Monday, November 19, 2018 Last Updated 22 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 20 Oct 2017 02.13 PM

തമിഴകത്തിന്റെ ബ്രൂസ് ലി

uploads/news/2017/10/157481/Weeklydhanush1.jpg

സിനിമയില്‍ വന്ന കാലം മുതല്‍ ഈ നിമിഷം വരെ താരജാഡകളേതുമില്ലാതെ ജീവിക്കുന്ന നടന്മാര്‍ വളരെ ചുരുക്കം മാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു വ്യക്തിയുണ്ട്.

അച്ഛന്‍ കസ്തൂരി രാജ സംവിധാനം ചെയ്ത സിനിമയിലൂടെ അഭിനയരംത്തെത്തിയ ധനുഷിന് അന്ന് 15വയസ്സേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും തന്നെ ഏല്പിച്ച കഥാപാത്രം വളരെ തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിച്ചു.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തമിഴ് മക്കളുടെ പ്രിയപ്പെട്ടവനായി മാറി. ഇതിനിടയില്‍ ഐശ്വര്യ രജനീകാന്തിനെ വിവാഹം കഴിച്ച് സൂപ്പര്‍സ്റ്റാറിന്റെ മരുമകനുമായി. നടന്‍ എന്നതിലുപരി, നിര്‍മ്മാതാവ്, രചയിതാവ്, പിന്നണി ഗായകന്‍ എന്നീ മേഖലകളിലെല്ലാം ഇദ്ദേഹത്തിന്റെ കരസ്പര്‍ശം വീണുകഴിഞ്ഞു.

എളിമയാണ് മുഖമുദ്ര


തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന പ്രയോഗം ധനുഷിന്റെ കാര്യത്തില്‍ ശരിയാണ്. ഈ ചിന്ന സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്ന സിനികളൊക്കെ തന്നെ വന്‍വിജയമാണ് കൊയ്യുന്നത്.

ലൊക്കേഷനുകളില്‍ ചെന്നാല്‍ ഷോട്ടെടുക്കുന്ന സമയങ്ങളില്‍ മാത്രം വരികയും അല്ലാത്തപ്പോള്‍കാരവനുകളില്‍ സമയം ചിലവഴിക്കുകയും ചെയ്യുന്ന പലതാരങ്ങളും ഈ ചിന്ന സൂപ്പര്‍സ്റ്റാറിനെ കണ്ട് പഠിക്കണം.

ഷൂട്ടിംഗിന് വന്ന് കഴിഞ്ഞാല്‍ അണിയറപ്രവര്‍ത്തകരോടെല്ലാം പക്ഷാഭേദം നോക്കാതെ ഇടപഴകുന്ന വ്യക്തിയാണ് ഇദ്ദേഹം. എളിമയുടെ കാര്യത്തില്‍ ഭാര്യാപിതാവായ സ്‌റ്റൈല്‍ മന്നന്റെ പാത ധനുഷും പിന്തുടരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

ചെറിയ കുടുംബം സന്തുഷ്ട കുടുംബം


സ്‌നേഹനിധിയായ ഭാര്യയും ഓമനകളായ യാത്ര, ലിംഗ എന്നീ കുട്ടികളുമടങ്ങുന്ന ചെറിയൊരു കുടുംബമാണ് ധനുഷിന്‍േറത്. അഭിനയിക്കുന്ന സിനിമകളെന്തായാലും അതിന്റെ കഥ ഭാര്യ ഐശ്വര്യയോട് കൂടി പങ്കുവച്ച ശേഷമേ അദ്ദേഹം അഭിനയിക്കൂ.

തന്റെ സിനിമകളുടെ നല്ലൊരു വിമര്‍ശക കൂടിയാണ് ഭാര്യയെന്നും അദ്ദേഹം പല ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടുണ്ട്. മാത്രമല്ല നടനുള്ളിലെ ഗായകനെ ആദ്യമായി കണ്ടെത്തിപ്രോത്സാഹിപ്പിച്ചതും ഭാര്യ ഐശ്വര്യയാണെന്നുള്ളത് അധികമാര്‍ക്കും അറിയില്ല. സിനിമകളില്ലാതിരിക്കുന്ന അവസരങ്ങളില്‍ കുടുംബത്തിനൊപ്പം വിദേശയാത്ര നടത്തുന്നതാണ് ഈ ചിന്നസൂപ്പര്‍ സ്റ്റാറിന്റെ പ്രധാന ജോലി.

uploads/news/2017/10/157481/Weeklydhanush.jpg

പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക്


പഠിക്കുന്ന സമയത്ത് കൂട്ടുകാരോടൊപ്പം പാര്‍ട്ട് ടൈം ജോലിയ്ക്ക് പോകുന്ന സ്വഭാവക്കാരനായിരുന്നു ധനുഷ്. അതില്‍ നിന്നും കിട്ടുന്ന തുകയുടെ ഭൂരിഭാഗവും അമ്മയ്ക്കാണ് കൊടുത്തിരുന്നത്.

സിനിമയില്‍ വന്ന ശേഷം നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നല്ലാതെ പ്രതിഫലത്തിന്റെ കാര്യത്തില്‍ യാതൊരുവിധത്തിലുള്ള പിടിവാശികളും ധനുഷിനില്ല, മാത്രമല്ല അത്യാഗ്രഹമില്ലാതിരുന്നിട്ടും ഈ നടന്റെ പ്രതിഫലം 15 കോടിയാണ്. പ്രതിഫലം പറ്റാതെയും ആദ്യകാലത്ത് സിനിമകള്‍ ചെയ്തിരുന്നു.

തമിഴാണ് തായ്‌മൊഴി, എങ്കിലും


മാതൃഭാഷ തമിഴാണെങ്കിലും മലയാളത്തിനോട് വല്ലാത്തൊരു സ്‌നേഹം ഈ സൂപ്പര്‍സ്റ്റാറിനുണ്ട്. അതുകൊണ്ട് തന്നെയാണ് 'കമ്മത്ത് ആന്റ് കമ്മത്ത്' എന്ന സിനിമയില്‍ അതിഥി വേഷം ചെയ്യാന്‍ അദ്ദേഹമെത്തിയത്. നല്ലൊരു വേഷം കിട്ടിയാല്‍ തീര്‍ച്ചയായും മലയാളത്തില്‍ അഭിനയിക്കുമെന്ന് താരം പല വേദികളിലും പറഞ്ഞിട്ടുണ്ട്.

നടനവിസ്മയം മോഹന്‍ലാലാണ് ധനുഷിന്റെ ഇഷ്ടതാരം. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ ഗസ്റ്റ് അപ്പിയറന്‍സാണെങ്കില്‍പ്പോലും സ്വീകരിക്കുമെന്ന് ഒരു ഇന്‍റര്‍വ്യൂവില്‍ വെളിപ്പെടുത്തുകയുണ്ടായി. കൂടാതെ മലയാളത്തില്‍ സ്വന്തമായി സിനിമകളും നിര്‍മ്മിച്ചു തുടങ്ങി ധനുഷ്.

സൂപ്പര്‍ ഡാന്‍സര്‍ ആന്റ് ഫൈറ്റര്‍


ഡാന്‍സറിയാത്ത ആള്‍ വളരെ വേഗത്തിലും ഭംഗിയായും ആ ജോലി ചെയ്യുന്നത് കാണുമ്പോള്‍ ധനുഷിനേക്കാള്‍ കൂടുതല്‍ സന്തോഷം ഡാന്‍സ് മാസ്റ്റര്‍ക്കാണ്. കാരണം അവര്‍ പറഞ്ഞുകൊടുക്കുന്നതിനേക്കാള്‍ ഭംഗിയായിട്ടാണ് താരം പാട്ടിനനുസരിച്ച് ചുവടുകള്‍ വയ്ക്കുന്നത്.

തികഞ്ഞ മെയ്‌വഴക്കത്തോടെയും വേഗതയോടെയും ഡാന്‍സ് ചെയ്യുന്നു ഈ ചിന്ന സൂപ്പര്‍സ്റ്റാര്‍. ഡാന്‍സ് മാത്രമല്ല, സംഘട്ടനരംഗങ്ങളില്‍ സ്റ്റണ്ട് മാസ്റ്റര്‍മാരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വച്ചതിലൂടെ ബ്രൂസ്‌ലി ധനുഷ് എന്ന പേരും ആരാധകര്‍ നല്‍കി.

ഗോസിപ്പുകള്‍ നിലനില്‍ക്കട്ടെ


ഒരു നായകനും നായികയും ഒന്നിച്ചഭിനയിച്ചാല്‍ അവരെ കുറിച്ച് ഗോസിപ്പുകളുണ്ടാകുന്നത് സര്‍വ്വസാധാരണമാണ്. അമലാ പോളിനൊപ്പം അഭിനയിച്ചതിനെ തുടര്‍ന്ന് ഇരുവരും പ്രണയത്തിലായെന്നും അമലയെ വിവാഹം കഴിക്കാനായി ഭാര്യ ഐശ്വര്യയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ നിരന്തരമായി സോഷ്യല്‍ മീഡിയകളിലും ചില ലോക്കല്‍ ന്യൂസ് പേപ്പറുകളിലും അച്ചടിച്ച് വന്നെങ്കിലും ഇത്തരം ഗോസിപ്പുകളെ ചിരിച്ച് തള്ളുക മാത്രമാണ് താരം ചെയ്തത്.

ഏതൊക്കെ തരത്തില്‍ വാര്‍ത്തകള്‍ വന്നാലും തന്നെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ താനുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ തന്റെ സിനിമാജീവിതത്തെ തെറ്റായി ബാധിക്കില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഗോസിപ്പുകള്‍ നല്ലതാണെന്നും ഇനിയും പാപ്പരാസികള്‍ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കണമെന്നുമാണ് ധനുഷിന്റെ അഭിപ്രായം.

ദേവിന റെജി

Ads by Google
Ads by Google
Loading...
TRENDING NOW