പതിനാറാം വയസ്സില്‍ പഠിപ്പു മുടങ്ങി, നിര്ബന്ധിതവിവാഹത്തിനു വഴങ്ങേണ്ടി വരുമെന്നായപ്പോള്‍ ആലുവ പുഴയില്‍ച്ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവള്‍. ആരോ പിന്തിരിപ്പിച്ചതു കൊണ്ട് ജീവിതത്തിലേക്ക് മടങ്ങി വന്നു.
പ്രതിസന്ധിയുടെ ആഴക്കായലിനെ ആത്മധൈര്യം കൊണ്ടും ലക്ഷ്യബോധം കൊണ്ടും തോല്‍പ്പിച്ച 'മാളു ഷെയ്ഖ' ഇന്ന് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ്.
ജീവിതപ്രതിസന്ധികളില്‍ തളര്‍ന്നിരിക്കാതെ അതില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് മുന്നേറുക എന്ന് നമുക്ക് കാണിച്ചുതന്നവള്.
വേമ്പനാട്ട് കായലിന്റെ നീളം കൂടിയ ഭാഗമായ കുമരകം -മുഹമ്മ 9 കിലോമീറ്റര്‍ 4 മണിക്കൂര്‍ 20മിനിറ്റുകൊണ്ട് നീന്തിക്കയറിയാണ് ഈ ഇരുപതുകാരി വാര്‍ത്തകളില്‍ താരമായത്. എല്ലാവരും ഉണ്ടായിട്ടും ഒരു അനാഥയെപ്പോലെ കഴിയേണ്ടിവന്ന മാളുവിന് പറയാനുള്ളത് കെട്ടുകഥപോലെ ഒരു ജീവിതകഥയാണ്.
പിന്നീട് ഒരിക്കലും ആ കൂടപ്പിറപ്പിനെ കാണാന്‍ സാധിച്ചിട്ടില്ല. കോടതിവിധി കുട്ടിയായ എന്നെ അമ്മയ്ക്കൊപ്പം വിട്ടു. ഒരു സുപ്രഭാതത്തില്‍ ഞാന്‍ അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം ബാംഗ്ലൂരിലേക്ക് പറിച്ചു നടപ്പെട്ടു. അത്ര നാളും കണ്ടു വളര്‍ന്ന മുഖങ്ങള്‍ പിന്നീട് കണ്ടിട്ടില്ല.
ആദ്യമൊക്കെ ബാപ്പച്ചിയെയും ഇക്കാക്കയെയും കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ് തളര്‍ന്നുറങ്ങിയ രാത്രികള്‍ ഇന്നും ഓര്‍മ്മയിലുണ്ട്. പത്താം ക്ലാസ് വരെ അവിടെ പഠിച്ചു. നാലുചുവരുകള്‍ക്കുള്ളില്‍ ഒറ്റപ്പെടുമെന്നു തോന്നിയപ്പോള്‍ ആലുവയിലെ അമ്മയുടെ വീട്ടിലേക്ക് തിരിച്ചു പോന്നു.
പതിനാറാംവയസ്സില്‍ വിവാഹം കഴിപ്പിച്ചയയ്ക്കാനായിരുന്നു വീട്ടുകാരുടെ ശ്രമം. ഒരിക്കലും ഞാന്‍ അവരെ കുറ്റപ്പെടുത്തില്ല. അവരുടെ അറിവില്ലായ്മ കൊണ്ട് ചെയ്ത് പോയതാണ്.
തുടര്‍ന്ന് പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും പഠനം പാതിവഴിയില്‍ നിര്‍ത്തി നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിക്കുമെന്നായപ്പോള് മുന്നില്‍ ആത്മഹത്യ മാത്രമേ ഉണ്ടായിരുന്നുള്ളു.
ആലുവപ്പുഴയില്ച്ചാടി എല്ലാം അവസാനിപ്പിക്കാന്‍ ഒരുങ്ങിയതാണ്. ആ സമയത്താണ് ദൈവദൂതനെ പോലെ ഒരു മനുഷ്യനെ കണ്ടത്. എന്റെ കഥകള്‍ കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദഹമാണ് എന്നെ തിരികെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നതും, എന്നെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചതും.
കാണുന്ന സ്വപ്നങ്ങള്‍ സമൂഹത്തിന് ഉപകരിക്കണം. അതിന് മാളു തുടര്‍ന്ന് പഠിക്കണം'' എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് ജീവിതം വെട്ടിപ്പിടിക്കാനുള്ള വാശി എന്നിലുണ്ടായതും ഐ.എ.എസ്. എന്ന മോഹം ഉള്ളില്‍ ഉദിച്ചതും. ഇന്നും എന്റെ എല്ലാ കാര്യത്തിലും ഉപേദശം തരുന്നത് അദ്ദേഹമാണ്.
പലരും എന്നോട് ചോദിക്കുന്ന കാര്യമാണ് 'അദ്ദേഹം' ആരാണെന്ന്. ഞാന്‍ ലക്ഷ്യസ്ഥാനത്തെത്തുന്ന ദിവസം, അതായത് ഐ. എ. എസ് എന്ന മൂന്നക്ഷരം കരസ്ഥമാക്കുന്ന അന്ന് അദ്ദേഹത്തെ ഈ ലോകത്തിനു മുന്പില് വെളിപ്പെടുത്തും.
അദ്ദേഹത്തെ മറ്റുള്ളവര്‍ക്ക് മുന്പില് കാണിച്ചു കൊടുക്കാന്‍ വേണ്ടിയെങ്കിലും എനിക്ക് ഐ.എ.എസ് കരസ്ഥമാക്കിയേ തീരൂ...,
18 വയസ്സ് പൂത്തിയായപ്പോള്‍ ഇരുചക്ര വാഹനം മുതല്‍ ഹെവി ഗുഡ്സ് വാഹനം വരെ ഓടിക്കാന്‍ പഠിച്ചു. അതിനുശേഷം ഡ്രൈവിംഗ് പരിശീലനം ഉപജീവനമാര്‍ഗമാക്കി. അതോടെ സ്ഥിര വരുമാനമായി.
കൂടാതെ ഓട്ടോറിക്ഷ ഡ്രൈവര്‍, ഹോട്ടല്‍ ജോലിക്കാരി, കണ്ടെയ്നര്‍ ഡ്രൈവര്‍, ഇന്‍ഷുറന്‍സ് അഡൈ്വസര്‍ തുടങ്ങിയ ജോലികളും ഈ പ്രായത്തിനിടെ ഞാന്‍ ചെയ്തിട്ടുണ്ട്.
വീണ്ടും വിവാഹാലോചന ശക്തമായി. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വരുമെന്ന സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ തീരുമാനിച്ചു. പല ഹോസ്റ്റലുകളില്‍ കയറി ഇറങ്ങിയെങ്കിലും വീട് വിട്ടിറങ്ങിയ എനിക്ക് ആരും അഭയം തന്നില്ല.
പഠനം, ജോലി, നീന്തല്‍ പരിശീലനം എല്ലാത്തിനും സമയം കണ്ടെത്തി. ആറുമാസം കൊണ്ട് നീന്തല്‍ പഠിച്ചു. 2017 ഫ്രെബുവരി 19ന് വേമ്പനാട്ട് കായലിന്റെ നീളം കൂടിയ കുമരകം-മുഹമ്മ 9 കിലോമീറ്റര്‍ 4 മണിക്കൂറും 20 മിനിറ്റും കൊണ്ട് നീന്തിക്കടക്കാന്‍ സാധിച്ചു.
ഇതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നത് സജി വാളശ്ശേരിസാറിനോടാണ്. അദ്ദേഹമാണ് എന്റെ നീന്തല്‍ പരിശീലകന്. ഒരിക്കല്‍ ആലുവപ്പുഴയില്‍ ചാടി മരിക്കാന്‍ ശ്രമിച്ചതാണ്. ഇനി ഒരിക്കലും എനിക്കതിനു സാധിക്കില്ല.
ഇപ്പോള്‍ സ്കൂളുകളിലും കോളേജുകളിലും അതിഥിയായി ക്ഷണിക്കാറുണ്ട്. അങ്ങേയറ്റം സന്തോഷവും അഭിമാനവും നല്കുന്ന ഒന്നാണത്. 'ഒരാളുടെ ജീവിതത്തിലെങ്കിലും ഞാന്‍ കാരണം ഒരു മാറ്റം കൊണ്ടുവരാന്‍ സാധിച്ചെങ്കില്‍ അതാണ് ഏറ്റവും വലിയ അംഗീകാരമെന്ന് വിശ്വസിക്കുന്നു.'
ഇത്രയും കഷ്ടപ്പാടുകള്‍ക്കിടെ വേമ്പനാട്ട് കായല്‍ എനിക്ക് നീന്തിക്കടക്കാമെങ്കില് നിങ്ങള്‍ക്കെല്ലാം ഈ ലോകം തന്നെ കീഴ്പ്പെടുത്താന്‍ സാധിക്കും.
ആരെങ്കിലും പേരു ചോദിച്ചാല്‍ എന്ത് പറയണമെന്ന് ആലോചിച്ചു നില്ക്കുന്ന ഒരാള്‍ ഈ ലോകത്തു ഞാന്‍ മാത്രമേ കാണുകയുള്ളൂ. ജനിച്ചപ്പോള്‍ മാതാപിതാക്കള്‍ എനിക്ക് നല്കിയ പേര് 'ഷക്കീല' എന്നായിരുന്നു. എന്നാല്‍ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ വീട്ടില്‍ വിളിക്കുന്ന 'ഷെയ്ഖ' എന്ന പേരാണ് രജിസ്റ്ററില്‍ എഴുതി ചേര്‍ത്തത്.
അച്ഛന് തന്ന ഷെയ്ഖയും അമ്മ തന്ന മാളുവും ചേര്‍ത്ത് ഞാന്‍ തന്നെ 'മാളു ഷെയ്ഖ' എന്ന പേരാക്കി. പക്ഷേ ഈ മൂന്നുപേരുകള്‍ എന്റെ സ്വപ്നങ്ങള്‍ക്ക് തടസ്സമാണ്.
അതുകൊണ്ട് ഷക്കീലയും, മാളുവും, മാളു ഷേയ്ഖയും ഒരാള്‍ തന്നെ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ പഠനവും, ജോലിയും, ഐ.എ.എസ് പരിശീലനവുമായി മുന്നോട്ടു പോകുന്നു.
സമൂഹത്തില്‍ ഒരുപാട് മോശമായ അവസ്ഥയില്‍ ജീവിക്കുന്ന സ്ത്രീകളും കുട്ടികളുമുണ്ട്. അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനുവേണ്ടി എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കൊണ്ട് സിവില്‍ സര്‍വ്വീസ് എന്ന നേട്ടം കൈവരിക്കാനായുളള തയ്യാറെടുപ്പിലാണ്.