Wednesday, April 24, 2019 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 23 Oct 2017 03.10 PM

പെണ്‍മനസുകളിലൂടെ ഒരു അശോകയാത്ര....

അമ്മ, ഭാര്യ, മകള്‍, കൂട്ടുകാരി...നാല് സ്ത്രീകള്‍ ജീവിതത്തില്‍ സൃഷ്ടിച്ച സ്വാധീനങ്ങളെക്കുറിച്ച് ഹരിശ്രീ അശോകന്‍..
uploads/news/2017/10/158346/Weeklyharisreeashokan2.jpg

എറണാകുളം ചെമ്പുമുക്ക് ജംഗ്ഷനിലെത്തി ഇടതുവശത്തെ റോഡിലൂടെ അല്പം മുന്നിലേക്ക് നീങ്ങിയപ്പോള്‍ കാഴ്ചയില്‍ പ്രൗഢി തോന്നുന്ന ഒരു വീടിന് മുന്നില്‍ ഞങ്ങള്‍ സഞ്ചരിച്ച വാഹനം നിന്നു.

പഞ്ചാബിഹൗസ് എന്ന നെയിംബോര്‍ഡോടുകൂടിയ വീടിന്റെ ഗേറ്റ് തുറന്നത് വെള്ളിത്തിരയിലെ മിന്നും നക്ഷത്രമാണ്.

വ്യത്യസ്തമായ നര്‍മ്മമുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും കൊണ്ട് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഹരിശ്രീ അശോകന്‍. മലയാളസിനിമയില്‍ സജീവസാന്നിധ്യമായിരുന്നയാള്‍ രണ്ടുവര്‍ഷം സിനിമയില്‍ നിന്നും വിട്ടുനിന്നപ്പോള്‍ പ്രേക്ഷകരും സുഹൃത്തുക്കളും ഒന്ന് അന്തിച്ചു.

എന്നാല്‍ മകളുടെ വിവാഹത്തിനും സ്വപ്നഭവനത്തിന്റെ നിര്‍മ്മാണത്തിനുമായി മാറിനിന്നതാണെന്നും താന്‍ ഇവിടെത്തന്നെയുണ്ടെന്നും എവിടെയും പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സിനിമകളെക്കുറിച്ചു മാത്രം സംസാരിച്ചിരുന്ന ഹരിശ്രീ അശോകന്‍ ഇതാദ്യമായി ജീവിതത്തില്‍ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് പറയുന്നു.

കാലം മറക്കാത്ത ത്യാഗമാണ് അമ്മ


അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ ഒന്‍പത് മക്കളാണ്. കൂട്ടത്തില്‍ ഞാനാണ് കുസൃതി. അടി വാങ്ങിക്കൂട്ടുന്ന തരത്തില്‍ കുറുമ്പുകള്‍ കാണിച്ചാലും അമ്മയെന്നെ വഴക്കു പറയില്ല. അച്ഛനേക്കാള്‍ അമ്മയാണ് ഞങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെട്ടത്.

എന്റെയുള്ളിലെ കലാകാരനെ ആദ്യം കണ്ടെത്തിയതും സപ്പോര്‍ട്ട് ചെയ്തതും അമ്മയായിരുന്നു. എല്ലാവരെയും സ്‌നേഹിക്കാനേ അമ്മയ്ക്കറിയൂ. ആരെയും വിശ്വസിക്കും. പഠനമൊക്കെ കഴിഞ്ഞ സമയത്താണ് ടെലികോമില്‍ കരാറടിസ്ഥാനത്തില്‍ എനിക്ക് ജോലി കിട്ടുന്നത്.

ആ സമയത്ത് തന്നെയാണ് മിമിക്‌സ് ട്രൂപ്പില്‍ ചേര്‍ന്നതും. സത്യം പറഞ്ഞാല്‍ ജോലിയേക്കാള്‍ ഞാന്‍ സ്‌നേഹിച്ചത് മിമിക്രിയെ ആണ്. ഒടുവില്‍ ജോലി ഉപേക്ഷിച്ച് മിമിക്രിയില്‍ സജീവസാന്നിധ്യമായി.

ഈയൊരവസരത്തില്‍ ഏതൊരമ്മയും മക്കളെ ശാസിക്കും. കാരണം ഞാന്‍ കുറച്ചുകൂടി പിടിച്ചുനിന്നിരുന്നെങ്കില്‍ ആ ജോലി സ്ഥിരമാകുമായിരുന്നു.

എന്നാല്‍ ഞാന്‍ ജോലി കളഞ്ഞപ്പോഴും അമ്മ ഒന്നും പറഞ്ഞില്ല. കാരണം മിമിക്രിയോടാണ് എനിക്ക് താല്‍പര്യക്കൂടുതലെന്ന് അമ്മയ്ക്കറിയാം. മക്കള്‍ക്ക് സര്‍വ്വസ്വാതന്ത്ര്യവും അമ്മ തന്നിരുന്നു. ഞങ്ങളുടെ സന്തോഷമാണ് അമ്മയ്ക്ക് വലുത്. എനിക്ക് സിനിമയിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ അമ്മ നാട്ടിലുള്ള സകലരോടും മോനെ സിനിമയിലെടുത്തു എന്നു പറഞ്ഞു.

അതറിഞ്ഞപ്പോള്‍ ഞാനമ്മയോട് ചോദിച്ചു, 'എന്തിനാണമ്മേ ഇപ്പോള്‍ എല്ലാവരോടും പറഞ്ഞത്. അമ്മയ്ക്ക് സിനിമയെ കുറിച്ച് അറിയില്ല. ഇന്നെന്നെ അവര്‍ സിനിമയിലേക്ക് വിളിച്ചെന്നിരിക്കട്ടെ, നാളെ ഷൂട്ടിംഗിന് ചെല്ലുമ്പോള്‍ എന്നെക്കാള്‍ മിടുക്കനായ ഒരാള്‍ക്ക് എനിക്ക് തരാനിരുന്ന വേഷം കൊടുക്കും.

അപ്പോള്‍പ്പിന്നെ നാട്ടിലുള്ളവരെല്ലാം നമ്മളെ കളിയാക്കില്ലേ?' ഞാനത് പറഞ്ഞുനിര്‍ത്തിയപ്പോള്‍ അമ്മയെന്നോട് പറഞ്ഞു, 'ഇല്ല അശോകാ, നീ ഭാഗ്യമുള്ളവനാണ്, ഒരിക്കലും നിനക്ക് സിനിമ കിട്ടാതിരിക്കില്ല, നിന്റെ വേഷം നീ തന്നെ ചെയ്യും, അതെനിക്കുറപ്പുണ്ട്. അതുകൊണ്ടാണ് ഞാനെല്ലാവരോടും പറഞ്ഞത്''

അതുകൊണ്ടും മതിയാവാതെ വിവരം അറിയാത്തവരെയൊക്കെ വിളിച്ച് പറഞ്ഞു. ഓരോരുത്തരോടും ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ വിശേഷം പറയുമ്പോള്‍ ഞാന്‍ അമ്മയെത്തന്നെയാണ് ശ്രദ്ധിച്ചത്, ആ കണ്ണുകളിലെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.

'അനുരാഗക്കൊട്ടാരം' എന്ന സിനിമ മുതലാണ് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ഞാന്‍ ചെയ്തു തുടങ്ങിയത്. അത് വരെ ചെറിയ വേഷങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായി കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഞാന്‍ എല്ലാവരുടെയും പ്രിയങ്കരനായി മാറി.

തുടര്‍ച്ചയായ ഷൂട്ടിംഗ് മൂലം വീട്ടില്‍ നിന്നും കുറെ ദിവസങ്ങള്‍ മാറിനില്‍ക്കേണ്ടി വരും. അന്നൊന്നും മൊബൈലില്ല. ആ ദിവസങ്ങളില്‍ താമസിച്ചിരുന്ന ഹോട്ടലുകളിലെ ലാന്‍ഡ്‌ഫോണില്‍ നിന്നാണ് വീട്ടിലേക്ക് വിളിക്കുക. വീട്ടില്‍ എന്റെ വിളിയും കാത്ത് അമ്മ ഫോണിനടുത്ത് ഇരിപ്പുണ്ടാകും.

എന്നോട് സംസാരിച്ചിട്ടേ അമ്മ കിടക്കാറുള്ളൂ. എനിക്കും അത് നിര്‍ബന്ധമാണ്. അമ്മയെന്നെ വിട്ടുപോയിട്ട് 2 മാസമായെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. കാരണം അമ്മയെന്നോടൊപ്പം ഇവിടൊക്കെത്തന്നെയുണ്ട്.

Ads by Google
Loading...
TRENDING NOW