Tuesday, October 16, 2018 Last Updated 23 Min 53 Sec ago English Edition
Todays E paper
Ads by Google

റൈറ്റ്ക്ലിക്ക്

S. Sreekumar
S. Sreekumar
Tuesday 24 Oct 2017 03.15 PM

ജുഡീഷ്യറിയുടെ നവനീതികള്‍

സ്വന്തം മകളുടെ വിവാഹകാര്യത്തില്‍ മാതാപിതാക്കള്‍ക്കു കാര്യമില്ലെങ്കില്‍, സ്വന്തം മകന്റെ രാഷ്ട്രീയനിലപാടുകളില്‍ മാതാപിതാക്കള്‍ക്കെന്താണു കാര്യം? അതിന്റെ പേരില്‍ അവരെ വിളിച്ചു വരുത്തുന്നതില്‍ എവിടെയാണു നീതി?, വേണ്ട, എവിടെയാണു യുക്തി?
uploads/news/2017/10/158659/court.jpg

ഒന്നു മടിച്ചിട്ടാണെങ്കിലും, പേടിച്ചിട്ടല്ല, ഈയൊരു വിഷയത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ പംക്തിക്കുതന്നെ പ്രസക്തിയില്ലെന്നു തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്. പ്രതിലോമകരമായ പല കോടതി വിധികളോടും സാമാന്യജനം പ്രതികരിക്കാത്തതിനു കാരണം കോടതിയലക്ഷ്യമെന്ന കൊടുവാളാണ്. ഭയത്തിലുപരി കോടതി കയറിയിറങ്ങാനുള്ള മടിയാണ് സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുകളെ ഉള്‍പ്പെടെ പിന്തിരിപ്പിക്കുന്നത്. ഇനി വിഷയത്തിലേക്കു കടക്കാം.


കാമ്പസ് രാഷ്ട്രീയത്തിനെതിരായ ഹൈക്കോടതി ഉത്തരവും അതിനെക്കാളേറെ അതു സംബന്ധിച്ചു ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിന്റെ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങളും സമീപകാലത്തു കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും ജനാധിപത്യവിരുദ്ധമായ നടപടിയാണ്. ഒരുപക്ഷേ അടിയന്തരാവസ്ഥക്കാലത്തു ഭരണകൂടം നടപ്പാക്കിയ ജനാധിപത്യ ധ്വംസനത്തോടുപോലും ഉപമിക്കാവുന്ന വിധത്തിലാണ് നീതിപീഠത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഈ അപക്വവിധി. കാമ്പസ് രാഷ്ട്രീയ നിരോധനനീക്കത്തിനെതിരേ ഒട്ടുമിക്ക രാഷ്ട്രീയകക്ഷികളും ഒറ്റക്കെട്ടായി രംഗത്തുവന്നു എന്നതും സര്‍ക്കാര്‍ അതിനെതിരേ അപ്പീലിനൊരുങ്ങുന്നു എന്നതും ശുഭോദര്‍ക്കമാണ്. എന്നാല്‍, പൊന്നാനി എം.ഇ.എസ്. കോളജ് മാനേജ്‌മെന്റിന്റെ ഹര്‍ജി പരിഗണിക്കവേ ബഹു: ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങളോടും അപലപനീയമായ ഒരു നടപടിയോടും പുരോഗമന വാദികളായ ഒരു രാഷ്ട്രീയ നേതൃത്വവും സാംസ്‌കാരികനായകരും പ്രതികരിച്ചു കണ്ടില്ല.

കോളജ് മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയിലെ എതിര്‍കക്ഷിയായ എസ്.എഫ്.ഐ. നേതാവിന്റെ മാതാപിതാക്കളോടു ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ച നടപടിയാണ് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയത്. കേസിനാസ്പദമായ സംഭവവുമായി (കാമ്പസ് സമരം) ബന്ധമോ അതിനു സാക്ഷിയോ അല്ലാത്ത രണ്ടുപേരെ, അവര്‍ എതിര്‍കക്ഷിയുടെ മാതാപിതാക്കളാണെന്ന 'കുറ്റ'ത്തിന് എങ്ങനെ കോടതിയില്‍ വിളിച്ചുവരുത്താന്‍ കഴിയും. പ്രത്യേകിച്ച്, കേസില്‍ കക്ഷിയായ വിദ്യാര്‍ഥി മൈനര്‍ അല്ലെന്നിരിക്കേ അയാളും അയാളുടെ മാതാപിതാക്കളും മൂന്നു സ്വതന്ത്രവ്യക്തികളല്ലേ? കോടതിയുടെ നോട്ടീസ് ജിഷ്ണുവെന്ന വിദ്യാര്‍ഥിയുടെയും അയാളുടെ മാതാപിതാക്കളുടെയും വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമല്ലേ? ദിവസങ്ങള്‍ക്കു മുമ്പ് ഇതേ ഹൈക്കോടതി മറ്റൊരു കേസില്‍ പുറപ്പെടുവിച്ച ഒരു ഉത്തരവ് ഇതിനൊപ്പം കൂട്ടി വായിക്കുന്നതു രസകരമായിരിക്കും.

അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കു തടഞ്ഞുവയ്ക്കാനാവില്ല എന്നതായിരുന്നു ആ വിധി. അതു ന്യായമാണെന്നു സമ്മതിക്കുമ്പോള്‍തന്നെ മറ്റൊന്നുണ്ട്. രണ്ടു കേസില്‍ രണ്ടു രക്ഷിതാക്കള്‍ക്കു രണ്ടു നീതി! ചോദ്യം ഇതാണ്, സ്വന്തം മകളുടെ വിവാഹകാര്യത്തില്‍ മാതാപിതാക്കള്‍ക്കു കാര്യമില്ലെങ്കില്‍, സ്വന്തം മകന്റെ രാഷ്ട്രീയനിലപാടുകളില്‍ മാതാപിതാക്കള്‍ക്കെന്താണു കാര്യം? അതിന്റെ പേരില്‍ അവരെ വിളിച്ചു വരുത്തുന്നതില്‍ എവിടെയാണു നീതി?, വേണ്ട, എവിടെയാണു യുക്തി?

മാതാപിതാക്കള്‍ മക്കളെ കോളജില്‍ വിടുന്നതു പഠിക്കാനാണ്, രാഷ്ട്രീയം കളിക്കാനല്ല എന്ന ഉറച്ച നിലപാടെടുത്തശേഷമാണു കോടതി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മകനെ കോളജില്‍ വിടുന്നതു പഠിക്കാനാണോ രാഷ്ട്രീയം കളിക്കാനാണോ എന്ന് അവര്‍ നേരിട്ടെത്തി വിശദീകരിക്കണമത്രേ? ഇക്കാര്യത്തില്‍ കോടതി ഒരു ഉറച്ച നിലപാടെടുത്ത ശേഷം ആ പാവം രക്ഷിതാക്കള്‍ എന്തു പറയാനാണ്? എന്തു പറഞ്ഞാലും കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടിവരുമെന്ന അവസ്ഥയില്‍ അവരെങ്ങനെയാണു നിര്‍ഭയരായി നീതിപീഠത്തിനു മുന്നിലെത്തുക. കൗരവസദസിലേക്കു വലിച്ചിഴയ്ക്കപ്പെട്ട പാഞ്ചാലിയേയാണ് ഓര്‍മ വരുന്നത്. സിംഹാസനവും ന്യായാസനവും ഒന്നായിരുന്ന അക്കാലത്തുപോലും നിരന്നിരുന്ന മഹാരഥന്‍മാരെ ചോദ്യം ചെയ്യാന്‍ ഒരു യുയുത്സുവെങ്കിലും ഉണ്ടായിരുന്നു!

മേല്‍പറഞ്ഞ, വിവാഹത്തര്‍ക്ക ഹര്‍ജിയില്‍ തീര്‍പ്പുകല്‍പിക്കവേ, ജനാധിപത്യമതേതര രാജ്യത്ത് മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന അങ്ങേയറ്റം പുരോഗമനപരമായ നിലപാടാണു ഹൈക്കോടതി കൈക്കൊണ്ടത്. അതേ കോടതിതന്നെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ അറുപിന്തിരിപ്പന്‍ നിലപാടെടുത്തത് നിര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ. എന്തൊക്കെ കുറവുകള്‍ ചൂണ്ടിക്കാട്ടിയാലും കലാലയങ്ങളെ വെറും ബ്രോയ്‌ലര്‍ ഫാമുകളാക്കി മാറ്റാതെ, സര്‍ഗാത്മകവും ചടുലവും രാഷ്ട്രീയാവബോധമുള്ളതുമാക്കി നിലനിര്‍ത്തുന്നതു വിദ്യാര്‍ഥി സംഘടനകളാണ്. കാമ്പസില്‍ പ്രതിലോമശക്തികള്‍, അതു പലപ്പോഴും മാനേജ്‌മെന്റിന്റെ മതരാഷ്ട്രീയ കാഴ്ചപ്പാടുകളോടു ചേര്‍ന്നു നില്‍ക്കുന്നതാകും, പിടിമുറുക്കുന്നതിനെ ചെറുക്കുന്നതും മറ്റാരുമല്ല. വിദ്യാര്‍ഥി രാഷ്ട്രീയത്തെ തള്ളിപ്പറയുന്നതിലൂടെ കോടതി മ്ലേച്ഛമായി ചിത്രീകരിക്കുന്നതു രാഷ്ട്രീയത്തെത്തന്നെയാണ്. രാഷ്ട്രീയം 'കളിക്കാനാണോ' എന്ന പ്രയോഗം സൂചിപ്പിക്കുന്നത് അതാണ്. എന്തായാലും നമ്മുടെ ജനാധിപത്യത്തിന്റെ നെടുംതൂണ്‍ രാഷ്ട്രീയ സ്വാതന്ത്ര്യം തന്നെയാണ്; ജുഡീഷ്യറിയല്ല. മകന്‍ കോളജില്‍ വരുന്നതു രാഷ്ട്രീയം കളിക്കാനാണോ എന്ന ചോദ്യം കോളജ് മാനേജ്‌മെന്റിനു ചേരും; കോടതിക്കു ചേരില്ല. രക്ഷിതാക്കളെ വിളിച്ചു വരുത്തുന്ന നടപടി പ്രിന്‍സിപ്പലിനു ചേരും: ജഡ്ജിക്കു ചേരില്ല.

N.B.: കോളജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ സമരം പോലീസ് കൈകാര്യം ചെയ്യണമെന്ന കോടതി വിധി മാസങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ തിരുവനന്തപുരത്തെ ലോ അക്കാഡമി സമരം എന്തായേനേ? അവിടെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തു വന്നതുപോലും പിന്നീടാണ്. അനീതിക്കെതിരായ ആ വിദ്യാര്‍ഥിക്കൂട്ടായ്മയിലെ രക്ഷിതാക്കളെല്ലാം കോടതി കയറേണ്ടിവന്നേനേ!

Ads by Google

റൈറ്റ്ക്ലിക്ക്

S. Sreekumar
S. Sreekumar
Tuesday 24 Oct 2017 03.15 PM
Ads by Google
Loading...
TRENDING NOW