Wednesday, July 10, 2019 Last Updated 9 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 20 Oct 2017 01.57 PM

ഗ്രാന്റ് മാസ്റ്ററിനു ശേഷം പ്രിയാമണി അഭിനയിക്കുന്ന മലയാള ചിത്രം ''ആഷിഖ് വന്ന ദിവസം''

uploads/news/2017/10/157477/CiniINWAshiqvannadivasam.jpg

ജീവിതയാത്രയില്‍ പലപ്പോഴും കരുത്തുപകരുന്നത് നിറമുള്ള സ്വപ്നങ്ങളാണ്. സ്വപ്നങ്ങള്‍ക്ക് ചിറകു മുളയ്ക്കുമ്പോഴാണ് ശുഭകരമായ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുന്നത്.സിനിമയില്‍ ജീവിതത്തിലെ ശുഭപ്രതീക്ഷകള്‍ക്ക് വെളിച്ചം പകരുന്ന ഇതിവൃത്തങ്ങള്‍ക്ക് ചലച്ചിത്രഭാഷ്യം നല്‍കാറുണ്ട്.

എങ്കിലും പ്രതീക്ഷകളോടൊപ്പം ആകുലതകളും ജീവിതപ്രാരാബ്ധങ്ങളും വിഷയമാകുമ്പോള്‍ സാധാരണ പ്രേക്ഷകരും ഇത്തരം വിഷയങ്ങളെ തങ്ങളുടെ ജീവിതവുമായി കൂട്ടിവായിക്കുന്നത് സ്വാഭാവികമാണ്.

വിദേശത്ത് ജോലിക്കു പോയ ആഷിഖെന്ന ചെറുപ്പക്കാരന്റെ വരവിനായി കാത്തിരിക്കുന്ന ഒരു ഗ്രാമത്തിന്റെ പ്രതീക്ഷാനിര്‍ഭരമായ ചിന്തകളും ചോദ്യങ്ങളുമൊക്കെ കൂട്ടിക്കലര്‍ത്തിയുള്ള ഇതിവൃത്തമാണ് ആഷിഖ് വന്ന ദിവസം എന്ന ചിത്രം അനാവരണം ചെയ്യുന്നത്.

എറണാകുളത്തെ വരാപ്പുഴയിലെ ആഷിഖ് വന്ന ദിവസത്തിന്റെ സെറ്റിലേക്ക് ചെല്ലുമ്പോള്‍ സംവിധായകന്‍ കൃഷ്ണ കൈമള്‍ പ്രിയാമണിയുടെ വ്യത്യസ്ത ഭാവങ്ങള്‍ ക്യാമറയിലേക്ക് പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഗ്രാന്റ് മാസ്റ്ററിനു ശേഷം പ്രിയാമണി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

പരസ്യചിത്രങ്ങളുടെ ഛായാഗ്രഹകനായിരുന്ന കൃഷ് കൈമള്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓലപീപ്പി. 87 വയസുള്ള കാഞ്ചനയെന്ന നാടകനടിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ഓലപീപ്പിക്ക് രണ്ടു സംസ്ഥാന അവാര്‍ഡുകളും ബയോസ്‌കോപ്പ് ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡും ലഭിച്ചിരുന്നു.

uploads/news/2017/10/157477/CiniINWAshiqvannadivasam1.jpg

വരാപ്പുഴ ടൗണില്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിനടുത്തുള്ള ഒരു വീട്ടിലാണ് ആഷിഖ് വന്ന ദിവസത്തിന്റെ ചിത്രീകരണം നടന്നത്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ സംവിധായകന്‍ കൃഷ് കൈമളാണ് ചിത്രത്തിന്റെ കഥാംശത്തെക്കുറിച്ച് സിനിമാമംഗളത്തോടു പറഞ്ഞത്.

റിട്ടയേര്‍ഡ് ചെയ്ത് വിശ്രമജീവിതം നയിക്കുന്ന മാഷിനെ നാട്ടുകാര്‍ക്കെല്ലാം ഇഷ്ടമാണ്. ഒട്ടേറെ ശിഷ്യഗണങ്ങള്‍ മാഷിനുണ്ട്. മാഷിന്റെ മകന്‍ ആഷിഖ് ബഹറിനിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മാഷിന്റെ ശിഷ്യകൂടിയായ ഷൈനിയെന്ന പെണ്‍കുട്ടിയുമായി ആഷിഖ് പ്രണയത്തിലായിരുന്നു. മുസ്ലീം സമുദായക്കാരനായ ആഷിഖ് ക്രിസ്ത്യാനിയായ ഷൈനിയെ കല്യാണം കഴിച്ചപ്പോള്‍ നാട്ടില്‍ അതൊരു വാര്‍ത്തയായിരുന്നു.

എന്നാല്‍ ആഷിഖിന്റെയും ഷൈനിയുടെയും കുടുംബജീവിതം സന്തോഷകരമായിരുന്നു. നാട്ടുകാര്‍ക്കെല്ലാം ആഷിഖിന്റെയും ഷൈനിയുടെയും സ്‌നേഹത്തെക്കുറിച്ചും രണ്ടു മക്കളെക്കുറിച്ചും നല്ലതു മാത്രമേ പറയാനുള്ളൂ. അമ്മായച്ചനാണെങ്കിലും ഭര്‍ത്താവിന്റെ അച്ഛനെ ഷൈനിയും മാഷെന്നാണ് വിളിച്ചിരുന്നത്.

ആഷിഖിന്റെയും ഷൈനിയുടെയും സ്വപ്നമെന്നത് നല്ലൊരു വീട് നിര്‍മിക്കുകയെന്നതായിരുന്നു. ബഹറിനില്‍ ആഷിഖ് ജോലി ചെയ്യുന്നതിനിടയില്‍ തന്നെ നാട്ടില്‍ വീടുപണിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ബഹറിനില്‍നിന്നും കമ്പനി അഫ്ഗാനിസ്ഥാനിലേക്ക് ആഷിഖിനെ കൊണ്ടുപോകുന്നു. നല്ല ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനിലേക്ക് ജോലിക്കായി ആഷിഖ് പോകുന്നത്.

അഫ്ഗാനിസ്ഥാനില്‍ ആഷിഖിന് നേരിടേണ്ടി വരുന്ന ആഘാതം സന്തോഷകരമായി മുന്നോട്ടു പോയ കുടുംബജീവിതത്തെ ഇടിത്തീ പോലെ പ്രതികൂലമായി ബാധിക്കുന്നു.പിന്നെ നാട്ടുകാരുടെ ചോദ്യം മുഴുവന്‍ ആഷിഖ് എപ്പോള്‍ തിരിച്ചെത്തുമെന്നായിരുന്നു. ആഷിഖിനെക്കുറിച്ചുള്ള നിരന്തരമായ ചോദ്യങ്ങള്‍ ഉയരുന്നതിനിടയിലാണ് ആഷിഖ് വന്ന ദിവസത്തിന്റെ കഥ മറ്റൊരു വഴിത്തിരിവിലൂടെ കടന്നുപോകുന്നത്.

uploads/news/2017/10/157477/CiniINWAshiqvannadivasam2.jpg

നേരത്തെ നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ നാസര്‍ ലത്തീഫാണ് മാഷായി അഭിനയിക്കുന്നത്.എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം നടന്ന ആഷിഖ് വന്ന ദിവസത്തില്‍ പ്രിയാമണി, കാഞ്ചനാമ്മ, നാസര്‍ ലത്തീഫ്, കലാഭവന്‍ ഹനീഫ്, അന്‍സാര്‍, കലാശാല ബാബു, മാസ്റ്റര്‍ ദ്രുപത്, ബേബി പിയ, അംബികാ മോഹന്‍, സ്റ്റാജന്‍, ജബ്ബാര്‍ ചെമ്മാട്, രവി ഏലംകുളം എന്നിവരാണ് വിവിധ കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.

ഓലപീപ്പി 1970-കളിലെ ഭൂസമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മുത്തശിയുടെയും പേരക്കുട്ടിയുടെയും കഥയാണ് പറഞ്ഞതെങ്കില്‍ ആഷിഖ് വന്ന ദിവസത്തില്‍ അല്പം സീരിയസായ വിഷയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ചിത്രം പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകന്‍ കൃഷ് കൈമള്‍ സിനിമാമംഗളത്തോട് പറഞ്ഞു.

ടൈറ്റില്‍ കാര്‍ഡ്:
നിര്‍മ്മാണം- നാസര്‍ ലത്തീഫ്, കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, സംവിധാനം- കൃഷ് കൈമള്‍, എഡിറ്റര്‍- ബാബു രത്‌നം, ബി.ജി.എം. മാത്യു പുളിക്കന്‍, ഗാനരചന- ഡോ. സജി, സംഗീതം- രാജേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കിച്ചു ഹൃദയ്, മാനേജര്‍ ഷെമിന്‍ മുഹമ്മദ്, ജോബി, അസോസിയേറ്റ് ഡയറക്ടര്‍- വിമല്‍ പ്രകാശ്, ജംനാസ്, മുഹമ്മദ്, സഹസംവിധാനം- സോബിന്‍ ജോര്‍ജ് പൊന്നച്ചന്‍, വസ്ത്രം- സനി എസ്. മന്ദാര, രഞ്ജിത്ത് ചന്ദ്രന്‍, ചമയം- സഞ്ജയ് സിംഹ, അനില്‍ നേമം, കല- മനോജ് നാദി, അസോസിയേറ്റ് ക്യാമറ- മധസൂദനന്‍, വിവേക് സാഗര്‍, സ്റ്റില്‍സ്- ജോര്‍ജ് കോലന്‍, പി.ആര്‍.ഒ. എ.എസ്. ദിനേശ്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: സുരേഷ് കുനിശ്ശേരി

Ads by Google
Friday 20 Oct 2017 01.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW