Wednesday, July 17, 2019 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Thursday 19 Oct 2017 02.02 PM

രക്ഷയില്ല, രക്ഷകനാണ്

വലിയകെട്ടുകാഴ്ചകളുമായി വന്ന് വിജയ് ഇതൊക്കെ കുറച്ച് അതിശയോക്തികളുമായിട്ടാണെങ്കിലും പറഞ്ഞാല്‍ ആളുകള്‍ കേട്ടിരിക്കും. എത്ര ആവര്‍ത്തന, ഫോര്‍മുല മസാല വിജയക്കൂട്ടുകള്‍ക്കിടയിലും മെര്‍സലിന് ആ ഗുണം അവകാശപ്പെടാനാവുന്നുണ്ട്. അതിന്റെ മെറിറ്റും മെര്‍സലിനുണ്ട്.
uploads/news/2017/10/157227/mersalreview191017.jpg

വിജയ് ഒറ്റയ്ക്കു തമിഴ്‌നാടിനെ മൊത്തം രക്ഷിക്കും. ഡബിളാണെങ്കില്‍ ഇന്ത്യയെയും. ട്രിപ്പിളാണെങ്കില്‍... സംശയമുണ്ടോ, ഭൂമിയെ മൊത്തം രക്ഷിക്കും. ഇളയദളപതിയില്‍നിന്നു ദളപതിയായി പ്രൊമോഷന്‍ കിട്ടിയ വിജയ് 'മെര്‍സലി'ലൂടെയും തന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന്, അതും ട്രിപ്പിള്‍ മടങ്ങു വീര്യത്തോടെ എന്ന് എല്ലാവരെയും സസന്തോഷം അറിയിച്ചുകൊണ്ട് 'സെക്കന്‍ഡ് ഷോ' തുടങ്ങട്ടെ.

ഡിയര്‍ വിജയ് അണ്ണന്‍ ഫാന്‍സ്,


ഫാന്‍സിന് പറ്റിയ പടമാണ്. കളറോടു കളറാണ്. ആറ്റ്‌ലിയുടെ ആറ്റിക്കുറുക്കിയ, പവര്‍ പാക്ക്ഡ് ആക്ഷന്‍ പാക്കേജാണ് സിനിമ. എ.ആര്‍. റഹ്മാന്റെ പാട്ട്, വിജയ്‌യുടെ ട്രിപ്പിള്‍ വേഷത്തിലുള്ള ട്രിപ്പിള്‍ ആക്ഷന്‍ പ്രകടനം, മൂന്നുനായികമാര്‍, ഏഴൈതോഴര്‍ക്കായി അണ്ണന്റെ ആശുപത്രിനിര്‍മാണം, മാജിക്, സര്‍വോപരി രാഷ്ട്രീയസൂചനകള്‍ എന്നുവേണ്ട ഒരു പക്കാ എന്റര്‍ടെയ്‌നറിനുവേണ്ട എല്ലാ വിഭവങ്ങളും നിറച്ചുവച്ചിട്ടുണ്ട് ആറ്റ്‌ലി, മൂന്നുമണിക്കൂറിന് അടുത്തുണ്ട്, അതുകൊണ്ട് വിഭവങ്ങള്‍ അല്‍പം കൂടിയില്ലെങ്കിലേ അത്ഭുതമുള്ളു.

വിജയ്, വടിവേലു, എസ്.ജെ. സൂര്യ, സാമന്ത, കാജല്‍ അഗര്‍വാള്‍, എല്ലാവരും കൂടി ആഘോഷിച്ച് അര്‍മാദിച്ച് കൊലപാതകം നടത്തി ഫാന്‍സിനെ 'മെര്‍സലായിട്ടേന്‍'(അമ്പരന്നേന്‍) എന്ന 'ഐ'യിലെ റഹ്മാന്‍ പാട്ടുപാടി തിയറ്ററില്‍നിന്നിറക്കി വിടും. വിജയ് പറയുന്നതുപോലെ അവര്‍ തന്നെയാണ് തലപെരുക്കുന്ന ഈ സിനിമകളുടെ ശക്തിയും. അവര്‍ സന്തോഷിച്ചാട്ടെ, സന്തോഷിച്ചാട്ടെ. നഷ്ടമാക്കണ്ട, കഴിഞ്ഞസിനിമകളെ അപേക്ഷിച്ചാണെങ്കില്‍ ഉത്സവമാണ്. ഇനി ഒരുപക്ഷേ ഒരുവിജയ് പടം ഇത്തരത്തില്‍ ഇറങ്ങീന്നുവരില്ല, അതുകൊണ്ടു സന്തോഷീച്ചാട്ടെ, സന്തോഷീച്ചാട്ടെ.

ഫാന്‍സ് അല്ലാത്ത ഡിയര്‍ വായനക്കാരേ,


സൂപ്പര്‍ സ്റ്റാര്‍ വിജയ്‌യുടെ ടിപ്പിക്കല്‍ മസാല, പ്രതികാര, രക്ഷിക്കല്‍, പ്രണയ, സാമൂഹികസേവന കഥയാണ് മെര്‍സല്‍. എ.ആര്‍. മുരുഗദോസിന്റെ കത്തി, ആറ്റ്‌ലിയുടെ തന്നെ തെരി, ഏറ്റവും ഒടുവില്‍ ഇറങ്ങിയ ഭൈരവ എന്ന സിനിമകളുടെ ഒരു ബിഗ്ബജറ്റ് കോക്‌ടെയ്‌ലാണ് മെര്‍സല്‍. 'റേസി' എന്നോ, ത്രില്ലിങ് എന്നോ വിശേഷിപ്പിക്കാവുന്ന എന്റര്‍ടെയ്‌നിങ് ആയ ഒന്നാംപകുതിയും ക്ലീഷേ നിറഞ്ഞതും മുഷിപ്പിക്കുന്നതും എന്നാല്‍ തരക്കേടില്ലാത്ത ക്ലൈമാക്‌സ് ഉള്ളതുമായ രണ്ടാം പകുതിയുമാണ് സിനിമ. വലിയ കാന്‍വാസില്‍ വാണിജ്യസിനിമയൊരുക്കുന്നതിനുള്ള ആറ്റ്‌ലി എന്ന സംവിധായകന്റെ ബ്രില്യന്‍സാണു സിനിമയുടെ ഹൈലൈറ്റ്.

ആയിരം തവണ പറഞ്ഞ കഥയെ സാങ്കേതികപരമായി കണ്ണഞ്ചിപ്പിക്കുന്ന, നിറപ്പകിട്ടുകൊണ്ടു സംഭ്രമിക്കുന്ന സമ്പന്നമായ ദൃശ്യങ്ങള്‍ കൊണ്ടുപൊലിപ്പിച്ച എന്നാല്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിലെ സാമൂഹിക പ്രസക്തികൊണ്ട് അവഗണിക്കാനാവാത്തതുമായ വിജയ് ഷോയാണ് മെര്‍സല്‍. സമീപകാലത്തിറങ്ങിയ വിജയ്‌യുടെ ഏറ്റവും എന്‍ഗേജിങ് ആയ സിനിമ. തിയറ്ററില്‍ ചെന്നിരുന്ന് ഒരുത്സവക്കാഴ്ച കണ്ടു മടങ്ങാനുദ്ദേശിച്ചവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. മെര്‍സല്‍ ആ പാക്കേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. (അസഹനീയമായ ദൈര്‍ഘ്യം ഒഴിച്ചാല്‍).

ബാഹുബലി, മഗധീര തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ പിതാവും ദേശീയ പുരസ്‌കാരം നേടിയ തെലുങ്കുസംവിധായകനുമായ കെ.വി. വിജയേന്ദ്രപ്രസാദാണു ആറ്റ്‌ലിക്കൊപ്പം സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

പ്രതികാരകഥയായിരുന്നുവെങ്കിലും തമിഴ്‌നാട്ടിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ അഴിമതിയായിരുന്നു വിജയ്‌യുടെ ഏറ്റവും ഒടുവിലത്തെ സിനിമയായ 'ഭൈരവ'യിലെ പ്രമേയം. ഇക്കുറിയും പ്രതികാരമാണ്. വിഷയം മെഡിക്കല്‍ വിദ്യാഭ്യാസമല്ല, അടിമുടി കച്ചവടം നിറഞ്ഞ മെഡിക്കല്‍ രംഗമാണ്. സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരേയുള്ള വിജയ്‌യുടെ ഒറ്റയാള്‍ പേരാട്ടമാണ്. 'കത്തി'യില്‍ വെള്ളമൂറ്റുന്ന കോര്‍പറേറ്റ് കമ്പനികളോടുള്ള യുദ്ധമായിരുന്നു. രജനീകാന്ത് കഴിഞ്ഞാല്‍ സാമൂഹികവിഷയങ്ങളില്‍ തമിഴ്‌നാടിനെ ഒറ്റയ്ക്കു രക്ഷിക്കാന്‍ ശേഷിയുളള വിജയ് ഇക്കുറി സ്വകാര്യ ആശുപത്രികള്‍ക്കെതിരേ വാളെടുക്കുന്നത് രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങളിലേക്ക് കൂടുതല്‍ പുരികമുനകളുയര്‍ത്തിക്കൊണ്ടാണ്.

uploads/news/2017/10/157227/mersalreview191017a.jpg

മരുന്നുകളുടേയും മെഡിക്കല്‍ ഉപകരങ്ങളുടേയും ഉയര്‍ന്ന ജി.എസ്.ടിയേയും ഗോരഖ്പൂരിലെയടക്കമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ദയനീയ അവസ്ഥയെയും കുറിച്ച് അവസാനത്തെ നെടുങ്കന്‍ പ്രസംഗത്തില്‍ വിജയ് വച്ചുകാച്ചുന്നുണ്ട്. മിക്‌സിയും ടീവിയും സൗജന്യമായി കൊടുക്കുന്ന തമിഴ്‌രാഷ്ട്രീയത്തില്‍ മരുന്ന് ഫ്രീ കൊടുക്കാന്‍ ആരും എന്താണു തയാറാവാത്തതെന്നും ഡോക്ടര്‍ വിജയ് ചോദിക്കുന്നുണ്ട്. ആലെപ്പോറെ എന്ന പാട്ടുതന്നെ തമിഴന്റെ സംസ്‌കാരത്തെക്കുറിച്ചും ജെല്ലിക്കെട്ടിനെക്കുറിച്ചുമാണ്. രജനീകാന്തിന്റെ പടയപ്പയിലെ സിഹനട പോട്ടെ എന്ന പാട്ടിനുപകരമാണ് റഹ്മാന്‍ വിജയ്ക്ക് ഇക്കുറി ഒരുക്കിയിരിക്കുന്നത്.

തമിഴിനെയും തമിഴ് സംസ്‌കാരത്തെയും കുറിച്ച് യൂറോപ്യന്‍മാരെ ഒന്നുബോധവല്‍ക്കരിച്ചുകൊണ്ടാണ് വിജയ്‌യുടെ തുടക്കം തന്നെ. 'അഞ്ചുപൈസ ഡോക്ടര്‍' എന്നുവിശേഷിപ്പിക്കുന്ന സാമൂഹികപ്രതിബദ്ധതയുള്ള ഡോ.മാരന്‍ ആണ് യൂറോപ്പിലെത്തുന്ന ഈ വിജയ്. എന്നാല്‍ അയാള്‍ അതിനിടയില്‍ അസാധാരണക്കാരനായ മാജിക്കുകാരനാകുന്നുണ്ട്.

ഇതിനിടയില്‍ ഒരു തുടര്‍ക്കൊലപാതകപരമ്പരയില്‍ അയാള്‍ അറസ്റ്റിലാകുന്നു. നമുക്കുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ക്കിടെ ഡോ. മാരന്‍ അയാളുടെ കഥ പിടികൂടുന്ന പോലീസ് ഓഫീസറോട്(സത്യരാജ്) വെളിപ്പെടുത്തുന്നു. ഇതാണ് ആദ്യപകുതി. കാലക്രമത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെങ്കിലും ത്രില്ലിങ് ആണ് സിനിമ ഈ ഘട്ടത്തില്‍.

ഇന്റര്‍വെല്‍ അടക്കമുളള ട്വിസ്റ്റ് ടൈമിങ് കൂടിയാകുമ്പോള്‍ പഞ്ച് ഉറപ്പ്. മാജിക്കും ഇരട്ടവേഷവും കണ്ട് ക്രിസ്റ്റര്‍ഫര്‍ നോളാന്റെ പ്രസ്റ്റീജ് ആണോ ആമീര്‍ ഖാന്റെ ധൂം 3 ആണോ വരാനിരിക്കുന്നത് എന്ന് വര്‍ണ്യത്തില്‍ ആശങ്കപ്പെട്ടിരിക്കുമ്പോള്‍ വിജയ് അണ്ണന്‍ ഇടവേള കഴിഞ്ഞുവന്ന് പഴയ സുറ,വില്ല്, ജില്ല ലൈനിലെ ഫ്‌ളാഷ്ബാക്ക് പ്രതികാരത്തിലേക്കു പോകും.

പ്രസവത്തില്‍വേര്‍പിരിയുന്ന ഇരട്ടകളുടെ ക്ലൈമാക്‌സിലെ ചേട്ടാ-അനിയാ വിളിയായി അതു പല്ലിളിക്കും. പഞ്ചാബിലേക്കും പിന്നെ മധുരൈയിലേക്കും വിജയ് മൂന്നാമന്‍(രണ്ടാമനല്ലേ, അതൊരു സസ്‌പെന്‍സാണ്. അവിടെക്കിടക്കട്ടെ) രക്ഷാപ്രവര്‍ത്തനം ഫ്‌ളാഷ്ബാക്കില്‍ വ്യാപിപ്പിക്കുമ്പോള്‍ മുഷിഞ്ഞുവശം കെടും. നീളം കൂടിപ്പോയതുകൊണ്ടാവും ഫ്‌ളാഷ്ബാക്ക് തീര്‍ന്നയുടന്‍ തിരക്കിട്ടൊരു തീര്‍ക്കലാണ്.

ആക്ഷന്‍ രംഗങ്ങളില്‍ വിജയ് സിനിമകളെ അപേക്ഷിച്ച് ദൈര്‍ഘ്യം ഇല്ലാത്തത് ശ്രദ്ധേയം. സാധാരണ അടിയോടടിയാണ്. അതു സൃഷ്ടിക്കുന്ന ഹൈ ഡെസിബല്‍ ഡോള്‍ബി അറ്റ്‌മോസ് ബഹളത്തില്‍ സാധാരണ വിജയ് സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ചെവിയിലൂടെ പുക വരുന്നതാണ്. ഇക്കുറി ബഹളം ഇല്ലെന്നല്ല, പക്ഷേ അതിനൊരു റഹ്മാന്‍ സ്പര്‍ശമുണ്ട്. എ.ആര്‍. റഹ്മാന്റെ ഗാനങ്ങളാണ് സിനിമയിലെ ഏറ്റവും മൂല്യമേറിയ ഘടകം. ആലെപ്പോറെ എന്ന കുത്തുപാട്ടും നീതാനേ എന്ന മധുരപ്രണയഗാനവും റഹ്മാന്റെ ക്ലാസും താളവും ആവോളം പകരുന്നുണ്ട്. സിനിമയുടെ എനര്‍ജറ്റിക് മൂഡിന് എ.ആര്‍.ആറിന്റെ 25-ാം വര്‍ഷ മെര്‍സല്‍ പരിധിയിലധികം പിന്തുണ നല്‍കുന്നുണ്ട്.

uploads/news/2017/10/157227/mersalreview191017b.jpg

വിജയ് മൂന്നുവേഷത്തിലാണ് എത്തുന്നത്. എം.എന്‍. നമ്പ്യാരുടെ കവിളിലെ ആ കാക്കപുള്ളി പോലെ വെട്രിമാരന്‍ എന്ന ഫ്‌ളാഷ് ബാക്ക് ദളപതിയുടെ താടി മാത്രമാണ് ഒരു വെറൈറ്റി. ചേട്ടനും അനിയനുമായ വെട്രിയും മാരനും ഐഡന്റിക്കല്‍ ട്വിന്‍സിനെപ്പോലെ ആ കാക്കപുള്ളിയില്‍പോലും മാറ്റമില്ലാത്ത മെഡിക്കല്‍ അത്ഭുതങ്ങളാണ്. വെട്രിയുടേയും മാരന്റേയും വെട്രിമാരന്റേയും ബാക്കിയുള്ള പ്രകടനങ്ങള്‍ ചിരിയാണോ, കരച്ചിലാണോ, പ്രണയമാണോ, ശോകമാണോ എന്നൊന്നും പിടികിട്ടിയില്ല.

കാജലിനും സാമന്തയ്ക്കും നിത്യാ മേനോനും ഓരോ പാട്ടുവീതിച്ചുകൊടുത്തിട്ടുണ്ട്. അഭിനയിക്കാന്‍ അറിയാവുന്നതുകൊണ്ടാവണം നിത്യയ്ക്ക് അല്‍പം സ്‌ക്രീന്‍ പ്രസന്‍സ് കൂടുതലുണ്ട്. മൂന്നു വിജയ് ഉള്ളിടത്ത് ഇതൊക്കെ തന്നെ കൂടുതലാണ്. എസ്.ജെ. സൂര്യയും മലയാളി നടനായ ഹരീഷ് പേരടിയുമാണ് പ്രധാനവില്ലന്മാര്‍. എസ്.ജെ. സൂര്യയുടെ ബില്‍ഡ് അപ്പ് തുടക്കത്തില്‍ കസറിയെങ്കിലും അദ്ദേഹം അവതരിപ്പിക്കുന്ന എക്‌സെന്‍ട്രിക് വില്ലന്മാരുടെ/കഥാപാത്രങ്ങളുടെ ആവര്‍ത്തനമാണിത്. അല്ലാത്തപക്ഷം മെച്ചപ്പെട്ട പ്രകടനം.

സര്‍വം മാജിക്കാണ് സിനിമയില്‍. വിജയ്‌യുടെ വെട്രി എന്ന മാന്ത്രികന്‍ ലോകത്തുജീവിച്ചിരുന്ന രണ്ടേരണ്ടു ഗ്രാന്‍ഡ് വിസാര്‍ഡില്‍ ഒരാളണത്രേ. അതുകൊണ്ട് അടിവരെ മാജിക്കാണ്. ഒരുകുത്തു ചീട്ടുകൊണ്ട് ഒരുസംഘത്തെ ഒക്കെ എറിഞ്ഞിടും. അതിനിപ്പം വിജയ് അണ്ണനു മാജിക്കൊന്നും വേണമെന്നില്ല, കത്തിയില്‍ വെറും ചില്ലറ പൈസകൊണ്ട് പത്തുനൂറുപേരെ അടിച്ചുതാഴെയിട്ട അണ്ണന് ഇതൊക്കെ എന്ത്, ഈ ആറ്റ്‌ലിയുടെ ഒരു കാര്യം! ഏതായാലും ഈ മാജിക്കുകൊണ്ട് അടിപിടി കാണാന്‍ ഒരുരസമുണ്ട്, മുമ്പ് പറഞ്ഞതുപോലെ അധികം ദൈര്‍ഘ്യവുമില്ല. പക്ഷേ പെട്ടെന്നു സ്വിച്ചിട്ടപോലെ നിന്നുപോകും. ന്യുജന്‍ എഡിറ്റിങ്ങായിരിക്കും.

നമ്മളീ പഴയസിലബസില്‍ പഠിച്ചതുകൊണ്ട് ഇതൊന്നും അത്രപെട്ടെന്നു മനസിലാകണമെന്നില്ലല്ലോ.? തെരിയുടെ എഡിറ്ററായ റൂബന്‍ ആണ് ഇക്കുറിയും ആറ്റ്‌ലിക്കൊപ്പമുള്ളത്. ജി.കെ. വിഷ്ണുവാണു സിനിമയുടെ ഛായാഗ്രഹണം. ദൃശ്യധാരാളിത്തം എന്നുവിശേഷിപ്പിക്കാം. അതുതന്നെയാണ് സിനിമയുടെ പ്ലസ്‌പോയിന്റും.

uploads/news/2017/10/157227/mersalreview191017c.jpg

ചിലകാര്യങ്ങള്‍ ഉറക്കെപ്പറഞ്ഞാലേ ആള്‍ക്കാരു കേള്‍ക്കു. മെഡിക്കല്‍രംഗത്തെ കൊള്ളകളെപ്പറ്റി അപ്പോത്തിക്കിരി മോഡലില്‍ ഏകാംഗനാടകം കളിച്ചാല്‍ ഇതൊക്കെ അറിയേണ്ട പാവപ്പെട്ടവര്‍ ബോറടിച്ചു മുഖം തിരിക്കുകയേ ഉള്ളു.

പക്ഷേ വലിയകെട്ടുകാഴ്ചകളുമായി വന്ന് വിജയ് ഇതൊക്കെ കുറച്ച് അതിശയോക്തികളുമായിട്ടാണെങ്കിലും പറഞ്ഞാല്‍ ആളുകള്‍ കേട്ടിരിക്കും. എത്ര ആവര്‍ത്തന, ഫോര്‍മുല മസാല വിജയക്കൂട്ടുകള്‍ക്കിടയിലും മെര്‍സലിന് ആ ഗുണം അവകാശപ്പെടാനാവുന്നുണ്ട്. അതിന്റെ മെറിറ്റും മെര്‍സലിനുണ്ട്.

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Thursday 19 Oct 2017 02.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW