Thursday, December 13, 2018 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Oct 2017 05.27 PM

കുട്ടികളും യോഗയും

uploads/news/2017/10/158684/FitnessPlusyoga241017.jpg

മുതിര്‍ന്നവരുടെ യോഗയ്ക്കാണ് പലരും ഏറെ പ്രാധാന്യം നല്‍കാറുള്ളത്. എന്നാല്‍ കുട്ടികള്‍ ചെയ്യേണ്ട യോഗയെക്കുറിച്ചോ, അതിന്റെ രീതികളെക്കുറിച്ചോ അധികമാരും ശ്രദ്ധിക്കാറില്ല.

യോഗയില്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഗുണപ്രദമായ ചില യോഗാസനങ്ങള്‍ പരിചയപ്പെടാം...

കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം തോന്നുന്ന രീതിയിലാവണം യോഗ പരിശീലിപ്പിക്കേണ്ടത്. യോഗ ചെയ്യുന്നതെങ്ങനെയെന്നും അതിന്റെ ഗുണഫലങ്ങള്‍ എന്തെല്ലാമെന്നും അവരെ
പറഞ്ഞ് മനസ്സിലാക്കാം. യോഗ ശീലമാക്കുന്നതിലൂടെ മുതിര്‍ന്നവരേക്കാള്‍ മൂന്നിരട്ടി ഗുണഫലം കുട്ടികള്‍ക്ക് ലഭിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

വൃക്ഷാസനം അഥവാ ട്രീ പോസ്


നിവര്‍ന്ന് നിന്നു ചെയ്യേണ്ട ആസനമാണ് വൃക്ഷാസനം. ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താന്‍ അനുയോജ്യമായ ആസനമാണിത്.

ഒരു കോട്ടണ്‍ ഷീറ്റ് വിരിച്ച് കിഴക്ക് ദിക്കിലേക്കോ, വടക്ക് ദിക്കിലേക്കോ ലക്ഷ്യമാക്കി രണ്ടുകാലുകളും അടുപ്പിച്ച് വച്ച് നട്ടെല്ല് നിവര്‍ത്തി നില്‍ക്കുക. തലയും നെഞ്ചും നട്ടെല്ലും കാലുകളും നേര്‍രേഖയില്‍ വരാന്‍ ശ്രദ്ധിക്കണം.

ശേഷം വലത് കാല്‍ മടക്കി ഇടത്തെ തുടയുടെ വശത്തായി വയ്ക്കുക. കാല്‍ മടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കൈയുടെ സഹായത്തോടെ കാല്‍ പൊക്കി വയ്ക്കാവുന്നതാണ്. ഒറ്റക്കാലില്‍ നില ഉറച്ചു കഴിഞ്ഞാല്‍ സാവകാശം ഇരുകൈകളും ഉയര്‍ത്തി തലയ്ക്ക് മുകളില്‍ തൊഴുകൈയായി വയ്ക്കുക.

തല നേരെ വച്ച ശേഷം ദൃഷ്ടി ഏതെങ്കിലും ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുക. 1030 സെക്കന്‍ഡ് ഇതേ പോസില്‍ നില്ക്കുക. ഇതുപോലെ ഇടതുകാല്‍ കൊണ്ടും ചെയ്യുക.

uploads/news/2017/10/158684/FitnessPlusyoga241017a.jpg

ഗുണങ്ങള്‍


ശരീരത്തിന്റെ ബാലന്‍സ് മെച്ചപ്പെടുത്താനും ഏകാഗ്രതയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കാനും വൃക്ഷാസനം വളരെ ഗുണപ്രദമാണ്. ഈ ആസനം ചെയ്യുന്നതിലൂടെ നെഞ്ചിലേയും കൈകളിലേയും തുടകളിലേയും കാലിലേയും പേശികള്‍ക്ക് ബലം വര്‍ദ്ധിക്കും.

ഓട്ടിസം, ഭിന്നശേഷി എന്നിവയുള്ള കുട്ടികള്‍ വൃക്ഷാസനം ചെയ്യുന്നത് വളരെ ഗുണപ്രദമാണ്. യോഗാസനം ആരംഭിച്ച് ഒരാഴ്ച കൊണ്ട് കുട്ടികളില്‍ ഏകാഗ്രത വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

യോഗയുടെ ഗുണഫലങ്ങള്‍

1. മാനസികസമ്മര്‍ദ്ദം കുറയ്ക്കും


മാനസികമായി ഏറെ സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികള്‍ അനവധിയാണ്. മാനസികസമ്മര്‍ദ്ദം ഒരു പരിധി കഴിഞ്ഞാല്‍ വിഷാദരോഗത്തിലേക്ക് നയിക്കും. ചിലപ്പോള്‍ അകാരണമായി ദേഷ്യപ്പെടുക, ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കുക എന്നീ പ്രവര്‍ത്തികള്‍ ചെയ്തേക്കാം. പലപ്പോഴും ഇത് മാതാപിതാക്കള്‍ക്ക് പോലും നിയന്ത്രിക്കാന്‍ സാധിച്ചെന്ന് വരില്ല. ഇത്തരം അവസ്ഥയില്‍ നിന്നും കുട്ടികളെ മുക്തരാക്കാന്‍ ഏറ്റവും അനുയോജ്യമാണ് യോഗ.

2. ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കും


സമൂഹമാധ്യമങ്ങളുടെ അനിയന്ത്രിതമായ കടന്നുകയറ്റം കുട്ടികളുടെ ജീവിതത്തേയും സാരമായി ബാധിച്ചു കഴിഞ്ഞു. ഓടിച്ചാടി നടക്കേണ്ട പ്രായത്തില്‍ വീടിന്റെ നാലുചുമരുകള്‍ക്കിടയില്‍ ഒതുങ്ങുകയാണ് ഇന്നത്തെ തലമുറ. ഇത് അവരുടെ ശാരീരികമാനസിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള രക്തയോട്ടം വര്‍ദ്ധിക്കുകയും പേശികളും എല്ലുകളും ബലപ്പെടുകയും ചെയ്യും.

3. നല്ല ചിന്തകളെ ഉണര്‍ത്തും


അമിതദേഷ്യം, അസൂയ, പക എന്നിങ്ങനെയുള്ള നെഗറ്റീവ് വികാരങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ യോഗ ശീലമാക്കുന്നതിലൂടെ സാധിക്കും.

4. സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തുന്നു


കുട്ടികളില്‍ അന്തര്‍ലീനമായ സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തി അവരെ ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നു.

ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനനിക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം
695003
0471 6066222, 8593056222

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW