Thursday, December 13, 2018 Last Updated 39 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 23 Oct 2017 02.10 PM

ആന അലറലോടലറല്‍...

uploads/news/2017/10/158337/CiniLocTaanaalaralodalaral.jpg

ആനച്ചന്തത്തിന്റെ മാസ്മരികത ശരിക്കും അനുഭവിച്ചറിയുന്നത് മലയാളികളാണ്. തലയെടുപ്പുള്ള ആനകളെ കണ്ടാല്‍ രൂപവും ഭാവവും നോക്കി ആനകളുടെ പേരു വിളിച്ചു പറയുന്ന ആനക്കമ്പക്കാരായ ധാരാളം ആളുകള്‍ കേരളത്തിലുണ്ട്.

തൃശൂര്‍ പൂരത്തിന് അണിനിരക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും വര്‍ണാഭമായ കുടമാറ്റവും വല്ലാത്തൊരു ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.
മലയാളസിനിമയില്‍ ആനകളിലൂടെ കഥാസഞ്ചാരം നടത്തിയ ഒട്ടേറെ എഴുത്തുകാരും സംവിധായകരുമുണ്ട്.

മലയാളമണ്ണില്‍ എന്നും തലയെടുപ്പോടെ ജനമനസ്സുകളില്‍ ഇടം നേടിയ ഗുരുവായൂര്‍ കേശവനാണ് മലയാളസിനിമയിലേക്ക് ആദ്യമെത്തിയ കേന്ദകഥാപാത്രം. ആനപ്രേമികളുടെ മനസുകളില്‍ നിത്യസ്മാരകമായി നിലയുറപ്പിക്കുന്ന ഗുരുവായൂര്‍ കേശവന്റെ കഥ ശിവജിയെന്ന ആനയിലൂടെ സംവിധായകന്‍ ഭരതന്‍ അനാവരണം ചെയ്തത്.

അഴകിന്റെ നിറകുടവും ശാന്തസ്വരൂപനുമായ കുറുമ്പില്ലാത്ത് ഗുരുവായൂര്‍ കേശവനെ ഗുരുവായൂരപ്പനെ പോലെ മനസില്‍ കൊണ്ടുനടന്ന ഭക്തജനങ്ങളും ഉണ്ടായിരുന്നു.

ഗുരുവായൂര്‍ കേശവന്‍ ചെരിഞ്ഞപ്പോള്‍ കേരളം മുഴുവന്‍ ദുഃഖാചരണം നടത്തിയത് ഇന്നേവരെ മറ്റൊരു ഗജവീരനും ലഭിക്കാത്ത അംഗീകാരമായിരുന്നു. ഗുരുവായൂര്‍ കേശവനിലൂടെ മലയാളസിനിമയിലേക്ക് ആനക്കഥകള്‍ പ്രമേയമാക്കിയ ഒട്ടേറെ സിനിമകള്‍ വിവിധ കാലങ്ങളില്‍ തിയേറ്ററുകളിലെത്തിയിട്ടുണ്ട്.

ആന പാച്ചന്‍, ആനയ്‌ക്കൊരുമ്മ, സിന്ദൂരച്ചെപ്പ്, ഗജകേസരി യോഗം, പട്ടാഭിഷേകം ഉള്‍പ്പെടെയുള്ള നിരവധി സിനിമകള്‍ മലയാളത്തില്‍ പിറവിയെടുത്തു.

uploads/news/2017/10/158337/CiniLocTaanaalaralodalaral1.jpg

പുണ്യാളന്‍ അഗര്‍ബത്തീസില്‍ ആനപ്പിണ്ടത്തിന്റെ കച്ചവടസാധ്യതകളാണ് പ്രമേയമാക്കിയതെങ്കില്‍ രഞ്ജിത്തിന്റെ ലീലയിലെത്തിയപ്പോള്‍ ആനയുടെ ബീഭത്സമായ രതികാമനയാണ് അനാവരണം ചെയ്തത്.

സഞ്ചാരിയെന്ന ചിത്രത്തില്‍ ജയന്‍ ആനക്കൊമ്പില്‍ തൂങ്ങിനില്‍ക്കുന്ന സിനിമാ പോസ്റ്റര്‍ ചലച്ചിത്ര പ്രേക്ഷകര്‍ കൗതുകത്തോടെ ചര്‍ച്ചയാക്കിയ കാലമുണ്ടായിരുന്നു.

ഇങ്ങനെ ആനയുടെ ഇണക്കത്തിന്റെ കഥ പറയുന്ന പുതിയൊരു സിനിമകൂടി അണിയറയില്‍ ഒരുങ്ങുകയാണ്. നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ആന അലറലോടലറല്‍ എന്ന ചിത്രത്തില്‍ ആനയുടെ ഇണക്കവും ആത്മബന്ധവുമാണ് ഇതിവൃത്തമാകുന്നത്.

പാലക്കാട്ടെ കിഴക്കന്‍ പ്രദേശമായ കൊല്ലങ്കോട് ചിത്രീകരണം നടന്ന ആന അലറലോടലറല്‍ എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് ചെല്ലുമ്പോള്‍ വിനീത് ശ്രീനിവാസന്റെ വിവിധങ്ങളായ ഭാവങ്ങള്‍ സംവിധായകന്‍ ദിലീപ്‌മേനോന്‍ പകര്‍ത്തുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍, പ്രജിത്ത്, ജി.എം. മനു, എന്നിവരുടെ ചിത്രങ്ങളിലെല്ലാം അസോസിയേറ്റ് ഡയറക്ടറായിരുന്ന ദിലീപ് മേനോന്റെ പ്രഥമ ചിത്രമാണ് ആന അലറലോടലറല്‍.

വിനീത്ശ്രീനിവാസനും അനു സിത്താരയും നായികാ നായകന്മാരാകുന്ന ഈ ചിത്രത്തില്‍ ആന ചിത്രത്തിലുടനീളം കേന്ദ്രകഥാപാത്രമായി നിറഞ്ഞുനില്‍ക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത.

മലയാളസിനിമയില്‍ നൂറു ശതമാനവും വില്ലേജിന്റെ പശ്ചാത്തലത്തിലുള്ള സോഷ്യല്‍ സറ്റയറാണ് ആന അലറലോടലറല്‍ വിഷയമാക്കുന്നത്. ഇപ്പോള്‍ ഇന്ത്യയിലും കേരളത്തിലും നടക്കുന്ന സമകാലീന പ്രശ്‌നങ്ങള്‍ ആക്ഷേപ ഹാസ്യത്തിലൂടെ ഈ ചിത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

uploads/news/2017/10/158337/CiniLocTaanaalaralodalaral2.jpg

വൈകുണ്ഠാപുരം ഗ്രാമത്തിലെ ചെറുപ്പക്കാരനാണ് ഹാഷിം. തികച്ചും ഗ്രാമീണനായ ഹാഷിമും ഗ്രാമത്തിലെത്തുന്ന ആനയും തമ്മിലുള്ള സൗഹൃദം പലപ്പോഴും ഗ്രാമീണര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. ഹാഷിമിന് നല്ലൊരു പ്രണയമുണ്ട്.

കളിക്കൂട്ടുകാരിയായ പാര്‍വ്വതിയാണ് ഹാഷിമിന്റെ പ്രണയിനി. ആനയോടുള്ള സൗഹൃദവും പ്രണയവും ഒന്നിച്ചുകൊണ്ടുപോകുന്ന ഹാഷിം സമകാലീന പ്രശ്‌നങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ആന അലറലോടലറലിന്റെ കഥാവഴികള്‍ ചിരിയും ചിന്തയുമുണര്‍ത്തുന്നു.

ആന ഈ ചിത്രത്തില്‍ നായകസ്ഥാനത്ത് നില്‍ക്കുന്നു. രചയിതാവ് ശരത്ത് ബാലന്‍ ഇത്തരമൊരു കഥയുമായി വന്നപ്പോള്‍ ഏറെ കൗതുകം തോന്നിയിരുന്നു. കഥ വായിച്ചപ്പോഴാണ് ആനയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. തലയെടുപ്പുള്ള ആനകളൊക്കെ മനസില്‍ എത്തിയെങ്കിലും സിനിമയുടെ കഥയ്ക്ക് അനുയോജ്യമായ ആനയായിരുന്നു വേണ്ടിയിരുന്നത്.

മാടമ്പ് കഞ്ഞിക്കുട്ടനാണ് നന്തിലത്ത് അര്‍ജുനനെക്കുറിച്ച് ആദ്യം സൂചിപ്പിച്ചത്. തികഞ്ഞ അത്ഭുതത്തോടെയാണ് മാടമ്പ് അര്‍ജുനന്റെ ഇക്കത്തെക്കുറിച്ചും സ്വഭാവ സവിശേഷതകളെക്കുറിച്ചും പറഞ്ഞത്. പല സ്ഥലങ്ങളിലും നന്തിലത്ത് അര്‍ജുനന്‍ ശ്രദ്ധാകേന്ദ്രമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

നന്തിലത്ത് അര്‍ജുനനെ പല ദിവസങ്ങളിലും ഓരോ കുല പഴവുമായി ഞാന്‍ കാണാന്‍ ചെന്നിരുന്നു പാപ്പാന്‍ രാജേട്ടന്‍ കൊച്ചുകുട്ടികളെ ശുശ്രൂഷിക്കുന്നതു പോലെയാണ് നന്തിലത്ത് അര്‍ജുനനെ നോക്കിയിരുന്നത്. ഞാന്‍ മണിക്കൂറുകളോളം നന്തിലത്ത് അര്‍ജുനനെ നിരീക്ഷിച്ചിരുന്നു. കൊല്ലങ്കോട് ഗ്രാമത്തില്‍ നടന്ന ചിത്രീകരണത്തില്‍ അര്‍ജുനന്റെ ഷോട്ടുകള്‍ കാര്യമായ റീടേക്കുകളില്ലാതെയാണ് ചിത്രീകരിച്ചത്.

തുമ്പിക്കൈയുടെ ചലനം, ചെവിയുടെ ഇളക്കം ഇതൊക്കെ ഓരോ ഷോട്ടിലും വളരെ കൃത്യമായിരുന്നു. നന്തിലത്ത് അര്‍ജുനന്‍ യൂണിറ്റിലുള്ളവരെയൊക്കെ ശരിക്കും അത്ഭുതപ്പെടുത്തുകയായിരുന്നു. ഓരോ ഷോട്ടും കൃത്യതയോടെ ചിത്രീകരിക്കാന്‍ പാപ്പാന്‍ രാജേട്ടനും നന്തിലത്ത് അര്‍ജുനന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

ചിത്രത്തിലെ അഭിനേതാക്കളായ വിനീത് ശ്രീനിവാസനും വിശാഖും ചിത്രീകരണത്തിനു മുമ്പ് നന്തിലത്ത് അജുനനുമായി സൗഹൃദം പങ്കിടാന്‍ തൃശൂരിലെത്തിയിരുന്നു.പാപ്പാനായി അഭിനയിക്കുന്ന വിശാഖ് ഏഴുദിവസമാണ് നന്തിലത്ത് അര്‍ജുനനോടൊപ്പം ചെലവഴിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം വരെ പാപ്പാന്റെ ആനച്ചട്ടങ്ങളൊക്കെ വിശാഖും പഠിക്കുകയായിരുന്നു.

uploads/news/2017/10/158337/CiniLocTaanaalaralodalaral3.jpg

ചിത്രത്തിലെ നായകന്‍ നന്തിലത്ത് അര്‍ജുനനെന്ന ആനയാണെന്ന് വിനീത് ശ്രീനിവാസന്‍ സിനിമാമംഗളത്തോട് പറഞ്ഞു. ഓരോ ഷോട്ടിലും വളരെ കൃത്യതയോടെയാണ് നന്തിലത്ത് അര്‍ജുനന്‍ അഭിനയിച്ചത്. ഞാന്‍ തൃശൂര്‍ പൂരതതിനൊന്നും പോയിട്ടില്ല. ചെറുപ്പത്തിലൊക്കെ അകലെനിന്നാണ് ആനയെ കണ്ടിരുന്നത്.

ഷൂട്ടിംഗ് തുടങ്ങിയതു മുതല്‍ നന്തിലത്ത് അര്‍ജുനനുമായി സൗഹൃദത്തിലായെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചര്‍ത്തു. ചെറിയ ചെറിയ വലിയ പ്രശ്‌നങ്ങളായി മാറുന്ന ഇന്നത്തെ കാലത്തിന് അനുയോജ്യമായ കാലികപ്രാധാന്യമുള്ള സിനിമയാണിതെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഒരു യാത്രയില്‍ കിളിപോയി, ഹണിബീ ടു, ഹായ് അയാം ടോണി തുടങ്ങിയ ചിത്രങ്ങുടെ നിര്‍മ്മാതാവ് സിബി തോട്ടുപുറമാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. നേവീസ് സേവ്യറാണ് മറ്റൊരു പ്രൊഡ്യൂസര്‍.

ഹാഷീമനായി വിനീത് ശ്രീനിവാസനും പാര്‍വ്വതിയായി അനു സിത്താരയും അഭിനയിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍, ഇന്നസന്റ്, മാമുക്കോയ, തെസ്‌നിഖാന്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, വിശാഖ്, നസീര്‍ സംക്രാന്തി, മഞ്ജുവാണി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ടൈറ്റില്‍ കാര്‍ഡ്:
ബാനര്‍- പോയട്രി ഫിലിം ഹൗസ്, നിര്‍മ്മാണം- സിബി തോട്ടുപുറം, നേവീസ് സേവ്യര്‍, സംവിധാനം- ദിലീപ് മേനോന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- സിജു മാത്യു, ക്യാമറ- ദീപു എസ്. ഉണ്ണി, രചന- ശരത്ത് ബാലന്‍, സംഗീതം- ഷാന്‍ റഹ്മാന്‍, ഗാനരചന- മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍, എഡിറ്റിംഗ്- മനോജ്, ചമയം- ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രം- സ്‌റ്റെഫി സേവ്യര്‍, കല- നികേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, ചീഫ് അസോ. ഡയറക്ടര്‍- അരുണ്‍ ഡി. ജോസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രഞ്ജിത്ത് കരുണാകരന്‍, പ്രണവ് മോഹന്‍, അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, സഹസംവിധാനം- ജിത്തുവയലില്‍, ജോബിന്‍ ബേബി തോമസ്, നിഖില്‍ എം. തോമസ്, നഹാസ് ഇബ്രാഹിം, റോനു സക്കറിയ റോയ്, വിനയ് ചന്ദ്, വിതരണം- പോയട്രി ഫിലിം ഹൗസ്, ത്രോ കലാസംഗമം, സൗണ്ട്- സിങ്ക് സിനിമ, സ്റ്റില്‍സ്- അജി കൊളോണിയ, പി.ആര്‍.ഒ. എ.എസ്. ദിനേശ്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Ads by Google
Loading...
TRENDING NOW