‍. ചിറ്റൂര്‍ വിജയമാതാ കോണ്‍വന്റിലും പാലക്കാട് ഗവ. വിക്‌ടോറിയാ കോളജിലുമാണ് പഠിച്ചത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ലളിതഗാനത്തിലും കര്‍ണാടകസംഗീതത്തിലും ഹിന്ദി കാവ്യാലാപനത്തിലും സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.

കാലിക്കറ്റ് ലോകോളജില്‍നിന്ന് എല്‍.എല്‍.ബി. പൂര്‍ത്തിയാക്കിയ ഞാന്‍ എറണാകുളം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തിരുന്നു. പിന്നീട് ദുബായില്‍ കോര്‍പറേറ്റ് സെക്ടറില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

? കുടുംബത്തെക്കുറിച്ച്...


ഠ ഞാന്‍ ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് ഭാഗ്യരത്‌നം എസ്. നായര്‍ എറണാകുളത്ത് സെല്‍ മാര്‍ക്കറ്റിംഗിലാണ് ജോലി ചെയ്യുന്നത്.

? മഞ്ജുവാണിയുടെ പുതിയ ചിത്രങ്ങള്‍...


ഠ ആന അലറലോടലറല്‍ കഴിഞ്ഞാല്‍ മധുപാലിന്റെ ചിത്രത്തിലാണ് അഭിനയിക്കാന്‍ പോകുന്നത്. അഭിനയ സാധ്യതയുള്ള നല്ല റോളുകള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Wednesday 25 Oct 2017 03.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW