Tuesday, June 11, 2019 Last Updated 30 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 19 Oct 2017 02.51 PM

ഇത് എന്റെ പുന:ര്‍ജന്മം

തീവണ്ടിയുടെ ചൂളം വിളികേള്‍ക്കുമ്പോള്‍ കോട്ടയം ആര്‍പ്പുക്കര സ്വദേശിയായ അനീഷിന്റെ മനസ്സ് അതിനേക്കാള്‍ വേഗത്തില്‍ മുന്നേറും. ഒരു നിമിഷം കൊണ്ട് തന്റെ ജീവിതം മാറ്റിമറിച്ച വിധിക്ക് തോറ്റ് കൊടുക്കാതെ ശരവേഗത്തില്‍ ആ മനസ്സ് കുതിക്കുകയാണ്.
uploads/news/2017/10/157232/Weeklyaneesh191017.jpg

അനീഷിന്റെ അനുഭവം കേള്‍ക്കുന്നവര്‍ക്ക് സഹതാപം തോന്നാം. പക്ഷേ അയാള്‍ക്കു പറയാനുളളത് വിധിയെ തോല്‍പ്പിച്ച് മുന്നേറിയ കഥകളാണ്...,

അച്ഛനും അമ്മയും ചേട്ടനുമടങ്ങുന്ന ചെറിയൊരു കുടുംബമായിരുന്നു എന്റേതെങ്കിലും കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അച്ഛന് ജോലിക്കുപോകാന്‍ പ്രയാസമായിരുന്നു.

അമ്മ അടുത്തുളള മില്ലില്‍ ജോലിക്കുപോയി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അവധി ദിവസങ്ങളില്‍അമ്മയ്‌ക്കൊപ്പം ഞാനും ജോലിക്കു പോയി തുടങ്ങി..., മേളത്തിനോട് പ്രത്യേക താല്‍പര്യം തോന്നി നാലുമാസം കൊണ്ട് ചെണ്ടമേളം പഠിച്ച് അരങ്ങേറി.

അമ്പലങ്ങളിലും പളളികളിലും പ്രോഗ്രാമുകള്‍ക്ക് പോയി കിട്ടിയ പണം സ്വരൂപിച്ച് പാലാ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ ഇന്‍സ്ട്രമെന്റേഷന്‍ പഠിച്ചു. അവിടെ നിന്ന് നാലാം റാങ്കോടെ പാസായി. പഠനം പൂര്‍ത്തിയായ ശേഷം ഐ.എസ്.ആര്‍.ഒയില്‍ നിന്ന് ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചു.

ജീവിതം മാറിമറിഞ്ഞത്..,


2009 ഒക്‌ടോബര്‍ 17 രാത്രി ഒന്‍പത് മണി, ജോലിയുടെ ആവശ്യത്തിനായി തിരുവന്തപുരത്ത് പോയി തിരിച്ച് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങി. വീട്ടിലേക്കുളള അവസാന ബസ്സ് പിടിക്കാനായി പാളം മുറിച്ചു കടക്കുന്നതിനിടെ കാലില്‍ ചുറ്റിയ ബാന്‍ഡേജ് പാളത്തിലുടക്കി ഞാന്‍ ട്രാക്കിലേക്ക് വീണു.

എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈവഴുതി വീണ്ടും തലയിടിച്ച് ട്രാക്കിലേക്ക്.., ബോധം നഷ്ടപ്പെട്ടതും ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങിയതും നിമിഷങ്ങള്‍ കൊണ്ട്. ബോധം നഷ്ടപ്പെടുന്നതിനു മുന്‍പ് മിന്നായം പോലെ ഞാനാ കാഴ്ച കണ്ടു.

ഇടതുകൈയും, ഇടതുകാലും എന്റെ ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നു. വലതു കൈപ്പത്തിയിലൂടെയും ട്രെയിന്‍ കയറി ഇറങ്ങി. പിന്നീട് ഒന്നും ഓര്‍മ്മയില്ലായിരുന്നു..., കണ്ണില്‍ മുഴുവന്‍ ഇരുട്ടായിരുന്നു.

ബോധം വീണപ്പോള്‍ ആശുപത്രിക്കിടക്കയില്‍, അനങ്ങാതെ ഇരിക്കാന്‍ ശരീരം മുഴുവന്‍ കെട്ടിവച്ചിരിക്കുകയായിരുന്നു. തല ഉയര്‍ത്തി കാലിലേക്ക് നോക്കാന്‍ പോലും സാധിക്കാത്തവസ്ഥ. എങ്കിലും വളരെ പ്രതീക്ഷയോടെ കരഞ്ഞുകലങ്ങിയ കണ്ണുമായി അരികിലിരുന്ന അമ്മയോട് ചോദിച്ചു,

''എന്റെ കൈയും കാലും തുന്നിച്ചേര്‍ത്തോ?''
ഒരു കുറ്റവാളിയെപ്പോലെ അമ്മ തലകുനിച്ച് നിന്നു. അതില്‍ എനിക്കുളള മറുപടിയുണ്ടായിരുന്നു.

ഇരുപത്തിയൊന്നാം വയസ്സില്‍ നഷ്ടപ്പെട്ടത് ജീവിതം തന്നെയാണ്. പരസഹായം ഇല്ലാതെ ഒന്നു ചലിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. കൈയും കാലും നഷ്ടപ്പെടുത്തിയിട്ട് ജീവന്‍ മാത്രം അവശേഷിപ്പിച്ച ദൈവത്തെ അന്നു ഞാന്‍ പഴിച്ചു.

മുന്നോട്ടുളള ജീവിതം ഓര്‍ത്തപ്പോള്‍ മരിക്കാന്‍ പലവട്ടം ആലോചിച്ചു. ആത്മഹത്യ ചെയ്യണമെങ്കില്‍ പോലും പരസഹായം വേണം. അത്രയ്ക്ക് ദാരുണമായിരുന്നു.

പഠിച്ച കോഴ്‌സ് കൊണ്ട് ഇനി പ്രയോജനമില്ല. ഇന്റര്‍വ്യൂനും പങ്കെടുക്കാന്‍ സാധിക്കില്ല. ''എനിക്കിനി ജീവിക്കണ്ട...., രാഷ്ട്രപതിയോട് ദയാഹര്‍ജി വാങ്ങി എന്നെ അങ്ങ് കൊന്ന് കളയാമോ''
എന്നു ഞാന്‍ അമ്മയോട് ചോദിച്ചു.

''എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും എന്റെ മരണം വരെ എനിക്ക് നിന്നെ കണ്ണുനിറയെ കണ്ടുകൊണ്ടിരിക്കണം'' എന്ന അമ്മയുടെ വാക്കുകള്‍ എന്നെ കൂടുതല്‍ വിഷമിപ്പിച്ചു. ഇന്നും ആ വാക്കുകള്‍ എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്.

എങ്കിലും ശരീരം കീഴിമുറിക്കുന്ന വേദനയില്‍ ഞാന്‍ മരണത്തെപ്പറ്റി വീണ്ടും ആവര്‍ത്തിച്ചു. ''കുറച്ചുനാള്‍ മോന്‍ ശ്രമിച്ച് നോക്ക് സാധിച്ചില്ലെങ്കില്‍ നമുക്ക് ഒന്നിച്ച് ആത്മഹത്യ ചെയ്യാം.''
എന്ന് അമ്മ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു നഴ്‌സ് എന്റെ അരികില്‍ വന്നു പറഞ്ഞു,

''എന്തൊക്കെ സംഭവിച്ചാലും ഇനി നീ മരണത്തെപ്പറ്റി ചിന്തിക്കരുത്. അത് നിന്നെ സ്‌നേഹിക്കുന്ന എല്ലാവരെയും വേദനപ്പിക്കും. നിന്റെ അവസ്ഥ കണ്ട് അച്ഛനും അമ്മയും സഹോദരനുമെല്ലാം മാറിയിരുന്ന് കരയുകയാണ്.''

അതുവരെ ഞാന്‍ എന്നെപ്പറ്റി മാത്രമേ ചിന്തിച്ചിരുന്നുളളൂ. കൂടെയുളള അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെയോ സങ്കടം ഞാനറിഞ്ഞിരുന്നില്ല എനിക്കുവേണ്ടിയല്ലെങ്കില്‍ പോലും
വീട്ടുകാര്‍ക്കുവേണ്ടിയെങ്കിലും ജീവിക്കണമെന്ന ആഗ്രഹം ഉളളില്‍ തോന്നി.

uploads/news/2017/10/157232/Weeklyaneesh191017a.jpg

പിന്നീടുളള ജീവിതം...,

ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഡോക്ടര്‍ അമ്മയോട് പറഞ്ഞു, നടക്കാന്‍ സാധ്യത കുറവാണ്. ബോഡി താങ്ങാനുളള ബാലന്‍സ് കാലിനില്ല. ശ്രമിച്ച് നോക്കാം എന്ന് മാത്രമാണ് ഡോക്ടര്‍ പറഞ്ഞത്. പക്ഷേ ആ വിവരം എന്നെ ആരും അറിയിച്ചില്ല. എല്ലാവരുടെയും സഹായം കൊണ്ട് മൂന്നാം മാസം കൃത്രിമകാലില്‍ നടന്നു തുടങ്ങി.

പിന്നീടുളള ഓരോ നിമിഷവും ജീവിക്കണമെന്ന ആഗ്രഹം കൂടിക്കൂടി വന്നു. എന്ത് കാര്യമാണെങ്കിലും നമുക്കത് സാധിക്കുമെന്ന് മനസ്സില്‍ ഉറച്ച തീരുമാനം എടുത്താല്‍ നടക്കാത്തതായി ഒന്നുമില്ല. ഒരു നിമിഷംകൊണ്ട് വിലപ്പെട്ടതെല്ലാം തട്ടിയെടുത്ത വിധിയെ തോല്‍പ്പിച്ച് മുന്നേറുകയെന്നത് ഒരു വാശിയായിരുന്നു.

കാലില്‍ നിന്ന് ചോരപൊടിഞ്ഞിട്ടും ഞാനത് കാര്യമാക്കിയില്ല. ഉളളിലെ വാശി അതെന്നെ നടക്കാന്‍ പ്രേരിപ്പിച്ചു. ആദ്യം മുറ്റത്തും പരിസര പ്രദേശങ്ങളിലും നടന്നു തുടങ്ങി. അധികം വൈകാതെ കിലോമീറ്ററുകള്‍ താണ്ടി...., പുറം ലോകം ആദ്യമായി കാണുന്ന ഒരാളുടെ സന്തോഷമായിരുന്നു അന്ന് എന്റെയുളളില്‍...,

ഒരു നിമിഷം പോലും വെറുതെ ഇരിക്കുന്ന ശീലമില്ലാത്തതുകൊണ്ട് ആറുമാസം ആയപ്പോഴേക്കും ജീവിതം മടുത്തു തുടങ്ങി. എങ്ങനെയും ജോലികണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം. അതിനായി പല കമ്പനികളില്‍ കയറിയിറങ്ങിയെങ്കിലും കൈയും കാലും നഷ്ടപ്പെട്ട എനിക്ക് ജോലി ലഭിച്ചില്ല.

കുലത്തൊഴില്‍ ചെയ്യാനായി ചുറ്റികയെടുത്ത് ആണി തറയ്ക്കാന്‍ പോലും എന്നെക്കൊണ്ട് സാധിക്കില്ല. പിന്നെന്തിന് ജീവിക്കണം? ഇനിയെങ്കിലും എന്നെ മരിക്കാന്‍ അനുവദിച്ചുകൂടെ? എന്ന് അമ്മയോട് ചോദിച്ചു.

''കൈയും കാലുമല്ലേ നഷ്ടപ്പെട്ടത്. നാവിനു കുഴപ്പമൊന്നുമില്ലല്ലോ? ആ നാവുകൊണ്ട് മറ്റുളളവര്‍ക്ക് നല്ലത് പറഞ്ഞുകൊടുത്ത് ജീവിക്കുക.''
എന്നതായിരുന്നു അമ്മയുടെ മറുപടി.

ആ സമയത്താണ് ഇപ്കായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പേഴ്‌സണ്‍ സെന്റര്‍ഡ് അപ്രേച്ചസ് ഇന്‍ ഇന്‍ഡ്യഎന്ന സംഘടനയുടെ സ്ഥാപകന്‍ പ്രൊഫ. മാത്യു കണമലയെ പരിചയപ്പെടുന്നത്. അദ്ദേഹത്തിലൂടെ ഞാന്‍ ഇപ്കായുടെ കോഡിനേറ്ററായി. തുടര്‍ന്ന് കൗണ്‍സിലിംഗ് കോഴ്‌സും, നിരവധി തെറാപ്പികളും പഠിച്ചശേഷമാണ് ക്ലാസുകള്‍ എടുക്കാന്‍ ആരംഭിച്ചത്.

ഞാന്‍ മനസ്സിലാക്കിയിടത്തോളം വളരാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വളര്‍ത്തുക എന്നതാണ്. മറ്റുളളവരുടെ ജീവിതത്തിലെ നന്മകള്‍ കണ്ടെത്തി അവരെ വളര്‍ത്തുന്നതിനോടൊപ്പം നമ്മള്‍ സ്വയം വളരുമെന്നും മനസ്സിലാക്കുക. ഇതിനോടകം 1200 ലധികം വേദികളില്‍ രണ്ടുലക്ഷത്തിലധികം പേര്‍ക്ക് ക്ലാസ് എടുത്തിട്ടുണ്ട്.

എന്റെ ക്ലാസ് കേട്ടിട്ട് പലരും ആത്മഹത്യയില്‍ നിന്ന് പിന്‍തിരിഞ്ഞിട്ടുണ്ടെന്ന് നേരിട്ടും ഫോണിലൂടെയും എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ കേള്‍ക്കുന്നത് തന്നെ വീണ്ടും വീണ്ടും മുന്നേറാനുളള പ്രചോദനമാണ.്

ഇപ്തായുടെ ഭാഗമായി 'മാതാപിതാക്കളെ എത്ര മാത്രം സ്‌നേഹിക്കുന്നു' എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളത്ത് ഒരു കോളേജില്‍ ക്ലാസെടുത്ത് തീര്‍ന്നപ്പോള്‍ രണ്ട് കമിതാക്കള്‍ എന്നെക്കാണാന്‍ വന്നു.

'ഞങ്ങള്‍ തമ്മില്‍ സ്‌നേഹത്തിലാണ്. വീട്ടിലറിഞ്ഞാല്‍ സമ്മതിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഒളിച്ചോടാന്‍ തീരുമാനിച്ചതാണ്. ക്ലാസ് കേട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചെയ്യാന്‍ പോകുന്നതിലെ തെറ്റ് മനസ്സിലായി.

അതുകൊണ്ട് വീട്ടുകാരുടെ സമ്മതം കിട്ടുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്.' എന്ന് അവര്‍ പറഞ്ഞു. എന്റെ വാക്കുകള്‍ കേട്ട് ഒരു കോളേജിലെ രണ്ടു കുട്ടികളെങ്കിലും നന്നാവാന്‍ തീരുമാനിച്ചെന്നറിഞ്ഞപ്പോള്‍ ഉളളിലെ സന്തോഷം വര്‍ദ്ധിച്ചു.

ഇതിനോടകം നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. തുടര്‍ച്ചയായുളള കഠിന പ്രയ്‌നം കൊണ്ട് ഒരിക്കല്‍ നഷ്ടപ്പെട്ട സര്‍ക്കാര്‍ ജോലി വീണ്ടും ലഭിച്ചു. എല്‍.ഡി ക്ലര്‍ക്കായി സ്വന്തം പഞ്ചായത്തില്‍ സേവനം ചെയ്യാന്‍ സാധിക്കുന്നത് എന്റെ ഭാഗ്യമായി കാണുന്നു.

uploads/news/2017/10/157232/Weeklyaneesh191017b.jpg

ഭിന്നശേഷിയുളളവര്‍ക്ക് പ്രത്യേക പാര്‍ക്കിങ് സംവിധാനം

കോട്ടയത്തെ പ്രമുഖ സ്ഥാപനത്തിനു മുന്‍പില്‍ കാലിനു സ്വാധീനം ഇല്ലാത്ത ഒരു യുവാവിന് മുചക്രവാഹനമായ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യമില്ലാത്തതുകൊണ്ട് അന്‍പത് മീറ്റര്‍ ദൂരെ വണ്ടി പാര്‍ക്ക് ചെയ്തശേഷം കോണ്‍ക്രീറ്റ് വഴിയിലൂടെ ഇഴഞ്ഞ് വരുന്ന കാഴ്ച ശ്രദ്ധയില്‍ പെട്ടു.

ഇപ്കായുടെ ഭാഗമായി അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍സാറിന് പരാതി നല്‍കി. വൈകാതെ തന്നെ ഭിന്നശേഷിയുളളവര്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവ് പുറത്തിറക്കി.

അഞ്ജു രവി

Ads by Google
Thursday 19 Oct 2017 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW