Monday, November 12, 2018 Last Updated 29 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 22 Oct 2017 02.00 AM

വയലാറും മലയാറ്റൂരും- ഒരു കഥയുടെ കഥ

uploads/news/2017/10/157962/sun3.jpg

ചരിത്രത്തിന്റെ ഭൂമികയിലേക്ക്‌ കാലം ചോരത്തുള്ളികള്‍ കുടഞ്ഞിട്ട പുന്നപ്രവയലാര്‍ സമരത്തിന്‌ ഏഴ്‌ പതിറ്റാണ്ട്‌. 1946 തുലാം പത്തിന്‌ (ഒക്‌ടോബര്‍ 27) വയലാറിലെ വെടിവയ്‌പോടെ അവസാനിച്ച പോരാട്ടത്തില്‍ എത്രപേര്‍ മണ്ണടിഞ്ഞുവെന്നത്‌ ഇന്നും അറിയപ്പെടാത്ത സത്യം. തിരുവിതാംകൂര്‍ പട്ടാളത്തിന്റെ യന്ത്രത്തോക്കുകളില്‍ നിന്ന്‌ ചീറിപ്പാഞ്ഞ വെടിയുണ്ടകള്‍ പുന്നപ്രയില്‍ നൂറിലേറെയും വയലാറില്‍ എണ്ണൂറിലേറെയും മനുഷ്യരെ കാലപുരിയിലേക്കയച്ചുവെന്നത്‌ അനൗദ്യോഗിക ഭാഷ്യം. അവരുടെ ത്യാഗത്തിന്റെ വളക്കൂറില്‍ പ്രസ്‌ഥാനങ്ങളും നേതാക്കളും വളര്‍ന്നു വലുതായതാകട്ടെ നേര്‍ക്കാഴ്‌ചയും. അതേസമയം സാഹിത്യകാരന്‍മാരും ഈപോരാട്ടത്തെ എഴുത്തിനായി ഉപയോഗിച്ചു.
പുന്നപ്രയെ അപേക്ഷിച്ച്‌ വയലാറിലെ ചോരവീണ്‌ ചുവന്ന മണ്ണിനെക്കുറിച്ച്‌ നിരവധിപ്പേര്‍ എഴുതിക്കൂട്ടി. ഏറ്റവുമാദ്യമിറങ്ങിയത്‌ 'വയലാര്‍ ഗര്‍ജ്‌ജിക്കുന്നു' എന്ന പി. ഭാസ്‌ക്കരന്റെ കവിതാസമാഹാരമാണ്‌. പിന്നെ തകഴിയും, കേശവദേവും, ആര്‍. സുഗതനും, ഡി.എം. പൊറ്റക്കാടുമൊക്കെ വയലാറിലെ രക്‌തച്ചൊരിച്ചലുകളെ ഇതിവൃത്തമാക്കി. രണ്ടിടങ്ങഴിയില്‍ ഈ സമരത്തെ പരാമര്‍ശിച്ചും പുന്നപ്ര വയലാറിനുശേഷം എന്ന കൃതിയില്‍ ആഴത്തില്‍ കടന്നു ചെന്നും തകഴി ഈ സമരവുമായി മനോവ്യാപാരം തന്നെ നടത്തി. പുന്നപ്രവയലാറിനു ശേഷം കമ്മ്യൂണിസ്‌റ്റുകാരില്‍ വലിയൊരു വിഭാഗത്തിന്റെ നിശിത വിമര്‍ശനത്തിനും വിധേയമായി. ഐ. എ. എസ്‌. ഉദ്യോഗസ്‌ഥനായ കെ. വി. മോഹന്‍കുമാറിന്റെ ഉഷ്‌ണരാശിയാണ്‌ ഈ കമ്മ്യൂണിസ്‌റ്റ് പോരാട്ടത്തെ വിഷയമാക്കി ഇറങ്ങിയ ഏറ്റവുമൊടുവിലത്തെ നോവല്‍. ഈ സമരത്തെക്കുറിച്ച്‌ ഇറങ്ങിയ ചരിത്രപുസ്‌തകങ്ങള്‍ വേറെയുമുണ്ട്‌.
ഗദ്യസാഹിത്യത്തില്‍ വയലാര്‍ സമരത്തെ ആധികാരികമാക്കി മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ എഴുതിയ അധികം ആരുമറിയാത്ത ഒരു ചെറുകഥയുണ്ട്‌. വയലാറിലെ പോരാട്ടത്തെ പശ്‌ചാത്തലമാക്കി 1953-ല്‍ പ്രസിദ്ധീകരിച്ച മലയാറ്റൂരിന്റെ വെടിയുണ്ടയും വിശപ്പും എന്ന ചെറുകഥയാണ്‌ വയലാറിലെ കമ്മ്യൂണിസ്‌റ്റ് പോരാട്ടത്തെ അടിസ്‌ഥാനമാക്കിയെഴുതിയ ആദ്യ കഥയെന്നത്‌ അധികമാര്‍ക്കുമറിയില്ല. 1948-ല്‍ രണ്ടിടങ്ങഴി ഇറങ്ങിയെങ്കിലും പുന്നപ്ര-വയലാര്‍ പ്രധാന വിഷയമല്ല. അങ്ങനെ നോക്കുമ്പോള്‍ മലയാറ്റൂരിന്റെ ചെറുകഥതന്നെയാണ്‌ ഈ സമരത്തെ അടിസ്‌ഥാനമാക്കിയുള്ള ആദ്യ ഗദ്യകൃതി.
മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ ചെറുകഥ വയലാര്‍ വെടിവയ്‌പ് നടന്ന്‌ ഏഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ അച്ചടിമഷി പുരണ്ടതെങ്കിലും വെടിവയ്‌പ് കഴിഞ്ഞ്‌ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാറ്റൂര്‍ വയലാറില്‍ എത്തിയിരുന്നു എന്ന്‌ കഥയിലെ ചില പശ്‌ചാത്തലങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു പുലര്‍കാലത്ത്‌ വയലാറിലെത്തുന്ന കഥാകൃത്ത്‌ നേരിട്ടനുഭവിക്കുന്നതും അറിയുന്നതുമായ കാര്യങ്ങളാണ്‌ ഇതില്‍ കോറിയിട്ടിട്ടുള്ളത്‌. വെടിവയ്‌പിനുശേഷമുള്ള ഒരു ഭൂപ്രദേശത്തിന്റെ അവസ്‌ഥ വളരെ വ്യക്‌തമായിപറയുന്ന മലയാറ്റൂരില്‍ ആ ഗ്രാമത്തില്‍ നിറഞ്ഞു നിന്ന പട്ടിണിയും ദാരിദ്ര്യവും ഒരേ അളവില്‍ ദു:ഖവും ഭയവും സൃഷ്‌ടിക്കുന്നു. കഥ തുടങ്ങുന്നതിങ്ങനെ ഞങ്ങള്‍ ബസിറങ്ങിയപ്പോള്‍ അഞ്ച്‌ മണിയായിട്ടുണ്ടാവും. നേരം വെളുക്കാന്‍ ഇനിയും സമയമുണ്ട്‌. ആ ചെറിയ ടൗണ്‍ നിദ്രയിലാണ്ടിരിക്കുകയാണ്‌. ബസ്സ്റ്റാന്‍ഡിനടുത്ത്‌ ഒരു ചെറിയ ചായപ്പീടിക മാത്രം തുറന്നിട്ടുണ്ട്‌. ഞാനും കമ്മത്തും അതിനകത്ത്‌ കടന്ന്‌ അഴുക്കുപിടിച്ച ബഞ്ചിലിരുന്നു.
ഉറക്കം തങ്ങിനിന്നിരുന്ന തടിച്ചു വീര്‍ത്ത കണ്‍പോളകള്‍ തിരുമിക്കൊണ്ട്‌ മാനേജര്‍ ചോദിച്ചു എന്ത്‌ വേണം, സാര്‍?... കഥയിങ്ങനോ പോകവേ കഥാകൃത്ത്‌ കൂടിയായ കഥാനായകനില്‍ താനെത്തിയ സ്‌ഥലത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ അല്‍പ്പം ആശങ്കയുണ്ടാക്കി. ചായ കുടിച്ചും തലേന്നത്തെ പലഹാരങ്ങള്‍ കഴിച്ചു കൊണ്ടിരിക്കെ ഞങ്ങള്‍ വര്‍മ്മയെ കാണാന്‍ വന്നതാണെന്നും അയാളുടെ വീട്‌ അറിയില്ലെന്നും കമ്മത്ത്‌ പറയുന്നു. പത്രത്തിലൊക്കെയെഴുതുന്ന വര്‍മ്മ തന്റെ സുഹൃത്താണെന്ന്‌ പറയുന്ന ചായക്കട മാനേജര്‍ വീട്ടിലേക്കുള്ള വഴിയും പറഞ്ഞുകൊടുത്തു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്റെ വീട്ടിലേക്ക്‌ വര്‍മ്മ കഥാകൃത്തിനെ ക്ഷണിച്ചതാണെങ്കിലും ആദ്യമായി വരുന്നത്‌ ഇപ്പോഴാണ്‌. മുന്‍കൂട്ടി അറിയിച്ചല്ല ഇപ്പോള്‍ പോകുന്നത്‌. ടാര്‍ റോഡ്‌ വിട്ട്‌ ഇടവഴിയിലൂടെ എഴുത്തുകാരനായ വര്‍മ്മയുടെ വീട്ടിലേക്ക്‌ അവര്‍ നടക്കുകയാണ്‌. ഇടയ്‌ക്ക് ഒരു കായല്‍ കടക്കണം. കൂറ്റന്‍ തെങ്ങുകളും തോടുകളില്‍ ചീയുന്ന തൊണ്ടിന്റെ ദുര്‍ഗന്ധവും സഹിച്ച്‌ മണല്‍ ചവിട്ടി കടത്തിനടുത്തെത്തിയപ്പോള്‍ കടത്തുകാരന്‍ അടുത്തുള്ള ഓയില്‍മില്ലിന്റെ വരാന്തയില്‍ ചുരുണ്ടുറങ്ങുന്നു. പതിനെട്ടുകാരന്‍ കടത്തുകാരന്‍ വള്ളമൂന്നുമ്പോള്‍ കഥാകൃത്തായ മലയാറ്റൂരിന്റെ മനസ്സ്‌ പിടഞ്ഞു. ചീറിവന്ന വെടിയുണ്ടയെ പച്ചമാംസംകൊണ്ട്‌ തടുക്കാന്‍ ശ്രമിച്ച്‌ മരിച്ചുവീണവരുടെ മണ്ണിലേക്കാണ്‌ താന്‍ കാലൂന്നുന്നത്‌. കേട്ടറിവുമാത്രമേ ഇതുവരെ ഈ ഗ്രാമത്തെക്കുറിച്ച്‌ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ആ മണ്ണില്‍ കാലൂന്നുന്നുവെന്ന തോന്നല്‍ മനസ്സിനെ പിടപ്പിച്ചു. ഈ വെടിവയ്‌പിനെക്കുറിച്ച്‌ അന്നത്തെ പത്രങ്ങള്‍ അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും മാത്രമേ എഴുതിയിട്ടുള്ളുവെന്ന തോന്നലും ഈ സമയം കഥാകൃത്തിനുണ്ടായി. അപ്പോള്‍ വള്ളത്തിലിരുന്ന കമ്മത്ത്‌ ഊന്നുകാരനോട്‌ ചോദിച്ചു സമരം നടക്കുന്ന കാലത്ത്‌ നിങ്ങളിവിടെയുണ്ടോ? എന്റെ അച്‌ഛന്‍ ആ സമരത്തില്‍ മരിച്ചു എന്ന അയാളുടെ മറുപടി കഥാകൃത്തിനെ തെല്ലുനേരത്തോക്ക്‌ മൗനിയാക്കി. ഒരു രക്‌തസാക്ഷിയുടെ മകനെ കണ്ടതിലുള്ള അത്ഭുതം കഥാകൃത്തിനുണ്ടായി. ആ മൗനം അദ്ദേഹത്തെ വിടുമ്പോഴേക്കും വള്ളം കരയ്‌ക്കടത്തു. കഥാകൃത്ത്‌ നീട്ടിയ ചില്ലറത്തുട്ടുകള്‍ അവന്‍ നിരാകരിച്ചു. രക്‌തസാക്ഷികളുടെ ഗ്രാമം കാണാന്‍ വന്നവരോട്‌ വല്ലാത്ത ബഹുമാനം. എന്നിട്ടവരോടൊപ്പം നടന്ന നാണുവെന്ന കടത്തുകാരന്‍ വെടിക്കൊണ്ടു തുളഞ്ഞ തെങ്ങുകള്‍ അവര്‍ക്ക്‌ ചൂണ്ടിക്കാണിച്ചു. ഒരു ഗൈഡിനെപ്പോലെ എല്ലാം വിവരിച്ചു നടന്ന അയാള്‍ രക്‌തസാക്ഷികളെ പെട്രോളൊഴിച്ച്‌ ചുട്ടശേഷം മൂടിയ മണല്‍ക്കൂനയും കാട്ടിക്കൊടുത്തു. മറ്റൊരാവിശ്യക്കാരന്‍ കടത്തു വള്ളത്തിലേക്ക്‌ മടക്കിക്കൊണ്ടുപോകും വരെ നാണു പോരാട്ടങ്ങള്‍ വിവരിച്ചുകൊണ്ടിരുന്നു.
മണല്‍പ്പരപ്പിലൂടെ വര്‍മ്മയുടെ വീട്ടിലേക്ക്‌ നടന്ന കഥാകൃത്തും കമ്മത്തും നിലംപൊത്താറായ കുടിലുകളും കോണകംപോലുമുടുക്കാനില്ലാത്ത വയറൂന്തിയ കുട്ടികളെയും ദാരിദ്ര്യം വിഴുങ്ങി കോലംകട്ട മനുഷ്യരെയും കണ്ടു. കൊച്ചുകുട്ടികളുടെ മുഖത്ത്‌ വാര്‍ദ്ധക്യം പടര്‍ന്നുകയറുന്നു. പട്ടിണിയാണിതിന്‌ കാരണമെന്ന്‌ കമ്മത്ത്‌ കഥാകൃത്തിനോട്‌ പറഞ്ഞു.
പക്ഷേ, കഥാകൃത്തിന്റെ മനസ്സിലപ്പോള്‍ തൊണ്ടുതല്ലുന്ന പെണ്ണുങ്ങളും കയറു പിരിക്കുന്ന തൊഴിലാളികളും നഷ്‌ടപ്പെടാനൊന്നുമില്ലാത്ത ജനതതിയും നടത്തിയ സമരം ഇരമ്പുകയായിരുന്നു. നടന്ന്‌ നടന്ന്‌ സര്‍പ്പക്കാവും ജീര്‍ണ്ണിച്ച അമ്പലവും വൃക്ഷങ്ങളും നിറഞ്ഞ പറമ്പിലെ വര്‍മ്മയുടെ വീട്ടിലെത്തിയ കഥാകൃത്തിനേയും കമ്മത്തിനെയും ഉറക്കമുണര്‍ന്നു വന്ന ആതിഥേയന്‍ സ്വീകരിച്ചു. വര്‍മ്മയുടെ അമ്മ അവര്‍ക്ക്‌ കാപ്പിയും പലഹാരവും നല്‍കി. പലതും സംസാരിച്ച്‌ അവരുടെ സംഭാഷണം കൂട്ടക്കൊലയിലേക്ക്‌ തെന്നിമാറി.
തൊഴിലില്ലായ്‌മയും കുടിയിറക്കും വാരിക്കുന്തമെടുപ്പിച്ച ഗ്രാമീണരെ വെടിവെച്ചൊതുക്കുവാന്‍ ബോട്ടുകളില്‍ പട്ടാളമിറങ്ങി. എത്രപേര്‍ മരിച്ചെന്ന്‌ ആര്‍ക്കുമറിയില്ല. പായല്‍ നിറഞ്ഞ കുളങ്ങളില്‍ നിറയെ മാംസകഷ്‌ണങ്ങള്‍. നാറ്റം സഹിക്കാതായപ്പോള്‍ പട്ടാളക്കാര്‍ ശവങ്ങള്‍ വാരിയിട്ട്‌ പെട്രോളൊഴിച്ച്‌ തീയിട്ടു. അവിടെയാണ്‌ നിങ്ങള്‍ മണല്‍ക്കൂനകള്‍ കണ്ട്‌ത്- വര്‍മ്മ ഇതുപറയുമ്പോള്‍ നരച്ച കൊമ്പന്‍മീശയും കാതുകളില്‍ ചുവന്നകടുക്കനും കൊഴുത്ത ശരീരവുമുള്ള ഒരാള്‍ കയറി വന്നു. അയാളെ പരിചയപ്പെടുത്തിയ വര്‍മ്മ പറഞ്ഞു. നാരായണപിള്ള, നാറാപിള്ളയെന്ന്‌ വിളിക്കും വെടിവയ്‌പാണ്‌ സംസാരവിഷയമെന്നറിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. അതേപ്പറ്റിയറിയണമെങ്കില്‌ എന്നോട്‌ ചോദിക്ക്‌. പഴയ പോലീസുകാരനായ നാറാപിള്ള ഉത്സാഹത്തോടെ വിവരണം തുടങ്ങി. ഞാനുമുണ്ടായിരുന്നിവിടെ. സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ വന്നതാ. ആദ്യത്തെ വെടിപ്പൊട്ടുന്നതു ഞാന്‍ കണ്ടു. കൂട്ടം പിരിഞ്ഞുപോകണമെന്ന്‌ ക്യാപ്‌റ്റന്‍ ആജ്‌ഞാപിച്ചു. ആളുകളനുസരിച്ചില്ല. വെടിവയ്‌ക്കുമെന്ന മുന്നറിയിപ്പ്‌ നല്‍കി. ഉടനെ ഇരുപത്തിരണ്ട്‌ വയസ്സുള്ള ഒരുത്തന്‍ തോക്കിന്റെ മുന്‍പില്‍ മാറ്‌ കാണിച്ചുകൊണ്ടലറി. വെച്ചോ, അടുത്ത നിമിഷത്തില്‍ അവനെപ്പെറ്റ മണ്ണില്‍ അവന്‍ കമഴ്‌ന്നു വീണു. ഒരുപാടെണ്ണം മരിച്ചു. കുറുക്കനും കഴുകനും ഇവിടെയെല്ലാം ശവം കൊത്തിവലിച്ചു. അന്ന്‌ ഈ ശവശരീരങ്ങളൊന്നും എന്നില്‍ ഒരു വികാരവുമുണ്ടാക്കിയില്ല. അന്നു ഞാനൊരു പോലീസുകാരനായിരുന്നല്ലോ.
കാക്കിയുടുപ്പിടുമ്പോള്‍ എത്ര നല്ലവനും ചീത്തയാണ്‌ സാറെ. വെടികൊണ്ടുമരിച്ചവരെല്ലാം എന്റെ നോട്ടത്തില്‍ വിഡ്‌ഢികളായിരുന്നു അന്ന്‌. ഇന്നവരുടെ ധൈര്യം എന്നെ വിസ്‌മയിപ്പിക്കുകയാണ്‌. ആ രക്‌തച്ചൊരിച്ചിലിന്റെ ഓര്‍മ്മയെന്നെ സങ്കടപ്പെടുത്തുന്നു. പക്ഷേ, ആ കുമാരനെ ഓര്‍ക്കുമ്പോഴാണ്‌ ഞാന്‍ ഞെട്ടിപ്പോകുന്നത്‌ - നാറാപിള്ള ഒന്നു നിര്‍ത്തി. കഥാകൃത്തിനപ്പോള്‍ കുമാരനെ അറിയണം. നാറാപിള്ള വീണ്ടും ചുണ്ടുകളനക്കി തുടങ്ങി. കാലില്‍ വെടികൊണ്ട കുമാരന്‍ ഒരു കുളത്തില്‍ കിടന്ന അറുപതോളം ശവങ്ങളുടെ ഇടയില്‍ ഞെരുങ്ങി കിടന്നു. മരിച്ചവരെ പെട്രോളൊഴിച്ച്‌ കത്തിക്കാനും മറ്റുള്ളവരെ അറസ്‌റ്റ് ചെയ്‌ത് ആശുപത്രിയിലാക്കാനും ഉത്തരവുണ്ടായിരുന്നു. തോക്കിന്റെ ബയണറ്റ്‌കൊണ്ട്‌ കുത്തിയും പാത്തിക്കൊണ്ടിടിച്ചുമാണ്‌ മരിച്ചവരെ തിരിച്ചറിഞ്ഞത്‌. അല്ലെങ്കില്‍ ബൂട്ടുകൊണ്ട്‌ ചവിട്ടും. നിലവിളിയോ ഞെരക്കമോ ഉണ്ടായാല്‍ അവനെ വലിച്ചൊരിടത്തിടും. ചത്തവരെ കൂട്ടികൂമ്പാരമാക്കിയാണ്‌ കത്തിച്ചത്‌. കുമാരനെ എല്ലാ പരീക്ഷണങ്ങള്‍ക്കും വിധേയനാക്കിയെങ്കിലും ശവമായി അഭിനയിച്ചു. അപ്പോള്‍ അവനെ തൂക്കിയെടുത്ത്‌ ശവങ്ങളുടെ കൂട്ടത്തിലിട്ടു. രാത്രിയിലാണ്‌ കത്തിക്കുന്നത്‌. അതിന്‌ മുമ്പ്‌ കുമാരന്‍ നിരങ്ങി നിരങ്ങി അടുത്ത പറമ്പിലെത്തി. കായലില്‍ ചാടി ഒരു വിധം നീന്തി അക്കര പറ്റി. ജീവിക്കാനുള്ള കൊതി. വെടിയുണ്ട തറച്ച കാലിലെ വേദനയെ കീഴ്‌പ്പെടുത്തി. മാസങ്ങള്‍ കഴിഞ്ഞ്‌ പോലീസിന്‌ വിവരം കിട്ടി. അവന്‍ ജീവിച്ചിരിക്കുന്നുവെന്ന്‌. പിന്നെ കുമാരനെ പിടിക്കാനുള്ള തത്രപ്പാടിലായി പോലീസ്‌. നാറാപിള്ളയുടെ വിവരണം ശ്വാസമടക്കി കഥാകൃത്തും കമ്മത്തും വര്‍മ്മയും കേട്ടിരുന്നു.
വളരെ അന്വേഷിച്ചിട്ടും കുമാരനെ കിട്ടിയില്ല. കമ്മ്യൂണിസറ്റ്‌ ചാരനായ ഒരു ബാലനെ പോലീസിന്‌ കിട്ടി. ഒളിവിലുള്ളവരെ സഹായിക്കുന്ന ടെക്ക്‌ ആണവന്‍. ക്രൂരനും മര്‍ദ്ദകനുമായ ഇന്‍സ്‌പെക്‌ടര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിട്ടും അവന്‍ സത്യം പറഞ്ഞില്ല. കുമാരന്‍ എവിടെയുണ്ടെന്ന്‌ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ അറിയണം. ഇന്‍സ്‌പെക്‌ടറുടെ മര്‍ദ്ദനത്താല്‍ ബോധം നഷ്‌ടപ്പെടുമെന്നവസ്‌ഥയായി. അപ്പോള്‍ അവന്‍ പറഞ്ഞു. കുമാരനുള്ള സ്‌ഥലം കാണിച്ചു തരാം എന്നിട്ട്‌ അവന്‍ ഇന്‍സ്‌പെക്‌ടറോടും നാറാപിള്ളയോടും പറഞ്ഞു. ഞാന്‍ പറയില്ലായിരുന്നു. കുമാരന്‍ മരിച്ചു പോകുമോയെന്ന ഭയം കൊണ്ടാണ്‌ ഞാന്‍ പറയുന്നത്‌ അപ്പോള്‍ നാറാപിള്ള ചോദിച്ചു. അങ്ങനെ ഭയപ്പെടാന്‍ കാരണം അവന്‍ പറഞ്ഞു. അയാളുടെ കാലില്‍ വെടികൊണ്ടിട്ടുണ്ട്‌. അത്‌ ഇപ്പോഴും പൊറുത്തിട്ടില്ല. അയാള്‍ക്ക്‌ നടക്കാന്‍ വയ്യ. ഞാനാണ്‌ അയാള്‍ക്ക്‌ പതിവായി ആഹാരമെത്തിച്ചിരുന്നത്‌. അയാള്‍ ഒളിച്ചിരിക്കുന്ന സ്‌ഥലം എനിക്ക്‌ മാത്രമേ അറിയൂ. ഇക്കഴിഞ്ഞ ഏഴെട്ടു ദിവസങ്ങള്‍ അയാള്‍ എന്ത്‌ ചെയ്‌തു കാണും? സംഭ്രമത്തോടെ പറഞ്ഞ അവന്റെ മുഖത്ത്‌ ആശങ്ക പരന്നു. നാറാപിള്ളയും ഏതാനും പോലീസുകാരും ബാലനുമായി കുമാരന്റെ ഒളിയിടം ലക്ഷ്യമാക്കി പാഞ്ഞു.
തെങ്ങുകള്‍ക്കിടയില്‍ ഒരു കുടില്‍ തെളിഞ്ഞു വന്നു. കുടിലിനടുത്തെത്തിയപ്പോള്‍ ബാലന്‍ അതിനകത്തേക്കു ഓടിക്കയറി. ഒപ്പം പോലീസുകാരും. പഴയ ഒരു കയറ്റു കട്ടിലില്‍ ഒരാള്‍ കിടക്കുന്നു. ഉറുമ്പുകള്‍ കുമാരന്റെ മുഖമാകെ നിറഞ്ഞിരിക്കുന്നു. അതുകണ്ട ബാലന്‍ ഉറക്കെ വാവിട്ടു കരഞ്ഞു. വെടിയുണ്ടയ്‌ക്ക് കൊല്ലാനാവാത്ത കുമാരനെ വിശപ്പ്‌ കൊന്നിരിക്കുന്നു. നാറാപിള്ള കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ അയാളുടേയും കേട്ടവരുടേയും കണ്ണില്‍ വെള്ളം കെട്ടി.
ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വയലാര്‍ സമരത്തെക്കുറിച്ച്‌ ഒട്ടേറെ വിവരങ്ങള്‍ ഈ ചെറുകഥ നല്‍കുന്നുണ്ട്‌. ഇതിലെ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരുന്നവര്‍ തന്നെ മലയാറ്റൂര്‍ പുലര്‍ച്ചെ ബസിറങ്ങുന്ന പട്ടണം ചേര്‍ത്തലയാണ്‌. അന്ന്‌ ബസ്‌ സ്‌റ്റാന്‍ഡില്ല. പകരം പട്ടണത്തിലെ വടക്കേ അങ്ങാടിയിലായിരുന്നു ആലപ്പുഴ, കൊച്ചി ഭാഗങ്ങളിലേക്കുള്ള ബസുകള്‍ പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌. ഈ അങ്ങാടിയില്‍ നിന്നാണ്‌ വയലാറിലേക്കുള്ള തിരിവ്‌. മലയാറ്റൂര്‍ ചായ കുടിച്ച പീടിക ഇന്നുമുണ്ട്‌. വര്‍മ്മയെന്ന സ്‌നേഹിതനാകട്ടെ സാക്ഷാര്‍ വയലാര്‍ രാമവര്‍മ്മ തന്നെ. മലയാറ്റൂരിനൊപ്പമുണ്ടായിരുന്ന കമ്മത്ത്‌ ഒരു പക്ഷേ കൊച്ചീക്കാരനായിരുന്നിരിക്കാം, ആലുവയില്‍ സാഹിത്യവും വക്കീല്‍പണിയും കമ്മ്യൂണിസ്‌റ്റുമൊക്കെയായി മലയാറ്റൂര്‍ നടന്നിരുന്ന കാലത്തുണ്ടായിരുന്നതായിരിക്കും കമ്മത്തുമായുള്ള സൗഹൃദം. അയാളും കമ്മ്യൂണിസ്‌റ്റാകാം. അല്ലായിരുന്നെങ്കില്‍ വയലാറിലേക്ക്‌ വരില്ലല്ലോ. കടത്ത്‌ മാറി 1970-കളുടെ തുടക്കത്തില്‍ പാലം വന്നു. കടത്തുകാരന്‍ ഉറങ്ങിയ എണ്ണമില്ലിന്റെ അവശിഷ്‌ടം ഇന്നും അവിടെയുണ്ട്‌. കഥയിലെ നാരായണപിള്ള എന്ന നാറാപിള്ള ഒരു കാലത്ത്‌ മര്‍ദ്ദനത്തില്‍ സ്‌പെഷ്യലൈസ്‌ ചെയ്‌ത് ഇടിയന്‍ നാറാപിള്ള എന്ന പേരെടുത്ത പോലീസുകാരനാണ്‌. ഇടിയന്‍ നാറാപിള്ളയുടെ ഇടി പോലെ എന്ന പ്രയോഗം ആര്‍ക്കെങ്കിലും നന്നായി മര്‍ദ്ദനമേറ്റാല്‍ പഴയവര്‍ ഇന്നും പ്രയോഗിക്കാറുണ്ട്‌. ഇയാളുടെ ഇടിയേറ്റ്‌ നിരവധിപ്പേര്‍ ക്ഷയ രോഗികളായി, വിധി വൈപരീത്യമെന്ന്‌ പറയട്ടെ, ഇടിയന്‍ നാറാപിള്ളയും ഇതേ രോഗത്തിനടിമയായി മരിച്ചു.
ചരിത്രത്തോട്‌ ഏറെ ഒട്ടി നില്‍ക്കുന്ന മലയാറ്റൂരിന്റെ അധിമാര്‍ക്കും അറിയാത്ത ഈ കഥയിലെ ക്രൂരനായ ഇന്‍സ്‌പെക്‌ടര്‍ സത്യനേശന്‍ നാടാരെന്ന തെക്കന്‍ തിരുവിതാംകൂറുകാരനാണ്‌. പില്‍ക്കാലത്ത്‌ സത്യന്‍ എന്ന നടനായ നാടാര്‍ വയലാര്‍ വെടിവയ്‌പ് കാലത്ത്‌ ആലപ്പുഴയില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടറായിരുന്നു. ഈ സമയത്ത്‌ ചേര്‍ത്തല ഔട്ട്‌ പോസ്‌റ്റിന്റെ ചുമതലയും സത്യനായിരുന്നു. സത്യന്റെ ഇടികൊണ്ട കമ്മ്യൂണിസ്‌റ്റുകാര്‍ നിരവധിയാണ്‌. അപ്പോള്‍ കഥയിലെ കുമാരനും അയാള്‍ക്ക്‌ ഭക്ഷണം കൊടുത്ത ബാലനും ആരായിരുന്നു?. ആര്‍ക്കറിയാം, അല്ലെങ്കില്‍ ആര്‍ക്കാണ്‌ അവരെ അറിയേണ്ടത്‌. മലയാറ്റൂരിന്റെ ഈ കഥയില്‍ മാത്രം ഒതുങ്ങിയ കുമാരനേയും ബാലനേയും ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ തള്ളപ്പെട്ട അജ്‌ഞാതരെന്ന്‌ വിളിക്കാം.

സാജു ചേലങ്ങാട്‌

Ads by Google
Sunday 22 Oct 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW