Tuesday, October 31, 2017 Last Updated 21 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Oct 2017 03.12 PM

ഇഷ്ടപ്പെടാത്ത കഥാപാത്രമാണെങ്കില്‍ ഡേറ്റ് നല്‍കാറില്ല - അനു സിത്താര

uploads/news/2017/10/158657/CiniINWAnusithara.jpg

അനു സിത്താര മികവാര്‍ന്ന കഥാപാത്രങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ് മുന്നോട്ടു പോവുകയാണ്. നൃത്തത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അനു ചലച്ചിത്രാഭിനയ ശാഖയില്‍ തന്റേതായ ഇടം കണ്ടെത്തുന്നു.

ഹാപ്പി വെഡ്ഡിംഗിലൂടെയാണ് അനു സിത്താര മലയാളസിനിമയിലേക്ക് വന്നത്. സ്വാഭാവികമായ അഭിനയമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകന്റെ ഹൃദയത്തിലിടം പിടിച്ച അനു സിത്താര ഫുക്രിയിലും സര്‍വ്വോപരി പാലാക്കാരനിലും രാമന്റെ ഏദന്‍ തോട്ടത്തിലും അച്ചായന്‍സിലും ശ്രദ്ധേയമായ വേഷം ചെയ്തു.

ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിഭാധനനായിരുന്ന വി.വി. സത്യന്റെ ജീവിതം 'ക്യാപ്റ്റന്‍' എന്ന ചിത്രത്തിലൂടെ യാഥാര്‍ത്ഥ്യമാകുമ്പോള്‍ സത്യന്റെ ഭാര്യ അനിതയാവുന്നത് അനു സിത്താരയാണ്. കോഴിക്കോട് ക്യാപ്റ്റന്റെ ലൊക്കേഷനിലെത്തിയ വി.പി. സത്യന്റെ ഭാര്യ അനിത തന്റെ റോളില്‍ പ്രത്യക്ഷപ്പെടുന്ന അനു സിത്താരയെ അഭിനന്ദിക്കുകയുണ്ടായി.

ഇപ്പോള്‍ വിനീത് ശ്രീനിവാസന്റെ നായികയായി ആന അലറലോടലറല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. പാലക്കാട് ചിത്രീകരണം നടന്ന ചിത്രത്തിന്റെ സെറ്റിലേക്ക് ചെല്ലുമ്പോള്‍ അനു ക്യാമറയുടെ മുന്നിലായിരുന്നു. ചിത്രീകരണത്തിന്റെ ഇടവേളയിലാണ് അനുവിനെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി അനു സിത്താര സംസാരിക്കുകയാണ്.

? ആന അലറലോടലറല്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്..


ഠ പാര്‍വതിയെന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ നായകനായ വിനീത് ശ്രീനിവാസന്റെ നായികയാണ്. ഒരുപാട് അഭിനയസാധ്യതയുള്ള ഗ്രാമീണ പെണ്‍കുട്ടിയാണ് പാര്‍വതി. നിഷ്‌കളങ്കയായ പാര്‍വതിയെന്ന കഥാപാത്രത്തെക്കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്.

? ഫുട്‌ബോള്‍ താരം വി.പി.സത്യന്റെ ജീവിതം അനാവരണം ചെയ്യുന്ന ക്യാപ്റ്റന്‍ എന്ന ചിത്രത്തെക്കുറിച്ച്...


ഠ ജയസൂര്യയുടെ നായികയായാണ് അഭിനയിക്കുന്നത്. വി.പി. സത്യനെന്ന ഫുട്‌ബോള്‍ താരത്തെക്കുറിച്ച് എനിക്ക് കാര്യമായ അറിവില്ലായിരുന്നു. സിനിമയില്‍ അഭിനയിക്കാനെത്തിയ
പ്പോഴാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കാന്‍ കഴിഞ്ഞത്. ഈ പുസ്തകം എനിക്ക് ഏറെ സഹായകമായി.

? വി.പി. സത്യന്റെ ഭാര്യ അനിതയുടെ വേഷമാണല്ലോ അഭിനയിച്ചത്.ക്യാമറയുടെ മുന്നില്‍ എത്തുന്നതിനു മുമ്പ് അനിതയെ കാണാന്‍ കഴിഞ്ഞിരുന്നോ...


ഠ തീര്‍ച്ചയായും. ജീവിച്ചിരിക്കുന്ന ഒരു റിയല്‍ ക്യാരക്ടറായ വി.പി. സത്യന്റെ ഭാര്യ അനിതയായാണ് അഭിനയിക്കുന്നത്. വി.പി. സത്യനായി അഭിനയിക്കുന്നത് ജയസൂര്യയാണ്. ശരിക്കും പറഞ്ഞാല്‍ അനിതയെന്ന കഥാപാത്രം ഒരുതരം വെല്ലുവിളി തന്നെയാണ്.

സാങ്കല്പിക കഥാപാത്രമല്ലല്ലോ. വളരെ റിയലായ കഥാപാത്രത്തിനാണ് ഞാന്‍ ജീവന്‍ നല്‍കുന്നത്. പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ ക്യാപ്റ്റനെയും എന്റെ കഥാപാത്രത്തെയും സ്വീകരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

uploads/news/2017/10/158657/CiniINWAnusithara1.jpg

? തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളാണല്ലോ അനു സിത്താരയെ തേടിയെത്തുന്നത്. ഇത്തരം കഥാപാത്രങ്ങളുമായുള്ള മാനസികമായ ഇഴുകിച്ചേരലിനെക്കുറിച്ച്.


ഠ അതൊരു ഭാഗ്യംതന്നെയാണ്. ഹാപ്പി വെഡ്ഡിംഗിലെ ഷാഹിനയെന്ന കഥാപാത്രമായി ക്യാമറയുടെ മുന്നിലെത്തുമ്പോള്‍ ടെന്‍ഷനായിരുന്നു. പിന്നെ സിദ്ധിഖ് സാറിന്റെ ഫുക്രിയിലും അച്ചായന്‍സിലും സര്‍വ്വോപരി പാലാക്കാരനിലും നല്ല കഥാപാത്രങ്ങള്‍ തന്നെയായിരുന്നു.

ഓരോ കഥാപാത്രങ്ങളെ ലഭിക്കുമ്പോഴും ആ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് പഠിക്കാറുണ്ട്. ഓരോ സിനിമകളും എനിക്ക് ഓരോ പാഠങ്ങളാണ്. പിന്നെ എനിക്ക് ഇഷ്ടപ്പെടാത്ത കഥാപാത്രമാണെങ്കില്‍ ഞാന്‍ ഡേറ്റ് നല്‍കാറില്ല.

ചിത്രത്തിലെ കോസ്റ്റിയൂം പ്രധാന ഘടകമാണ്. മോഡേണ്‍ ഡ്രസ് ഒരിക്കലും എനിക്കു ചേരില്ല. ഇതിന്റെ പേരില്‍ ചില സിനിമകള്‍ എനിക്കു നഷ്ടമായിട്ടുണ്ട്. എനിക്കതില്‍ വിഷമമില്ല. കാരണം ക്യാരക്ടര്‍ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന നിലപാടാണ് എന്റേത്.

? രാമന്റെ ഏദന്‍തോട്ടത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ.


ഠ ഏദന്‍തോട്ടത്തില്‍ മാലിനിയെന്ന കഥാപാത്രം എന്റെ കരിയറില്‍ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ്. നൃത്തവിദ്യാലയം നടത്തുന്ന മാലിനിയെന്ന നര്‍ത്തകിയായി തരക്കേടില്ലാതെ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നതിന്റെ ആത്മവിശ്വാസം എനിക്കുണ്ട്.

നൃത്തത്തിന് പ്രാധാന്യമുള്ള കഥാപാത്രമായി അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. രാമന്റെ ഏദന്‍ തോട്ടത്തിലൂടെ എന്റെ മോഹം സഫലമായി.

? സിനിമാ നടികള്‍ക്കു പോലും രക്ഷയില്ലാത്ത കാലമാണിത്. മിക്ക സെറ്റുകളിലും അനു സിത്താരയുടെ ഭര്‍ത്താവിനെയും കാണാറുണ്ടല്ലോ.


ഠ എന്റെ ഭര്‍ത്താവ് വിഷ്ണു ഫോട്ടോ ഡിസൈനറാണ്. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. ഹാപ്പി വെഡ്ഡിംഗ് മുതല്‍ വിഷ്ണു എന്റെ കൂടെയുണ്ട്. ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളിലും എന്റെ കൂടെ ഭര്‍ത്താവ് വരാറുണ്ട്. ജോലിത്തിരക്കുണ്ടാവുമ്പോള്‍ മാത്രം അച്ഛനോ അമ്മയോ എന്റെ കൂടെയുണ്ടാവും.

ഞങ്ങള്‍ വിവാഹിതരാകുമ്പോള്‍ തന്നെ സിനിമയില്‍ സജീവമാവുകയാണെങ്കില്‍ എന്റെകൂടെ എല്ലായ്‌പ്പോഴും ഉണ്ടാവണമെന്ന് പറഞ്ഞിട്ടുണ്ട്. ഇന്നേവരെ അത് തെറ്റിച്ചിട്ടില്ല. എന്റെ ഭര്‍ത്താവിന്റെ പരിപൂര്‍ണ പിന്തുണയാണ് സിനിമാഭിനയത്തില്‍ എനിക്ക് ആത്മവിശ്വാസം പകരുന്നത്.

പിന്നെ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുകയാണ്. എനിക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ പേടിയാണ്. എപ്പോഴും കൂടെ ഒരാള്‍ വേണം. സിനിമയിലെത്തിയപ്പോള്‍ എന്റെ കൂടെ ഭര്‍ത്താവുണ്ട്. ഒരു സ്ത്രീയെ സസംബന്ധിച്ചിടത്തോളം അതൊരു ധൈര്യം തന്നെയാണ്.

? അഭിനയിക്കുന്ന പുതിയ സിനിമകളെക്കുറിച്ച്..


ഠ ക്യാപ്റ്റന്‍, ആന അലറലോടലറല്‍ തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ രഞ്ജത്ത് സാറിന്റെ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്‍ നിരഞ്ജനാണ് നായകന്‍.

ഈ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും കാര്യമായൊന്നും ഞാന്‍ പറയുന്നില്ല. രഞ്ജിത്ത് സാറിന്റെ ഈ ചിത്രം അടുത്ത മാസം തുടങ്ങും. എനിക്കു ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമായതിനാല്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ട്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW