Tuesday, July 16, 2019 Last Updated 54 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Oct 2017 03.21 PM

പ്രായത്തെ തോല്പിക്കുന്ന സ്‌നേഹക്കൂട്ട്

''ആകെപ്പാടെയുള്ള ഒരു ജീവിതം ടെന്‍ഷന്‍ അടിച്ചും മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ചും കളയാനുള്ളതല്ല. എന്തിന്റെയും നല്ലവശം കാണാന്‍ ശ്രമിക്കുന്ന മനസ്സ് ചെറുപ്പം നിലനിര്‍ത്തും.''
uploads/news/2017/10/158660/Weeklynadiyamodhu.jpg

സൗഹൃദത്തിന് ഒരുപാട് വിലമതിക്കുന്ന ഒരാളാണ് ഞാന്‍. ജീവിതത്തിന്റെ ഏത് ഘട്ടത്തിലൂടെ കടന്നുപോയ സുഹൃത്താണെങ്കിലും എന്നാല്‍ കഴിയും വിധം അവരുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതുകൊണ്ട് സ്‌കൂള്‍കോളേജ് കാലത്തെ കൂട്ടുകാര്‍ ഇപ്പോഴുമെന്റെ ഏതാവശ്യത്തിനും മുന്നില്‍ തന്നെ കാണും.

എവിടെ ആയിരുന്നാലും ഒതുങ്ങി മാറി ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടാത്തത് കാരണം ചുറ്റുമുള്ളവരോട് ഞാന്‍ വേഗം ഇണങ്ങും. സിനിമയിലായാല്‍ അവിടെ കുറെ കൂട്ടുകാര്‍,യോഗ ക്ലാസില്‍ പോകുമ്പോള്‍ അവിടെയും അങ്ങനെ എപ്പോഴും ആളുകളുമായി ഇടപഴകി സന്തോഷത്തോടെ ഇരിക്കാനാണ് എന്റെ ആഗ്രഹം.

ഏതു കാര്യം ചെയ്യുമ്പോഴും അതില്‍ നൂറുശതമാനം ആത്മാര്‍ഥത കൊടുക്കുന്നതുകൊണ്ടാകാം യാദൃച്ഛികമായി എത്തപ്പെട്ടതായിട്ടുകൂടി സിനിമാമേഖലയില്‍ ചിലവഴിക്കുന്ന സമയങ്ങളില്‍ പൂര്‍ണമായും അതിന്റെയൊരു ഭാഗമായി മാറാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരുമിച്ചഭിനയിച്ചവരുമായി നല്ല സുഹൃത്ബന്ധം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചതിന്റെ കാരണവും മറ്റൊന്നല്ല.ഇന്നത്തെപോലെ കാരവാനില്‍ പോയിരുന്ന് വാട്‌സാപ്പും ഫേസ്ബുക്കും നോക്കാതെ ഞങ്ങളെല്ലാം ഒത്തുകൂടി തമാശകള്‍ പറയുകയും പൊട്ടിച്ചിരിക്കുകയും സിനിമാസെറ്റുകള്‍ പരമാവധി ആസ്വദിക്കുകയും ചെയ്തിരുന്നു.

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും തെന്നിന്ത്യന്‍ താരങ്ങള്‍ വര്‍ഷത്തിലൊന്ന് ഒത്തുചേരുന്ന ഗ്രൂപ്പ് തുടങ്ങാമെന്ന ആശയത്തില്‍ ഏറ്റവും സന്തോഷിച്ചത് ഒരുപക്ഷേ ഞാനായിരിക്കും.

കാരണം,ആ കൂട്ടായ്മ എന്നില്‍ പോസിറ്റിവിറ്റി നിറയ്ക്കുമെന്നെനിക്ക് ഉറപ്പാണ്. ഒന്നും പ്രതീക്ഷിക്കാതെ നിലനിര്‍ത്തേണ്ട ബന്ധമാണ് സൗഹൃദമെന്നറിയാമെങ്കിലും അങ്ങനൊരു പോസിറ്റീവ് എനര്‍ജി മാത്രം ഞാന്‍ കൂട്ടുകാരില്‍ നിന്ന് പ്രതീക്ഷിക്കും.

പ്രായം എല്ലാവരിലും കൂടുന്ന ഒരു പ്രതിഭാസമാണ്. എനിക്കിപ്പോള്‍ അമ്പത്തിയൊന്ന് വയസ്സുകഴിഞ്ഞു എന്നുപറയാന്‍ മടിയില്ല. പക്ഷേ,മനസ്സുകൊണ്ടെപ്പോഴും ചെറുപ്പമായിരിക്കാനാണ് ഇഷ്ടം. ആകെപ്പാടെയുള്ള ഒരു ജീവിതം ടെന്‍ഷന്‍ അടിച്ചും മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ചും കളയാനുള്ളതല്ല.

എന്തിന്റെയും നല്ലവശം കാണാന്‍ ശ്രമിക്കുന്ന മനസ്സ് ചെറുപ്പം നിലനിര്‍ത്തും. ഇന്നലെകളിലെ എന്റെ ഊര്‍ജ്ജത്തിന് കുറവുവരാതിരിക്കാന്‍ കുടുംബത്തിന്റേതുപോലെ തന്നെ ഒരു സുഹൃത്തിന്റേയും പിന്തുണയുണ്ട്. നസീഫ ഹരാര്‍വാല എന്നാണവളുടെ പേര്.

മുംബൈയിലെ ജെ.ജെ.സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പഠിക്കുമ്പോള്‍ പതിനാറാം വയസ്സില്‍ തുടങ്ങിയതാണ് നസീഫയുമായുള്ള സൗഹൃദം. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ ബന്ധത്തെ ദൃഢമാക്കിയിട്ടേയുള്ളു.

uploads/news/2017/10/158660/Weeklynadiyamodhu2.jpg
നദിയയും നസീഫയും

മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നു പറയില്ലേ?അതുപോലൊരാളാണവള്‍. നമുക്ക് കിട്ടിയിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദിപറഞ്ഞ് സന്തോഷത്തോടെ ജീവിതത്തെ കാണാന്‍ ഞാന്‍ ശീലിച്ചതില്‍ നസീഫയുടെ സ്വാധീനമുണ്ട്.

കോളേജില്‍ വച്ച് നാലുപേര്‍ അടങ്ങുന്ന ഒരു ഗ്യാങ് ആയിരുന്നു ഞങ്ങളുടേത്.മറ്റുരണ്ടുപേര്‍ ഇപ്പോള്‍ അമേരിക്കയിലാണ്.നസീഫയും ഞാനും മുംബൈയിലുള്ളതുകൊണ്ട് എപ്പോഴും കാണാനും സംസാരിക്കാനും കഴിയും. യുഎസിലും യുകെയിലും ആയിരുന്ന സമയത്തും തമ്മില്‍ കോണ്‍ടാക്ട് ഉണ്ടായിരുന്നു.

ഇപ്പോള്‍ ചെറുതായൊന്നു ബോറടിച്ചാല്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്യുകയേ വേണ്ടൂ. ഒരുമിച്ചൊന്നു ചുറ്റിയടിക്കുമ്പോള്‍ മനസിന് നവോന്മേഷം കിട്ടും. അവളുമായുള്ള ഷോപ്പിങ്ങും യാത്രകളും ഞാന്‍ ശരിക്കും ആസ്വദിക്കുന്ന കാര്യങ്ങളാണ്.

എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് സെലക്ട് ചെയ്യാന്‍ അധികമാര്‍ക്കും കഴിയില്ല. നസീഫയ്ക്ക് ആ കാര്യത്തിലും നല്ല പൊരുത്തമുണ്ട്.ഒന്നിച്ച് നടത്തുന്ന ആര്‍ട്ട് എക്‌സിബിഷന്‍ പോലും ഗിവ് ആന്‍ഡ് ടേക്ക് ആണ്.എന്റെ മക്കള്‍ക്കായാലും കലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നസീഫാന്റി വേണം.

നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ ഗേളിയെപ്പോലെ അല്പം കുരുത്തക്കേടുകള്‍ ചെയ്യാന്‍ താല്പര്യമുള്ള ആളാണ് ഞാന്‍. അതില്‍ ലാലേട്ടനെ മാജിക് കണ്ണട വെച്ച് പറ്റിക്കുന്ന സീന്‍ ഈ തലമുറയിലെ കുട്ടികള്‍പ്പോലും എന്‍ജോയ് ചെയ്യുന്നില്ലേ?അങ്ങനെ ഒരുപാട് കുസൃതികളും കുറുമ്പത്തരങ്ങളും ചെയ്യാന്‍ നസീഫ എന്റെ കൂടെ നിന്നിട്ടുണ്ട്. ഇപ്പോഴും ഞങ്ങള്‍ക്കുള്ളിലെ കുട്ടിത്തം മാറിയിട്ടില്ല. മാറ്റാന്‍ ഉദ്ദേശിച്ചിട്ടുമില്ല.

ചില ചിന്താഗതികള്‍ മാറേണ്ടതുണ്ട്.നാല്പത് കഴിഞ്ഞ സ്ത്രീകള്‍ക്കും ജീവിതം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സമൂഹം തിരിച്ചറിയണം. കൂട്ടുകാരുമായി അടിച്ചുപൊളിക്കാനും ഉല്ലാസയാത്ര പോകാനും അവര്‍ക്കും അവകാശമുണ്ട്.

കുടുംബാന്തരീക്ഷത്തെ ബാധിക്കാത്ത വിധം ഇതൊക്കെ എനിക്ക് സാധ്യമാകുന്നത് നസീഫയെ സുഹൃത്തായി കിട്ടിയതുകൊണ്ടാണ്. എന്റെ വീട്ടില്‍ അവള്‍ക്കും അവളുടെ വീട്ടില്‍ എനിക്കും പൂര്‍ണസ്വാതന്ത്ര്യമുണ്ട്.

അവള്‍ ഞങ്ങളുെട വീട്ടിലേക്ക് വന്നാലും ഞങ്ങള്‍ അവളുടെ വീട്ടിലേക്ക് പോയാലും ഉള്ളതിന്റെ പങ്ക് കഴിക്കുന്നതല്ലാതെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്ന പരിപാടിയില്ല. വേണ്ടതെന്തും അടുക്കളയില്‍ കയറി പാകം ചെയ്ത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഔപചാരികതയുടെ മൂടുപടമില്ലാത്ത യഥാര്‍ത്ഥ സൗഹൃദം ഒരു ഭാഗ്യമാണ്.

നടി എന്ന നിലയില്‍ എന്നെക്കാണുന്നവരോട് മനസ്സുതുറക്കാന്‍ അല്പം പ്രയാസമാണ്. എന്നെ അറിയാത്തവര്‍ക്ക് മുന്‍പില്‍ പരിചയപ്പെടുത്തുന്നതുപോലും സറീന എന്ന യഥാര്‍ത്ഥ പേരുപറഞ്ഞാണ്.

uploads/news/2017/10/158660/Weeklynadiyamodhu1.jpg

നദിയ എന്ന പേരും സ്റ്റാര്‍ഡവും വ്യക്തിജീവിതത്തിലേയ്ക്ക് കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍. എന്നെ ഞാനായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ക്കിടയില്‍ ഇരിക്കുന്നതാണ് എനിക്ക് സുഖപ്രദം. സ്വകാര്യതയെക്കുറിച്ച് തലപുകയ്ക്കാതെ ഓട്ടോറിക്ഷയിലും ട്രെയിനിലും ഏതു സാധാരണക്കാരനും കിട്ടുന്ന സ്വാതന്ത്ര്യത്തോടെ യാത്രചെയ്യാന്‍ ഒരിക്കലും തടസ്സം വന്നിട്ടുമില്ല.

ഗിഫ്റ്റ് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന രീതിയൊന്നും അത്ര താല്പര്യമില്ലെങ്കിലും എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില സമ്മാനങ്ങളുണ്ട്. ഒരിക്കല്‍ ഞാനൊരു പുസ്തകം വാങ്ങാന്‍ ആഗ്രഹിച്ചിട്ട് സ്റ്റാളിലെങ്ങും അതിന്റെ കോപ്പി കിട്ടാതെ നിരാശയോടെ മടങ്ങി. സംസാരത്തിനിടയില്‍ ഇക്കാര്യം നസീഫയോട് വെറുതെ പറഞ്ഞു.

അവളതു ഓര്‍ത്തുവെച്ച് പ്രതീക്ഷിക്കാത്ത സമയത്ത് എനിക്ക് സമ്മാനിച്ചു. അന്ന് ഞാന്‍ അനുഭവിച്ച സന്തോഷത്തിന് അതിരില്ല. എന്നെ സംബന്ധിച്ച് മറ്റുള്ളവര്‍ക്ക് നിസ്സാരമായി തോന്നാവുന്ന ഇത്തരം കാര്യങ്ങള്‍ അമൂല്യമാണ്.

എന്റെ ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷികത്തിന് അവളെനിക്ക് തന്നത് സ്വന്തം കൈകൊണ്ട് നിര്‍മ്മിച്ച കാര്‍ഡാണ്.അതിന് അവളെടുത്ത പ്രയത്‌നം,ചിലവഴിച്ച സമയം,സ്‌നേഹം അതൊക്കെയാണ് ആ സമ്മാനത്തെ വിലമതിക്കാനാവാത്തതാക്കി മാറ്റുന്നത്. കടയില്‍പ്പോയി കാശെണ്ണിക്കൊടുത്ത് വാങ്ങുന്ന വസ്തുക്കള്‍ മനസ്സ് നിറയ്ക്കില്ലെന്നാണെന്റെ അഭിപ്രായം.

സമയം എനിക്ക് വളരെ വിലപ്പെട്ടതാണ്. ജോലിത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബവുമായി ചിലവഴിക്കാന്‍ കണ്ടെത്തുന്ന സമയത്തിന്റെ പങ്ക് സുഹൃത്തുക്കള്‍ക്കായി നല്‍കുമ്പോള്‍,ആനേരം പരമാവധി രസകരമായിരിക്കണമെന്നെനിക്ക് നിര്‍ബന്ധമുണ്ട്.

ഓര്‍ത്തു വയ്ക്കാന്‍ ഒരു മുഹൂര്‍ത്തമെങ്കിലും കിട്ടണം. ജീവിതമാകുന്ന പുസ്തകത്തില്‍ അവസാനം ഓര്‍ത്തു സന്തോഷിക്കാന്‍ അങ്ങനെ ഒരുപിടി ഓര്‍മ്മകള്‍ ഉണ്ടാകണമെന്നാണെന്റെ പ്രാര്‍ത്ഥന. ആ പുസ്തകത്തിലെ നിര്‍ണായകമായ അദ്ധ്യായമാണ് എനിക്കെന്റെ സൗഹൃദം.

മീട്ടു റഹ്മത്ത് കലാം

Ads by Google
Tuesday 24 Oct 2017 03.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW