Monday, December 17, 2018 Last Updated 29 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 22 Oct 2017 02.00 AM

ഷഡ്‌പദം-സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/10/157961/sun2.jpg

രാത്രി കൂടുതല്‍ ഇരുണ്ട്‌ വെളുത്തു. ഉന്മേഷരഹിതമായ പുതിയ പ്രഭാതത്തിലേക്ക്‌ രാമു അസഹ്യതയോടെ ഉണര്‍ന്നു. അയാള്‍ക്ക്‌ പ്രതീക്ഷിക്കാന്‍ പുതുതായി ഒന്നുമില്ലായിരുന്നു.
പണം ഉണ്ടാക്കുന്ന ഒരു യന്ത്രമായിരുന്നു കുമാരന്‍. കളളിന്റെയും കറികളുടെയും ചിരപരിചിതഗന്ധം നിറഞ്ഞ ഷാപ്പിന്റെ ചുവരുകള്‍ക്കുള്ളില്‍ പകലന്തിയോളം വരവ്‌ചിലവ്‌ കണക്കുകളുമായി അയാള്‍ മല്ലിട്ടു. വൈകുന്നേരങ്ങളില്‍ പണം വലിയ ബാഗില്‍ പൊതിഞ്ഞൂകെട്ടി വീട്ടില്‍ നിക്ഷേപിച്ചു. പിറ്റേന്ന്‌ അതിന്‌ ബാങ്കുകളിലേക്ക്‌ സ്‌ഥാനചലനം നല്‍കി. അയാളുടെ അക്കൗണ്ടുകളിലെ സംഖ്യകള്‍ക്ക്‌ വാലറ്റം വര്‍ദ്ധിച്ചു. പൂജ്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു.
എന്നിട്ടും ഒരു നല്ല ഭക്ഷണം കഴിക്കാനാവാതെ അയാള്‍ വിമ്മിഷ്‌ടപ്പെട്ടു. കൊളസ്‌ട്രോള്‍ 300 കടന്നപ്പോള്‍ വറുത്തതും പൊരിച്ചതും മാംസഭക്ഷണവും ചികിത്സകര്‍ വിലക്ക്‌ കല്‍പ്പിച്ചു. മധുരപലഹാരങ്ങള്‍ അയാള്‍ക്ക്‌ മധുരിക്കുന്ന ഓര്‍മ്മയായി. വേദനിപ്പിക്കുന്നതും. പ്രമേഹം ഇന്‍സുലിന്റെ പിടിയില്‍ ഒതുങ്ങാതെ വന്നപ്പോള്‍ അലമാരയിലെ കണ്ണാടി ടിന്നുകളിലിരുന്ന്‌ കൊതിപ്പിക്കുന്ന ലഡുവും ജിലേബിയും അയാള്‍ക്ക്‌ കൗതുകവസ്‌തുവായി. പേരക്കുട്ടികള്‍ ആര്‍ത്തിയോടെ നുണയുമ്പോള്‍ അയാള്‍ മുഖം തിരിച്ചിരുന്ന്‌ സ്വയം നിയന്ത്രിച്ചു. രാമു ഇതെല്ലാം കണ്ട്‌ ചിരിയൊതുക്കി. എന്നിട്ടും ഒരു ഒരു യന്ത്രപ്പാവ പോലെ അയാള്‍ ആര്‍ക്കുവേണ്ടിയെന്നില്ലാതെ പണിയെടുത്തു കൊണ്ടേയിരുന്നു.
അയാളുടെ ജീവിതം കാലചക്രത്തിനിടയില്‍ ഞെരിഞ്ഞും എരിഞ്ഞും ഇല്ലാതായിക്കൊണ്ടേയിരുന്നു.
എന്നിട്ടും അയാളാണ്‌ നാട്ടിലെ ഏറ്റവും വലിയ ശരിയെന്ന്‌ എല്ലാവരും വിശ്വസിച്ചു. വിജയിയായ മനുഷ്യന്‍ എന്ന്‌ വിധിയെഴുതി. അതിലെ വൈരുദ്ധ്യാത്മകത രാമുവിനെ ഒരേ സമയം വേദനിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്‌തു. യാന്ത്രികമായ ജീവിതചര്യകളില്‍ നിന്നും ഒരു വഴിമാറി നടത്തം എന്ന ആശയം ഒരു സ്വപ്‌നമായി അയാള്‍ കൊണ്ടു നടന്നു.
സൗമിനി അയാളുടെ സാന്നിദ്ധ്യം അറിയാത്ത മട്ടില്‍ സ്വന്തം ജീവിതം മുന്നോട്ട്‌ കൊണ്ടുപോയി. കുട്ടികള്‍ക്ക്‌ അവള്‍ നല്ല അമ്മയായി. അച്‌ഛനമ്മമാരോടും ലീലാമണിയോടും അവള്‍ നീതിപാലിച്ചു. ലീലാമണിക്ക്‌ സുഖമില്ലാതെ വന്നപ്പോള്‍ രാമുവിന്റെ അഭിപ്രായത്തിന്‌ കാത്തു നില്‍ക്കാതെ വത്സലയെയും കൂട്ടി അവള്‍ ആശുപത്രിയില്‍ എത്തിച്ചു. ഏറ്റവും നല്ല ചികിത്സ നല്‍കി. എന്തേ അമ്മയുടെ അസുഖവിവരം എന്നോട്‌ പറഞ്ഞില്ല എന്ന്‌ രാമു പരാതിപ്പെട്ടില്ല. അയാള്‍ക്ക്‌ അമ്മയോട്‌ സ്‌നേഹക്കുറവ്‌ ഉണ്ടായിരുന്നില്ല. ഉളളിന്റെയുളളില്‍ അയാള്‍ അമ്മയെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു. എന്നിട്ടും അമ്മയോടുളള കടമകള്‍ നിറവേറ്റാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. ആശുപത്രിക്കിടക്കയില്‍ ഒരു രാത്രി കൂട്ടിരിക്കാന്‍ പോലും അയാള്‍ വൈമുഖ്യം കാട്ടി.
സൗമിനി അതിനും പരാതി പറഞ്ഞില്ല. താന്‍ തെരഞ്ഞെടുത്ത ജീവിതം ഒരു വലിയ തെറ്റായിരുന്നുവെന്ന്‌ മറ്റുളളവര്‍ പഴിക്കാനിട വരരുതെന്ന്‌ അവള്‍ കര്‍ശനമായി നിഷ്‌കര്‍ഷിച്ചു. ആശുപത്രിയിലെ രോഗാതുരമായ അന്തരീക്ഷത്തില്‍ പ്രതിരോധശേഷി കുറഞ്ഞ രണ്ട്‌ കുഞ്ഞുങ്ങള്‍ക്കൊപ്പം അവള്‍ ലീലാമണിക്ക്‌ കൂട്ടിരുന്നു. എല്ലാം കണ്ടും കേട്ടും മൗനം പാലിച്ച ലീലാമണി ഒരു രാത്രി അവളുടെ മുര്‍ദ്ധാവില്‍ തലോടിക്കൊണ്ട്‌ കണ്ണീരോടെ പറഞ്ഞു.
നീയെന്റ വയറ്റില്‍ പിറന്നില്ലല്ലോ മോളെ....
സൗമിനി കണ്ണീരിനിടയിലുടെ പുഞ്ചിരിച്ചു.
അതിനെന്താ ഞാന്‍ അമ്മയക്ക്‌് മോളായി ഒപ്പമില്ലേ..
ജീവിതത്തിലെ ഏറ്റവും വലിയ സമാധാനം അതാണ്‌..
അനുഗ്രഹവര്‍ഷം പോലെ ആ വാക്കുകള്‍ അവള്‍ സ്വീകരിച്ചു. ലീലാമണി മകനെ കുറ്റപ്പെടുത്തിയില്ല.ആരെയും ശപിച്ചുമില്ല. അനിവാര്യമായ വിധി, ചില നഷ്‌ടങ്ങള്‍ നേട്ടങ്ങളാക്കി പരിവര്‍ത്തിപ്പിക്കുന്നുവെന്ന്‌ തിരിച്ചറിഞ്ഞു.
രാമു അമ്മയുടെ മനസ്‌ അറിയുന്നുണ്ടായിരുന്നില്ല. ആരെയും അയാള്‍ അറിയാന്‍ ശ്രമിച്ചില്ല. അഥവാ അയാള്‍ക്ക്‌ അതിന്‌ കഴിഞ്ഞില്ല. സ്വന്തം മനസിന്റെ പരിമിതവൃത്തങ്ങളിലെ കണക്ക്‌കൂട്ടലുകള്‍ക്കും വ്യഥകള്‍ക്കും അസന്തുഷ്‌ടിക്കുമിടയില്‍ അയാള്‍ ജീവിച്ചു. അതിന്റെ പരിധികള്‍ കടന്നപ്പോള്‍ അയാള്‍ സൗമിനിയോട്‌ തുറന്നു പറഞ്ഞു.
ഈ ജീവിതം എനിക്ക്‌ മടുത്തു. എനിക്ക്‌ എന്റേതായ സ്വാതന്ത്ര്യം വേണം. സന്തോഷങ്ങള്‍ വേണം..
രാമുണ്യേട്ടന്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? ഈ കുഞ്ഞുങ്ങള്‍ നമ്മുടെ സന്തോഷമല്ലേ?
ഈ സൗകര്യങ്ങള്‍...
അയാള്‍ വെറുപ്പോടെ മുഖം കോട്ടി.
ആയിരിക്കാം. അല്ലെന്ന്‌ പറയുന്നില്ല. പക്ഷെ ഇതിനപ്പുറത്തും ചിലതൊക്കെയില്ലേ..
എന്നു വച്ചാല്‍..? എനിക്കൊന്നും മനസിലാവുന്നില്ല..രാമുണ്യേട്ടന്‌ എന്താണ്‌ വേണ്ടതെന്ന്വച്ചാല്‍ തെളിച്ചു പറ
ഏറെസമയം ആലോചിച്ചിരുന്ന ശേഷം അയാള്‍ പറഞ്ഞു.
സത്യത്തില്‍ അതും എനിക്കറിയില്ല
സൗമിനി വല്ലാത്ത ഭാവത്തില്‍ അയാളെ ആകമാനം ഒന്നു നോക്കി. എന്നിട്ട്‌ പറഞ്ഞു.
എനിക്ക്‌ പേടി തോന്നുന്നു. രാമുണ്യേട്ടാ..നിങ്ങക്ക്‌ എന്തോ സംഭവിച്ചിട്ടുണ്ട്‌..നമുക്ക്‌ ഒരു സൈക്കോളജിസ്‌റ്റിനെ പോയി കണ്ടാലോ. നമ്മള്‍ രണ്ടുപേരും മാത്രം അറിഞ്ഞാല്‍ മതി..
രാമു പൊട്ടിച്ചിരിച്ചു. ഉറക്കെയുറക്കെ ചിരിച്ചു. നിര്‍ത്തില്ലാത്ത ചിരി. പഴയ മൂന്നാംകിട വാണിജ്യസിനിമകളിലെ വില്ലന്‍ കഥാപാത്രത്തെയാണ്‌ അവള്‍ക്ക്‌ ഓര്‍മ്മ വന്നത്‌. അവള്‍ക്ക്‌ എന്നും പേടി സ്വപ്‌നമായിരുന്നു വില്ലന്‍വേഷം ചെയ്യുന്ന അത്തരം അഭിനേതാക്കള്‍. ചിരി അടങ്ങി ശാന്തമായപ്പോള്‍ രാമു പറഞ്ഞു.
നീ വിചാരിക്കും പോലെ എനിക്ക്‌ വട്ടൊന്നുമില്ല. അമിതാസക്‌തികള്‍ കൊണ്ടു നടക്കുന്നവരാണ്‌ ഭ്രാന്തന്‍മാര്‍. ഞാന്‍ നിസംഗനാണ്‌. ആസക്‌തികളുടെ സ്വാധീനങ്ങളെ മറികടന്നവന്‍. സര്‍വസംഗപരിത്യാഗി. ഒന്നിലും മനസിനെ ബന്ധിച്ച്‌ നിര്‍ത്താതെ ജീവിക്കാന്‍ എനിക്ക്‌ കഴിയും..എനിക്ക്‌ വേണ്ടത്‌ സ്വാതന്ത്ര്യമാണ്‌..
സ്വാതന്ത്ര്യം എന്ന്‌ വച്ചാല്‍ രാമുവേട്ടന്‌ സ്വന്തമായി ബിസിനസ്‌ ചെയ്യണോ? അച്‌ഛന്റെ മേല്‍നോട്ടത്തിലല്ലാതെ...
അയാള്‍ വീണ്ടും പഴയചിരിയിലേക്ക്‌ മടങ്ങി വന്നു.
നീ വീണ്ടും അര്‍ത്ഥമില്ലാതെ സംസാരിക്കുന്നു...
പിന്നെ..?
സൗമിനി പുരികം ചുളിച്ചു.
ആകാശത്തിലെ പറവകളെ കണ്ടിട്ടില്ലേ? വെളളത്തിലെ ചെറുമീനുകളെ കണ്ടിട്ടില്ലേ..കാട്ടിലെ മൃഗങ്ങളെ കണ്ടിട്ടില്ലേ? അവയെ ആരെങ്കിലും നിയന്ത്രിക്കുന്നോ? അവര്‍ ജീവിക്കുന്നത്‌ നിയമങ്ങള്‍ അനുസരിച്ചാണോ? ജീവജാലങ്ങളില്‍ മനുഷ്യര്‍ക്ക്‌ മാത്രമായി എന്തിനാണ്‌ ഇതൊക്കെ...
അപ്പോള്‍ രാമുവേട്ടനും ഒരു മനുഷ്യനല്ലേ..?
അതിനും അയാള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
തന്റെ കണ്‍മുന്നില്‍ നില്‍ക്കുന്ന മനുഷ്യന്‍ തീര്‍ത്തും അന്യനും അപരിചിതനും അജ്‌ഞാതനുമാണെന്ന്‌ സൗമിനിക്ക്‌ തോന്നി.
അന്ന്‌ ഞായറാഴ്‌ചയായിരുന്നു. അലസതയുടെ സൗമ്യതാളത്തില്‍ കിടക്കയില്‍ രാമു ചുരുണ്ടുകൂടി കിടന്നു. ചായയുമായി വന്ന സൗമിനിയുടെ കയ്യില്‍ പതിവുപോലെ പത്രക്കടലാസുമുണ്ടായിരുന്നു. താത്‌പര്യരഹിതമായ ഭാവത്തില്‍ തികഞ്ഞ ഉദാസീനതയോടെ രാമു പത്രം കയ്യില്‍ വാങ്ങി ജനാലയ്‌ക്കടുത്തേക്ക്‌ വച്ചു. ചായ ടീപ്പോയിന്‍മേല്‍ വയ്‌ക്കാന്‍ കൈ കൊണ്ട്‌ നിര്‍ദ്ദേശം നല്‍കി. അയാള്‍ എസ്‌ പോലെ വളഞ്ഞ്‌ കിടക്കയിലേക്ക്‌ ചുരുണ്ടുകൂടി കിടന്നു.കൈകള്‍ തുടകള്‍ക്കിടയിലേക്ക്‌ തിരുകി കിടക്കുന്നത്‌ വാക്കുകള്‍ കൊണ്ട്‌ വിവരിക്കാന്‍ കഴിയാത്ത ഒരു സുഖമാണ്‌ രാമുവിന്‌. പലരും സമാനമായ അനുഭൂതി പങ്ക്‌ വച്ചത്‌ കിടന്നകിടപ്പില്‍ അയാള്‍ ഓര്‍മ്മിച്ചു. അപ്പോഴാണ്‌ മിനിക്കുട്ടി ചിണുങ്ങിക്കൊണ്ട്‌ കയറി വന്നത്‌.
സത്യത്തില്‍ അങ്ങനെയൊരു ദേശമുണ്ടോ അച്‌ഛാ?
അവള്‍ സംശയരൂപേണ ചോദിച്ചു.
അവളൂടെ സാമീപ്യത്തില്‍ എല്ലാ ക്ഷീണവും മറക്കുന്നതാണ്‌ അയാളുടെ ശീലം. വാത്സല്യത്തിന്‌ അലസതയെ മറികടക്കാനുളള പ്രത്യേകശക്‌തിവിശേഷമുണ്ടെന്ന്‌ അയാള്‍ക്ക്‌ തോന്നി.
രാമു തലയിണ ചാരി വച്ച്‌ അതിന്‍മേല്‍ ചാഞ്ഞിരുന്നു.
മിനിക്കുട്ടി അയാള്‍ക്കരികിലേക്ക്‌ വന്ന്‌ ചേര്‍ന്നിരുന്നു. രാമു വാത്സല്യാതിരേകത്തോടെ അവളുടെ മുടിയിഴകളില്‍ തലോടി.
പിന്നെ പതുക്കെ മുഖം കുനിച്ച്‌ കവിളില്‍ ചുംബിച്ചു.
ഛേ...ഈ അച്‌ഛന്‌ രാവിലെ പല്ല്‌ തേച്ച്‌ കൂടെ?
അവള്‍ എടുത്തിടിച്ചതു പോലെ ചോദിച്ചു. അയാളുടെ മുഖം ചുളിഞ്ഞു.
ജാള്യതയോടെ അയാള്‍ തലചൊറിഞ്ഞു.
ശരിക്കും ഈ തസ്രാക്ക്‌ എവിടെയാണ്‌ അച്‌ഛാ?
ആകാംക്ഷയുടെ അഗാധത നിഴലിക്കുന്ന കണ്ണുകള്‍ ഉയര്‍ത്തി അവള്‍ ആരാഞ്ഞു.
രാമു ഉറക്കെ ചിരിച്ചു.
കാലത്തെ ഈ പുരാണകഥയൊക്കെ ആരാ നിന്നെ പറഞ്ഞു കേള്‍പ്പിച്ചത്‌. മുത്തശ്ശിയാണോ?
പുരാണകഥയല്ലച്‌ഛാ...നമ്മുടെ നാട്ടിലെ തസ്രാക്ക്‌ ..മലയാളം പറയുന്ന മനുഷ്യര്‍ താമസിക്കുന്ന തസ്രാക്ക്‌
നീ സ്വപ്‌നം കണ്ടോ? കാലത്തെ തമാശപറയുന്നു..
തമാശയല്ലച്‌ഛാ...ദാ..എല്ലാം ഇതിലുണ്ട്‌...
ജനലഴിയില്‍ കൊരുത്തു വച്ചിരുന്ന പത്രം വലിച്ചെടുത്ത്‌ അയാളുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട്‌ അവള്‍ പറഞ്ഞു.
അത്‌ ഒരു ഞായറാഴ്‌ച പതിപ്പായിരുന്നു.
രാമു ആകാംക്ഷയോടെ അതിന്റെ താളുകള്‍ മറിച്ചു. അതിലെ ചിത്രങ്ങളാണ്‌ ആദ്യം കണ്ണിലുടക്കിയത്‌. ഉയരം കുറഞ്ഞ മനുഷ്യര്‍ മാത്രം വസിക്കുന്ന ഒരു നാട്‌. അതിന്റെ വാസ്‌തുശില്‍പ്പം ഒരു ദേവനഗരത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നതാണ്‌. ചുറ്റും വെളളത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപാണത്‌. അവിടെ ആരും വിദ്യാലയങ്ങളില്‍ പോകാറില്ല. കലാലയങ്ങള്‍ ഇല്ലെന്ന്‌ തന്നെ പറയാം. അതിന്റെ പേരാണ്‌ അയാളെ അതിശയിപ്പിച്ചത്‌.
മിനിക്കുട്ടി പറഞ്ഞതു പോലെ തസ്രാക്ക്‌ എന്ന്‌ തന്നെ. കാഴ്‌ചയിലും ഒരു സവിശേഷത അതിനുണ്ട്‌. ഇങ്ങനെയൊരു നാടിനെക്കുറിച്ച്‌ ഇതിന്‌ മുന്‍പൊരിക്കലും താന്‍ കേട്ടിട്ടില്ലല്ലോയെന്ന്‌ വിസ്‌മയത്തോടെ അയാള്‍ ഓര്‍ത്തു.
അതിന്റെ വൈചിത്ര്യപൂര്‍ണ്ണമായ സവിശേഷതകള്‍ വായിക്കുന്തോറും അയാളെ ഭ്രമിപ്പിച്ചു. കണ്ണുകള്‍ അക്ഷരങ്ങളെ അനുധാവനം ചെയ്‌തു. അക്ഷരങ്ങള്‍ മനസില്‍ വാങ്‌മയചിത്രങ്ങള്‍ വരച്ചു.
മുന്‍പ്‌ കേട്ട്‌കേള്‍വിയില്ലാത്ത വിധം മൗലികമായിരുന്നു അവിടത്തെ രീതികള്‍.
അപുര്‍വത നിറഞ്ഞ അവരുടെ ആചാരങ്ങള്‍ അയാളെ അമ്പരപ്പിച്ചു.
രസാവഹവും കൗതുകകരവും വിചിത്രവും വിസ്‌മയഭരിതവുമായിരുന്നു ആചാരങ്ങളില്‍ പലതും. പച്ചകലര്‍ന്ന തവിട്ടു നിറമായിരുന്നു ആണുങ്ങള്‍ക്ക്‌. ഗോതമ്പിന്റെ നിറം പെണ്ണുങ്ങള്‍ക്കും.
അവിടെ ക്ഷേത്രങ്ങളില്ല. മറ്റ്‌ ആരാധനാലയങ്ങളില്ല. പുര്‍വപിതാമഹന്‍മാരാണ്‌ അവര്‍ക്ക്‌ തത്‌കാലദൈവങ്ങള്‍. അവരുടെ എണ്ണച്‌ഛായാചിത്രം വരച്ച്‌ ചുവരില്‍ തൂക്കും. ജീവിച്ചിരിക്കുന്നവര്‍ സങ്കടങ്ങള്‍ ഉണര്‍ത്തിക്കുന്നതും സഹായം തേടുന്നതും അവരോടാണ്‌. എന്നാല്‍ മനുഷ്യാതീതമായ ഒരു ദൈവികസാന്നിദ്ധ്യം തങ്ങളുടെ ജീവിതത്തെയും ചലനങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന്‌ അവര്‍ വിശ്വസിക്കുന്നു. എന്നെങ്കിലും ഒരിക്കല്‍ ആ വിശുദ്ധരൂപം തങ്ങള്‍ക്ക്‌ പ്രത്യക്ഷീഭവിക്കുമെന്ന്‌ അവര്‍ ഉറച്ച്‌ വിശ്വസിക്കുന്നു. ദൈവം അവര്‍ക്ക്‌ അനന്തമായ ആകാംക്ഷയാണ്‌. അജ്‌ഞേയവും വിദൂരവുമായ സ്വപ്‌നമെങ്കിലും സമീപസ്‌ഥമായ സാന്നിദ്ധ്യമാണ്‌.
അതിന്റെ രൂപം അവര്‍ സങ്കല്‍പ്പിക്കുന്നില്ല. പക്ഷെ ഒരു രൂപം ഉണ്ടാവുമെന്ന്‌ അവര്‍ പ്രതീക്ഷിക്കുന്നു.
ഇന്ദ്രജാലത്തെക്കുറിച്ച്‌ അവര്‍ക്ക്‌ കേട്ടുകേള്‍വി പോലുമില്ല. അവര്‍ക്ക്‌ അവരുടേതായ തനത്‌കലാരൂപങ്ങള്‍, പാട്ടുകള്‍...അങ്ങനെ തങ്ങളുടെ പരിമിതികളുടെ ദൈന്യതയിലാണ്‌ അവരുടെ ആഹ്‌ളാദം നുരയ്‌ക്കുന്നത്‌.
ആ ദേശം നേരില്‍ കാണാനുളള അദമ്യമായ ആകാംക്ഷ രാമുവിനെ ഭരിച്ചു.തസ്രക്ക്‌ ഭാഷയ്‌ക്കൊപ്പം മലയാളം സംസാരിക്കുന്നവരും അവിടുണ്ട്‌. കേരളത്തിന്റെ അതിര്‍ത്തിയോട്‌ ചേര്‍ന്നു കിടക്കുന്നതു കൊണ്ടാവാം അങ്ങനെ സംഭവിച്ചത്‌. രാമുവിനെ അത്ഭുതപ്പെടുത്തിയത്‌ മറ്റൊന്നുമല്ല.ഇങ്ങനെയൊരു ദേശത്തെക്കുറിച്ച്‌ ചരിത്രകാരന്‍മാരോ സര്‍ക്കാരോ പോലും പരാമര്‍ശിച്ചു കേട്ടിട്ടില്ല. മാധ്യമങ്ങളുടെ കണ്ണെത്തിയിട്ടില്ല. അപുര്‍വവും വിചിത്രവുമായ ആചാരങ്ങളും ജീവിതരീതികളും നിലനില്‍ക്കുന്ന ദേശം. പുറംലോകവുമായി കാര്യമായ ബന്ധങ്ങളില്ലാത്ത ലോകം. അവര്‍ക്ക്‌ അവരുടേത്‌ മാത്രമായ നിയമങ്ങളും രീതികളും.
താന്‍ കാത്തിരുന്ന നൂതനമായ ലോകം ഇതാണെന്ന്‌ രാമുവിന്‌ തോന്നി. അവിടെ എത്തിപ്പെടാനുളള അദമ്യമായ ആഗ്രഹം അയാളെ മഥിച്ചു. പക്ഷെ വഴി അറിയില്ല. വഴി അറിയുന്നവര്‍ പോലുമില്ല. പക്ഷെ ആവശ്യമാണ്‌ സുഷ്‌ടിയുടെ മാതാവ്‌. ഒരിടത്ത്‌ എത്തിപ്പെടണമെന്ന തീവ്രമായ അഭിവാഞ്ചയ്‌ക്ക് മുന്നില്‍ മറ്റൊന്നും ഒരു തടസമല്ല. അവിടെ എത്തിപ്പെടുക തന്നെ ചെയ്യും. താത്വികമായി അങ്ങിനെയൊക്കെ സമാശ്വസിച്ചാലും യഥാര്‍ത്ഥത്തില്‍ അവിടേക്കുളള മാര്‍ഗം അജ്‌ഞാതമായി തന്നെ തുടര്‍ന്നു. ഉത്സാഹാതിരേകത്തോടെ അയാള്‍ ഓര്‍ത്തു. ആ പത്രവാര്‍ത്ത എഴുതിയ ലേഖകന്‌ എന്തായാലും വഴി അറിയാതിരിക്കില്ല. എത്തിയേ തീരൂ എന്ന്‌ അതിതീവ്രമായി അഭിലഷിക്കുന്ന ഒരു ലക്ഷ്യത്തിലേക്ക്‌ അയാള്‍ മനസുകൊണ്ട്‌ നടന്നടുത്തു. സ്വപ്‌നങ്ങളില്‍ തസ്രാക്ക്‌ അയാളെ കൂട്ടിക്കൊണ്ടു പോയി. പത്രവാര്‍ത്തയില്‍ കാണാത്ത പലതും അവിടെ കണ്ടു. ആ സമാന്തരലോകം ഒരു മോഹമായി അയാളുടെ മനസില്‍ വളര്‍ന്നു. എല്ലാം ഉപേക്ഷിച്ച്‌ ആ മണ്ണില്‍ ചെന്നെത്താനുളള ആഗ്രഹം അയാളുടെ ഓരോ അണുവിനെയും ആഴത്തില്‍ സ്‌പര്‍ശിച്ചു.

Ads by Google
Sunday 22 Oct 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW