Thursday, July 04, 2019 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Sunday 22 Oct 2017 01.47 PM

ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍

ക്വാളിറ്റിയുള്ള, ഹൃദയസ്പര്‍ശിയായ, ഹിന്ദിസിനിമയുടെ കെട്ടുവട്ടങ്ങളില്ലാത്ത നിലവാരമുള്ള സിനിമതന്നെയാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. പരിചിതമായ, എളുപ്പത്തില്‍ പ്രവചിക്കാവുന്ന കഥയും കഥാഗതിയുമാണെങ്കിലും ആഴത്തിലുള്ള വൈകാരിക, മനുഷ്യബന്ധങ്ങളും പ്രതിസന്ധികളെ നേരിടുന്ന മനുഷ്യരുടെ അതിജീവനുമെല്ലാം ലളിതമായി, കൈയടക്കത്തോടെ പറയുന്ന ഒരു കൊച്ചുസിനിമയാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍.
Little super star review

ആമീര്‍ ഖാന്റെ മുന്‍ചിത്രം 'ദംഗല്‍'; മകളെ ലോകമറിയുന്ന ഗുസ്തിചാമ്പ്യനാകാനുള്ള പിതാവിന്റെ ദൃഢനിശ്ചയമാണ്. ആമിര്‍ നിര്‍മിച്ച് എന്നാല്‍ നായകനല്ലാതെ എത്തുന്ന പുതിയ സിനിമ 'സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍' പിതാവിന്റെ എതിര്‍പ്പുകളെ രഹസ്യമായി മറികടന്ന് ലോകമറിയുന്ന ഗായികയാകാനുള്ള കൗമാരക്കാരിയായ മകളുടെ സാഹസികതയാണ്. യാദൃശ്ചികമോ മന:പൂര്‍വമോ ആകാം ഈ 'ഐറണി.' എന്നാല്‍ ഇക്കുറിയും പ്രചോദനസിനിമയാണ് ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സില്‍നിന്നുവരുന്നത്. ക്വാളിറ്റിയുള്ള, ഹൃദയസ്പര്‍ശിയായ, ഹിന്ദിസിനിമയുടെ കെട്ടുവട്ടങ്ങളില്ലാത്ത നിലവാരമുള്ള സിനിമതന്നെയാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. പരിചിതമായ, എളുപ്പത്തില്‍ പ്രവചിക്കാവുന്ന കഥയും കഥാഗതിയുമാണെങ്കിലും ആഴത്തിലുള്ള വൈകാരിക, മനുഷ്യബന്ധങ്ങളും പ്രതിസന്ധികളെ നേരിടുന്ന മനുഷ്യരുടെ അതിജീവനുമെല്ലാം ലളിതമായി, കൈയടക്കത്തോടെ പറയുന്ന ഒരു കൊച്ചുസിനിമയാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. ദംഗലിലൂടെ വന്ന സൈറ വാസിം എന്ന പെണ്‍കുട്ടിയുടെ മാജിക്കല്‍ എന്നുവിശേഷിപ്പിക്കാവുന്ന അഭിനയ ചാതുരിയും വളരെ അബ്യൂസീവായ ഒരു കുടുംബപശ്ചാത്തലത്തില്‍ ജീവിക്കുമ്പോഴും അമ്മ-മകള്‍ ബന്ധത്തിലെ തീവ്രതയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയ തിരക്കഥയുമാണ് സിനിമയുടെ ഹൈലൈറ്റ്.

ഇന്‍സിയ(സൈറ വാസിം) ഗുജറാത്തിലെ വഡോദരയിലുള്ള ഒരു മുസ്ലിം കുടുംബത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ആറാം ക്ലാസില്‍ ഗിറ്റാര്‍ വായിച്ചുതുടങ്ങിയ അവള്‍ അസാമാന്യ ടാലന്റുള്ള ഒരു ഗായികയാണെന്ന് നമ്മള്‍ സിനിമ തുടങ്ങുമ്പോഴേ മനസിലാക്കുന്നു. അവളുടെ അമ്മ നജ്മ(മെഹര്‍ വിജ്) മകളുടെ ടാലന്റിനു പിന്തുണ നല്‍കുന്നുണ്ടെങ്കിലും കര്‍ക്കശക്കാരനായ പിതാവ് ഫറൂക്ക് (രാജ് അര്‍ജുന്‍) അമ്മയുടെയും മകളുടേയും മോഹങ്ങള്‍ക്കു വിഘാതമാണ്. ഒരുപക്ഷേ അയാള്‍ക്കുവേണ്ടാത്ത മകളായിരിക്കാം ഇന്‍സിയ. സിനിമയില്‍ ആമീര്‍ ഖാന്റെ കഥാപാത്രമായ ശക്തികുമാര്‍ പറയുന്നതുപോലെ സോഡാ സര്‍ബത്തിനടിയില്‍നിന്ന് വായുകുമിളകള്‍ ഉയരുന്നതുപോലെ എത്ര അടിച്ചമര്‍ത്തിയാലും യഥാര്‍ഥ ടാലന്റ് എന്നെങ്കിലും പുറത്തുവരും. അതുപുറത്തുവരുന്നതെങ്ങനെയെന്നാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ പറയുന്നത്. സമൂഹമാധ്യമങ്ങളുടെ വൈറല്‍ ലോകത്ത്, റിയാലിറ്റിഷോകളുടെ സൂപ്പര്‍സ്റ്റാര്‍/ഐഡല്‍ സൃഷ്ടികളുടെ പശ്ചാത്തലത്തില്‍ ഈ പരിചിതമായ കഥയെ പറിച്ചുനടുകയാണ് അദൈ്വത് ചന്ദന്‍ എന്ന നവാഗതസംവിധായകന്‍ ചെയ്തിരിക്കുന്നത്. ആമീര്‍ ഖാന്റെ താരേ സമീര്‍ പര്‍ എന്ന വിഖ്യാതചിത്രത്തിന്റെ സെറ്റില്‍ കാറ്ററിങ് സര്‍വീസ് മാനേജരായി വന്ന്, പിന്നീട് ആമിറിന്റെ മാനേജരാവുകയും ചെയ്ത അസാധാരണമായ ചരിത്രമുള്ള അദൈ്വത് ചന്ദന്‍ തന്നെയാണു സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ശരിക്കും ഈ സിനിമയുടെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ചന്ദന്‍ തന്നെയാണ്. കണ്ടുപരിചയിച്ച 'ഇന്‍സ്പിരേഷണല്‍' കഥകളുടെ ഫോര്‍മാറ്റില്‍ പറയുമ്പോഴും വൈകാരിക അടുപ്പം തോന്നുന്ന ഒരു സിനിമയായി സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ മാറ്റാന്‍ കഴിഞ്ഞതാണ് ചന്ദന്റെ കന്നിസിനിമയുടെ മികവ്. ചിലയിടത്തൊക്കെ സിനിമയുടെ പോക്ക് അവിശ്വസനീയവും യുക്തിരഹിതവും അതു പുലര്‍ത്തുന്ന റിയലിസ്റ്റിക് സ്വഭാവത്തോട് ഒത്തുപോവാത്തതുമാണ്. എന്നാല്‍ രണ്ടരമണിക്കൂറുള്ള മുഴുവന്‍ സിനിമയ്ക്ക്അതിനെ മറികടക്കാനുള്ള കരുത്തുണ്ട്.

ഒരിക്കലും ഒരു ആമീര്‍ ഖാന്‍ സിനിമയല്ല സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. ആമീര്‍ ഖാന്‍ എന്ന നടന്റെയോ താരത്തിന്റേയോ സാന്നിധ്യം സിനിമ ആവശ്യപ്പെടുന്നില്ല. തീര്‍ച്ചയായും സിനിമയുടെ മാര്‍ക്കറ്റിങ്ങിന്, വെള്ളിത്തിരയില്‍ അതുപുലര്‍ത്തുന്ന ലളിതസ്വഭാവത്തിനെ മറികടന്ന് ആളെക്കൂട്ടാന്‍ ആമീര്‍ എന്ന താരത്തിന്റെയും നിര്‍മാതാവിന്റെയും സാന്നിധ്യം ഗുണകരമായിട്ടുണ്ട്. എക്‌സെന്‍ട്രിക്കായ, ഔട്ട്‌സ്‌പോക്കണായ ഒരു സംഗീതസംവിധായകനാണ് ആമിര്‍ അവതരിപ്പിക്കുന്ന ശക്തികുമാര്‍. ബില്‍ഡ്അപ്പുകളില്ലാതെ റിയാലിറ്റി ഷോ ദൃശ്യങ്ങളിലൂടെയാണ് ശക്തികുമാര്‍ വന്നുപോകുന്നത്. എന്നാല്‍ തന്റെ മൃദുഭാവങ്ങളില്‍നിന്നു മാറി ഫ്രീക്കനായ, അരഗന്റായ റിയാലിറ്റി ഷോ ജഡ്ജ് ആയ ആമിര്‍ കസറിയിട്ടുണ്ട്. പക്ഷേ ഷോ മുഴുവന്‍ കവരുന്നത് സൈറ വാസിം എന്ന കൗമാരക്കാരിയാണ്. ദംഗലിലൂടെ സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സൈറ, ഇന്‍സിയയിലൂടെ മികച്ച നടിയ്ക്കുളള പുരസ്‌കാരം സ്വന്തമാക്കിയാലും അമ്പരക്കേണ്ടതില്ല. ഇന്‍സിയ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയും അതിനെ സൈറ അവതരിപ്പിച്ച രീതിയും അത്രയേറെ സവിശേഷമാണ്. പഠിക്കാന്‍ അത്ര മികവില്ലാത്ത, ക്ലാസ് ടീച്ചറിനോടും ട്യൂഷന്‍ ടീച്ചറിനോടും അസഹിഷ്ണുതയോടെ പെരുമാറുന്ന, തന്നോട് ഒരു സോഫ്റ്റ്‌കോര്‍ണര്‍ കാട്ടുന്ന ചിന്തന്‍ എന്ന സഹപാഠിയോടു പരുഷമായി പെരുമാറുന്ന, തന്റെ ഇളയ അനുജന്‍ ഗുഡ്ഡുവിനോടുപോലും താല്‍പര്യമില്ലാതെ ഇടപെടുന്ന ഇന്‍സിയ പാട്ടിന്റെ മികവില്‍മാത്രം മറ്റെല്ലാവരേക്കാളും മുന്നിലാണ്. അവളും അമ്മ നജ്മയും തമ്മിലുളള സംഭാഷണങ്ങളാണു കഥയെ മുന്നോട്ടുനയിക്കുന്നത്. ചെറിയപിഴവുകള്‍ക്കുപോലും പിതാവില്‍നിന്ന് വലിയ മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്ന അമ്മയെക്കുറിച്ചുളള നിസഹായത, താന്‍ അകപ്പെട്ട കുടുംബത്തോടുളള ഫ്രസ്‌ട്രേഷന്‍, ലോകത്തിനു മുന്നില്‍ തന്റെ കഴിവു പ്രകടിപ്പിക്കാന്‍ പോലുമാവാത്ത മതിലുകള്‍ തുടങ്ങിയ സങ്കീര്‍ണവികാരങ്ങളെ സൈറ അവളുടെ പ്രായത്തെ മറികടക്കുന്ന പക്വതയും കൈയടക്കവും കൊണ്ടു ശ്രദ്ധേയമാക്കുന്നുണ്ട്. എന്നാല്‍ ഫറൂക്ക് എന്ന പിതാവിനെ സിനിമ ഇരുട്ടത്താണ് നിര്‍ത്തുന്നത്. ആധുനികലോകത്ത് ഇന്‍സിയയക്ക് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ആവേണ്ടിവന്നതിന്റെ പശ്ചാത്തലം വിശ്വസനീയമാകാനെന്നവണ്ണമാണ് ഫറൂക്കിനെ മര്‍ദകനും മുരടനുമായ പിതാവാക്കി മാറ്റിയിരിക്കുന്നത്. ചിരിക്കുകപോലുമില്ലാത്ത ഫറൂക്കിനെ രാജ് അര്‍ജുന്‍ ഭദ്രമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും കഥാപാത്രത്തിന്റെ രീതികള്‍ വിശ്വസനീയമല്ല. ടെലിവിഷന്‍ താരം മെഹര്‍ വിജ് ആണ് നജ്മയെ അവതരിപ്പിക്കുന്നത്. നജ്മയും ഇന്‍സിയയും തമ്മില്‍ സ്‌ക്രീനിലുള്ള കാഴ്ചയിലെ പൊരുത്തം ശ്രദ്ധേയമാണ്.

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Sunday 22 Oct 2017 01.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW