Friday, April 19, 2019 Last Updated 17 Min 50 Sec ago English Edition
Todays E paper
Ads by Google
സൂര്യ സുരേന്ദ്രന്‍
Wednesday 18 Oct 2017 03.15 PM

പത്ത് പൈസ പോലും ചിലവാക്കാതെ ഇതിനോടകം 141 ദിവസങ്ങള്‍ ; നിയോഗിന്റെ യാത്ര തുടരുന്നു

തന്റെ 26മത്തെ വയസ്സില്‍ ''പുസ്തകത്താളിലൂടെ നാം അറിഞ്ഞ ഇന്ത്യയെ'' ഇന്നത്തെ ഇന്ത്യയെ കാണാനാണ് അവന്‍ ഇറങ്ങിത്തിരിച്ചത്. അതും ''പത്ത് പൈസ പോലും ചിലവാക്കാതെ''യാണ് നിയോഗ് തന്റെ യാത്ര നടത്തുന്നത് എന്നതാണ് ഏറ്റവും വലിയ അദ്ഭുതം. ''പണം ചിലവാക്കാതെ'' ഇതിനോടകം ''141 ദിവസങ്ങളാണ്'' നിയോഗ് പൂര്‍ത്തിയാക്കിയത്.
Journey of Niyog

പഠനം, ജോലി, വിവാഹം ഈ മൂന്ന് കാര്യങ്ങളിലൂടെ മാത്രം കടന്നു പോയി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന എല്ലാ യുവത്വത്തിനും ഒരു പൊട്ടിത്തെറിയാണ് ''നിയോഗ് എന്ന ചെറുപ്പക്കാരന്‍ എന്ന് പറയാം. കാരണം തന്റെ 26മത്തെ വയസ്സില്‍ ''പുസ്തകത്താളിലൂടെ നാം അറിഞ്ഞ ഇന്ത്യയെ'' ഇന്നത്തെ ഇന്ത്യയെ കാണാനാണ് അവന്‍ ഇറങ്ങിത്തിരിച്ചത്. അതും ''പത്ത് പൈസ പോലും ചിലവാക്കാതെ''യാണ് നിയോഗ് തന്റെ യാത്ര നടത്തുന്നത് എന്നതാണ് ഏറ്റവും വലിയ അദ്ഭുതം. ''പണം ചിലവാക്കാതെ'' ഇതിനോടകം ''141 ദിവസങ്ങളാണ്'' നിയോഗ് പൂര്‍ത്തിയാക്കിയത്. തന്റെ യാത്രകളുടെ എല്ലാ വിശേഷങ്ങളും ''റോഡ് ടു മാജിക്'' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ നിയോഗ് എല്ലാവരിലേക്കും എത്തിക്കുന്നു.

Journey of Niyog

ഈ യാത്രയ്ക്കുള്ള പ്രചോദനം ?

ഒരുപാട് പ്രചോദനങ്ങള്‍ ഉണ്ടായിരുന്നു. സൗജന്യമായി ലിഫ്റ്റ് ചോദിച്ച് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന ''ഹിച്ച്‌ഹൈക്കിങാണ്'' എന്നെ ആകര്‍ഷിച്ച ഒരു രീതി. പടിഞ്ഞാറ് നിന്നുള്ള ആളുകള്‍ ഇസ്താന്‍ബുള്ളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നത് ഹിച്ച്‌ഹൈക്കിങിലൂടെയായിരുന്നു. ഹിപ്പി സംസ്‌കാരത്തിലുള്ള യാത്രാരീതിയാണ് ഹിച്ച്‌ഹൈക്കിങ്. ആ സമയത്ത് ധാരാളം വായിക്കുന്നതിനാല്‍ ഹിപ്പി സംസ്‌കാരം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. രണ്ടാമത്, എനിക്ക് എന്നോട് തന്നെ ഒരു വെല്ലുവിളിയുടേതാണ്.

Journey of Niyog

ഇപ്പോള്‍ എത്ര ദൂരം യാത്ര ചെയ്തു ?

141 ദിവസങ്ങള്‍ പിന്നിട്ടു. 15 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണ പ്രദേശങ്ങളും സഞ്ചരിച്ചു.

പത്ത് പൈസ പോലും ചിലവാക്കാതെ എങ്ങനെ യാത്ര ചെയ്യാന്‍ സാധിച്ചു ? ഭക്ഷണം ?

യാത്രകള്‍ ലിഫ്റ്റ് ചോദിച്ചാണ് നടത്തിയത്. ട്രെക്കുകളും മോട്ടോര്‍സൈക്കിളുകാരുമാണ് എനിക്ക് ലിഫ്റ്റ് തന്നത്. പണമില്ലെന്ന കാര്യം തുറന്ന് പറഞ്ഞ് ഭക്ഷണം തേടി വീടുകളിലും റെസ്റ്റുറന്റുകളിലും പോയി. അവര്‍ എനിക്ക് ഭക്ഷണം തന്നു. താമസിക്കാന്‍ എവിടെ വേണമെങ്കിലും തയ്യാറായിരുന്നു. റെയില്‍വേസ്‌റ്റേഷന്‍, അമ്പലങ്ങള്‍.... അങ്ങനെ എവിടെ വേണമെങ്കിലും. ചിലര്‍ എന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളും റിപ്പോര്‍ട്ടുകളും കണ്ട് അവരുടെ സ്ഥലത്തേക്ക് ക്ഷണിച്ചു.

യാത്രയിലെ സുരക്ഷിതത്വം ?

രാത്രിയിലുള്ള യാത്ര ഞാന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യാത്രയോട് പൊരുത്തപ്പെട്ടപ്പോള്‍ ഞാന്‍ രാത്രിയും ചെയ്യാന്‍ തുടങ്ങി. എന്റെ യാത്രയില്‍ ഇത് വരെ മറ്റൊരു സുരക്ഷാപ്രശ്‌നങ്ങളും നേരിട്ടിട്ടില്ല.

Journey of Niyog

യാത്രയ്ക്കിടയിലെ മറക്കാനാവാത്ത നിമിഷങ്ങള്‍, സംഭവങ്ങള്‍ ?

നിരവധി മറക്കാനാകാത്ത നിമിഷങ്ങള്‍ ഈ യാത്രയില്‍ ലഭിച്ചിട്ടുണ്ട്. ഞാന്‍ മുംബൈ സന്ദര്‍ശിച്ചപ്പോള്‍ അവിടെ വെള്ളപ്പൊക്കമായിരുന്നു. ഒഴുക്കുചാല്‍ സംവിധാനം ശരിയല്ലാത്തതിനാല്‍ മഴ പെയ്താല്‍ മുംബൈ വെള്ളത്തിലാകും. അതുപോലെ ഒരു അനുഭവമായിരുന്നു രാജസ്ഥാനിലും ഉണ്ടായിരുന്നത്. മുംബൈയില്‍ വെള്ളപ്പൊക്കമായിരുന്നുവെങ്കില്‍ രാജസ്ഥാനില്‍ വെള്ളമില്ലാത്തതിന്റെ പ്രശ്‌നമായിരുന്നു നേരിട്ടത്. രാജസ്ഥാനിലെ ആളുകള്‍ വെള്ളമില്ലാത്തതിനാല്‍ പാത്രങ്ങള്‍ കഴുകുന്നത് മണലുകൊണ്ടായിരുന്നു. മുംബൈയില്‍ ഒരു മുറിയില്‍ എട്ട് പേരടങ്ങുന്ന രണ്ട്് കുടുംബങ്ങള്‍ താമസിച്ചിരുന്നു എന്നാല്‍ ഈ കുടുംബങ്ങള്‍ തമ്മില്‍ രക്ത ബന്ധം പോലുമില്ലാത്തവരായിരുന്നു. ഗുജറാത്തിലുണ്ടായിരുന്ന ഒരു ദിവസം മുഴുവന്‍ പട്ടിണി കിടന്നു. ഇതൊക്കെ എന്റെ യാത്രയിലെ മറക്കാനാകാത്ത നിമിഷങ്ങളും സംഭവങ്ങളുമായിരുന്നു.

ബാഗുമെടുത്ത് ലോകം ചുറ്റുന്നതിനെ കുറിച്ച് വീട്ടുകാരുടെ അഭിപ്രായം ?

നാല് വയസ്സ് മുതല്‍ സംവിധായകന്‍ ആകാനായിരുന്നു എന്റെ സ്വപ്നം. നിയമപഠനം കഴിഞ്ഞ് ഒരു വര്‍ഷം ഏരീസ് ഗ്രൂപ്പിന്റെ കൂടെ ജോലി ചെയ്തു. തുടര്‍ന്ന് സംവിധായകന്‍ ഐ.വി ശശി സാറിന്റെ അസിസ്റ്റന്റായി അദ്ദേഹത്തിന്റെ പ്രൊജക്ടുകളില്‍ പങ്കാളിയായി. അവിടെ നിന്ന് ഒരു ഇടവേളയെടുത്താണ് ഇപ്പോള്‍ ഈ യാത്ര ആരംഭിച്ചത്. എന്റെ ആദ്യ സിനിമ ഒരു ട്രാവല്‍ മൂവി ആയിരിക്കും, അതിന്റെ ഭാഗമാണ് ഈ യാത്രയെന്ന് പറയാം. എന്റെ അമ്മയ്ക്ക് എല്ലാ കാര്യങ്ങളും അറിയാം. അമ്മയാണ് എന്നെ ഏറ്റവും സപ്പോര്‍ട്ട് ചെയ്യുന്നതും.

ജീവിത ലക്ഷ്യം ?

ഈയൊരു ജീവിതത്തില്‍ ഒരുപാട് ജീവിതങ്ങള്‍ ജീവിക്കാന്‍ കഴിഞ്ഞു. ഈ യാത്രയില്‍ ഒരുപാട് ജീവിതങ്ങള്‍ കാണാനും സാധിച്ചു. എന്റെ ജീവിതത്തിലെ സ്വപ്‌നം എന്നത് മറ്റുള്ളവര്‍ ജീവിക്കുന്നതു പോലെ ജീവിക്കുക എന്നതല്ല. എനിക്ക് സന്തോഷം തരുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്ത് ജീവിക്കുക എന്നതാണ്. എന്റെ ജീവിതത്തിലെ ഒരുവര്‍ഷം ഏതെങ്കിലും ഗ്രാമത്തില്‍ പോയി കൃഷി ചെയ്ത് ജീവിക്കും. ആത്മീയത തേടി ഹിമാലയങ്ങളില്‍ പോകും. എന്റെ ജന്മവാസനയിലുള്ള ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യണം.

Journey of Niyog

റോഡ് ടു മാജിക് ?

ഞാന്‍ ഒരുപാട് ആള്‍ക്കാരെ കാണാറുണ്ട് അവരോട് സംസാരിക്കാറുണ്ട് ആശയങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇതിലൂടെ ഒരുപാട് അറിവുകള്‍ നേടാന്‍ സാധിക്കുന്നു അത് മറ്റുള്ളവര്‍ക്ക് പകരുവാനും സാധിക്കുന്നു. ഇത് തന്നെയാണ് ഞാന്‍ എന്റെ യാത്രയിലും ചെയ്യുന്നത്. ''റോഡ് ടു മാജിക് '' എന്ന് പറഞ്ഞാല്‍ യാത്രയിലൂടെ നിരവധി ആളുകളെ കാണുന്നു. അവരിലൂടെ അറിവ് നേടുന്നു. അവര്‍ക്ക് വെളിച്ചവും സ്‌നേഹവും നല്‍കാന്‍ കഴിയുന്നു. ഈ യാത്ര ഇങ്ങനെയാണ്.

ഈ യാത്രയിലും സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നത് ?

ഒരുപാട് ആളുകള്‍ സോഷ്യല്‍മീഡിയയിലൂടെ എന്റെ യാത്രയെ ഫോളോ ചെയ്യുന്നുണ്ട്. സോഷ്യല്‍മീഡിയ തന്നെ ഒരുപാട് ആളുകള്‍ എനിക്ക് അഭയം നല്‍കി സഹായിച്ചു. ചില ദിവസങ്ങളില്‍ ഞാന്‍ ഓഫ്‌ലൈനായിരിക്കും. എങ്കിലും ഞാന്‍ റെഗുലറായി എല്ലാം അപ്‌ഡേറ്റ് ചെയ്യാറുണ്ട്.

ഇന്നത്തെ തലമുറയോട് പറയാനുള്ളത് ?

ഇന്നത്തെ യുവാക്കളില്‍ ഒരുപാട് ഊര്‍ജ്ജമുണ്ട്. ഒരുപാട് പുതുമയോടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുള്ളവരാണ്. അവര്‍ ഒരുപാട് യാത്രകള്‍ ചെയ്യണം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും നമ്മുടെ സമൂഹവും ഒരുക്കിയ കൂടിനുള്ളില്‍ നിന്ന് അവര്‍ പുറത്ത് വരണം. എന്നാലേ അവര്‍ക്ക് ശരിയായ ജീവിതവും അറിവും ലഭിക്കുകയുള്ളൂ. ഈയൊരു വ്യവസ്ഥകളെ തകര്‍ത്ത് എല്ലാവരും മുന്നോട്ട് വരണം. എങ്കിലേ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ. നമുക്ക് ഒരുപാട് കഥാകൃത്തുക്കളെ വേണം, തത്വചിന്തകരെ വേണം, എഴുത്തുകാരെ വേണം, പ്രചോദനമാകുന്ന ആളുകളെ വേണം. മറ്റുള്ളവര്‍ നേടാത്തത് നേടാന്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കണം.

Journey of Niyog

നിയോഗ് കാണുന്ന ഏറ്റവും വലിയ സ്വപ്നം ?

പറ്റുന്ന ഭാഷകളിലും എല്ലാ തരത്തിലുമുള്ള സിനിമകള്‍ എടുക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്‌നം. കൂടാതെ ഞാന്‍ എന്റെ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും, ഒരു ഹിപ്പി ജീവിതത്തിലൂടെ. സന്തോഷകരമായ ജീവിതം എന്നത് എന്റെ അഭിപ്രായത്തില്‍ എനിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ് സന്തോഷകരമായ ജീവിതം എന്നു പറയുന്നത്.

ഇപ്പോള്‍ എവിടെയാണ്, നിയോഗിന്റെ യാത്ര എത്തി നില്‍ക്കുന്നത്. അവിടുത്തെ വിശേഷങ്ങള്‍ ?

നോസല്‍ എന്ന രാജസ്ഥാനിലുള്ള ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഞാന്‍ ഇപ്പോഴുള്ളത്. 'മന്തന്‍' എന്ന 'എന്‍ജിഒ'യുടെ കൂടെ ഒരാഴ്ച ജോലി ചെയ്തു. വലിയ വികസനം ഇല്ലാത്ത സ്ഥലമാണിവിടം. വെള്ളം, വൈദ്യുതി, നിരക്ഷരത കൊണ്ടുള്ള ജാതീയത എന്നിവയൊക്കെ ഇവിടുത്തെ പ്രധാന പ്രശ്‌നമാണ്. 'മന്തന്‍' ഇവിടുത്തെ ആളുകളുടെ ജീവിതരീതിയില്‍ മാറ്റം കൊണ്ടു വന്നു. ബുള്ളറ്റ് ട്രെയിന്‍, വലിയ ഡാമുകള്‍, കൂറ്റന്‍ ശില്‍പ്പങ്ങള്‍ എന്നിവ പണിയുമ്പോഴും സ്വാതന്ത്ര്യം കിട്ടി ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇവിടുത്തെ ഗ്രാമങ്ങളില്‍ വികസനം എത്തിയിട്ടില്ല. ഇത് വായിക്കുന്ന എല്ലാവരോടും എനിക്ക് ഒരു അഭ്യര്‍ത്ഥന ഉണ്ട് ഒരു മാസം അവധിയെടുത്ത് നിങ്ങള്‍ 'മന്തന്റെ' കൂടെ നില്‍ക്കുക. തീര്‍ച്ചയായും അത് അവരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരിക്കും.

niyog facebook page link- https://www.facebook.com/niyogkrishna

niyog page link- https://www.facebook.com/projectroadtomagic/

Ads by Google
Ads by Google
Loading...
TRENDING NOW